തിരുവനന്തപുരം: പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന 3 യുവതികൾ ഇവരുടെ സുഹൃത്തുക്കളോടൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ ഡിസംബർ 31 ന് വർക്കലയിൽ എത്തുന്നത്.ഓൺലൈനായി ബുക്ക് ചെയ്ത ഡോർമിറ്ററിയിൽ എത്തിയ ശേഷം ആഘോഷങ്ങളുടെ ഭാഗമായി ഇവർ 6 പേരും മദ്യപിച്ചു. തിരികെ ഡോർമിറ്ററിയിൽ എത്തിയ ഇവർ മയങ്ങിയ സമയത്താണ് അതിക്രമം നടന്നത്. ഡോർമിറ്ററിയുടെ വാതിൽ സംഘം ലോക്ക് ചെയ്തിരുന്നില്ല. ജനുവരി 1 ന് പുലർച്ചെ 5.30 ഓടെ മദ്യലഹരിയിൽ ഡോർമിറ്ററിയിൽ അതിക്രമിച്ചു കയറിയ 26കാരനായ അഖിൽ ഒരു യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ സുഹൃത്തുക്കൾ ഉണർന്നെങ്കിലും അതിക്രമം തടയാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
ഡോർമിറ്ററിയിൽ നിന്ന് ബഹളം കേട്ടെത്തിയ ജീവനക്കാരും മാനേജരും എത്തി യുവാവിനെ പിടികൂടി വർക്കല പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ യുവതികൾ കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. മൊഴി നൽകാനോ പൊലീസുമായി സഹകരിക്കാനോ യുവതികൾ തയ്യാറായില്ല. പരാതി ഇല്ലാത്തതിനാൽ പെറ്റി കേസെടുത്തു പ്രതിയെ നേരത്തെ പൊലീസ് വിട്ടയച്ചിരുന്നു.
സംഭവം നേരത്തെ വാർത്ത ആയതോടെ വാർത്തയുടെ അടിസ്ഥാനത്തിൽ എ. ഡി.ജി. പി കഴിഞ്ഞദിവസം റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ റൂറൽ എസ്.പി സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഡോർമേറ്ററി ഉടമയുടെയും മാനേജരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു. എന്നാൽ യുവതികൾ കേസുമായി സഹകരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.