◾അടുത്ത ദിവസങ്ങളിലായി പെട്രോള്‍, ഡീസല്‍ വില കുറയുമെന്നു കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. വില കുറയ്ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ല. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലാണ് ഇന്ധനവില കുറയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് കേരളത്തിലെ പ്രതിസന്ധിക്കു കാരണമെന്നു മന്ത്രി പാലക്കാട്ട് പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ച മാലിദ്വീപിലെ മൂന്നു മന്ത്രിമാരെ മന്ത്രിസഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. മന്ത്രിമാരായ മറിയം ഷിവുന, മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണു പുറത്താക്കിയത്. ലക്ഷദ്വീപിലേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മാലിദ്വീപിന്റെ സാധ്യതകള്‍ തടയാനാണു മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതെന്നാണ് മാലി മന്ത്രിമാര്‍ ആരോപിച്ചത്. 'കോമാളിത്തം കാണുക, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ധരിച്ച് ഡൈവ് ചെയ്യുന്നു' എന്ന് മന്ത്രി മറിയം ഷുവുന എക്സ് പ്ളാറ്റ്ഫോമിലൂടെ പരിഹസിച്ചു. ഇതിനെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ചു. മന്ത്രിമാരുടേതു സര്‍ക്കാര്‍ നയമല്ലെന്നു മാലി സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നതോടെ അനേകം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലി യാത്ര റദ്ദാക്കി.
◾മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ അടുത്ത വര്‍ഷം സാധ്യമാകുമെന്ന് എല്‍പിഎസ് സി ഡയറക്ടര്‍ വി നാരായണന്‍. ഈ വര്‍ഷം ജൂണില്‍ ആളില്ലാതെ റോക്കറ്റ് പരീക്ഷിക്കും. ആദിത്യ എല്‍ 1 ദൗത്യം വലിയൊരു ചുവടുവയ്പാണ്. ആദിത്യയില്‍നിന്നുള്ള സിഗ്‌നലുകള്‍ എന്നു മുതല്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ കേരളത്തിനുള്ള കടമെടുപ്പ് പരിധിയില്‍ 5,600 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വര്‍ഷാന്ത്യ ചെലവുകളില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ പ്രതിസന്ധിയാകും.
◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഇന്നു സമാപിക്കാനിരിക്കേ, 872 പോയിന്റുമായി കണ്ണൂര്‍ ജില്ലയുടെ മുന്നേറ്റം. 871 പോയിന്റുമായി കോഴിക്കോടും 869 പോയിന്റുമായി പാലക്കാടും തൊട്ടു പിറകേയുണ്ട്. ഇന്നലെ മഴ മല്‍സരങ്ങളെ അലങ്കോലമാക്കിയിരുന്നു.
◾കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ സംഗീതനിശയില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച കേസില്‍ പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരേയും പ്രതികളാക്കി പോലീസിന്റെ എഫ്ഐആര്‍. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് സഹായം തേടിയുള്ള പ്രിന്‍സിപ്പലിന്റെ കത്ത് കൈമാറാതിരുന്ന സര്‍വ്വകലാശാല രജിസ്റ്റാര്‍ക്കെതിരേ കേസെടുത്തിട്ടില്ല.
◾കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ സമരം ചെയ്ത എം. വിജിന്‍ എംഎല്‍എയെ മനസിലായില്ലെന്ന് എസ്ഐ ഷമീല്‍. നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് കരുതിയാണ് എംഎല്‍എക്കെതിരെ പ്രതികരിച്ചതെന്നാണു മൊഴി. കളക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചുവാങ്ങിയത്. മൊഴിയില്‍ പറയുന്നു. എംഎല്‍എയുടെ പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയും മൊഴി നല്‍കി.
◾ജനവാസ മേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കടുവകളെയും പുലികളെയും കൂടുവച്ചു പിടിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ എന്തു ചെയ്യണമെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനോട് ആവശ്യപ്പെട്ടെന്നു വനം മന്ത്രി എ.കെ ശശീന്ദ്രന്‍. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാനായാല്‍ സങ്കീര്‍ണത കുറയും. ഇന്നു രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾പന്തല്ലൂരില്‍ മൂന്നു വയസുളള കുട്ടിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മയക്കുവെടിവച്ചത്. മയങ്ങി വീണ പുലിയെ മൂന്നരയോടെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് കൊല്ലപ്പെട്ടത്.
