പ്രഭാത വാർത്തകൾ*2024 ജനുവരി 9 ചൊവ്വ

◾ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ അപേക്ഷിക്കാത്ത പ്രതിയെപോലും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചെന്ന് സുപ്രീം കോടതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഉത്തരവിലാണ് ഈ നിരീക്ഷണം. പ്രതികളെയെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി, മുന്‍ മന്ത്രിസഭയിലെ 18 അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

◾കണ്ണൂര്‍ ജില്ലയ്ക്കു സ്വര്‍ണക്കപ്പ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 952 പോയിന്റുമായാണ് കണ്ണൂര്‍ ജില്ല മൂന്നു പോയിന്റു കുറവുള്ള കോഴിക്കോടിനെ പിന്തള്ളി ഓവറോള്‍ ചാമ്പ്യന്മാരായത്. 949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി. 935 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുണ്ട്. 23 വര്‍ഷത്തിനു ശേഷമാണ് കണ്ണൂരിലേക്കു സ്വര്‍ണക്കപ്പ് എത്തുന്നത്  



◾അടുത്ത വര്‍ഷം കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി പറഞ്ഞു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

◾കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി വിതരണം ചെയ്യണമെന്നു ഹൈക്കോടതി. എല്ലാ മാസവും പത്താം തീയതിയ്ക്കു മുന്‍പ് ആദ്യ ഗഡുവും ഇരുപതാം തീയതിയ്ക്കു മുമ്പ് രണ്ടാം ഗഡുവും നല്‍കണം. ശമ്പളം എല്ലാ മാസവും പത്തിനകം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി നല്‍കിയ അപ്പീലിലാണ് നടപടി.

◾ആലത്തൂരില്‍ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് എസ്ഐ മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോടു വിശദീകരണം തേടി. ഈ മാസം 18 ന് ഡിജിപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ആലത്തൂര്‍ വിഷയം കോടതി പരിഗണിച്ചത്. അപകടത്തില്‍ പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാന്‍ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷ് തട്ടിക്കയറി കേസെടുത്തത്.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കി തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവക്കാത്തതിന്റെ പേരില്‍ എല്‍ഡിഎഫ് ഇന്ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



◾നവ കേരള സദസില്‍ വിവിധ ജില്ലകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി അവലോകന യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നു. നാലു ദിവസങ്ങളിലായി 20 യോഗങ്ങള്‍ നടത്തും. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

◾സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

◾കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ തിരുവന്തപുരത്തു തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു ബിജെപി നേതാവ് ഒ രാജഗോപാല്‍. ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍. എന്നാല്‍ പിന്നീട് ബിജെപി നേതാക്കളുടെ സമ്മര്‍ദംമൂലം രാജഗോപാല്‍ അതു തിരുത്തി. ശശി തരൂരിന്റെ സാന്നിധ്യം നാമമാത്രമായ തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്നാണ് അദ്ദേഹം തിരുത്തിയത്.

◾ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസന്. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 15 നു രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും.

◾മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭയില്‍ അക്രമം നടത്തിയ കേസില്‍ തുടരന്വേഷണം നടത്തിയതിന്റെ മുഴുവന്‍ രേഖകളും ലഭിച്ചില്ലെന്ന് പ്രതിഭാഗം കോടതിയില്‍. രേഖകള്‍ സമര്‍പ്പിക്കാന്‍ തടസമുണ്ടോയെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയ കണ്ണൂര്‍ ജില്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു.

◾കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കു ആറു മാസമായി പെന്‍ഷന്‍ ഇല്ല. കാര്‍ഷികരംഗം ഇന്നു കര്‍ഷകരുടെ ശവപ്പറമ്പാണ്. 12 കര്‍ഷകരാണ് രണ്ടു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കണ്ണൂരില്‍ മാത്രം നാലു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. സുധാകരന്‍ ചൂണ്ടിക്കാട്ടി.

◾രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും കര്‍ഷക ആത്മഹത്യക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്ത് പാത്തന്‍പാറ നൂലിട്ടാമലയില്‍ ഇടപ്പാറക്കല്‍ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിയാനാകില്ല. അദ്ദേഹം പറഞ്ഞു.

◾തിരുവനന്തപുരം ലോ അക്കാദമിയില്‍ എബിവിപി - എസ്എഫ്ഐ സംഘര്‍ഷം. വിദ്യാര്‍ത്ഥിയുടെ റാഗിംഗ് പരാതിയില്‍ തെളിവെടുക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എസ്. അര്‍ജുനെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്‌തെന്നാണു പരാതി. അര്‍ജുന്റെ അമ്മ നിഷ പ്രവീണിനെയും എസ്എഫ്ആക്കാര്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്.

