◾ഇന്ത്യ സൂര്യനരികില്‍. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ ഹാലോ ഓര്‍ബിറ്റിലെത്തി. ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലെത്തിതോടെ ഇന്ത്യ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി. ബെംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 127 ദിവസത്തെ യാത്രയ്ക്കു ശേഷമാണ് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലെ ഹാലോ ഓര്‍ബിറ്റില്‍ എത്തുന്നത്. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു.
◾സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളേജുകളില്‍കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കണ്ണൂര്‍ ജില്ല 640 പോയിന്റുമായി മുന്നില്‍. 625 പോയിന്റുമായി കോഴിക്കോടും 623 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.
◾പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസിയുടെ എതിര്‍വാദങ്ങള്‍ക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിധേയമാണെന്നാണ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍വകലാശാല നിലപാട് അറിയിച്ചത്.
◾കേരളത്തില്‍ അടുത്ത നാലു ദിവസംകൂടി മഴയ്ക്കു സാധ്യത. ലക്ഷദ്വീപിനു മുകളില്‍ ചക്രവാതചുഴിയുള്ളതിനാല്‍ വിദര്‍ഭ വരെ ന്യുനമര്‍ദ്ദ പാത്തി രൂപംകൊണ്ടിട്ടുണ്ട്.
◾സര്‍ക്കാരുമായി ഭിന്നതയുണ്ടെങ്കിലും നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ ഭരണഘടനാ ബാധ്യതകളും നിറവേറ്റും. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാല്‍, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾നീലഗിരിയിലെ പന്തല്ലൂരിലെ തേയിലത്തോട്ടത്തില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്നു വയസുകാരി കൊല്ലപ്പെട്ടു. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാന്‍സിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂര്‍ തൊണ്ടിയാളത്തില്‍ തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു പുലി ആക്രമിച്ചത്. റോഡ് ഉപരോധിച്ച നാട്ടുകാര്‍ പന്തല്ലൂരില്‍ ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
◾സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
◾കോതമംഗലം വാരപ്പെട്ടിയില്‍നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു രാത്രി കണ്ടെത്തി. കുടുക്ക പൊട്ടിച്ച പണവുമായാണ് വീടിനടുത്ത സ്‌കൂളിലെ വാര്‍ഷികാഘോഷം കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍നിന്നു പോയത്.
◾ഖാസിമാരായ മഹല്ല് ഭാരവാഹികളുടെ ഏകോപനത്തിന് പാണക്കാട് കുടുംബംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. മഹല്ല് ഭാരവാഹികളുടേയും ഖതീബുമാരുടേയും സംഗമം വിളിച്ച് ചേര്‍ക്കാനാണു നീക്കം. ഇതിനായി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കു രൂപം നല്‍കി.
◾ബിജെപിയില്‍ ചേര്‍ന്ന മുന്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന ആസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വാസികള്‍. ചുമതലകളില്‍നിന്ന് നീക്കിയാല്‍ പോരെന്നും ഭദ്രാസനത്തില്‍നിന്നു തന്നെ നീക്കണമെന്നുമാണ് ആവശ്യം.
◾പത്തനംതിട്ട നിലയ്ക്കലില്‍ മരിച്ചെന്ന് കരുതിയ ആള്‍ തിരിച്ചെത്തി. മഞ്ഞത്തോട് സ്വദേശി രാമന്‍ ബാബുവാണു തിരിച്ചെത്തിയത്. ഡിസംബര്‍ 30 ന് നിലയ്ക്കല്‍ എം. ആര്‍. കവലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാമന്‍ ബാബുവാണെന്ന് കരുതി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മറവു ചെയ്തിരുന്നു. അന്നു മരിച്ചത് ആരെന്നു കണ്ടെത്താന്‍ പോലീസ് പുതിയ കേസെടുക്കേണ്ട അവസ്ഥയിലാണ്.
◾കൊച്ചിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം റിട്ടയേഡ് എസ്ഐ തൂങ്ങി മരിച്ചു. ചേരനല്ലൂര്‍ സ്വദേശി കെ.വി ഗോപിനാഥന്‍ (60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മകന്‍ അമര്‍ ഉച്ചഭക്ഷണത്തിനു വീട്ടിലെത്തിയപ്പോഴാണ് അമ്മയും മുത്തശിയും വെട്ടേറ്റു കിടക്കുന്നതും അച്ഛന്‍ തൂങ്ങിമരിച്ചതും കണ്ടത്.
