റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ച് കയറ്റാൻ ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു

കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധിറോഡ് മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം.ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എൻജിനിൽ കുടുങ്ങി. ആദിലിനൊപ്പം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്‌കൂട്ടറിൽനിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന സൂചന. അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റർ അകലെ വെള്ളയിൽ സ്റ്റേഷനുസമീപംവരെ ട്രെയിൻ എൻജിനിൽ കുടുങ്ങിനീങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്കുതാഴെ വേർപെട്ട നിലയിലാണ്. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.