*പ്രഭാത വാർത്തകൾ*2024 ജനുവരി 30 ചൊവ്വ

◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമവും ഏകീകൃത സിവില്‍കോഡും അയോധ്യാ ക്ഷേത്ര നിര്‍മാണവും വിഷയമാക്കാന്‍ ബിജെപി. പൗരത്വ നിയമം ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു താക്കൂര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സവില്‍കോഡ് അടുത്ത നിയമസഭാ സമ്മേളത്തില്‍ പാസാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി.

◾സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന കപ്പല്‍ കൊച്ചിയിലെ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എം വി ഇമാനാണ് കടല്‍കൊളളക്കാര്‍ റാഞ്ചിയത്. കൊച്ചിയില്‍നിന്നു 700 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കപ്പലില്‍ നിന്നും അപായ സന്ദേശം ലഭിച്ചതോടെ ഇന്ത്യന്‍ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്ര കടല്‍കൊളളക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. പിറകേ യുദ്ധകപ്പലിലെ ധ്രുവ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാദൗത്യം നടത്തി. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണ്. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയി.

◾ഇന്ത്യ വിരുദ്ധ നിലപാടെടുത്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിനെതിരേ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയവുമായി പ്രതിപക്ഷം. 23 പേരാണു പ്രമേയത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 87 അംഗ പാര്‍ലമെന്റില്‍ പ്രമേയം പാസാകണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

◾കേന്ദ്ര സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്കു കുടുംബ പെന്‍ഷന് ഭര്‍ത്താവിനു പകരം മക്കളുടെ പേരു നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്തു. ഭര്‍ത്താവിനെ നോമിനിയാക്കാന്‍ മാത്രമാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്.

◾യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് സ്വദേശി ജെയ്സണ്‍ കീഴടങ്ങി. കാസര്‍ഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സണ്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് കീഴടങ്ങിയത്. അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

◾മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലേക്കു പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജെബി മേത്തര്‍ എംപി അടക്കം ആറു പേര്‍ക്കു പരിക്കേറ്റു. എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.  

◾ഇന്ന് മഹാത്മാഗാന്ധിയുടെ 76 ാം രക്തസാക്ഷിദിനം. രാജ്യമെങ്ങും വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണ പരിപാടികളും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചനയും നടക്കും.

◾ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. അതോടെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാകില്ല. കെ റെയില്‍ വരുമെന്നു പറയുന്നതുപോലെയല്ല ഇതെന്നും കണ്ണൂരില്‍ അദ്ദേഹം പറഞ്ഞു.

◾ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്കു കൂട്ടസ്ഥലമാറ്റം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് മുമ്പായി കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്കാണ് അധ്യാപകരെ സ്ഥലം മാറ്റിയത്. കോന്നിയിലേക്ക് 33 പേരെയും ഇടുക്കിയിലേക്ക് 28 പേരെയുമാണ് മാറ്റിയത്. കൂട്ടസ്ഥലമാറ്റത്തില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു. ഒഴിവുകള്‍ സൃഷ്ടിക്കുകയും നികത്തുകയും വേണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.

◾അയോധ്യാക്കേസില്‍ രാംലല്ലക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനെയാണ് മുഖ്യമന്ത്രിയുടെ പേടിസ്വപ്നമായ എക്‌സാലോജിക് കേസ് കൈകാര്യം ചെയ്യാന്‍ കേരള സര്‍ക്കാരിനുവേണ്ടി കെഎസ്ഐഡിസി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിതെന്നും സുധാകരന്‍.

◾സംസ്ഥാനത്തെ കോളജുകളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മഹാരാജാസ് കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ പ്രകാശന്‍ എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

◾കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റേയും ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍എ കോടതി തള്ളി. ഭാസുരാംഗന്റെ ഭാര്യ, മകള്‍, മരുമകന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഫെബ്രുവരി അഞ്ചിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ദേശിച്ചു.

◾ആകാശത്തു റോഡുണ്ടാക്കി താഴെ ഫിറ്റു ചെയ്യാനാവില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ചു മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്തു പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

◾ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയതിന് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദാക്കി. ഡിസിസി കെട്ടിട നിര്‍മാണ ഫണ്ട് പിരിച്ചെടുക്കാന്‍ ഫെബ്രുവരി 15 വരെ സമയം അനുവദിച്ചെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.

