തിരുവനന്തപുരം : കഴക്കൂട്ടത്ത് ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് ദാരുണമായി മരിച്ചത്.രാവിലെ ഒന്‍പതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയില്‍ എലിവേറ്റഡ് ഹൈവേയിലായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. സര്‍വ്വീസ് റോഡു വഴി ബൈക്കില്‍ വരികയായിരുന്നു നസീര്‍. ലോറി തട്ടി ബൈക്ക് മറിഞ്ഞു. നസീര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെല്‍മെറ്റടക്കം പൊട്ടിയാണ് നസീര്‍ മരിച്ചത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.