ആള്‍ക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പക്ഷേ അവരെ ഉത്തരവാദിത്തപ്പെട്ട സമൂഹമാക്കലാണ് പ്രധാനം’; മുഖ്യമന്ത്രി വേദിയിലിരിക്കെ രാഷ്ട്രീയനേതാക്കളോട് വിയോജിപ്പ് പറഞ്ഞ് എം.ടി

മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് ജ്ഞാനപീഠജോതാവ് എം ടി വാസുദേവന്‍ നായര്‍. രാഷ്ട്രീയത്തിലെ മൂല്യച്യുതിയ്ക്ക് കാരണം അര്‍ഹതയുള്ള വ്യക്തികളുടെ അഭാവമാണെന്ന് എം ടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചു. അധികാരമെന്നാല്‍ ജനങ്ങളെ സേവിക്കാനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴികുത്തിമൂടി. ആള്‍ക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം എന്നാല്‍ ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കലാണ് പ്രധാനമെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മൈക്കിനടുത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് ചടങ്ങില്‍ മുഖ്യാതിഥിയായ എം ടി പ്രസംഗിക്കാനെത്തുന്നത്. മുഖ്യമന്ത്രിയോടുള്ള ആരാധന വ്യക്തമാക്കുന്ന ഗാനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതിന് പിന്നാലെയാണ് എം ടി വാസുദേവന്‍ നായരുടെ പരോക്ഷ വിമര്‍ശനങ്ങളെന്നതും ശ്രദ്ധേയമാണ്.നേതൃത്വപൂജകളിലൊന്നും ഇഎംഎസ് വിശ്വസിച്ചിരുന്നില്ലെന്ന ഒരു പരാമര്‍ശവും ഇതേ വേദിയില്‍ എം ടി വാസുദേവന്‍ നായരുടെ ഭാഗത്തുനിന്നുമുണ്ടായി. ഇ എം എസിനെ നേതാക്കള്‍ മാതൃകയാക്കണമെന്നും എം ടി പറഞ്ഞു.