◾കണ്ണൂര്‍ പൂവത്ത് റോഡിലെ അപകട സാധ്യത ചൂണ്ടിക്കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീ ബസിടിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സിസ്റ്റര്‍ സൗമ്യ മരിച്ച ശേഷമാണ് ഈ പ്രദേശത്തു വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള ബാരിക്കേഡ് പൊലീസ് സ്ഥാപിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ എസ്പിയും ആര്‍ടിഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

◾തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് സുരേന്ദ്രന്‍ കിണറില്‍ മരിച്ച നിലയില്‍. വിഴിഞ്ഞം വെണ്ണിയൂരുള്ള വീട്ടുവളപ്പിനു സമീപത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിക്കാന്‍ നാലു മാസം ശേഷിക്കേയാണ് മരണം. വിവാഹമോചനം നേടിയ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു.

◾കൊല്ലം ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെ.എസ്.യു നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചതിലും കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ബൈജുവിനെയും നെസ്ഫല്‍ കളത്തിക്കാടിനെയും അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.

◾പത്തനംതിട്ടയില്‍ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്കു പരിക്ക്. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവു നായയുടെ അക്രമണമുണ്ടായത്.

◾മയക്കുമരുന്നു കേസില്‍ യുവാവിന് 50 വര്‍ഷവും മൂന്നു മാസവും തടവു ശിക്ഷ. അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദ് എന്ന 35 കാരനെയാണ് വടകര എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്.

◾രാജ്യസഭയിലെ ഒഴിവുള്ള 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലായാണ് ഇത്രയും ഒഴിവുള്ളത്. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരന്‍, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്ണവ്, ഭുപേന്ദ്ര യാദവ് തുടങ്ങിയവരുടെ കാലാവധി അവസാനിക്കുകയാണ്.

◾തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 30 നഗരങ്ങളെ 2026 ല്‍ ഭിക്ഷാടന മുക്ത നഗരങ്ങളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനു മുന്നോടിയായി യാചകരെക്കുറിച്ച് സര്‍വേ നടത്തും. അവരുടെ പുനരധിവാസത്തിനു പദ്ധതി തയാറാക്കും.

◾ജാതി സെന്‍സസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്രസര്‍ക്കാരാണെന്ന് കേരളം സുപ്രീം കോടതിയില്‍. സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

◾രാഹുല്‍ഗാന്ധിക്ക് ബംഗാളിലും വിലക്ക്. നാളെ മാല്‍ദ ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് ബംഗാള്‍ സര്‍ക്കാര്‍ തള്ളിയത്. നാളെ മമത ബാനര്‍ജി മാല്‍ദയില്‍ എത്താനിരിക്കെയാണ് രാഹുലിന് അനുമതി നിഷേധിച്ചത്.

◾ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലെ എല്ലാ കേസുകളും കല്‍ക്കട്ട ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കു മാറ്റി. ഡിവിഷന്‍ ബെഞ്ചിലേയും സിംഗിള്‍ ബെഞ്ചിലെയും ജഡ്ജിമാരുടെ പോരിനിടെയാണ് സുപ്രീംകോടതി നടപടി.

◾സിമി സംഘടനയുടെ നിരോധനം അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരമാണു നിരോധനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് നിരോധന ഉത്തരവില്‍ പറയുന്നു.

◾കര്‍ണാടകയിലെ മണ്ഡ്യയില്‍ ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തി. കരെഗോഡു ഗ്രാമത്തില്‍ ദേശീയ പതാക ഉയര്‍ത്തേണ്ട കൊടിമരത്തിലാണു പഞ്ചായത്ത് അനുമതി ലംഘിച്ച് ഹനുമാന്‍ പതാക ഉയര്‍ത്തിയത്. പോലീസ് ഇടപെട്ട് ഹനുമാന്‍ പതാക നീക്കം ചെയ്തു. ഇതിനെതിരേ പ്രതിഷേധിച്ച അക്രമാസക്തരായ ബിജെപി, ജെഡിഎസ്, തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ലാത്തിവീശി.

◾ഉത്തര്‍പ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വേക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. പള്ളിയില്‍ സര്‍വേ നടത്താന്‍ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

◾നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇന്ത്യയില്‍ ഏകാധിപത്യം വരും. ജനാധിപത്യം ഇല്ലാതാകും. റഷ്യയിലെ പുടിനെ പോലെയാണു മോദിയെന്നും ഖാര്‍ഗെ പറഞ്ഞു. ഒഡീഷയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ബിഹാറിലെ ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍. മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനെ ഇന്നു ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചിട്ടുണ്ട്.