◾കാസര്‍കോട് പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് (40) ആണ് മരിച്ചത്. കറന്തക്കാട് താളിപടപ്പിലെ പൂട്ടികിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷിച്ചിരുന്നുമില്ല.
◾പത്തനംതിട്ട മൈലപ്രയില്‍ മോഷണത്തിനിടെ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രതികള്‍ കവര്‍ന്നെടുത്ത വ്യാപാരിയുടെ സ്വര്‍ണ്ണമാല പണയംവയ്ക്കാന്‍ സഹായിച്ച ആളാണ് ഇപ്പോള്‍ കസ്റ്റഡിയിലായത്. തമിഴ്നാട്ടിലെ കൊടുകുറ്റവാളി മദ്രാസ് മുരുകനാണ് മുഖ്യസൂത്രധാരന്‍. വലഞ്ചുഴി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹരീബ്, നിയാസ് എന്നിവരെ കൂടാതെ ബാലസുബ്രമണ്യന്‍, മുത്തുകുമാര്‍ എന്നീ തമിഴ്നാട്ടുകാരും പ്രതികളാണ്. നാലു പേരാണ് പിടിയിലായത്. മുത്തുകുമാറിനെ പിടികൂടാനുണ്ട്.
◾ഉത്തര്‍പ്രദേശിലെ ഉന്നാവോ സംഭവം പോലെയാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ സംഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇരയുടെ കുടുംബത്തെ ആക്രമിക്കുന്നത് പൊലീസ് നോക്കിനില്‍ക്കുകയാണ്. ഡിവൈഎഫ്ഐകാരനായ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി. സതീശന്‍ പറഞ്ഞു.
◾വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് സമരം. സംരക്ഷണം നല്‍കുമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടരമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണു സമരം നടത്തിയത്.
◾വാഹനാപകടത്തില്‍പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലും ആലത്തൂര്‍ എസ് ഐ വിആര്‍ റിനീഷും തമ്മില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വാക്കേറ്റം. അഭിഭാഷകനെതിരെ പൊലീസ് കൃത്യനിര്‍വഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രണ്ടു കേസുകളെടുത്തു. വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
◾ആലപ്പുഴയിലെ ഹോം സ്റ്റേയില്‍ മസാജു ചെയ്തുതരാമെന്നു പറഞ്ഞ് വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ ഷയാസ് (27) അറസ്റ്റിലായി. കളക്ടറേറ്റിനു സമീപമുള്ള ഹോം സ്റ്റേയിലാണ് കുറ്റകൃത്യം നടന്നത്.
◾വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വയോധികന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് വീയപുരം കാരിച്ചാല്‍ തുണ്ടില്‍ ടി എം ജോസഫ് (62) ആണ് മരിച്ചത്. നന്ദന്‍കേരില്‍ കോളനിയില്‍ ദയാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കാസര്‍ഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എവി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം.
◾സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊന്നു. ഫാമില്‍നിന്ന് അമ്പത് മീറ്റര്‍ മാറി വനാതിര്‍ത്തിയിലെ കുറ്റിക്കാട്ടിലാണ് പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയത്.
◾ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണു ചര്‍ച്ച. ബംഗാളില്‍ ആറു സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസിനു രണ്ടു സീറ്റേ നല്‍കൂവെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ബിഹാറില്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കില്ലെന്നാണു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട്. ഡല്‍ഹിയിലും പഞ്ചാബിലും ഭൂരിപക്ഷം സീറ്റുകളും വേണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 65 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചു.
◾ഇന്ത്യാ മുന്നണിയുടെ സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സഖ്യത്തില്‍ പല കക്ഷികളുണ്ടാകുമ്പോള്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. വയനാട് ലോക്സഭ സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി അധിര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റെ നയമല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
◾ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. 11 പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്.
