മദ്യലഹരിയില്‍ ജ്യൂസ് കടയില്‍ ആക്രമണം; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കാര്യവട്ടത്ത് മദ്യലഹരിയില്‍ ജ്യൂസ് കടയില്‍ അക്രമം നടത്തിയ സംഭവത്തില്‍ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് എടുത്തു.മദ്യലഹരിയില്‍ കടയിലെത്തിയ സംഘം ജ്യൂസ് നല്‍കാന്‍ വൈകിയതിന് കടയിലെ സ്റ്റാഫുമായി തര്‍ക്കമുണ്ടായി. പിന്നാലെയാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞ് എത്തിയ കഴക്കൂട്ടം എസ്‌ഐ മിഥുനെ പ്രതികള്‍ കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്.സിപിഐഎം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീന്‍, നിധിന്‍, ഡിവൈഎഫ്‌ഐ ശ്രീകാര്യം മേഖല സെക്രട്ടറി മനു കൃഷ്ണന്‍, ജോഷി ജോണ്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.