◾വനിതാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ദിണ്ടോരി ജില്ലയിലുള്ള ഷാഹ്പുരയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായിരുന്ന നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. തന്റെ സര്‍വീസ് ബുക്കിലും ബാങ്ക് അക്കൗണ്ടിലും ഇന്‍ഷുറന്‍സിലും നിഷ ഭര്‍ത്താവായ മനീഷ് ശര്‍മയുടെ പേര് ചേര്‍ത്തിരുന്നില്ല. തൊഴില്‍ രഹിതനായ മനീഷ് തലയിണ ഉപയോഗിച്ച് നിഷയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നു പോലീസ് പറഞ്ഞു.

◾അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു. ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് ജോര്‍ജിയയിലുള്ള ലിത്തോണിയയില്‍ കൊല്ലപ്പെട്ടത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന വിവേക് സൈനി ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ലഹരിക്കടിമയായ ആളാണ് വിവേകിനെ കൊലപ്പെടുത്തിയത്.

◾അയോധ്യയില്‍ നൂറു മുറികളുള്ള റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സ്ഥാപനമായ അഞ്ജലി ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സിയുമായി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് കരാര്‍ ഒപ്പിട്ടു.

◾ജോയ് ആലുക്കാസ് ഷോറൂമുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഗ്രാന്‍ഡ് ഓഫര്‍ ഫെബ്രുവരി 18 വരെ ലഭിക്കും.

◾തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 150 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാന പാദത്തിലെ 155.95 കോടി രൂപയേക്കാള്‍ 4 ശതമാനത്തോളം കുറവാണിത്. അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലെ 133.17 കോടി രൂപയേക്കാള്‍ 12.6 ശതമാനം വര്‍ധനയുണ്ട്. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 193.44 കോടി രൂപയില്‍ നിന്ന് 1.3 ശതമാനം വര്‍ധിച്ച് 195.87 കോടി രൂപയായി. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറില്‍ ഇത് 174.63 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തില്‍ പ്രവര്‍ത്തനലാഭം 12.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 681.95 കോടി രൂപയില്‍ നിന്ന് 30.1 ശതമാനം വര്‍ധിച്ച് 887.17 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തിലെ 829.88 കോടി രൂപയേക്കാള്‍ 6.9 ശതമാനം അധികമാണിത്. അറ്റപലിശ വരുമാനം 2022-23 ഡിസംബര്‍ പാദത്തിലെ 343 കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 382 കോടി രൂപയായിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ 349.74 കോടി രൂപയേക്കാള്‍ 10 ശതമാനത്തോളമാണ് വര്‍ധന. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 5.11 ശതമാനമാണ്. മുന്‍സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 0.41 ശതമാനം കുറവുണ്ട്. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 27,344 കോടി രൂപയായി. വായ്പകള്‍ 23 ശതമാനം വര്‍ധിച്ച് 22,658 കോടി രൂപയിലുമെത്തി. കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 7,125.7 കോടി രൂപയില്‍ നിന്ന് 6 ശതമാനം വളര്‍ച്ചയോടെ 7,542 കോടി രൂപയുമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 22 ശതമാനം വളര്‍ച്ചയോടെ 50,212 കോടി രൂപയിലെത്തി. ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പകള്‍ ഇക്കാലയളവില്‍ 23 ശതമാനം വളര്‍ച്ചയോടെ 10,817 കോടി രൂപയായി.

◾കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജെറി' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പൊടിപാറണ നാടന്‍ തല്ലിന്റെ തകര്‍പ്പന്‍ പെര്‍മോര്‍മെന്‍സിന് ഒരുങ്ങി നില്‍ക്കുന്ന നാട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട പ്രോമോ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അനീഷ് ഉദയന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്‌സണും ജോയ്‌സണും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നൈജില്‍ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു എലിയെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

◾ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന്‍ ചിത്രം 'കടക'ന്റെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ സജില്‍ മമ്പാട് കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തിന് ബോധിയും എസ് കെ മമ്പാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഖലീലാണ് നിര്‍മ്മാതാവ്. ഗോപി സുന്ദറിന്റെതാണ് സംഗീതം. 'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കടകന്‍' ഫാമിലി എന്റര്‍ടൈനറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