◾ഭോപ്പാലില്‍ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മലയാളി പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്റ്റലിന്റെ മാനേജര്‍ അനില്‍ മാത്യുവിനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ പെണ്‍കുട്ടികള്‍ അവധിക്കായി വീടുകളിലേക്കു പോയതാണെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടറും ഭോപ്പാല്‍ പൊലീസും വ്യക്തമാക്കി.
◾വടക്കുകിഴക്കന്‍ ഭൂട്ടാനിലെ രാജകുടുംബത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്തും ചൈന കൈയേറി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നു. ഒരുമാസത്തിനിടെയുള്ള ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ ചൈന നിര്‍മാണം ആരംഭിച്ചെന്നും ഇപ്പോള്‍ വേഗത്തിലാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
◾യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ പുതിയ യുവജന വകുപ്പ് മന്ത്രിയായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നിയമനം നടത്തിയത്.
◾അവസാന കളിയിലും പരമ്പരയിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ക്രിക്കറ്റ് പ്രേമികളുടെ ഹരമായ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ഏകദിന - ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഹോം ഗ്രൗണ്ടായ സിഡ്നിയില്‍ വെച്ച് അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ പാകിസ്താനെതിരേ അര്‍ധസെഞ്ചുറി തികച്ചാണ് 37 -കാരനായ വാര്‍ണര്‍ കളി മതിയാക്കിയത്. ഓസ്ട്രേലിയക്കായി കളിച്ച 112 ടെസ്റ്റുകളില്‍ 26 സെഞ്ചുറികളും 37 അര്‍ധ സെഞ്ചുറികളും പിറന്നു.
◾സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ച ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ വന്‍ കുതിപ്പുണ്ടാക്കുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് വിവിധ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 15 മുതല്‍ 60 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. റീട്ടെയ്ല്‍, ഗ്രാമീണ, കോര്‍പ്പറേറ്റ് ഉപഭോക്താക്കളില്‍ നിന്നും വായ്പാ ആവശ്യം ഗണ്യമായി കൂടുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് പുറത്തുവിട്ട കണക്കുകളനുസരിച്ച് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വായ്പകള്‍ 62 ശതമാനം ഉയര്‍ന്ന് 24.69 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ വായ്പ 1.52 ലക്ഷം കോടി രൂപയിലാണ്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തേക്കാള്‍ വായ്പാ വിതരണത്തില്‍ 4.9 ശതമാനം വര്‍ദ്ധനയുണ്ട്. ആഭ്യന്തര വിപണിയില്‍ റീട്ടെയ്ല്‍ വായ്പകളുടെ വിതരണത്തില്‍ 111 ശതമാനം വര്‍ദ്ധനയാണുണ്ടായത്. വാണിജ്യ, ഗ്രാമീണ മേഖലകളില്‍ 31.5 ശതമാനവും കോര്‍പ്പറേറ്റ് മേഖലകളില്‍ 11 ശതമാനവും വളര്‍ച്ചയാണ് ബാങ്കിന്റെ വായ്പാ വിതരണത്തിലുണ്ടായത്. മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ വായ്പകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 20 ശതമാനം ഉയര്‍ന്ന് 3.26 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ വായ്പ ഇക്കാലയളവില്‍ 14.91 ശതമാനം ഉയര്‍ന്ന് 2.4 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ വായ്പ 2.08 ലക്ഷം കോടി രൂപയായിരുന്നു. സെപ്തംബറില്‍ ബാങ്കിന്റെ മൊത്തം വായ്പ 2.31 ലക്ഷം കോടി രൂപയായിരുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ നിരക്ക് ഗണ്യമായി കൂട്ടിയതോടെ ബാങ്കുകളിലേക്കുള്ള പണമൊഴുക്കില്‍ വന്‍ കുതിപ്പുണ്ടായി.
