ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വത്തിലാണ് പദ്ധതി. അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ.ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ എം എ യൂസഫലിയുടെ യു എ ഇയിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിൻ്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞിരുന്നു.