◾സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായി നിയമിച്ചു. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി, രേവതി എന്നിവര്‍ മക്കളാണ്. പാലക്കാട് നഗരസഭാധ്യക്ഷയായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തി.

◾കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടത്. ഹൃദയസ്തംഭനം മൂലമാണു മരണമെന്നാണു നിഗമനം.

◾തമിഴ്നാട്ടില്‍ ബസ് സമരം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപതിലേറെ യൂണിയനുകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.

◾കൂട്ടബലാല്‍സംഗ കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി ശരിക്കും പുതുവര്‍ഷം പുലര്‍ന്നതുപോലെയാണെന്ന് ബില്‍ക്കിസ് ബാനു ഡല്‍ഹിയില്‍ പ്രതികരിച്ചു. നീതി പുലരുമെന്ന പ്രതീക്ഷയാണ് ഈ വിധിയിലൂടെ ഉണ്ടായതെന്നും അവര്‍ പറഞ്ഞു. പ്രസ്താവിക്കുന്നതിനു മുമ്പേ ബില്‍ക്കിസ് ബാനുവും കുടുംബവും ഗുജറാത്തിലെ രണ്‍ദിക്പൂര്‍ ഗ്രാമത്തില്‍നിന്ന് സ്ഥലം വിട്ടിരുന്നു.

◾കുറ്റവാളികളുടെ രക്ഷകര്‍ത്താവ് ആരെന്ന ചോദ്യമാണ് ബില്‍ക്കിസ് ബാനു വിധിയിലൂടെ സുപ്രീംകോടതി ഉയര്‍ത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി.യുടെ സ്ത്രീവിരുദ്ധസമീപനം മറനീക്കി പുറത്തുവന്നതായി എ.ഐ.സി.സി. ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വനിതാശാക്തീകരണം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പൊള്ളയാണെന്ന് വ്യക്തമായതായി മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയും വിമര്‍ശിച്ചു. അധികാരപരിധി ലംഘിച്ചും നിയമം മറികടന്നും പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

◾രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പു നടന്ന കരണ്‍പൂരില്‍ ബിജെപി മന്ത്രിയായ സുരേന്ദര്‍പാല്‍ സിംങ് തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രുപീന്ദര്‍ കുന്നറിനാണ് ജയം. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ മാറ്റിവച്ച തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനു വിജയം.

◾തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിലൂടെ തമിഴ്നാടിനു ലഭിച്ചത് ഏഴ് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം. ആഗോളതലത്തിലെയും രാജ്യത്തെയും വന്‍കിട കമ്പനികള്‍ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടില്‍ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമം വമ്പന്‍ വിജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

◾ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ ബംഗാള്‍ പൊലീസില്‍ പരാതി. റേഷന്‍ അഴിമതി കേസില്‍ ഷാജഹാന്‍ ഷെയ്ഖ് രക്ഷപ്പെട്ടത് മുഖ്യമന്ത്രി മമതയുടെ ഒത്താശയോടെയാണെന്ന അമിത് മാളവ്യയുടെ ആരോപണത്തിനെതിരേ ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് പരാതി നല്‍കിയത്.

◾പൂനെ ലോക്സഭാ മണ്ഡലത്തില്‍ ഉടനേ ഉപതെരഞ്ഞെടുപ്പു നടത്തണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലോക്സഭയുടെ കാലാവധി ജൂണ്‍ 16 ന് അവസാനിക്കാനിരിക്കേ ഉപതെരഞ്ഞെടുപ്പു നടത്തുന്നതു വെറുതെയാകുമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

◾ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ 1974 ലും കോച്ച് എന്ന നിലയില്‍ 1990 ലും ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ചതിനുളള അപൂര്‍വ ബഹുമതി ആരാധകകര്‍ 'കൈസര്‍' എന്നു വിളിക്കുന്ന ബെക്കന്‍ബോവര്‍ക്ക് അവകാശപ്പെട്ടതാണ്.

