*പ്രഭാത വാർത്തകൾ*2024 ജനുവരി 31 ബുധൻ

◾കൂട്ടവധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പ്രതികളേയും ജയിലിലേക്കു മാറ്റി. ബിജെപി നേതാവ് അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഒറ്റ കേസില്‍ ഇത്രയധികം പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണു വധശിക്ഷയ്ക്കു വിധിപ്പക്കപ്പെട്ട പ്രതികള്‍. പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം. 2021 ഡിസംബര്‍ 19 നാണ് കൊലപാതകം നടന്നത്.

◾പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വീണ്ടും സര്‍ക്കുലര്‍ ഇറക്കി. പൊലീസിന്റെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തുന്നുണ്ടെങ്കില്‍ തടയരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് പൊതുജനങ്ങളോടു മര്യാദയോടെ പെരുമാറുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വീണ്ടും ഉത്തരവിറക്കുന്നതെന്ന് ഡിജിപി പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചണ് ഇപ്പോള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

◾നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളിയതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരാണ് എല്ലാറ്റിനും ഉത്തരവാദിയെന്നായിരുന്നു ധനമന്ത്രി മറുപടി നല്‍കിയത്.

◾ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ക്ഷേമപെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ സെസ് പിരിച്ചെടുക്കുകയും ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് 602 കോടി രൂപ ലഭിക്കുകയും ചെയ്തിട്ടും ക്ഷേമ പെന്‍ഷന്‍ നല്‍കിയില്ലെന്നാണു പരാതി. കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് അഭിഭാഷകയായ ഷിബി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാമൂഹ്യ നീതി വകുപ്പിനും ഹൈക്കോടതി നോട്ടീസ് നല്‍കി.

◾അട്ടപ്പാടി വനത്തില്‍ കഞ്ചാവു കൃഷിത്തോട്ടം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച പൊലീസ്, വനംവകുപ്പു സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് കാട്ടില്‍ അകപ്പെട്ടത്. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്. സംഘം ഇന്നു തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

◾സുരക്ഷാ ചുമതല സിആര്‍പിഎഫിനു കൈമാറിയതോടെ ഗവര്‍ണറുടെ വാഹനത്തിനു മുന്നിലും പിന്നിലും അകമ്പടിക്ക് ഇനി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനം. പൊലീസിന്റെ പൈലറ്റ് വാഹനവും ലോക്കല്‍ പൊലീസിന്റെ വാഹനവും വാഹന വ്യൂഹത്തിലുണ്ടാകും. കേരള പൊലീസിന്റെ കമാണ്ടോ വിഭാഗമാണ് ഗവര്‍ണര്‍ക്ക് അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.

◾പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ഇന്ന് ഇരു സഭകളുടേയും സംയുക്തയോഗത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യും.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കര്‍ട്ടന്‍ സ്ഥാപിക്കുന്നതിന് ഏഴു ലക്ഷം രൂപ ചെലവാക്കിയതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോര്. കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. ക്ളിഫ് ഹൗസില്‍ കുളമുണ്ടാക്കിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണെന്നു സിപിഎം എംഎല്‍എമാര്‍ തിരിച്ചടിച്ചു.

◾ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് മുതിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു ജാമ്യം. ശനിയാഴ്ച അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കൊട്ടാരക്കര ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കളമശേരിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെ പ്രവര്‍ത്തകര്‍ മടങ്ങിപ്പോയി. പിന്നീട് ഗവര്‍ണര്‍ തിരിച്ചു പോകുന്നതിനിടെ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡരികില്‍ കരിങ്കൊടി കാണിച്ചു.

◾യുഡിഎഫില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി. തെരഞ്ഞെടുപ്പുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പാര്‍ട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണ്. കൊച്ചിയില്‍ നടന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടിലാണ് യുഡിഎഫിനെതിരേ വിമര്‍ശനം.

◾ലോകം മുഴുവന്‍ ബന്ധമുള്ള നേതാവാണെങ്കിലും രാഹുലിനെകൊണ്ട് വയനാടിന് ഒരു ഗുണവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഒരു ഉത്തരവാദിത്തബോധവുമില്ലാത്ത എംപിയാണ് രാഹുല്‍ ഗാന്ധി. എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടില്‍ ചെയ്തത്? സുരേന്ദ്രന്‍ ചോദിച്ചു.

◾കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. എം എം മാത്യു മഞ്ചാടിയില്‍, സിലി എന്നിവരെ കൊലപെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍നിന്നു ഹാജരാക്കാന്‍ ഇനിയും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജോളി ജാമ്യത്തിന് അപേക്ഷിച്ചത്.

