◾ഈ മാസം 14 നു രാഹുല്‍ഗാന്ധി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍നിന്ന് ആരംഭിക്കുന്ന 'ഭാരത് ന്യായ് യാത്ര'യുടെ പേര് 'ഭാരത് ജോഡോ ന്യായ് യാത്ര' എന്നു മാറ്റി. അരുണാചല്‍ പ്രദേശിലും പര്യടനം നടത്തും. ഇതോടെ പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ല്‍നിന്ന് 15 ആയി. യാത്ര 11 ദിവസം ഉത്തര്‍പ്രദേശിലൂടെ കടന്നുപോകും. 110 ജില്ലകളിലെ 100 ലോക്‌സഭാ സീറ്റുകളിലൂടെ 6,700 കിലോമീറ്റര്‍ യാത്ര ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
◾ഭീകരന്‍ ജാവിദ് അഹമ്മദ് മട്ടുവിനെ ഡല്‍ഹി പോലീസ് ജീവനോടെ പിടികൂടി. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവായ ഇയാള്‍ കാഷ്മീര്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. മോഷ്ടിച്ച കാറും തോക്കും വെടിയുണ്ടകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടിരുന്നു.
◾കൊല്ലത്തു സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദികളിലേക്ക് ആസ്വാദക സഹസ്രങ്ങള്‍. ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കലോല്‍സവത്തിന് 24 വേദികളിലായാണു മല്‍സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കുന്ന 14,000 വിദ്യാര്‍ത്ഥികളെ 23 സ്‌കൂളുകളിലായാണു പാര്‍പ്പിച്ചിരിക്കുന്നത്.
◾അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി മാറി. കേരളത്തില്‍ രണ്ടു ദിവസം മഴയ്ക്കു സാധ്യത. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ സാധ്യത.
◾സ്വര്‍ണക്കടത്ത് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എന്‍ഡിഎയാണ് സാമ്പാര്‍ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു.
◾മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ ഭക്തര്‍ക്കു ശബരിമല ദര്‍ശനത്തിനായി 800 ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പമ്പയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഭക്തര്‍ക്ക് തിരക്കില്ലാതെ ബസില്‍ കയറാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയിലും ബാരിക്കേഡുകള്‍ സ്ഥാപിക്കും.
◾ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കും. അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ 'വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടതുറക്കുന്ന' രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിക്കാരെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മോദിക്കും ബിജെപിക്കുമുള്ള ജനപിന്തുണ കണ്ട് കോണ്‍ഗ്രസും സിപിഎമ്മും പരിഭ്രാന്തരായെന്നും മുരളീധരന്‍.
◾വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഈ മാസം 29 നു പരിഗണിക്കും. കേസില്‍ പ്രതി അര്‍ജുനിന് നോട്ടീസ് അയച്ചു.
◾മുഖ്യമന്ത്രി പിണറായി വിജയനെ വണ്ടിയിടിച്ചോ ബോംബുവച്ചോ കൊല്ലുമെന്നെല്ലാം പറയുന്ന അസൂയക്കാരുടെ എണ്ണം വര്‍ധിച്ചെന്ന് മന്ത്രി സജി ചെറിയാന്‍. നടക്കാത്ത കാര്യങ്ങള്‍ നടത്തുന്ന നിശ്ചയദാര്‍ഡ്യം മുഖ്യമന്ത്രി പിണറായി വിജയനുള്ളതിനാലാണ് അസൂയക്കാരുടെ എണ്ണം പെരുകുന്നത്. 78 വയസുള്ള മുഖ്യമന്ത്രി തങ്ങളേക്കാള്‍ ആരോഗ്യവാനാണെന്നും മന്ത്രി ചെങ്ങന്നൂരില്‍ പറഞ്ഞു.
◾തന്റെ പോരായ്മകളില്‍ ഖേദിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്ത എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടായതില്‍ ഖേദിക്കുന്നു. സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പൊലീസ് വലയിലാക്കി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് പിടികൂടിയത്. സിംഗപ്പൂരിലെ ഓയില്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
◾മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാരെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ ഉണ്ടായ ആക്രമണത്തില്‍ സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കു പരിക്കേറ്റു. അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെയാണു പിടികൂടിയത്.
