പ്രാണ പ്രതിഷ്‌ഠ ചടങ്ങിനൊരുങ്ങി അയോധ്യ രാമക്ഷേത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. വിമാനത്തവാളത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രാണ പ്രതിഷ്‌ഠ ഉച്ചയ്ക്ക് 12.29നും 12.31നും മധ്യേയാണ്. അഭജിത്ത് മുഹൂർത്തം 84 സെക്കൻഡ്. ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.ഉച്ചയ്ക്ക് 2.30 ന് കുബേർ തീലയിലെ ശിവക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തും. അയോധ്യ രാമക്ഷേത്രം നാളെ മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.യുപി പ്രധാനമന്ത്രി അയോധ്യയിലെത്തി അതിഥികളെ സ്വീകരിക്കുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെ ക്ഷേത്രത്തിൽ കയറ്റിത്തുടങ്ങി.
ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നിവരാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 വിശിഷ്ടാതിഥികളുടെ സാന്നിധ്യവുമുണ്ടാകും.പൊലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും അയോധ്യ ആഘോഷ തിമിർപ്പിലാണ്. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാണ്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും. തീർഥാടകര്‍ക്ക് പലയിടത്തും സൗജന്യഭക്ഷണവും നല്‍കുന്നുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ഈമാസം 16നാണ് തുടങ്ങിയത്. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.