◾ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്കു മാറ്റാനുള്ള തീരുമാനം മാറ്റണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം. ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം ഏറ്റെടുത്ത് ഹൈക്കോടതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം.

◾ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് റിവാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

◾കണ്ണൂരില്‍നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കു സര്‍വീസ് നടത്തുന്ന ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും. ഇത് കോഴിക്കോട് - ബംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഗുണമാകും. ഗോവ- മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയെന്നും എം.കെ. രാഘവന്‍ എം.പി അറിയിച്ചു.

◾സ്ഥിരനിക്ഷേപം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ സമരം ചെയ്ത ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് അധികൃതര്‍ കൈമാറി. കുടുംബാംഗങ്ങളുടെ പേരിലുള്ള ബാക്കി തുകയ്ക്ക് മൂന്നു മാസത്തിനകമുള്ള ഒരു തീയ്യതി നിശ്ചയിച്ച് ഇന്നു തന്നെ ചെക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജോഷി പറഞ്ഞു.

◾കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയ്ക്കായി പ്ലോട്ട് വികസിപ്പിച്ച പ്രൊമോട്ടര്‍ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ 14.37 ഏക്കര്‍ ഭൂമിയില്‍ പ്ലോട്ട് വികസിപ്പിച്ച ലീഡര്‍ ക്യാപിറ്റല്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്‍ക്കാണ് അതോറിറ്റി നോട്ടീസ് അയച്ചത്.

◾ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ അറസ്റ്റു ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തലശ്ശേരി അഡീഷണല്‍ സബ് കോടതി തള്ളിയത്. കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ നല്‍കാന്‍ സുധാകരന്‍ തയ്യാറായിരുന്നില്ല. സുധാകരന്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

◾കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു.

◾ചത്തു പോയ അഞ്ചു പോത്തുകളുടെ പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന് നാലായിരം രൂപ കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടര്‍ക്ക് ഒരു വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി.വി ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

◾ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

◾ചങ്ങനാശ്ശേരി കുറിച്ചിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. പി.ഡി വര്‍ഗീസ് (58), കല്ലംപറമ്പില്‍ പരമേശ്വരന്‍ (72) എന്നിവരാണ് മരിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം.

◾പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടു കേസുകളിലായി 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടു കിലോ കഞ്ചാവുമായി ആസാം ബര്‍പേട്ട സ്വദേശി ഹൈദര്‍ അലി (63) അറസ്റ്റിലായി. 19 കിലോ കഞ്ചാവ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

◾കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ പുത്തൂര്‍ ഗജേന്ദ്രന്‍ ആണ് ഇടഞ്ഞത്. ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു.

◾മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറും അമ്മയും വീട്ടില്‍ മരിച്ച നിലയില്‍. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

◾ആലപ്പുഴയില്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തിയൂര്‍ അശ്വതി ഭവനത്തില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ ( 27), പത്തിയൂര്‍ കൃഷ്ണാലയം വീട്ടില്‍ തൈബു എന്നു വിളിക്കുന്ന വിഷ്ണു (26), പത്തിയൂര്‍ ചേനാത്ത് വടക്കതില്‍ ജിതിന്‍ (22) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റു ചെയ്തത്.

◾നിലമ്പൂരിനടുത്ത് അമരമ്പലത്ത് കിണറ്റില്‍ വീണ പുള്ളിമാനെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. കാഞ്ഞിരപ്പാറ ഷംസുദ്ദീന്റെ കൃഷിയിടത്തിലെ കിണറില്‍ പുള്ളി മാന്‍ വീഴുകയായിരുന്നു.

◾തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ച് മുട്ടയിടുന്ന അഞ്ഞൂറോളം താറാവുകളെ കടിച്ചു കൊന്നുവെന്ന് പരാതി. അരൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ചന്തിരൂര്‍ കളപുരക്കല്‍ കെ കെ പുരുഷോത്തമന്റെ താറാവുകളാണു ചത്തത്.

◾ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്കു വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ജവാന്മാര്‍ക്കു പരിക്കേറ്റു.

◾മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ ദിഗ്വിജയ് സിംഗിന്റെയും കമല്‍നാഥിന്റെയും അനുയായികള്‍ തമ്മില്‍ ഭോപ്പാലിലെ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് ഏറ്റുമുട്ടി. അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

◾ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് അട്ടിമറിയിലൂടെയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രിസൈഡിങ് ഓഫീസര്‍ വോട്ട് കൂട്ടത്തോടെ അസാധുവാക്കിയാണു ക്രമക്കേട് നടത്തിയത്. 16 വോട്ട് നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. 20 കൗണ്‍സിലര്‍മാരുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ടു വോട്ടുകള്‍ അസാധുവാക്കി.

◾മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്ന് 256 ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. ജില്ലയിലെ 92 കേന്ദ്രങ്ങളില്‍ നിന്നാണ് 15 മുതല്‍ 17 വരെ സെന്റീമീറ്റര്‍ വ്യാസമുള്ള മുട്ടകള്‍ കണ്ടെടുത്തത്. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു. ആറര കോടി വര്‍ഷങ്ങള്‍ ഫോസിലുകള്‍ക്കു പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

◾മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ ഒരു ഗ്രാമത്തില്‍ നടന്ന വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

◾പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ചാവേറുകള്‍ ഉള്‍പെട്ട സംഘമാണ് ആക്രമണം നടത്തിയത്.

◾മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 124.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 56.9 കോടി രൂപയില്‍ നിന്ന് 119 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ വരുമാനം 53.07 ശതമാനം ഉയര്‍ന്ന് 343.07 കോടി രൂപയായി. മുന്‍ വര്‍ഷമിത് 224 കോടി രൂപയായിരുന്നു. മുത്തൂറ്റ് മൈക്രോഫിന്നിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 52.61 ശതമാനം വര്‍ധിച്ച് 584.83 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 3.49 ശതമാനത്തില്‍ നിന്ന് 2.29 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.97 ശതമാനത്തില്‍ നിന്ന് 0.33 ശതമാനമായും കുറഞ്ഞു. മുത്തൂറ്റ് മൈക്രോഫിന്നിന്റെ അറ്റ പലിശ വരുമാനം 11.74 ശതമാനത്തില്‍ നിന്ന് 12.60 ശതമാനമായി. റിട്ടേണ്‍ ഓണ്‍ അസറ്റ് 2.92 ശതമാനത്തില്‍ നിന്ന് 4.47 ശതമാനമായും വര്‍ധിച്ചു. സ്വര്‍ണ പണയ വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 8,264.59 കോടി രൂപയില്‍ നിന്ന് 11,458.14 കോടി രൂപയായി. 38.64 ശതമാനമാണ് വളര്‍ച്ച. മൊത്തം വായ്പക്കാരുടെ എണ്ണം 32.78 ലക്ഷമായി. ഡിസംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് മൊത്തം ശാഖകളുടെ എണ്ണം 1,424 ആയി. ഡിസംബര്‍ പാദത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തി മുന്‍ വര്‍ഷത്തെ 8,264.6 കോടി രൂപയില്‍ നിന്ന് 11,458.10 കോടി രൂപയായി. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.

◾മലയാള സിനിമയില്‍ അത്തരത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ച രണ്ട് പേരുകളാണ് സോഫിയ പോളും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സും. പത്ത് വര്‍ഷം, ആറ് സിനിമകള്‍ 300 കോടിയിലേറെ വിറ്റുവരവുകള്‍. അതിശയകരമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഈ പടയോട്ടം. ആര്‍. ഡി. എക്സിന്റെ വന്‍ വിജയത്തിന് ശേഷം ആന്റണി വര്‍ഗീസ് തന്നെ നായകനായി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത്തെ നിര്‍മാണ സംരംഭം. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്നാണ് ചിത്രത്തിന് താത്കാലികമായി ടാഗ് കൊടുത്തിരിക്കുന്നത്. വിക്രം വേദ, കൈതി, ആര്‍ഡിഎക്സ് എന്നീ ചിത്രങ്ങളില്‍ സംഗീതം നല്‍കിയ സാം സി. എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 100 അടിയോളം വലിപ്പമുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റ് നിര്‍മ്മിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച്- ആക്ഷന്‍ ഡ്രാമ ഴോണറിലാണ് ചിത്രമെത്തുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ വിക്രം മോറയാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് എന്നതും പ്രതീക്ഷയാണ്. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.

◾'ആടുജീവിതം' ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തുവിട്ട് മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിങ്ങും പുറത്തുവിട്ട പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ ശേഷമാണ് ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുന്‍പുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാനാവുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. നായികയായെത്തുന്നത് അമല പോളാണ്.