◾കിടങ്ങൂരില്‍ അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും, പടക്ക നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയും ചെയ്ത കേസില്‍ പിതാവിനെയും മക്കളെയും അറസ്റ്റ് ചെയ്തു. ചെമ്പിലാവ് കാരക്കാട്ടില്‍ വീട്ടില്‍ കുട്ടിച്ചന്‍ എന്ന മാത്യു ദേവസ്യ (69), മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾കടലില്‍ രേഖകളും അനുമതി പത്രവുമില്ലാതെ ഉല്ലാസ യാത്ര നടത്തിയ ഹൗസ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. പിഴ ചുമത്തിയശേഷം വിട്ടയച്ചു. തൃശൂര്‍ ജില്ലയിലെ അഴീക്കോടുനിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട എങ്ങണ്ടിയൂര്‍ സ്വദേശി നാരായണ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രീച്ച് ക്രൂയീസ് ബോട്ടാണ് പിടികൂടിയത്.
◾ഗോവയില്‍ പുതുവത്സര ആഘോഷത്തിനു രണ്ടു കൂട്ടുകാര്‍ക്കൊപ്പം പോയി കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകനാണ്. വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്.
◾ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ 12 വയസുകാരിയുടെ അപേക്ഷ കേരള ഹൈക്കോടതി തള്ളി. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗര്‍ഭിണിയായത്.
◾തിരുവനന്തപുരം കമലേശ്വരത്ത് മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊന്ന് സുഹൃത്ത് പിടിയിലായി. ആര്യംകുഴി സ്വദേശി സുജിത്ത് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജയനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾കോഴിക്കോട് താഴം ജങ്ഷനിലെ ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ മദ്യപിച്ചതിനിടെ വഴക്കിട്ട് മധ്യവയസ്‌കനെ താഴേയ്ക്കു തള്ളിയിട്ടു കൊന്ന സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി. താഴം സ്വദേശി അബ്ദുള്‍ മജീദിനെ തള്ളിയിട്ടു കൊന്ന കേസില്‍ സുഹൃത്തായ അരുണ്‍ ആണു പിടിയിലായത്.
◾മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളി മരിച്ചു. ഇടുക്കി വണ്ടന്‍മേട്ടിലാണ് ഓപറേറ്ററായ മൂന്നാര്‍ പെരിയ കനാല്‍ സ്വദേശി ആനന്ദ് യേശുദാസ് (29) മരിച്ചത്.
◾ഖത്തറില്‍ ജയിലിലുള്ള മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തര്‍ കോടതി, പല കാലയളവിലേക്കുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
◾യുപിഐ ഇടപാടുകള്‍ക്ക് വൈകാതെത്തന്നെ ചാര്‍ജ് ഈടാക്കുമെന്നു നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്ബെ. വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുക. അടുത്ത മൂന്നു വര്‍ഷത്തിനിടെ അതു നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
◾ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടലിനടിയിലെ കാഴ്ചകള്‍ കണ്ട് നീന്തുന്ന സ്നോര്‍കലിങും അദ്ദേഹം ആസ്വദിച്ചു. എക്സ് പ്ളാറ്റ്ഫോമില്‍ ഫോട്ടോ സഹിതമാണ് ലക്ഷദ്വീപിലെ വിശേഷങ്ങള്‍ പങ്കുവച്ചത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
◾പഞ്ചാബില്‍ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവമായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഭാരോദ്വഹന താരമായ ദല്‍ബീര്‍ സിംഗ് ഡിയോളിനെ തലയില്‍ വെടിവച്ചു കൊന്ന വിജയ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. ഓട്ടോ ചാര്‍ജു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
◾തമിഴ്നാട്ടില്‍ വ്യാജരേഖ ചമച്ച് കൃഷിഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖറിനെതിരെ പരാതി നല്‍കിയ ദളിത് കര്‍ഷകര്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. സേലം ജില്ലയിലെ ആത്തൂരിലുള്ള സഹോദരങ്ങളായ സി കണ്ണയ്യന്‍, സി കൃഷ്ണന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. പരാതിയില്‍ ഗുണശേഖറിനെ അറസ്റ്റു ചെയ്തിരുന്നു. 1000 രൂപയുടെ വാര്‍ധക്യ പെന്‍ഷനെ ആശ്രയിച്ച് ജിവിക്കുന്ന കര്‍ഷകര്‍ക്കെതിരേ നോട്ടീസയച്ചതു വിവാദമായി.
◾ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനുമായി ബന്ധമുള്ള സായുധ ഷിയാ തീവ്രവാദ സംഘടനാ നേതാവും മൂന്നു കൂട്ടാളികളും കൊല്ലപ്പെട്ടു. മുഷ്താഖ് താലിബ് അല്‍സെയ്ദിയാണു കൊല്ലപ്പെട്ട ഭീകരന്‍. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചശേഷം ഇറാക്കിലെ സൈനിക താവളങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് യുഎസ് പ്രതികരിച്ചു.