◾ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രസംഗിക്കാനും സംഘാടനത്തിനുമായി സംസ്ഥാനത്തു സിപിഎം മുപ്പതിനായിരം സ്പെഷ്യല്‍ കേഡറുകളെ വിന്യസിക്കും. ഇവര്‍ക്കു പാര്‍ട്ടി പരിശീലനം നല്‍കും. ഈ മാസം 28 മുതല്‍ മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരത്തു ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്കു കടക്കും.
◾ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് 20 മണ്ഡലങ്ങളിലേക്കും കോഓഡിനേറ്റര്‍മാരെ നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അതതു ജില്ലകളിലെ സീനിയര്‍ നേതാക്കളെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.
◾സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട്. കറുപ്പിനോട് അലര്‍ജിയായിരുന്ന മുഖ്യമന്ത്രിക്കും പോലീസിനും സെക്രട്ടേറിയറ്റില്‍ കറുപ്പാകാം. കറുത്ത കോട്ടു വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചു. ഇതാദ്യമായാണ് തൊഴിലാളികള്‍ക്ക് കോട്ട് വാങ്ങാന്‍ പണം അനുവദിക്കുന്നത്. കൈത്തറി വികസന കോര്‍പ്പറേഷന്‍ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്.
◾അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22 നു കേരളത്തില്‍ ബിജെപി ക്ഷേത്ര പരിസരങ്ങള്‍ ശുചീകരിക്കുമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചു വീടുകളില്‍ വിളക്കു തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറിയതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരുമെല്ലാം മത്സരിച്ചാണ് പുകഴ്ത്തുന്നത്. കണ്ണൂരില്‍ പിജെ ആര്‍മി പി ജയരാജനെ പുകഴ്ത്തിയപ്പോള്‍ കണ്ണുരുട്ടിയ സിപിഎം ഇപ്പോള്‍ പിണറായി സ്തുതികള്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണെന്നു സുധാകരന്‍ പരിഹസിച്ചു.
◾വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ കുത്തിയ പ്രതി പാല്‍രാജിനെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചതെന്നാണ് എഫ്ഐആര്‍. ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് പാല്‍രാജ്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ നേഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയെ സ്ഥലംമാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. നേഴ്സിംഗ് ഓഫീസര്‍ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.
◾കൊച്ചിയില്‍ 79 സ്പാകളില്‍ പരിശോധന. ലഹരി ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കണ്ടെത്താനായിരുന്നു പരിശോധന. കടവന്ത്രയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയില്‍നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് പിടികൂടിയെന്നു കടവന്ത്ര പൊലീസ് അറിയിച്ചു.
◾സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്ത് പടക്കം പൊട്ടിച്ച് തത്കാലം കടുവയെ ഓടിക്കാന്‍ ശ്രമിച്ച വനംവകുപ്പുകാര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. കൂടുവച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
◾തിരുവനന്തപുരത്തെ പുതിയതുറ തീരദേശത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കരുംകുളം പഞ്ചായത്തിലെ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന്‍ - അജിത ദമ്പതികളുടെ മകന്‍ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.
◾കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നടുവില്‍ പാത്തന്‍പാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. വാഴക്കൃഷി നഷ്ടത്തിലായതാണു കടുത്ത പ്രതിസന്ധിക്കു കാരണം.
◾കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മൂത്തക്കുന്നം സ്വദേശി പല്ലേക്കാട്ട് വീട്ടില്‍ വിഷ്ണുവിനെയാണ് അലമാരയിലെ മൂവായിരം രൂപ കവര്‍ന്നതിന് പിടികൂടിയത്.
◾യൂട്യൂബറായ സ്വാതി കൃഷ്ണ മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവുമായി പിടിയിലായി. 28 കാരിയും കുന്നത്തുനാട് സ്വദേശിയുമായ സ്വാതിയെ എറണാകുളം കാലടിയില്‍ നിന്നാണ് എക്സൈസ് പിടികൂടിയത്.
