സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഗൃഹാതുരത ഉണര്‍ത്തി തട്ടുകട

കലോത്സവ വേദിക്കരികില്‍ പോയകാലത്തിന്റെ അടയാളങ്ങളുമായി ഒരു തട്ടുകടയും. എഴുപതുകളിലെ സിനിമ പോസ്റ്ററുകള്‍, മാസികകള്‍, ഉറിയും ചട്ടിയും കലവും റാന്തലിന്റെ പശ്ചാത്തലത്തില്‍ ഓലമേഞ്ഞ പുരയ്ക്കുള്ളില്‍ സജ്ജീകരിച്ചാണ് കൗതുകം തീര്‍ത്തത്.ക്രിസ്തുരാജ് ഹൈസ്‌കൂളിലെ വേദികള്‍ക്ക് അരികിലായാണ് അധ്യാപക-രക്ഷാകര്‍തൃ സംഘടനയുടെ ആശയത്തില്‍ ഉയര്‍ന്ന ലഘുഭക്ഷണശാല. കിട്ടുന്ന വരുമാനം പി ടി എ ഫണ്ടിലേക്ക് ചേര്‍ത്ത് സ്‌കൂളിന്റെ വികസനം കൂടിയാണ് ലക്ഷ്യമാക്കുന്നത്. ചായയും ചെറുകടികളുമൊക്കെ നാടന്‍രീതിയിലാണ് തയ്യാറാക്കുന്നത്. ലുങ്കിയുടെ സെവന്റീസ് ടച്ചും കൂടിയാകുമ്പോള്‍ ഗൃഹാതുരകാഴ്ചകള്‍ക്ക് ഫുള്‍മാര്‍ക്ക്.തട്ടുകടയിലെത്തുന്നവര്‍ ഫോട്ടോ എടുത്ത് ഓര്‍മകളോടൊപ്പം യാത്രചെയ്യുന്നുമുണ്ട്. രണ്ടുപേര്‍ക്ക് തൊഴില്‍ദിനങ്ങള്‍ കൂടി സമ്മാനിക്കുന്ന കടയ്ക്ക് പിന്നിലുള്ളത് പ്രിന്‍സിപ്പല്‍ ജി ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് ആര്‍ ശിവകുമാര്‍, എച്ച് എം റോയ്സ്റ്റണ്‍ എന്നിവരാണ്.