◾തെക്കന്‍ സ്വീഡനിലെ സ്‌കെയ്ന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ ആയിരത്തിലേറെ വാഹനങ്ങളിലെ യാത്രക്കാരെ സുരക്ഷാസേന ഒഴിപ്പിച്ചു. വാഹനങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയവരെ ഒരു രാത്രി മുഴുവന്‍ അധ്വാനിച്ചാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയത്.
◾ന്യൂജേഴ്സിയിലെ നെവാര്‍ക്ക് നഗരത്തില്‍ മുഹമ്മദ് മസ്ജിദിലെ ഇമാം ഹസ്സന്‍ ഷരീഫ് പള്ളിക്ക് മുന്നില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. 2006 മുതല്‍ നെവാര്‍ക്കിലെ ലിബേര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍കൂടിയാണ് ഇദ്ദേഹം. കൊലപാതകം ഭീകരവാദ ആക്രമണം അല്ലെന്ന് പൊലീസ് അറിയിച്ചു.
◾ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇന്നലെ 125 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികളടക്കം 14 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. ഗാസയിലെ ഖാന്‍ യൂനിസിനു പടിഞ്ഞാറു ഭാഗത്തെ അല്‍-മവാസിയിലാണ് ആക്രമണമുണ്ടായത്.
◾ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പം. 642 പന്തുകള്‍ (107 ഓവര്‍) മാത്രം എറിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് വിക്കറ്റ് വിജയം. 62ന് 3 എന്ന നിലയില്‍ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 78 റണ്‍സിന്റെ മാത്രം ലീഡുയര്‍ത്തി 176 ന് പുറത്താവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ 6 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ഈ ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി ഒപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റില്‍ ഒന്നാം സ്ഥാനവും.രണ്ട് ഇന്നിംഗ്സുകളിലായി 7 വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് കളിയിലെ താരം.
◾മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ 33-ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എന്‍.സി.ഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 900 കോടി രൂപ അധികസമാഹരത്തിന് അവസരമുണ്ട്. ഐ.സി.ആര്‍.എയുടെ എഎപ്ലസ് റേറ്റിംഗുള്ള എന്‍.സി.ഡികളുടെ സബ്‌സ്‌ക്രിപ്ഷന്‍ ജനുവരി 8ന് ആരംഭിച്ച് ജനുവരി 19ന് അവസാനിക്കും. പ്രതിമാസമോ വാര്‍ഷികമായോ പലിശ ലഭിക്കുന്ന തരത്തിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വിധവും ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. വ്യക്തിഗത നിക്ഷേപകര്‍ക്കും കോര്‍പറേറ്റ് നിക്ഷേപകര്‍ക്കും 8.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ് വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ലഭ്യമായ മറ്റ് നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി എന്‍.സി.ഡി വിതരണത്തിലൂടെ മികച്ച റേറ്റിംഗ്, ആകര്‍ഷകമായ പലിശ എന്നിങ്ങനെ ഇരട്ട നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നതെന്നും ഇഷ്യുവിന്റെ 95 ശതമാനം കമ്പനികള്‍ക്കും വ്യക്തിഗത നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിരിക്കുന്നുവെന്നും മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് അറിയിച്ചു. അവര്‍ക്ക് സ്ഥാപനങ്ങള്‍ക്ക് ബാധകമായതിനേക്കാള്‍ 0.5 ശതമാനം അധിക പലിശ ലഭിക്കും.
◾മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം 'ഗുണ്ടുര്‍ കാര'മാണ്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സെന്‍സറിംഗ് കഴിഞ്ഞു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ഗുണ്ടുര്‍ കാരം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മഹേഷ് ബാബുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുണ്ടുര്‍ കാരം. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമന്‍ നിര്‍വഹിക്കുമ്പോള്‍ പാട്ടുകള്‍ ഹിറ്റാകും എന്നാണ് പ്രതീക്ഷ.