◾ചക്ക വേവിച്ചു കൊടുക്കാത്തതിന് മദ്യലഹരിയില്‍ മകന്‍ അമ്മയെ മര്‍ദിച്ച് കൈകള്‍ തല്ലിയൊടിച്ചു. റാന്നിയില്‍ 65 കാരി സരോജിനിയുടെ തലയ്ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി സഞ്ജയ് അറസ്റ്റിലായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടര്‍ന്ന് മലപ്പുറം വഴിക്കടവ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
◾ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യകക്ഷികള്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും തീരുമാനമായില്ല. 34 സീറ്റുള്ള ബിഹാറില്‍ അഞ്ചു സീറ്റു മാത്രമേ കോണ്‍ഗ്രസിനു നല്‍കൂവെന്ന് ആര്‍ജെഡി വാദിച്ചു. എട്ടു സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ന് ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും.
◾ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുകയാണെന്നും ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍. കോടതിയില്‍ കണ്ണു നിറഞ്ഞ് തൊഴുകയ്യോടെ നരേഷ് ഗോയല്‍ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു വിവരിച്ചു. 538 കോടിയുടെ വായ്പാ തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേഷ് ഗോയലിനെ അറസ്റ്റു ചെയ്ത് ജയിലിലാക്കിയത്. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് 16 നു വീണ്ടും പരിഗണിക്കും.
◾ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്കെതിരേ സിപിഎം ഉന്നതതല സമിതിയെ എതിര്‍പ്പ് അറിയിച്ചു. ഒരേ സമയം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ തത്ത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് സിപിഎം വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട രാംനാഥ് കോവിന്ദ് കമ്മീഷന്‍ പൊതുജനാഭിപ്രായം രേഖപ്പെടുത്താന്‍ ഈ മാസം 15 വരെയാണു സമയം നല്‍കിയിരിക്കുന്നത്.
◾ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബെഹറാംപൂരിലെ ടിഎംസി നേതാവ് സത്യേന്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. മുന്‍പ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ അടുപ്പക്കാരനായിരുന്നു. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
◾ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളും യുവതിയും അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം. സദര്‍ ബസാറില്‍ ചായക്കട നടത്തുന്ന സുരേഷ് കുമാറും കടയില്‍ സഹായത്തിനായി നില്‍ക്കുന്ന മൂന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമാണ് പ്രതികള്‍. 12 വയസ്സുകാരിയെ പ്രതികള്‍ക്കരികിലേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയും പിടിയിലായി.
◾തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍ മൂന്നു വര്‍ഷത്തിനകം മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും കെ അണ്ണാമലൈ വിമര്‍ശിച്ചു.
◾കടുത്ത ശൈത്യം മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ ഈയാഴ്ച അവധിയായിരിക്കും. രാജസ്ഥാനില്‍ എട്ടാം ക്ലാസ് വരെ ഈയാഴ്ച അവധിയാണ്. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി.
◾വോട്ടെടുപ്പു പൂര്‍ത്തിയാക്കിയ ബംഗ്ലാദേശില്‍ ഇന്നു ഫലപ്രഖ്യാപനം. ഇന്നലെ രാത്രിയോടെതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. 300 പാര്‍ലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന തന്നെ തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.
◾അലാസ്‌ക എയര്‍ലൈന്‍സ് വിമാനം പറക്കുന്നതിനിടെ വാതില്‍ അടര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ 171 ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് അമേരിക്കന്‍ വ്യോമയാന ഏജന്‍സി നിര്‍ത്തിവയ്പ്പിച്ചു. പരിശോധനകളുടെ ഭാഗമായാണ് നടപടി. ബോയിങ് 737 മാക്സ് 9 വിഭാഗത്തിലുള്ള 171 വിമാനങ്ങളാണ് സര്‍വ്വീസ് നിര്‍ത്തിയത്.
◾ഓസ്‌ട്രേലിയക്കെതിരായ വനിതാ ടി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 130 റണ്‍സിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1 ന് സമനിലയിലായി.
◾അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ വിരാട് കോലിയുമുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് എന്നിവര്‍ ഉള്‍പ്പെട്ട ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ മാറ്റി നിര്‍ത്തി.