◾2022ലെ മങ്ങിയ പ്രകടനത്തിന് ശേഷം 2023ല്‍ മികച്ച തിരിച്ചുവരവ് നടത്തി മ്യൂച്വല്‍ ഫണ്ടുകള്‍. 2023ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്ത ആസ്തിയില്‍ 10.9 ലക്ഷം കോടി രൂപ വര്‍ധിച്ചു. ഇതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27 ശതമാനം ഉയര്‍ന്ന് 50.78 ലക്ഷം കോടി രൂപയിലെത്തിയതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ വ്യക്തമാക്കി. ഓഹരി വിപണിയുടെ മുന്നേറ്റം, പലിശ നിരക്കിലെ സ്ഥിരത, ശക്തമായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ് 2023ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് കരുത്തായത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ വഴിയുള്ള പണം ഒഴുക്കാണ് ഈ വര്‍ഷത്തെ വ്യവസായത്തിലെ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍വര്‍ഷം 71,000 കോടി രൂപയുടെ നിക്ഷേപം നടന്നപ്പോള്‍ 2023ല്‍ ഇത് 2.7 ലക്ഷം കോടി രൂപയായി. 2022ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 5.7 ശതമാനം വളര്‍ച്ചയോടെ 2.65 ലക്ഷം കോടി രൂപയുടെ വര്‍ധന മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ 2022ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്ത മൊത്തം ആസ്തി 39.88 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഇടിവിന് ശേഷമാണ് 2023ല്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.  

◾ജൂനിയര്‍ എന്‍ടിആര്‍ ചിത്രം 'ദേവര'യുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. മാസ് അവതരാത്തിലാണ് താരം ഗ്ലിംപ്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെയാണ് ഗ്ലിംപസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. 'ജനതാ ഗാര്യേജ്' എന്ന ചിത്രത്തിന് ശേഷം കൊരട്ടാല ശിവയും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ചിത്രമാണ് ദേവര. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായിക. ജാന്‍വിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

◾തമിഴ് സിനിമാ രംഗത്തെ രണ്ട് പ്രതിഭകള്‍ ആദ്യമായി ഒന്നിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും യുവ സംവിധായകന്‍ മാരി സെല്‍വരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം പുറത്ത്. 'തലൈവര്‍ 172' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ 172 മത് ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ തിരക്കഥ രജനിക്ക് ഇഷ്ടപ്പെട്ടതായും, ലോകേഷ് കനകരാജുമായുള്ള ചിത്രത്തിന് ശേഷം തലൈവര്‍ 172 ചിത്രീകരണം ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പേരിയേറും പെരുമാള്‍, കര്‍ണ്ണന്‍, മാമന്നന്‍, വാഴൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും തലൈവര്‍ 172.

◾പുതിയ തലമുറ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി സ്വന്തമാക്കി ബോളീവുഡ് നടി ശര്‍വാരി വാഗ്. ബണ്ടി ഔര്‍ ബബ്ലി 2, ദി ഫോര്‍ഗോട്ടന്‍ ആര്‍മി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തയായ നടിയാണ് ശര്‍വാരി വാഗ്. 74.20 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്സ് ഷോറൂം വില. അതേസമയം വാഹനത്തിന്റെ ഏത് വേരിയന്റാണ് ഷര്‍വാരി വാഗ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ തലമുറ ജിഎല്‍സി ലഭ്യമാണ്. 254 ബിഎച്പി പവറും 400എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ട്യൂണ്‍ ചെയ്ത 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോറുള്ള ഏഘഇ 300 ഉള്‍പ്പെടുന്നു, അതേസമയം 2.0-ലിറ്റര്‍ ഓയില്‍ ബര്‍ണറുള്ള കൂടുതല്‍ ജനപ്രിയമായ ജിഎല്‍സി 220 ഉ 194ബിഎച്പി കരുത്തും 400എന്‍എം പ്രൊഡ്യൂസ് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 440എന്‍എം പീക്ക് ടോര്‍ക്ക്. എഞ്ചിന് 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലഭിക്കുന്നു.

◾വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക, കഥപറച്ചിലിനുള്ളില്‍ വായനക്കാരുടെ സര്‍ഗ്ഗാത്മകതയ്ക്ക് വിഭവങ്ങള്‍ കരുതിവയ്ക്കുക, ശീര്‍ഷകം മുതല്‍ കഥാന്ത്യംവരെ ഭാഷയുടെ സകല വിനിമയസാധ്യതകളെയും ചൂഷണം ചെയ്യുക, മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം, യുക്തിവാദം, ആക്റ്റിവിസം, ഫെമിനിസം, പൗരബോധം, നഗരവത്കരണം, കച്ചവടതന്ത്രങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സാന്ദര്‍ഭികമായി ഉള്ളടക്കംചെയ്യുക, ഗ്രാമ-നഗര സംഘര്‍ഷങ്ങളെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുക, ക്രൈം ഫിക്ഷന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടണ്ട് സവിശേഷമായൊരു ആഖ്യാനതന്ത്രം മെനയുക ഇതൊക്കെയാണ് മഞ്ഞപ്പുസ്തകം എന്ന ഈ ചെറുനോവലിലൂടെ ഫ്രാന്‍സിസ് നൊറോണ സാധ്യമാക്കിയിരിക്കുന്നത്. രുദ്രന്റെ ചായക്കടയില്‍നിന്ന് നീലക്കാന്താരിയിലേക്കുള്ള പരിണാമകാലമാണ് മഞ്ഞപ്പുസ്തകത്തിന്റെ കഥാകാലം. 'മഞ്ഞപ്പുസ്തകം'. ഫ്രാന്‍സിസ് നൊറോണ. ഡിസി ബുക്സ്. വില 153

