നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം: മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ എന്തെങ്കിലും സഹായം എത്തിച്ചേരാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. നഗരസഭ മുൻകൈയെടുത്ത് പാലിന് സബ്സിഡി നൽകുന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വച്ചാണ് സബ്സിഡി നൽകുന്നത്.ഒൻപത് വാർഡുകളിലായി 180 കർഷകർക്കാണ് സബ്സിഡി ലഭിക്കുക.ഇതിനായി ക്ഷീര സമൃദ്ധി പാലിന് സബ്സിഡി പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപയാണ് നഗരസഭ നൽകുന്നത്. ധാതുലവണ മിശ്രിതവും വിരമരുന്നും അടങ്ങുന്ന സൗജന്യ കിറ്റും സ്വയം തൊഴിൽ കർഷകർക്കുള്ള സബ്സിഡി വിതരണവും ചടങ്ങിൽ നടന്നു.

നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എസ്. രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാർ കൗൺസിലർമാർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.