ജാഗ്രത, പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി, ഇത്തവണ സ്കൂളിന് സമീപം; വനംവകുപ്പ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെ ആണ് പൊന്മുടി സ്കൂളിന് സമീപം പുലിയെ കണ്ടത്. വനം വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബർ 26നും പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ തവണ രാവിലെ 8.30 ന് പൊന്മുടി പൊലീസ് സ്റ്റേഷന്‍റെ മുൻവശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസുകാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. സ്റ്റേഷനു മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലി. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും എന്നാൽ പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പുള്ളിപ്പുലിയെ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവന്നതോടെ പൊന്മുടിയും പരിസരപ്രദേശങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ക്രിസ്മസ്- പുതുവത്സര അവധി ദിനങ്ങൾ കഴിഞ്ഞതോടെ സഞ്ചാരികളുടെ കുറവ് അനുഭവപ്പെട്ടത് ആശ്വാസമാണ്. എങ്കിലും വിനോദ സഞ്ചാരികൾ ധാരാളമെത്തുന്ന പൊന്മുടിയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം വലിയ ആശങ്കകൾക്കാണ് ഇടയാക്കുന്നുണ്ട്.