കലാമാമാങ്കത്തിന് കാത്ത് കൊല്ലം; നാടുണരാൻ മണിക്കൂറുകൾ മാത്രം, ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലം: കേരളത്തിന്റെ കലാമാമാങ്കത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മാസങ്ങളുടെ പരിശീലനത്തിന്റെ മികവ് തെളിയിക്കാൻ കേരളത്തിന്റെ കൗമാരക്കാർ നാളെ മുതൽ മാറ്റുരയ്ക്കും. 62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും കൊല്ലത്ത് പൂർത്തിയായി. കോഴിക്കോട് നിന്ന് കൊണ്ടുവരുന്ന സ്വർണ കപ്പ് കൊല്ലം ജില്ലയുടെ അതിർത്തിയിൽ നിന്ന് മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ചിഞ്ചു റാണി, കെ ബി ഗണേഷ് കുമാർ എന്നിവർ ഏറ്റുവാങ്ങും. തുടർന്ന് നഗരത്തിൽ ഘോഷയാത്രയുണ്ടാകും.

നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും ന‍ർത്തകിയുമായ ആശാ ശരത്തിന്റെ നൃത്തവിരുന്നും ഉദ്ഘാടനച്ചടങ്ങിന് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ലൈറ്റ് ആൻഡ് സൗണ്ട് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. ഇത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ സംഘം കാസർകോട് നിന്ന് ഇന്ന് വൈകിട്ട് കൊല്ലം റെയിൽവെ സ്റ്റേഷനിൽ എത്തും. കലോത്സവത്തിന് എത്തുന്ന സംഘങ്ങളെ യഥാസ്ഥാനത്ത് എത്തിക്കുന്നതിനായി കലോത്സവം വണ്ടികളും തയ്യാറാണ്. ഇത്തവണയും കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം നമ്പൂതിരിയാണ്. പഴയിടം പാലുകാച്ചിയതോടെ കലവറ സജീവമായി. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പാല് കാച്ചൽ ചടങ്ങിൽ പങ്കെടുത്തു. രാത്രിയിൽ കുട്ടികൾ കഴിക്കാനുള്ള അത്താഴം കലവറയിലൊരുക്കും.