മുൻ കേരള കബഡി ടീം ക്യാപ്റ്റൻ സുരേഷ് ബാബു അന്തരിച്ചു. 60 വയസായിരുന്നു. ഇന്നലെ രാത്രി ഒൻപതിനാണ് അന്ത്യം. കേരളത്തിനുവേണ്ടി നിരവധി ദേശീയ മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഡിബി കോളേജിലെ മുൻ ജീവനക്കാരനാണ്. കോലിയക്കോട് ജന്മഭൂമി ക്ലബ്ബിലൂടെയും പാരിപ്പള്ളി ഡാലിയ സ്പോർട്സ് ക്ലബ്ബിലൂടെയുമാണ് കബഡി രംഗത്തേക്കുള്ള സുരേഷ് ബാബുവിന്റെ രംഗപ്രവേശനം.1989ൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കബഡി ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ചത് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു. 1985 മുതൽ 95 വരെയുള്ള ഒരു ദശാബ്ദ കാലം കബഡി കളങ്ങളിൽ തീപാറുന്ന മിന്നൽ പ്രകടനം കാഴ്ചവച്ച താരമാണ് സുരേഷ്ബാബു.