കോടികൾ കുടിശ്ശിക, കമ്പനികൾ മരുന്ന് വിതരണം നിർത്തി; സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമം

തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിക്കിടയിലും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എലിപ്പനിക്കും എച്ച് വൺ എൻ വണ്ണിനുമുള്ള മരുന്നുകൾക്ക് ക്ഷാമം. ആന്റിബയോട്ടിക്കുകളും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും കിട്ടാനില്ല. കോടികൾ കുടിശ്ശിക ആയതോടെ കമ്പനികൾ മരുന്ന് വിതരണം നിർത്തിയതാണ് തിരിച്ചടിയായത്. ബജറ്റിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനായി നീക്കിവെച്ച 660 കോടി രൂപയിൽ സർക്കാർ ഇതുവരെ നൽകിയത് 110 കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷത്തെ തുകയും കിട്ടാക്കടം ആണെന്നാണ് കമ്പനികൾ പറയുന്നത്.

മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോള്‍ ഡോക്ടർ കുറിച്ചു നൽകിയിരിക്കുന്ന അഞ്ചും ആറും മരുന്നുകളിൽ പലതും കിട്ടാനില്ല എന്നാണ് മരുന്ന് വാങ്ങാന്‍ എത്തുന്നവർ പറയുന്നത്. ആശുപത്രികൾ ഇന്റൻഡ് നൽകിയിട്ടും മരുന്ന് എത്തിക്കുന്നില്ല. ആന്റിബയോട്ടിക്കായ അമോക്സിലിൻ, നാല് ലക്ഷം ഗുളികക്കാണ് ജനറൽ ആശുപത്രി ഇന്റന്റ് നൽകിയത്. മരുന്ന് തീർന്നെന്ന് അറിയിച്ചിട്ടും മരുന്ന് എത്തിച്ചിട്ടില്ല. ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാന്റപ്രസോൾ അലർജിക്കും ജലദോഷത്തിനും നൽകുന്ന സിട്രിസിൻ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിൻ എച്ച് വൺ എൻ വണ്ണിനുള്ള ഒസിൾടാമീവിർ എന്നിവയും കിട്ടാനില്ല.2022 - 23 വർഷത്തെ കുടിശ്ശിക മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്പനികൾക്ക് കൊടുത്തു തീർക്കാനുണ്ട്. ഇത് തീർന്നാൽ മാത്രമേ ഈ വർഷത്തെ കുടിശിക നൽകാനാകൂ. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഇത്രയും വലിയ തുക കൊടുത്തു തീർക്കാൻ ആകുമെന്നുള്ള പ്രതീക്ഷയുമില്ല. ഇതോടെ ആവശ്യമായ മരുന്നുകള്‍ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് വാങ്ങാന്‍ എത്തുന്ന രോഗികള്‍.