◾പ്രഭാസ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം സലാര്‍ വമ്പന്‍ ഹിറ്റിലേക്ക്. ഇന്ത്യയില്‍ മാത്രം 373.57 കോടി രൂപ നേടിയ പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടിയിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ സിനിമയുടെ ഒടിടി റൈറ്റ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒടിടി റൈറ്റ് വിറ്റത് 120 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇത് റെക്കോര്‍ഡ് തുകയാണ്. സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ ബാഹുബലി നായകന്‍ പ്രഭാസും എത്തിയപ്പോഴുള്ള വന്‍ ഹൈപ്പിലായിരുന്നു സലാര്‍ റിലീസായത്. കെജിഎഫ് എന്ന വമ്പന്‍ ഹിറ്റിന്റെ സംവിധായകനാണ് പ്രശാന്ത് നീല്‍ എന്നതും സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. സലാര്‍ ഒരു മികച്ച ആക്ഷന്‍ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്. കേരളത്തിലെ ആകാംക്ഷ പൃഥ്വിരാജിലായിരുന്നു. പ്രഭാസിനൊപ്പം മലയാളത്തിന്റെ പൃഥ്വിരാജും സലാര്‍ സിനിമയില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. പ്രഭാസിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിനുള്ളതും.
◾പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഷോക്ക് നല്‍കിയിരിക്കുകയാണ് ചെക്ക് ആഡംബര കാര്‍ നിര്‍മാതാക്കളായ സ്‌കോഡ. കമ്പനി കുഷാഖിന്റെ വില കുത്തനെ കൂട്ടി. കുഷാക്കിന്റെ എല്ലാ വേരിയന്റുകളുടെയും വില ഏകദേശം 1.01 ശതമാനം മുതല്‍ 8.77 ശതമാനം വരെ വര്‍ദ്ധിച്ചു. സ്‌കോഡയുടെ സി-സെഗ്മെന്റ് എസ്യുവിയുടെ അടിസ്ഥാന വേരിയന്റിന്റെ വില ഇതിനകം ഒരു ലക്ഷം രൂപ വര്‍ദ്ധിച്ചു. സ്‌കോഡ കുഷാക്ക് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 999 സിസി പെട്രോള്‍ എന്‍ജിനും രണ്ടാമത്തേത് 1498 സിസി എന്‍ജിനുമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഇത് ലഭ്യമാണ്. 5 സീറ്റര്‍ ഓപ്ഷനില്‍ കുഷാക്ക് ലഭ്യമാണ്. അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ സ്‌കോഡ കുഷാക്കിന് 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു. നിലവില്‍, സ്‌കോഡ കുഷാക്ക് എസ്യുവി ആക്റ്റീവ്, ആംബിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ മോണ്ടെ കാര്‍ലോ, മാറ്റ്, എലഗന്‍സ് തുടങ്ങിയ പ്രത്യേക പതിപ്പുകള്‍ ഉള്‍പ്പെടെ 21 വേരിയന്റുകളില്‍ ലഭ്യമാണ്. അടുത്തിടെ കമ്പനി ലിമിറ്റഡ് എഡിഷന്‍ വേരിയന്റായ സ്‌കോഡ കുഷാക്ക് ഒനിക്സ് പ്ലസും അവതരിപ്പിച്ചിരുന്നു. കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ രണ്ട് വര്‍ണ്ണ ഓപ്ഷനുകളില്‍ ഈ മോഡല്‍ തിരഞ്ഞെടുക്കാം.
◾മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാര്‍ഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ 'കൃഷ്ണപ്പരുന്ത്'. ഭയമെന്ന വികാരം ഇത്രമേല്‍ തീവ്രമായി അനുഭവിപ്പിച്ച നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. യക്ഷിഗന്ധര്‍വന്‍മാരെ വിറപ്പിച്ചിരുന്ന പുത്തൂര്‍ തറവാട്ടിലെ ബ്രഹ്‌മചാരികളായ മാന്ത്രികന്‍മാരുടെ പാരമ്പര്യം കുമാരന്‍ തമ്പിയിലെത്തുമ്പോള്‍ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പില്‍ പറക്കുന്ന കരിയിലയാണയാള്‍. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി. പുത്തൂരിലെ പരിശീലന നടപടികള്‍ ലംഘിക്കുന്ന കുമാരന്‍ തമ്പിയെക്കുറിച്ചാണ് കഥ. 'കൃഷ്ണപ്പരുന്ത്'. പി.വി. തമ്പി. മനോരമ ബുക്സ്. വില 370 രൂപ.
