*ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യമായി മകരജ്യോതി.*

മകരസംക്രമ സന്ധ്യയിൽ ദീപാരാധനയ്ക്ക് ശേഷമാണ് ഭക്ത മനസ്സുകളിൽ ആത്മ സായൂജ്യത്തിൻ്റെ പ്രഭ ചൊരിഞ്ഞ് മകരജ്യോതി തെളിഞ്ഞത്. തുടർന്ന് മകരവിളക്കും ദൃശ്യമായതോടെ അയ്യൻ്റെ പൂങ്കാവനം ശരണ മന്ത്രങ്ങളുടെ കൊടുമുടിയിലെത്തി. പൊന്നമ്പലമേട്ടിലേക്ക് കണ്ണുനട്ടു നിന്ന ഭക്തര്‍ക്ക് സംതൃപ്തിയുടെ നിമിഷങ്ങള്‍...

നേരത്തേ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് അധികൃതർ ശരംകുത്തിയിൽ നിന്ന് സ്വീകരിച്ചാനയിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും മറ്റ് വിശിഷ്ടാതിഥികളും സ്വീകരിച്ച് തന്ത്രിക്കും മേൽശാന്തിക്കും കൈമാറി.

തുടർന്നാണ് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടന്നത്. സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പൻ പ്രത്യേക ഭാവത്തിലേക്ക് മാറിയതോടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും, മകരവിളക്കും തെളിഞ്ഞത്. 

സന്നിധാനത്തും, വിവിധ സ്ഥലങ്ങളിലുമായി തമ്പടിച്ച ഭക്ത ലക്ഷങ്ങളാണ് ജ്യോതി ദർശിച്ച് ആത്മസാക്ഷാത്കാരം നേടിയത്.