*പ്രഭാത വാർത്തകൾ*2024 ജനുവരി 6 ശനി

◾അറബിക്കടലില്‍ സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കു കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ കമാന്‍ഡോകള്‍ മോചിപ്പിച്ചു. പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്ററില്‍ കപ്പലിനു മുകളിലൂടെ പറന്ന് കടല്‍കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോകണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. കടല്‍കൊള്ളക്കാര്‍ കപ്പല്‍വിട്ടുപോയെന്നാണ് നാവിക സേന അറിയിച്ചത്. ഇതിനു പിറകേ, സേനാംഗങ്ങള്‍ യന്ത്രത്തോക്കുകളുമായി കപ്പലിലേക്കു പ്രവേശിച്ച് ദൗത്യം പൂര്‍ത്തിയാക്കി. നാവികസേനയുടെ ഐഎന്‍എസ് ചെന്നൈ എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. ഓപറേഷന്റെ ദൃശ്യങ്ങള്‍ നാവികസേന എക്സ് പ്ളാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.

◾ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്. ഇന്നു വൈകുന്നേരം നാലു മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്കു കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആദിത്യ ലാഗ്രാഞ്ച് പോയിന്റ് ഒന്നിനു ചുറ്റുമുള്ള ഒരു 'ഹാലോ ഓര്‍ബിറ്റി'ലേക്കാണ് ആദിത്യ എത്തുന്നത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. സന്തുലിത ഗുരുത്വാകര്‍ഷണ ബലമുള്ള മേഖലയായതിനാല്‍ ബഹിരാകാശ പേടകത്തിന് എളുപ്പത്തില്‍ സൂര്യനെക്കുറിച്ചു പഠനങ്ങള്‍ നടത്താനാകും.

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിനം 113 ഇനങ്ങളില്‍ മല്‍സരം പൂര്‍ത്തിയായപ്പോള്‍ 420 പോയിന്റുമായി കണ്ണൂര്‍ ജില്ല മുന്നില്‍. 405 പോയിന്റു വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടു പിറകിലുണ്ട്. 404 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല മൂന്നാം സ്ഥാനത്താണ്.

◾കലോത്സവ വേദികളില്‍ മല്‍സരത്തിനു നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ അയോഗ്യരാക്കാന്‍ ഉന്നത കമ്മിറ്റി തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അപ്പീലുകളുടെ ആധിക്യവും കുട്ടികള്‍ വേദിയിലെത്താന്‍ വൈകുന്നതും മൂലം മല്‍സരങ്ങള്‍ വൈകുന്നതു തടയാനാണു നടപടി.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. സ്വര്‍ണക്കടത്തിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. കേസ് പൊള്ളയായതുകൊണ്ടാണ് ആളെ പറ്റിക്കുന്ന പൈങ്കിളി കഥയുമായി ബിജെപിയും പ്രധാനമന്ത്രിയും ഇറങ്ങിയിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരേ തെളിവില്ലെന്ന് പൊലീസ് തിരുവനന്തപുരം ജെഎഫ്സിഎം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകാലശാലയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്‍സില്‍ ജലീല്‍ പ്രതികരിച്ചു.

◾സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചു. രണ്ട് എസ് പിമാര്‍ , രണ്ട് ഡിവൈഎസ്പിമാര്‍ എന്നിവരടക്കം ടീമിലുണ്ട്. എല്ലാ സൈബര്‍ കുറ്റകൃതൃങ്ങളും ഇനി സൈബര്‍ ഡിവിഷനില്‍ അന്വേഷിക്കും. സൈബര്‍ സ്റ്റേഷനുകളും സൈബര്‍ ഡിവിഷനിലേക്ക് മാറ്റും.  

◾സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസ്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരേ വനിത അവകാശ പ്രവര്‍ത്തക വി.പി സുഹറ നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി വിശദീകരിച്ചു.

◾കാസര്‍കോടു നടന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ പരിഹാസ പോര്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പ്രചാരണമാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഫണ്ട് ജനങ്ങളുടെ പണമാണെന്നും ആരുടെയും ഔദാര്യമല്ലെന്നായിരുന്നു റിയാസിന്റെ മറുപടി.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതി നിലനില്‍ക്കില്ലെന്ന് ഉത്തരവിടാന്‍ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആര്‍ എസ് ശശികുമാറിന്റെ പരാതി.

