ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചെലവിട്ട് ആധുനിക രീതിയിൽ നവീകരിച്ച കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കായിക മേഖലക്ക് വേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനകീയാസൂത്രണ പദ്ധതികളുടെ മാതൃകയിൽ കായികരംഗത്ത് ആസൂത്രിത പദ്ധതികൾ നടപ്പിലാക്കും. ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു കായിക ഇനമെങ്കിലും പരിശീലിപ്പിക്കുന്ന സജ്ജീകരണങ്ങൾ നടത്തും. അടുത്തിടെ നടന്ന കായിക ഉച്ചകോടിയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും 1000 പ്രോജക്ടുകൾ ലഭിച്ചു. അടുത്ത വർഷങ്ങളിൽ 5250 കോടിയുടെ നിക്ഷേപം കേരളത്തിൽ നടക്കും. അടുത്ത സാമ്പത്തിക വർഷം 10,000 തൊഴിലവസരങ്ങളെങ്കിലും കായിക മേഖലയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൊഴിലധിഷ്ഠിത കായിക വിദ്യാഭ്യാസം നടപ്പിലാക്കുമ്പോൾ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കളിക്കളമെന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. നേരത്തെയുണ്ടായിരുന്നു സ്റ്റേഡിയത്തിൽ ആധുനിക രീതിയിലുള്ള ഗ്രൗണ്ട് ഒരുക്കുകയും പുതിയ ഗോൾ പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു.ഡ്രൈനേജ് സംവിധാനം, കോമ്പൗണ്ട് വാൾ, ടോയ്ലറ്റ് കം ചെയ്ഞ്ചിംഗ് റൂം, ഫെൻസിംഗ് എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സി.കെ ഹരീന്ദ്രൻഎം.എൽഎ അധ്യക്ഷനായ ചടങ്ങിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ , ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.