◾ചരക്കുനീക്കത്തിലൂടെ മികച്ച വരുമാനം സ്വന്തമാക്കി റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍. ഡിസംബറില്‍ 50.01 ലക്ഷം രൂപയുടെ വരുമാനമാണ് പ്രധാനമായും കല്‍ക്കരി, രാസവളങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, പെറ്റ്‌കോക്ക് തുടങ്ങിയവ നീക്കം ചെയ്തതിലൂടെ ഡിവിഷന്‍ നേടിയത്. ന്യൂ മംഗളൂരുവിലെ പനമ്പൂര്‍ യാര്‍ഡ് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചരക്കുനീക്ക സര്‍വീസുകള്‍. 10,670 വാഗണുകള്‍ പ്രയോജനപ്പെടുത്തി 204 റേക്കുകള്‍ മുഖേനയായിരുന്നു സര്‍വീസ്. 6.97 ലക്ഷം മെട്രിക് ടണ്‍ ചരക്കുകളാണ് ഡിവിഷന്‍ കൈകാര്യം ചെയ്തത്.
◾രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന് എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കും. എആര്‍ റഹ്‌മാന്റെ ജന്മദിനത്തിലാണ് 'ആര്‍സി16' എന്ന് താല്‍കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഇത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാം ചരണ്‍ എആര്‍ റഹ്‌മാന് ജന്മദിനാശംസയും നേര്‍ന്നു. ആദ്യമായാണ് നേരിട്ട് ഒരു തെലുങ്ക് ചിത്രത്തില്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം എന്നാണ് വിവരം. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതെയുള്ളൂ. 2022 ല്‍ ആര്‍ആര്‍ആര്‍ എന്ന ഒസ്‌കാര്‍ വേദിയില്‍ അടക്കം വെന്നിക്കൊടി പാറിച്ച ചിത്രത്തിന് ശേഷം രാം ചരണിന്റെ ഒറ്റ ചിത്രവും പുറത്തിറങ്ങിയിട്ടില്ല.
◾കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും തിയേറ്ററില്‍ ഗംഭീര കളക്ഷന്‍ നേടിയ ചിത്രമാണ് 'അനിമല്‍'. രണ്‍ബിര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രത്തിലെ സ്ത്രീ വിരുദ്ധത വിവാദമായിരുന്നു. എങ്കിലും 900 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അനിമലിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് ആണ്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ രശ്മിക മന്ദാനയുടെ നായികാ കഥാപാത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു നായികയായ തൃപ്തി ദിമ്രിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്.
◾ഇന്ത്യയില്‍ ജനുവരിയില്‍ മുന്‍നിര മോഡലുകളായ സിറ്റി, അമേസ് സെഡാനുകള്‍ക്ക് ഈ വര്‍ഷത്തെ ആദ്യ കിഴിവ് ഓഫര്‍ ഹോണ്ട പ്രഖ്യാപിച്ചു. പരിമിതകാല ഓഫര്‍ ഹോണ്ട സിറ്റിയും അമേസും വാങ്ങുന്നവര്‍ക്ക് 88,600 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കണ്ട്, കോര്‍പ്പറേറ്റ് കിഴിവ്, വിപുലീകൃത വാറന്റി, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാസം അവസാനം വരെ ഓഫറുകള്‍ പ്രാബല്യത്തില്‍ വരും. ജനുവരിയില്‍ പരമാവധി 88,600 രൂപ വരെയാണ് ഹോണ്ട സിറ്റിക്ക് ലഭിക്കുന്നത്. 7.13 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെ വിലയുള്ള ഹോണ്ട അമേസിന് ജനുവരിയില്‍ 72,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.
◾വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍. ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിര്‍വീര്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയത്തിനെതിരായ ഒരു മൂവ്‌മെന്റ്, അതേ സമൂഹത്തിന്റെ നേതൃത്വത്തില്‍തന്നെ വയനാട്ടില്‍നിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്‌കരിച്ച അനുഭവം; സി.കെ.ജാനു വിശദമായി ഈ ആത്മകഥയില്‍ എഴുതുന്നുണ്ട്. 'അടിമമക്ക'. രണ്ടാം പതിപ്പ്. റാറ്റ് ബുക്സ്. വില 598 രൂപ.