◾കെഎസ്ആര്‍ടിസിയില്‍ ചെലവു ചുരുക്കല്‍ നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍. സ്പെയര്‍ പാര്‍ട്സ് വാങ്ങലില്‍ ദീര്‍ഘകാല കരാറുകള്‍ ഒഴിവാക്കും. നിയമനം ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തികകളില്‍ മാത്രമാക്കും. മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.

◾കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍ എ കോടതി തള്ളി. രണ്ടാം തവണയാണ് ജാമ്യ ഹര്‍ജി തള്ളുന്നത്.

◾നവകേരള സദസില്‍ മുഖ്യമന്ത്രിയുടെ യോഗത്തിലേക്കു പോയതു ചായ കുടിക്കാനല്ലെന്നും റബറിനു 250 രൂപയെങ്കിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാനായിരുന്നെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകര്‍ക്കു മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് എന്തു ഗ്യാരന്റിയാണ് നല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. റബര്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. ജോസ് കെ മാണി കുറ്റപ്പെടുത്തി.

◾തിരുവില്വാമല സര്‍ക്കാര്‍ ജിഎല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കുട്ടികള്‍ ഇരുന്നതിന്റെ മറുഭാഗത്താണ് മേല്‍ക്കൂര വീണത്. അതിനാല്‍ പ്രീ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

◾എസ്ഐ വീഴ്ചവരുത്തിയെന്ന എം വിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെ അന്വേഷണം. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിക്കും.

◾മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയിലെ മൈക്ക് തകരാറായതു സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം. അതൊന്നും വലിയ പ്രശ്നമല്ല. സംഘാടക സമിതിയില്‍ ഇല്ലാത്ത കുറച്ചു പേര്‍ വന്ന് നടത്തിപ്പുകാരായി ചമയുന്നതാണ് പ്രശ്നമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

◾നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് നീക്കിയത് ബിജെപിയില്‍ ചേര്‍ന്നതു കൊണ്ടല്ലെന്ന് ഓര്‍ത്തഡോക്സ് സഭ. മറ്റു ചില പരാതികളില്‍ അന്വേഷണം നടത്തുന്നതിനാലാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടാനും സഭ തീരുമാനിച്ചു.

◾രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്ന വൈദികര്‍ സഭ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

◾സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. 44,020 രൂപ ശമ്പളത്തിലാണ് നിയമനം. നേരത്തെ നാലു ജീവനക്കാരെ തോമസിന് അനുവദിച്ചിരുന്നു.

◾നിക്ഷേപത്തട്ടിപ്പു കേസില്‍ കണ്ണൂരിലെ റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ഉടമ രാഹുല്‍ ചക്രപാണിയെ അറസ്റ്റു ചെയ്തു. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും കമ്പനി പണം തിരിച്ചു നല്‍കാതെ കോടികള്‍ തട്ടിയെടുത്തെന്നാണു കേസ്.

◾പത്തനംതിട്ട കൂടലില്‍ ബിവറേജസ് ജീവനക്കാരന്‍ 81 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ചില്ലറ വില്‍പനശാല മാനേജറുടെ പരാതിയില്‍ കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടല്‍ പൊലീസ് കേസെടുത്തു. 2023 ജൂണ്‍ മുതല്‍ ആറുമാസം ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണമാണ് തട്ടിയെടുത്തത്.

◾താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. താമരശ്ശേരി വോക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന് സമീപത്തെ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയത്.

◾ചെമ്മീന്‍ നോവല്‍ ജപ്പാന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രശസ്തയായ ജപ്പാന്‍ സ്വദേശിനി തക്കാക്കോ തോമസ് അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചി വരാപ്പുഴ കൂനന്‍മാവിലെ വീട്ടിലായിരുന്നു അന്ത്യം. ജപ്പാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വര്‍ഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.

◾കര്‍ണാടക കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിച്ചു. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഡി കെ ശിവകുമാറിനെതിരെ 2020 ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്.

◾കൊല്‍ക്കത്തയിലെ പ്രശ്സതമായ ഇന്ത്യന്‍ മ്യൂസിയത്തിനു ബോംബ് ഭീഷണി. ഇ-മെയില്‍ സന്ദേശം ലഭിച്ചതോടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. ജീവനക്കാരെയെല്ലാം പുറത്താക്കി പരിശോധന നടത്തി.