◾ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ട്രെയിലര്‍ എത്തി. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറില്‍ ടി.ജി. നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരിസ് വരുന്നു. 'ജയ് മഹേന്ദ്രന്‍' എന്ന് പേരിട്ടിരിക്കുന്ന സീരിസ്, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിസിന്റെ രസകരമായ ടീസര്‍ സോണിലിവ് പുറത്തുവിട്ടു. ശ്രീകാന്ത് മോഹനാണ് സംവിധാനം. കഥ, തിരക്കഥ, സംവിധാനം രാഹുല്‍ റിജി നായര്‍. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള ഓഫീസര്‍ മഹേന്ദ്രനാണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാല്‍ ഇതേ രാഷ്ട്രീയക്കളികളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാള്‍ക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സല്‍പ്പേര് വീണ്ടെടുക്കാനും മഹേന്ദ്രന്‍ കഷ്ടപ്പെടുന്നു. വേണ്ടിവന്നാല്‍ അതിന് സിസ്റ്റത്തെ മുഴുവന്‍ അട്ടിമറിക്കാനും അയാള്‍ തയ്യാറാകും. ഈ തീക്കളിയില്‍ മഹേന്ദ്രന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതാണ് സീരിസിന്റെ കൗതുകം. സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരാണ് അഭിനേതാക്കള്‍.
◾സ്വീഡിഷ് ആഡംബര വാഹന ഭീമനായ വോള്‍വോ കാര്‍സ് 2023-ല്‍ വില്‍പ്പനയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 2,400 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കാര്‍ നിര്‍മ്മാതാവ് പറഞ്ഞു. 2022 നെ അപേക്ഷിച്ച് കമ്പനി വില്‍പ്പനയില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം 1,851 കാറുകളാണ് വോള്‍വോ വിറ്റത്. കഴിഞ്ഞ ദിവസം വോള്‍വോ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി. ഈ കാലയളവില്‍ 2,423 യൂണിറ്റുകളാണ് കാര്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്ന മുന്‍നിര മോഡല്‍ എക്സ്സി60 എസ്യുവിയില്‍ നിന്നാണ് കമ്പനി വില്‍പ്പനയുടെ ഭൂരിഭാഗവും നേടിയത്. അതിന്റെ ഇലക്ട്രിക് എസ്യുവി എക്സ്സി40 റീചാര്‍ജ്ജും മൊത്തത്തിലുള്ള വില്‍പ്പനയുടെ അഞ്ചിലൊന്ന് മോഡലില്‍ നിന്ന് മികച്ച സംഭാവന നല്‍കി.
◾അതിശയിപ്പിക്കുന്ന രചനാതന്ത്രത്തിലൂടെ നവീന ഭാവുകത്വത്തെ തൊട്ടുണര്‍ത്തുന്ന എട്ട് ചെറുകഥകള്‍. അഭിജ്ഞാനം, നടപ്പന്‍നിഴല്‍, ചിന്താഭൂതം, നാമിങ്ങറിയുവതല്പം, സ്വയംഭാഗം, തിരുവിളയാടല്‍, പുസ്തകം, പൂക്കള്‍, മറ. 'തിരുവിളയാടല്‍'. ഉണ്ണ്ി ആര്‍. ഡിസി ബുക്സ്. വില 114 രൂപ.
◾നമ്മുടെ ശരീരഭാരത്തില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. എങ്കില്‍പ്പോലും അസാധാരണമായ മാറ്റങ്ങള്‍ കാണുന്ന പക്ഷം അത് ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങളെയോ ആരോഗ്യപ്രശ്നങ്ങളെയോ സൂചിപ്പിക്കുന്നതാകാം. പലവിധത്തിലുള്ള രോഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളിലും ശരീരഭാരത്തില്‍ വ്യത്യാസം കാണാം. പക്ഷേ ഇങ്ങനെ കണ്ടാല്‍ ആദ്യമേ പോയി ചെയ്യേണ്ട ഒരു ടെസ്റ്റ് തൈറോയ്ഡ് ആണ്. കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നം സംഭവിക്കുന്നത് ശരീരഭാരം കൂടുന്നതിലേക്കോ കുറയുന്നതിലേക്കോ നയിക്കാം. നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് തൈറോയ്ഡ് ഗ്രന്ഥിയാണ് സഹായിക്കുന്നത്. ഈ ഹോര്‍മോണുകളുടെ അളവില്‍ കുറവോ കൂടുതലോ സംഭവിച്ചാല്‍ അത് ആരോഗ്യത്തെ പലരീതിയിലും ബാധിക്കാം. ശരീരഭാരത്തില്‍ വരുന്ന വ്യത്യാസത്തിന് പുറമെ അസ്വസ്ഥത, ഉത്കണ്ഠ- മൂഡ് ഡിസോര്‍ഡര്‍ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍, ക്ഷീണം, മുടി കൊഴിച്ചില്‍, ഉറക്കമില്ലായ്മ, ഡ്രൈ സ്‌കിന്‍ എന്നിങ്ങനെ പലവിധ പ്രയാസങ്ങളും ഇതുമൂലം നേരിടാം. ഹോര്‍മോണ്‍ ഉത്പാദനം കുറയുന്ന 'ഹൈപ്പോതൈറോയ്ഡിസം', ഹോര്‍മോണ്‍ ഉത്പാദനം കൂടുന്ന 'ഹൈപ്പര്‍തൈറോയ്ഡിസം', തൈറോയ്ഡ് ഗ്രന്ഥി വീര്‍ത്തുവരുന്ന അവസ്ഥ 'ഗോയിറ്റര്‍', അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയിലെ വളര്‍ച്ച 'തൈറോയ്ഡ് നോഡ്യൂള്‍സ്' എന്നിങ്ങനെയുള്ള നാല് പ്രശ്നങ്ങളാണ് പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാനുള്ളത്. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതിനൊപ്പം മുമ്പേ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൂടി കാണുന്നപക്ഷം തൈറോയ്ഡ് ഗന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുള്ള ടെസ്റ്റ് ചെയ്യാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ബാംഗ്ലൂരിലെ ഒരു ബാര്‍ബറായിരുന്നു രമേശ്ബാബുവിന്റെ അച്ഛന്‍. അവന് 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഭാര്യക്കും 3 മക്കള്‍ക്കുമായി അദ്ദേഹം ബാക്കിവെച്ചുപോയത് ബംഗ്ലൂരുവിലെ ബ്രിഡ്ജ് റോഡിലുള്ള ഒരു ചെറിയ ബാര്‍ബര്‍ ഷോപ്പ് മാത്രമായിരുന്നു. തങ്ങളുടെ ബാര്‍ബര്‍ ഷോപ്പ് 5 രൂപയ്ക്ക് അവര്‍ വാടകയ്ക്ക് കൊടുത്തു. മക്കളെ വളര്‍ത്തുന്നതിനായി അവര്‍ വീട്ടുജോലി ചെയ്തു. അമ്പതുരൂപയായിരുന്നു ആ ജോലിയില്‍ നിന്നും അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഒരു നേരത്തെ ഭക്ഷണം മാത്രമായിരുന്നു അവര്‍ക്ക് തന്റെ മക്കള്‍ക്ക് കൊടുക്കാന്‍ സാധിച്ചിരുന്നത്. സ്‌കൂളില്ലാത്ത സമയത്ത് മക്കളും വിവിധ ജോലികള്‍ ചെയ്ത് അമ്മയെ സഹായിക്കുമായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രമേശ് അച്ഛന്റെ ബാര്‍ബര്‍ഷോപ്പ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ചെറിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിച്ചു. ആ സമ്പാദ്യത്തില്‍ നിന്നും ഒരു കാര്‍ വാങ്ങി. ആ കാര്‍ വാടകയ്ക്ക് കൊടുത്തു. ഓട്ടോമൊബൈല്‍ റെന്റല്‍ നല്ലൊരു ബിസിനസ്സാണമെന്ന് അയാള്‍ മനസ്സിലാക്കി. സമ്പാദിക്കുന്ന കാശിലൂടെ കൂടുതല്‍ കാറുകള്‍ സ്വന്തമാക്കി. ഇന്ന് രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന് കമ്പനിയുടെ ഉടമയാണ് രമേശ് ബാബു. ഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400ലധികം കാറുകള്‍ സ്വന്തമായുണ്ട്. ദിവസവും 5 മണിക്കൂര്‍ തന്റെ സലൂണിലും അദ്ദേഹം ജോലി ചെയ്യുന്നു. ഇന്ത്യയിലെ കോടീശ്വരനായ ബാര്‍ബര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഠിനാധ്വാനം ഒരു വാക്ക് മാത്രമല്ല.. അതൊരു ദിനചര്യയാണ്... പ്രാര്‍ത്ഥനയാണ്.. കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേര്‍ന്നാല്‍ വിധി നമുക്ക് മുന്നില്‍ വെന്നിക്കൊടി പാറിക്കുക തന്നെ ചെയ്യും - ശുഭദിനം.