◾വാഹനം പുറത്തിറക്കുന്നതിന് മുന്‍പുള്ള 'ഔട്ട്പുട്ട്' പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹിലക്‌സ് മോഡലുകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഇതോടെ ഇത്തരം മോഡലുകള്‍ക്കായി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് നീണ്ടേക്കാം. ഹോഴ്‌സ്പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഈ മൂന്ന് ഡീസല്‍ എന്‍ജിന്‍ മോഡലുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുകളുടെ സമയത്ത് പവര്‍, ടോര്‍ക്ക് കര്‍വുകള്‍ എന്നിവയുടെ 'സ്മൂത്തിങ്' പ്രവര്‍ത്തനത്തെ ചുറ്റിപ്പറ്റിയാണ് തകരാറുകള്‍. ഈ തകരാറുകള്‍ വാഹനത്തിന്റെ ഹോഴ്‌സ് പവറിനെയോ ടോര്‍ക്കിനെയോ കാര്യമായി ബാധിച്ചതായി പറയാന്‍ ആവില്ല. കൂടാതെ, ബാധിച്ച വാഹനങ്ങളുടെ മലിനീകരണത്തെയോ സുരക്ഷാ മാനദണ്ഡങ്ങളെയോ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ബാധിച്ച വാഹനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഉപയോഗിച്ച ഡാറ്റ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വരുന്നതായും ടൊയോട്ട അറിയിച്ചു. എന്നിരുന്നാലും, പുതിയ ഓര്‍ഡര്‍ എടുക്കല്‍ തുടരും.

◾ഏറെ പ്രാധാന്യമുള്ള, എന്നാല്‍ നാം നിസ്സാരമെന്നു കരുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവിലൂടെ ആര്‍ക്കും ജീവിതത്തില്‍ മുന്നേറാന്‍ കഴിയും. ജീവിതവിജയത്തിനാവശ്യമായ ആ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ സന്തോഷ് ഈ പുസ്തകത്തിലൂടെ. ആത്മവിശ്വാസവും കരുത്തും പകരുന്ന റീലുകളിലൂടെ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച സംരംഭകയാണ് ശ്രീവിദ്യ. വ്യത്യസ്ത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ ഈ പുസ്തകം ജീവിതത്തിലെപ്പോഴും ആര്‍ക്കും വഴികാട്ടിയാകും. 'മൂന്നു കാര്യം മതി! ജീവിതത്തില്‍ മുന്നേറാന്‍ - 3@3'. ഡിസി ബുക്സ്. വില 209 രൂപ.

◾തടസ്സമില്ലാത്തതും ഉന്മേഷദായകവുമായ ഉറക്കം ലഭിക്കണമെങ്കില്‍ കൃത്യമായ ഒരു ഉറക്കക്രമം വേണമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഊന്നിപ്പറയുന്നത്. അതായത് കൃത്യമായ ഒരു ക്രമത്തില്‍ ഉറക്കമുണരുകയും ഉറങ്ങാന്‍ കിടക്കുകയും വേണം. കിടപ്പുമുറിയില്‍ കഴിവതും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കണം. ഉറക്കത്തിന്റെ നിയന്ത്രണത്തിന് ഉത്തരവാദിയായ മെലറ്റോണെന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ ഉപകരണങ്ങളില്‍ നിന്ന് വരുന്ന നീലവെളിച്ചം തടസ്സപ്പെടുത്തും. കൃത്യമായി കായികാധ്വാങ്ങള്‍ നിറഞ്ഞ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത് ഉറക്കത്തിന്റെ നിലവാരത്തെ ഉയര്‍ത്താന്‍ സഹായിക്കും, പക്ഷെ അത് ചെയ്യുന്ന സമയം ഇവിടെയും നിര്‍ണായകമാണ്. ഉറങ്ങാന്‍ പോകേണ്ട സമയത്തോട് അടുപ്പിച്ച് കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് പ്രതികൂലമായും ബാധിച്ചേക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് അമിതമായി ആഹാരം കഴിക്കുന്നതും, കാപ്പി, മദ്യം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും ഒഴിവാക്കേണ്ടാതാണ്. കാരണം ഇവ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. പ്രായമായവര്‍ക്ക് ഉറക്കം കുറച്ചുമാത്രം മതിയെന്നുള്ളത് മിഥ്യാധാരണയാണ്. നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നില്ലെങ്കില്‍, ശ്രദ്ധ നഷ്ട്ടപെടുന്നതും, വികാരാധീധരാകുന്നതായും അനുഭവപ്പെടും. പെട്ടന്ന് പ്രകോപിതരാകുകയും ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യും. ഉറക്കക്കുറവ് ഓര്‍മ്മശക്തിയോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ശ്രദ്ധക്കുറവും ശരീര തളര്‍ച്ചയും അനുഭവപ്പെടാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാത്തത് വളര്‍ച്ചാ ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ശരീരത്തിന്റെ പുനഃസജ്ജീകരണത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ദിവസവും 8 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരേക്കാള്‍ 7 മണിക്കൂറില്‍ താഴെ ഉറങ്ങുന്ന ആളുകള്‍ക്ക് ജലദോഷം വരാനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ആഴത്തിലുള്ള ഉറക്കം കിട്ടിയില്ലെങ്കില്‍ അത് കുടലിനെയും ഹൃദയത്തെയും മാനസികാരോഗ്യത്തെയും പോലും ബാധിക്കും.