◾ഹിസാര്‍ സ്വദേശി പവന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പൊലീസ് ഉദ്യോഗസ്ഥനുമായ ജോഗിന്ദര്‍ ശര്‍മ പ്രതിപ്പട്ടികയില്‍. ഹരിയാനയിലെ ഡിഎസ്പിയായ ജോഗീന്ദര്‍ ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ പ്രതികള്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഹിസാര്‍ സ്വദേശി ആത്മഹത്യ ചെയ്തത്.

◾സുപ്രീം കോടതിയില്‍ മദ്യക്കുപ്പികള്‍. ട്രേഡ്മാര്‍ക്ക് ലംഘനക്കേസുമായി വാദം നടക്കുന്നതിനിടെയാണ് രണ്ട് വിസ്‌കി കുപ്പികള്‍ ഹാജരാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലണ്ടന്‍ പ്രൈഡ് എന്ന പേരില്‍ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ജെകെ എന്റര്‍പ്രൈസസ് എന്ന കമ്പനി മദ്യം നിര്‍മിക്കുന്നത് തടയണമെന്നു മറ്റൊരു മദ്യക്കമ്പനിയായ ജെകെ എന്റര്‍പ്രൈസസ് പെര്‍നോഡ് റിക്കാര്‍ഡിന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലുമായാണ് പെര്‍നോഡ് കോടതിയില്‍ എത്തിയത്. സമാനമായ പേരുകളും കുപ്പികളും അവതരിപ്പിച്ച് ട്രേഡ് മാര്‍ക്ക് നിയമം ലംഘിച്ചെന്നാണ് പെര്‍നോഡിന്റെ പരാതി.

◾ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 19.2 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷഫാലി വര്‍മയുടേയും 54 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേയും മികവില്‍ വിജയലക്ഷ്യത്തിലെത്തി. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20-പരമ്പരയില്‍ ഈ ജയത്തോടെ 1 -0 ന് മുന്നിട്ടു നില്‍ക്കുന്നു.

◾ജൂണ്‍ നാലു മുതല്‍ 29 വരെ യു.എസ്.എ.യും വെസ്റ്റ് ഇന്‍ഡീസും ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഫിക്സചര്‍ തയ്യാര്‍. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. നാല് ഗ്രൂപ്പില്‍നിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ കടക്കും. ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിലും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് ബിയിലും വെസ്റ്റ് ഇന്‍ഡീസും ന്യൂസീലന്‍ഡും ഗ്രൂപ്പ് സിയിലും ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഗ്രൂപ്പ് ഡിയിലുമാണ്. അയര്‍ലന്‍ഡിനെതിരെ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.

◾രാജ്യത്തെ അതിസമ്പന്നന്‍ എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഇത്തവണ ഗൗതം അദാനി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 97.6 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 97 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. അതേസമയം, ലോക സമ്പന്നരുടെ പട്ടികയില്‍ അദാനി പന്ത്രണ്ടാം സ്ഥാനത്തും, അംബാനി പതിമൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വലിയ രീതിയിലുള്ള നഷ്ടമാണ് വിപണിയില്‍ നിന്നും നേരിട്ടത്. തുടര്‍ന്ന് ലോകസമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി താഴേക്ക് പോയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് എതിരായുള്ള ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ പുതിയ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി നിരസിച്ചിരുന്നു. സുപ്രീംകോടതിയില്‍ നിന്നും അദാനി ഗ്രൂപ്പിന് അനുകൂല നിലപാട് ലഭിച്ചതോടെ ഓഹരികള്‍ വലിയ രീതിയിലാണ് കുതിച്ചുയര്‍ന്നത്. നിലവില്‍, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി. ബ്ലൂബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, ലോകത്തിലെ അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ആണ്.

