ശബരിമലയില്‍ തീർത്ഥാടക പ്രവാഹം; ഇതുവരെ മല ചവിട്ടിയത് 33,71,695 പേര്‍

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു.. തുടർച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകിട്ട് 5 മണി വരെ മലചവിട്ടിയത് 3,83,268 പേരാണ്.ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയതെന്നാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്, 1,0,1789 പേര്‍.

ജനുവരി രണ്ടിന് 1,0,0372 പേര്‍ തീര്‍ത്ഥാടകരായെത്തി. ജനുവരി 3ന് 5 വരെ 59,143 പേര്‍ മലചവിട്ടി. മണ്ഡലകാലം തുടങ്ങി ജനുവരി 3ന് അഞ്ച് മണി വരെ 33,71,695 പേര്‍ സന്നിധാനത്തെത്തിയതായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ കണക്കുകള്‍. ജനുവരി രണ്ടിന് കാനനപാത കരിമല വഴി 19912 പേരും പുല്ലുമേട് വഴി 3291 പേരും സന്നിധാനത്തെത്തി. 80000 പേര്‍ വെര്‍ച്വല്‍ ബുക്കിംഗ് വഴിയും 8486 പേര്‍ സ്‌പോട്ട്ബുക്കിംഗ് വഴിയും മലചവിട്ടി. ജനുവരി മൂന്നിന് അഞ്ച് മണി വരെ 1890 പേരാണ് പുല്ലുമേട് വഴി സന്നിധാനത്തെത്തിയത്.തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്കുള്ള ഔഷധ കുടിവെള്ളം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവയുമായി ദേവസ്വം ബോര്‍ഡും മറ്റ് വകുപ്പുകളും കര്‍മനിരതരായി രംഗത്തുണ്ട്.