◾യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ ഇന്ന് പലരേയും ബാധിക്കുന്ന രോഗമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം. ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിര്‍ബന്ധമാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രസഞ്ചി ശൂന്യാവസ്ഥയിലുള്ളപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, പനി, വിറയല്‍, ഛര്‍ദി, പുറം വേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, മൂത്രത്തില്‍ ഇരുണ്ട മഞ്ഞ നിറം കാണുക എന്നിവയാണ് യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍. ചില ജീവിതശൈലി മാറ്റങ്ങള്‍ അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും. ബാക്ടീരിയയെ മൂത്രനാളിയില്‍ നിന്ന് പുറന്തള്ളാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗത്തെ വളരെ ഈര്‍പ്പമുള്ളതാക്കുന്നു. സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും അനുയോജ്യമായ അന്തരീക്ഷമാണിത്. മൂത്രനാളിയില്‍ ഈര്‍പ്പം അടിഞ്ഞുകൂടുന്നത് തടയാന്‍ കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ മുന്‍ഗണന നല്‍കുക. ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങള്‍ യുടിഐ അണുബാധയുടെ സാധ്യത കൂട്ടുന്നു. മൂത്രനാളിയില്‍ പ്രവേശിച്ച ഏതെങ്കിലും ബാക്ടീരിയയെ പുറന്തള്ളാന്‍ ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കാന്‍ ശ്രമിക്കുക. മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ തന്നെ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കള്‍ കൂടാനുള്ള സാധ്യത കൂട്ടുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കടുവ അഞ്ചാറ് ദിവസമായി ആ മുയലിനെ പിടിക്കാനായി ഓടിപ്പിക്കുന്നു. പക്ഷേ, ഇത്ര ദിവസമായിട്ടും കടുവയ്ക്ക് ആ മുയലിനെ പിടിക്കാന്‍ സാധിച്ചില്ല. അവസാനം കടുവ തോല്‍വി സമ്മതിച്ചു. മുയലിന്റെ മാളത്തിനു പുറത്ത് ചെന്നിരുന്ന് കടുവ ചോദിച്ചു: എങ്ങിനെയാണ് നിനക്ക് ഇത്രയും വേഗത്തില്‍ ഓടുവാന്‍ സാധിക്കുന്നത്. എന്ത് മാന്ത്രികതയാണ് നിനക്ക് ഉള്ളത്? മുയല്‍ പറഞ്ഞു: ആറല്ല, അറുപത് ദിവസം ഓടിച്ചാലും എന്നെ കിട്ടില്ല. കടുവയ്ക്ക് അത്ഭുതമായി. നിനക്ക് എങ്ങനെയിത് ഇത്ര ആ്തമവിശ്വാസത്തില്‍ പറയാന്‍ സാധിക്കുന്നു? മുയല്‍ ചോദിച്ചു: നീ എന്തിനാണ് ഇത്രയും ദിവസം ഓടിയത്. നിന്നെ പിടിക്കാന്‍ : പുലി പറഞ്ഞു. മുയല്‍ പറഞ്ഞു: ഏയ് അല്ല. പുലി ആവര്‍ത്തിച്ചു: സത്യമായും നിന്നെ പിടിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഓടിയത്. ഏയ് അത് തെറ്റാണ്. മുയല്‍ വാദിച്ചു. എന്നിട്ട് മുയല്‍ പറഞ്ഞു: നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടിയാണ്. ഞാന്‍ ഓടിയത് എന്റെ ജീവന് വേണ്ടിയും. ജീവന് വേണ്ടി ഓടുന്നവന്‍ ഭക്ഷണത്തിന് വേണ്ടി ഓടുന്നവനേക്കാള്‍ വേഗത്തില്‍ ഓടും. നമുക്ക് വേഗം കുറയാന്‍ കാരണം ശരീരഘടനയല്ല, വേഗം കുറയാന്‍ കാരണം നമ്മള്‍ ഓടുന്ന സ്ഥലമല്ല, വേഗം കുറയാന്‍ കാരണം എതിരെ വീശുന്ന കാറ്റല്ല.. മറിച്ച് നമ്മുടെ ആവശ്യം, നമ്മുടെ ലക്ഷ്യം, നമ്മുടെ സ്വപ്നം അത്ര ഗാഢമാണെങ്കില്‍... അത്രയും തീവ്രമാണെങ്കില്‍ ഓടുന്ന ഗ്രൗണ്ടും അടിക്കുന്ന കാറ്റും കാലുകളിലെ ഷൂവും ഒന്നും പ്രശ്‌നമാകില്ല. എന്ന് നമ്മുടെ ആവശ്യം അത്യാവശ്യമാകുന്നുവോ അന്ന് നമ്മുടെ പ്രതികൂല ഘടകങ്ങളെല്ലാം തകര്‍ന്നു വീഴുക തന്നെ ചെയ്യും.. ലക്ഷ്യം മനസ്സിലുറപ്പിച്ച് യാത്ര തുടരാനാകട്ടെ - ശുഭദിനം.