◾മഞ്ഞുകാലത്ത് വാഴപ്പഴം കഴിക്കാമോ? വാഴപ്പഴത്തെ തണുത്ത ഭക്ഷണമായാണ് തരം തിരിച്ചിരിക്കുന്നത്. അതിനാല്‍ ജലദോഷം, ചുമ, സൈനസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്ക് ചിലപ്പോള്‍ തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നത് നല്ലതാകില്ല. അത്തരക്കാര്‍ പ്രത്യേകിച്ച്, രാത്രി വാഴപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ധാരാളം ഫൈബര്‍ അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യവും കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. നേന്ത്രപ്പഴം കഴിക്കുന്നത് ഉര്‍ജ്ജം പകരാന്‍ സഹായിക്കും. വര്‍ക്കൌട്ട് ചെയ്യുന്നവര്‍ക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ബനാന പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
സന്യാസിയോട് അയാള്‍ ചോദിച്ചു: ജീവിതത്തില്‍ വിജയിക്കാനായി എന്താണ് ചെയ്യേണ്ടത്? സന്യാസി അയാളെ ഒരു നദിക്കരയിലേക്ക് കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു: വിജയിക്കാനുള്ള മന്ത്രം ഈ നദിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. നദിയിലിറങ്ങിയാല്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാം.. സന്യാസിയുടെ വാക്കുകള്‍ കേട്ട് അയാള്‍ നദിയിലേക്ക് ഇറങ്ങി. കഴുത്തറ്റം വെള്ളത്തിലായിട്ടും മന്ത്രം അയാള്‍ക്ക് കിട്ടിയില്ല. അയാള്‍ സന്യാസിയോട് ചോദിച്ചു: ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്. സന്യാസി വെള്ളത്തിലേക്കിറങ്ങി. അയാളുടെ തല വെള്ളത്തിലേക്ക് മുക്കിപ്പിടി്ച്ചു. കുറച്ച് നേരം എന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ശ്വാസം മുട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കുതറാന്‍ തുടങ്ങി. സന്യാസി കൂടുതല്‍ ശക്തിയില്‍ അയാളെ വെള്ളത്തിന് താഴേക്ക് തന്നെ പിടിച്ചു. അവസാനം അയാളുടെ സകല ശക്തിയുമെടുത്ത് സന്യാസിയെ തട്ടിമാറ്റി വെള്ളത്തിന് മുകളിലേക്കയാള്‍ വന്നു. എന്നിട്ട് സന്യാസിയോട് ദേഷ്യപ്പെടാന്‍ തുടങ്ങി. താങ്കള്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണോ? ഇത് കേട്ട് ശാന്തനായി സന്യാസി മറുപടി പറഞ്ഞു: നിങ്ങളെ ഞാന്‍ ആദ്യം വെള്ളത്തിലേക്ക് മുക്കിയപ്പോള്‍ രക്ഷപ്പെടാനായി വളരെ കുറച്ചുമാത്രമേ നിങ്ങള്‍ ശ്രമിച്ചുളളൂ.. എന്നാല്‍ നിങ്ങള്‍ മുങ്ങി മരിക്കുമെന്നായപ്പോള്‍ സകല ശക്തിയുമെടുത്ത് പോരാടി നിങ്ങള്‍ മുകളിലേക്ക് വന്നു. ഇത് തന്നെയാണ് ജീവിതത്തിന്റെ വിജയത്തിന്റെ രഹസ്യവും. വിജയത്തിനായി നമ്മുടെ പൂര്‍ണ്ണശക്തിയുമെടുത്ത് പോരാടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിജയം നമുക്കരികിലേക്ക് എത്തിച്ചേരുകയുള്ളൂ.. പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുക - ശുഭദിനം.