ഉത്തരേന്ത്യയിലെ അതിശൈത്യം വരും ദിവസങ്ങളിൽ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ 26 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു.ഉത്തർപ്രദേശിൽ പലയിടത്തും കാഴ്ച പരിധി 25 മീറ്ററിൽ താഴെയാണ്. റോഡ്-ട്രെയിൻ-വ്യോമ ഗാതാഗതങ്ങളെ കാഴ്ച പരിധി കുറഞ്ഞത് ബാധിച്ചിട്ടുണ്ട്. ദില്ലിയിൽ ഏറ്റവും കൂടിയ അന്തരീക്ഷ താപനില ജനുവരി ഏഴിന് 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ജനുവരി ആറിന് ഏറ്റവും കുറഞ്ഞ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജനുവരി അഞ്ചിനും ജനുവരി 11 നും ഇടയിൽ മഹാരാഷ്ട്രയുടെ വടക്കൻ പ്രദേശങ്ങൾ, മധ്യപ്രദേശ്, ഉത്തർപ്രദേശിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില കുറയും. പഞ്ചാബിൽ ജനുവരി അഞ്ച് വരെ കനത്ത മൂടൽ മഞ്ഞ് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാകുന്നുണ്ട്. ജനുവരി 2 മുതൽ 5 വരെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേരിയതോതിൽ ഒറ്റപ്പെട്ടതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.