◾വിറ്റാമിന്‍ കെയുടെ അഭാവം ആര്‍ത്തവത്തെ ബാധിക്കാം. രക്തം കട്ടപിടിക്കുന്നതില്‍ വിറ്റാമിന്‍ കെ ഒരു പങ്ക് വഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിന്‍ കെ ഇല്ലെങ്കില്‍ ഇത് രക്തസ്രാവം വര്‍ദ്ധിക്കുന്നതിന് കാരണമാകും. വിറ്റാമിന്‍ കെയുടെ കുറവ് വളരെ സാധാരണമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. രക്തപരിശോധനയിലൂടെ രക്തത്തിലെ വിറ്റാമിന്‍ കെയുടെ അളവ് തിരിച്ചറിയാനാകും. പ്രോത്രോംബിന്‍ ടൈം (പിടി) ടെസ്റ്റ് രക്തം കട്ടപിടിക്കാന്‍ എടുക്കുന്ന സമയം വിലയിരുത്തുന്നു. കട്ടപിടിക്കുന്ന ഘടകങ്ങളുടെ സമന്വയത്തിന് വിറ്റാമിന്‍ കെ നിര്‍ണായകമാണ്. ഇരുമ്പ് ധാരാളം അടങ്ങിയ ചീര വിറ്റാമിന്‍ എ, സി, കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണമാണ് കോളിഫ്ളവര്‍. ഒരു കപ്പ് കോളിഫ്‌ളവറില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ കെയുടെ 19% അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. ഒരു കപ്പ് ബ്രോക്കോളിയില്‍ 110 എംസിജി വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ 67 മുതല്‍ 192 എംസിജി വരെ വിറ്റാമിന്‍ കെ2 അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ മത്സ്യം ശരീരത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
നല്ലൊരു തുക പലിശ നല്‍കാം എന്ന വാഗ്ദാനവുമായാണ് അയാളെ തേടി ആ നാട്ടിലെ വ്യാപാരി വന്നത്. മകളുടെ വിവാഹാവശ്യത്തിനായി വെച്ച തുക അയാള്‍ വ്യാപാരിക്ക് നല്‍കുകയും ചെയ്തു. വിവാഹസമയത്ത് പലിശയടക്കം തിരിച്ചുതരാമെന്ന് വ്യാപാരി വാക്ക് നല്‍കുകയും ചെയ്തു. വിവാഹസമയമെത്തിയപ്പോള്‍ അയാള്‍ വ്യാപാരിയെ ചെന്നുകണ്ടു. പക്ഷേ, വ്യാപാരി അയാളെ കണ്ടഭാവം നടിച്ചില്ല. അയാള്‍ പരാതിയുമായി ആ രാജാവിന്റെ അടുത്തെത്തി. രാജാവ് പറഞ്ഞു: നാളെ ഞാന്‍ നിങ്ങളുടെ ഗ്രാമത്തിലേക്ക് വരാം. നിങ്ങള്‍ ആ ഗ്രാമാതിര്‍ത്തിയില്‍ എന്നെ കാത്തുനില്‍ക്കണം. തന്നെ കാത്തുനിന്ന അയാളെ തന്നോടൊപ്പം കുതിരവണ്ടിയില്‍ കയറ്റി രാജാവ് വ്യാപാരിയുടെ കടയ്ക്ക് മുന്നിലൂടെ യാത്ര ചെയ്തു. ഇതുകണ്ട വ്യാപാരി വിചാരിച്ചു ഇയാള്‍ക്ക് രാജാവുമായി അടുത്ത ബന്ധമുണ്ട് എന്ന് . പിറ്റെ ദിവസം തന്നെ വ്യാപാരി പലിശ സഹിതം പണം അയാള്‍ക്കു തിരിച്ചു നല്‍കി. അയാള്‍ രാജാവിന് നന്ദി പറഞ്ഞു. നന്മ അസ്ഥിത്വത്തില്‍ തന്നെ ഉണ്ടാകണം. നന്മ ചമയമായി കൊണ്ടുനടക്കുന്നവര്‍ നിവൃത്തികേടുകൊണ്ടോ, വരുംകാല പ്രയോജനങ്ങള്‍ മുന്നില്‍ കണ്ടോ മാത്രമായിരിക്കും പ്രവൃത്തിക്കുന്നത്. അകകാമ്പില്‍ സുകൃതമുളളവരുടെ ഉള്ളില്‍ നിന്നും പുറത്തേക്കൊഴുകുന്നത് നല്ലത് മാത്രമായിരിക്കും. സഹായം ഏറ്റുവാങ്ങുന്നവര്‍ പോലുമറിയാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുന്നവരാണ് യഥാര്‍ത്ഥസഹായകര്‍. തെളിവില്ലാത്ത നന്മകള്‍ ചുറ്റുമുളളവരുടെ ജീവിതത്തില്‍ അവശേഷിപ്പിക്കാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.