◾പുറത്തിറങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന നേട്ടം സ്വന്തമാക്കി ടെസ്ല മോഡല്‍ വൈ. ജാട്ടൊ ഡൈനാമിക്‌സ് പുറത്തുവിട്ട കാര്‍വില്‍പനയുടെ കണക്കുകളിലാണ് 2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാറായി മോഡല്‍ വൈ എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ ലോകത്തെ ഒന്നാം നമ്പര്‍ വില്‍പനയുള്ള കാറായി മാറുന്നത്. പ്രവര്‍ത്തനം തുടങ്ങി രണ്ടു ദശാബ്ദക്കാലം മാത്രമായ ടെസ്ലയുടെ വിജയത്തിന്റെ വലിയൊരു പങ്ക് മോഡല്‍ വൈ എന്ന അവരുടെ കാറിന് അവകാശപ്പെട്ടതാണ്. യൂറോപിലും ചൈനയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറും മോഡല്‍ വൈ തന്നെ. 2023 തുടക്കം മുതല്‍ വില്‍പന പട്ടികയില്‍ മുന്നിലുണ്ടായിരുന്നു മോഡല്‍ വൈ. ആദ്യ പാദത്തില്‍ ഒന്നാമതെത്തിയ മോഡല്‍ മികവ് വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയായിരുന്നു. വില്‍പനയുടെ പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ടൊയോട്ടയാണ് സ്വന്തമാക്കിയത്. 2022ലെ ബെസ്റ്റ് സെല്ലിങ് കാറായിരുന്ന ടൊയോട്ട ആര്‍എവി4 2023ല്‍ മോഡല്‍ വൈയുടെ കുതിപ്പോടെ രണ്ടാം സ്ഥാനത്തേക്കൊതുങ്ങി. ടൊയോട്ടയുടെ ഹാച്ച്ബാക്ക് മോഡലായ ടൊയോട്ട കൊറോളയാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം 12 ലക്ഷം മോഡല്‍ വൈ കാറുകളാണ് ലോകത്താകെ ടെസ്ല വിറ്റത്. ടെസ്ല 2023ല്‍ വിറ്റ പാസഞ്ചര്‍ കാറുകളില്‍ മൂന്നില്‍ രണ്ടും മോഡല്‍ വൈ ആയിരുന്നുവെന്നതും മറ്റൊരു സവിശേഷത.

◾നിഷ്‌കളങ്കനായ ആ കൊച്ചുകുട്ടി ഉത്തരങ്ങള്‍ക്കായി കേഴുകയായിരുന്നു. 'ഭായ് സാഹബ് ജി, ഞാന്‍ ശപിക്കപ്പെട്ടവന്‍ ആയിരുന്നെങ്കില്‍ ദൈവം എന്തിനാണെന്നെ സൃഷ്ടിച്ചത്? അതിനര്‍ത്ഥം അതു ദൈവത്തിന്റെ തെറ്റാണെന്നാണ്. ദൈവത്തിന്റെ തെറ്റിന് ഞാന്‍ എന്തിന് ശിക്ഷിക്കപ്പെടണം?' കൈലാഷ് സത്യാര്‍ഥിയുടെ സ്വന്തം ജീവിതവും ദൗത്യവും ഈ കുട്ടികളുടെ യാത്രകളുമായി കൂടിച്ചേര്‍ന്നു കിടക്കുന്നു. നിര്‍വചിക്കാനാവാത്ത ദുരിതങ്ങളിലൂടെ ജീവിച്ച അവര്‍ക്ക് മാനവികതയിലെ വിശ്വാസം നഷ്ടമായി. പക്ഷേ, അവരുടെ മൂകതയ്ക്കുപിന്നില്‍, ശോഷിച്ച അവയവങ്ങള്‍ക്കും തഴമ്പിച്ച കൈകാലുകള്‍ക്കും പിന്നില്‍, പ്രത്യാശ എന്നും ഉറച്ചുനിന്നിരുന്നു. നീതിക്കും അന്തസ്സിനും വേണ്ടിയുള്ള അവരുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ കഥയാണിത്. മനുഷ്യാത്മാവിന്റെ ധീരതയുടെയും സഹാനുഭൂതിയുടെയും കരുത്തിന്റെയും സുവിശേഷമാണിത്. 'എന്തേ മുന്‍പേ വന്നില്ല'. കൈലാഷ് സത്യാര്‍ത്ഥി. വിവര്‍ത്തനം - ജോര്‍ജ് പുല്ലാട്ട്. ഡിസി ബുക്സ്. വില 380 രൂപ.