◾ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കന്നഡ തെലുങ്ക് സിനിമകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സഞ്ജിത് ഹെഗ്‌ഡെ ആദ്യമായി ഒരു മലയാള ചിത്രത്തിനായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയൊട്ടാകെ തരംഗമായ 'സത്യഭാമേ' എന്ന കവര്‍ സോങ്ങിലൂടെ ആണ് മലയാളികള്‍ക്ക് സഞ്ജിത് ഹെഗ്‌ഡെയെ കൂടുതല്‍ പരിചയം. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ സീരീസാണ്. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളില്‍ ജനുവരി 19-ന് ഈ സീരിസ് റിലീസ് ചെയ്യും. സിംങ്കം അടക്കം രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്റെ ഭാഗമാണ് ഈ സീരിസ് എന്നാണ് സൂചന. അതിനാല്‍ രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് ചിത്രങ്ങളിലെ താരങ്ങളുടെ ക്യാമിയോ ഈ സീരിസില്‍ പ്രതീക്ഷിക്കാം എന്നാണ് സൂചന. ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ കാണിച്ചാണ് ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ടീസര്‍ ആരംഭിക്കുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വിവേക് ഒബ്‌റോയ്, ശില്‍പ ഷെട്ടി എന്നിവരെ പൊലീസായി ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്. രോഹിത് ഷെട്ടി നിര്‍മ്മിച്ച സീരിസ് രോഹിത് ഷെട്ടിയും സുശ്വന്ത് പ്രകാശും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സീസണില്‍ ഏഴ് എപ്പിസോഡുകളാണ് ഉള്ളത് എന്നാണ് വിവരം.

◾പഞ്ച് ഇവിയുടെ ബുക്കിംഗ് ടാറ്റാ മോട്ടോഴ്സ് ഔദ്യോഗികമായി ആരംഭിച്ചു. 21,000 രൂപ ടോക്കണ്‍ തുക നല്‍കി ആവശ്യക്കാര്‍ക്ക് പുതിയ ഇലക്ട്രിക് എസ്യുവി ബുക്ക് ചെയ്യാം. പഞ്ച് ഇവിയുടെ വില വിവരങ്ങള്‍ വരും ആഴ്ചകളില്‍ വെളിപ്പെടുത്തും. സ്മാര്‍ട്ട്, സ്മാര്‍ട്ട്+, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേരിയന്റുകളുള്ള വൈവിധ്യമാര്‍ന്ന ശ്രേണിയിലാണ് പഞ്ച് ഇവി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ വിവിധ മുന്‍ഗണനകളും ആവശ്യങ്ങളും ഇത് നിറവേറ്റുമെന്ന് കമ്പനി പറയുന്നു. നാല് മോണോടോണുകളും അഞ്ച് ഡ്യുവല്‍ ടോണുകളും അടങ്ങുന്ന ഒമ്പത് ആകര്‍ഷകമായ വര്‍ണ്ണ ഓപ്ഷനുകളുടെ ഒരു പാലറ്റില്‍ നിന്ന് പുതിയ കാര്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. സീവുഡ് ഗ്രീന്‍, ഡേടോണ ഗ്രേ, ഫിയര്‍ലെസ് റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, ഓക്സൈഡ് എന്നിവ ശ്രദ്ധേയമായ ബാഹ്യ നിറങ്ങളില്‍ ഉള്‍പ്പെടുന്നു. 10 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ വില പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വില ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് കരുതുന്നത്.

◾രാമായണകഥ മുഴുവന്‍ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. രാമായണം ലോകം മുഴുവന്‍ വിവിധ കലാരൂപങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കര്‍ക്കിടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികള്‍. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ. 'ഇശല്‍ രാമായണം'. ഒ എം കരുവാരക്കുണ്ട്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 432 രൂപ.