◾പ്രമേഹ രോഗികളില്‍ പലര്‍ക്കും മധുരത്തോട് അമിത ഇഷ്ടവും ആര്‍ത്തിയും തോന്നാറുണ്ട്. മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാല്‍ ഇവര്‍ക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും ചെയ്യും. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. എന്നാല്‍, ശരിയായി ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോട് ആര്‍ത്തി തോന്നുന്നതെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിനു കാരണം, ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെത്തുടരെ ഇമ ചിമ്മുന്നതാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുര, എണ്ണ പലഹാരങ്ങളോടായിരിക്കും. ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തല്‍.

*ശുഭദിനം*
*കവിത കണ്ണന്‍*
ചൈനീസ് തത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷസിന്റെ ശിഷ്യരിലൊരാള്‍ വലിയ മുന്‍ശുണ്ഠിക്കാരനായിരുന്നു. ആരോടും ഏത് കാര്യത്തിനും വഴക്കിടുന്ന സ്വഭാവം. അയാളുടെ ഈ സ്വഭാവം കാരണം മററു ശിഷ്യന്മാരെല്ലാം പൊറുതിമുട്ടി. അവര്‍ ഗുരുവിനോട് പരാതി പറഞ്ഞു. ഒരു ദിവസം കണ്‍ഫ്യൂഷസ് തന്റെ വഴക്കാളിയായ ശിഷ്യനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിനക്കെത്ര പല്ലുണ്ട്. ശിഷ്യന്‍ ഉത്തരം പറഞ്ഞു: മുപ്പത്തിരണ്ട്. നാവോ? ഗുരു ചോദിച്ചു: ശിഷ്യന്‍ ഉത്തരം പറഞ്ഞു: ഒന്ന്. ഇതുവരെ നിനക്ക് എത്ര പല്ല് നഷ്ടപ്പെട്ടു? പത്തില്‍ താഴെ. നിന്റെ നാവിനിപ്പോഴും കുഴപ്പമൊന്നുമില്ലല്ലോ? ഇല്ല ഗുരോ. ഗുരു തുടര്‍ന്നു. താന്‍ വലിയ ശക്തനാണെന്നാണ് പല്ലിന്റെ വിചാരം. എന്തും കടിച്ചുമുറിക്കും. ആര്‍ത്തിപിടിച്ച് ചവച്ചുതിന്നും. ഇടയ്ക്ക് നാവിനെയും കടിക്കും. പക്ഷേ, എത്ര പ്രകോപനമുണ്ടായാലും നാവിന് ദേഷ്യം വരുന്നതേയില്ല. മാത്രമല്ല. പല്ലിന് ആവശ്യമുളളപ്പോഴെല്ലാം വേണ്ട പിന്തുണയും നാവ് നല്‍കുന്നുണ്ട്. അവസാനം ആരാണ് തോല്‍ക്കുന്നത്? ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. ഗുരു പറഞ്ഞു: വാര്‍ദ്ധക്യത്തിലെത്തുമ്പോഴേക്കും ഓരോന്നായി കൊഴിഞ്ഞ് പല്ലുകള്‍ ഇല്ലാതാകുന്നു. അപ്പോഴും ഒരു കേടുപാടുമില്ലാതെ നാവ് അവിടെതന്നെയുണ്ടാകും. മനുഷ്യന്റെ കാര്യവും ഇങ്ങനെതന്നെയാണ്. എപ്പോഴും വഴക്കുണ്ടാക്കുകയും ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും ചെയ്യുന്നവരുടെ നാശവും പെട്ടെന്നായിരിക്കും. എന്നാല്‍ സൗമ്യമായി ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സമാധാവും ദീര്‍ഘായുസ്സും പ്രാപ്തമാകും. അതെ, വേറെ എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും സമാധാനമില്ലെങ്കില്‍ അതിലൊന്നും ഒരര്‍ത്ഥവുമില്ലാതാകും. സമാധാനപൂര്‍ണ്ണമായി ജീവിക്കാനുളള വഴികള്‍ നമുക്ക് കണ്ടെത്താം - ശുഭദിനം.