◾ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19, അടിസ്ഥാനപരമായ ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും അത് ശ്വാസകോശത്തെ മാത്രമല്ല, മറ്റ പല അവയവങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പല പഠനങ്ങളും വിലയിരുത്തി കഴിഞ്ഞിട്ടുള്ളതാണ്. മാത്രമല്ല കൊവിഡ് ബാധിച്ചതിന് ശേഷം ഏറെ നാള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ആരോഗ്യത്തില്‍ നേരിടുന്ന 'ലോംഗ് കൊവിഡ്' എന്ന അവസ്ഥയെ കുറിച്ചും നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്തി വായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ട് ആണ് ഏറെ ശ്രദ്ധേയമാകുന്നത്. യുഎസിലെ വെസ്റ്റ് വിര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പിന്നീട് ഗുരുതരമായ മാനസിക രോഗമായ 'സ്‌കീസോഫ്രീനിയ' പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നുവെന്നാണ് പഠനം സമര്‍ത്ഥിക്കുന്നത്. കൊവിഡ് 19 കാര്യമായ തീവ്രതയില്‍ ബാധിച്ചവരിലാണ് ഗവേഷകര്‍ ഈ സാധ്യത കണ്ടെത്തിയിട്ടുള്ളത്. എന്നുവച്ചാല്‍ കൊവിഡ് 19 ഗൗരവതരമായി ബാധിച്ച യുവാക്കളെയെല്ലാം 'സ്‌കിസോഫ്രീനിയ' കടന്നുപിടിക്കുമെന്നര്‍ത്ഥമില്ല. എന്നാലിതിന് ഏറെ സാധ്യത കാണുന്നുവെന്നാണ് പഠനം പറയുന്നത്. ഇല്ലാത്ത കാഴ്ച കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങി തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണയില്‍ നിന്ന് വിഭിന്നമായി പോവുന്ന അവസ്ഥയാണ് 'സ്‌കീസോഫ്രീനിയ'. സാധാരണഗതിയില്‍ നാം ചിന്തിക്കുന്നത് പോലെയോ പെരുമാറുന്നത് പോലെയോ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നത് പോലെയൊന്നും 'സ്‌കീസോഫ്രീനിയ' ഉള്ളവര്‍ക്ക് സാധ്യമല്ല. അതിനാല്‍ തന്നെ ഇത് അല്‍പം ഗൗരവമുള്ള മാനസികാരോഗ്യപ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്. വൈറല്‍ ഇന്‍ഫെക്ഷന്‍സ് 'സ്‌കീസോഫ്രീനിയ'യിലേക്ക് നയിക്കാമെന്ന് നേരത്തേ ചില പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെയൊരു തുടര്‍ച്ചയെന്നോണം ഈ പഠനത്തെയും നമുക്ക് കാണാം. ഈയൊരു സാഹചര്യത്തില്‍ കൊവിഡാനന്തരം രോഗികളെ എത്തരത്തിലെല്ലാം ശ്രദ്ധിക്കണം, എന്തെല്ലാം കാര്യങ്ങളില്‍ നമുക്ക് ജാഗ്രത വേണം എന്ന കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ വലിയ ദൈവവിശ്വാസിയായിരുന്നു. ദാരിദ്ര്യത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും അവര്‍ തന്റെ ദൈവവിശ്വാസം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു. യാദൃശ്ചികമായി ഒരു റേഡിയോ ഷോയില്‍ സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ തന്റെ ദാരിദ്യത്തെക്കുറിച്ച് ദൈവത്തിനുള്ള സന്ദേശമായി അവര്‍ അവതരിപ്പിച്ചു. ഇത് കേട്ട ഒരു നിരീശ്വരവാദി അവര്‍ക്ക് വേണ്ട ഭക്ഷണവുമായി വന്നു. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ഇത് നിങ്ങളുടെ ദൈവം തന്നതല്ല, ചെകുത്താന്‍ തന്നതാണ്. പക്ഷേ, അവര്‍ ആ ഭക്ഷണം ആസ്വദിച്ചുകഴിച്ചുകൊണ്ടേയിരുന്നു. അയാള്‍ വീണ്ടും ചോദിച്ചു: ഇത് ചെകുത്താന്‍ തന്നതാണെന്ന് പറഞ്ഞിട്ടും നിങ്ങള്‍ക്ക് അത്ഭുതമൊന്നും തോന്നിയില്ലേ.. അവര്‍ പറഞ്ഞു: ഞാന്‍ എന്തിന് അത്ഭുതപ്പെടണം.. ദൈവം കല്‍പിച്ചാല്‍ ചെകുത്താന് പോലും അതനുസരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം... നമ്മള്‍ ഓരോന്നിനോടും പുലര്‍ത്തുന്ന സമീപനമാണ് നമ്മുടെ ദൃഢത തീരുമാനിക്കുന്നത്. അത് വിശ്വാസമായാലും ഒരു ബന്ധമായാലും. പിടിച്ചാല്‍ മുറുകെ പിടിക്കുക. വിട്ടാല്‍ പൂര്‍ണ്ണമായും വിട്ടുകളയുക.. എന്തിനെയും ഒഴുക്കന്‍ മട്ടില്‍ സമീപിക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടാകണമെന്നില്ല. ആളുകളെ ബോധിപ്പിക്കാനുള്ള പരസ്യപ്രകടനങ്ങള്‍ മാത്രമാണ് ആ ചെയ്തികള്‍. ഉള്ളില്‍ അഗ്നിയുളളവര്‍ക്ക് മാത്രമേ ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഊര്‍ജ്ജസ്വലതയുണ്ടാകൂ. നമുക്ക് വിശ്വാസം മുറുകെ പിടിക്കാം - ശുഭദിനം.