◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തൃശൂരില്‍. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി നടത്തുന്ന സമ്മേളനത്തില്‍ മൂന്നു മണിക്കു മോദി പ്രസംഗിക്കും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സിഎംഎസ് സ്‌കൂളിനു മുന്നില്‍ ഒരുക്കിയ വേദിയിലാണ് സമ്മേളനം. രണ്ടര മണിക്കൂറോളം അദ്ദേഹം തൃശൂരിലുണ്ടാകും. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി രണ്ടു മണിയോടെ എത്തും. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്കു പോകും. 2.15 നു സ്വരാജ് റൗണ്ടില്‍ എത്തുന്നതോടെ റോഡ് ഷോ. തുടര്‍ന്നു പൊതുസമ്മേളനം. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തൃശൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശൂരില്‍ പ്രസംഗിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതലേ പോലീസ് ഗതാഗതം തടഞ്ഞു. ഒരു മുന്നറിയിപ്പും നല്‍കാതെ വൈകുന്നേരം മൂന്നരയോടെ പല പ്രധാന റോഡുകളും അടച്ചു. തൃശൂര്‍ നഗരം ഗതാഗതക്കുരുക്കിലായി. ബസ് അടക്കമുള്ള പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞു. ഇന്നു രാവിലെ മുതല്‍ രാത്രിവരെ തൃശൂരില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. മൂവായിരത്തിലേറെ പോലീസുകാരെയാണ് തൃശൂര്‍ നഗരത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിംഗ് നിരോധിച്ചു. സ്വരാജ് റൗണ്ടിലെ കടകള്‍ തുറക്കുന്നതു വിലക്കി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസുകള്‍ക്കു സ്വരാജ് റൗണ്ടില്‍ പ്രവേശനം അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്കു പോകുന്നവരും നഗരത്തിലെ ഗതാഗത നിയന്ത്രണവും ഗതാഗതക്കുരുക്കും പ്രതീക്ഷിച്ചുവേണം യാത്ര ക്രമീകരിക്കാന്‍. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ.
◾സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന തൃശൂരിലെ സമ്മേളനത്തിന്റെ വേദിയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ തിളങ്ങിയ വനിതകളും. നടി ശോഭന, ബീന കണ്ണന്‍, ഉമാ പ്രേമന്‍, ക്രിക്കറ്റ് താരം മിന്നു മണി, വൈക്കം വിജയലക്ഷ്മി, ഡോ. ശോശാമ്മ ഐപ്, മറിയക്കുട്ടി തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടാകും. രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ നിയമത്തിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യും. ചട്ടങ്ങള്‍ തയാറായി. അര്‍ഹതയുള്ളവര്‍ക്കു പൗരത്വത്തിന് അപേക്ഷിക്കാം. പാര്‍ലമെന്റ് പാസാക്കി നാലു വര്‍ഷത്തിനുശേഷമാണ് ചട്ടം തയാറാക്കുന്നത്.
◾ബന്ധുക്കളുടെ അനുമതിയില്ലാതെ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പെടുത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
◾ഇടുക്കി വെളളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടി കര്‍ഷകര്‍ക്കും കുടുംബത്തിനും പിന്തുണയുമായി മന്ത്രിമാരും വ്യവസായികളും സാംസ്‌കാരിക നായകരും. പത്തു പശുക്കളെ വാങ്ങാന്‍ ലുലു ഗ്രൂപ്പ് അഞ്ചു ലക്ഷം രൂപ കുടംബത്തിന് കൈമാറി. നടന്മാരായ ജയറാം അഞ്ചു ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥിരാജ് രണ്ടു ലക്ഷം രൂപയും നല്‍കി. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അഞ്ചു പശുക്കളെ വാഗ്ദാനം ചെയ്തു. രണ്ടു പശുക്കളെ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രഖ്യാപിച്ചിട്ടുണ്ട്. വിഐപികളെല്ലാം കാണാനെത്തിയതോടെ കുട്ടികര്‍ഷകരായ മാത്യുവും ജോര്‍ജുകുട്ടിയും കുടുംബാംഗങ്ങളും താരങ്ങളായി മാറി.
◾അടുത്ത വര്‍ഷം കേരളപ്പിറവിയോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ കൊച്ചിയിലെ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിനെതിരേ മുതിര്‍ന്ന നേതാക്കളിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. എന്നാല്‍ ആരേയും കണ്ടില്ല.
ബസ് യാത്രക്കിടെ അഞ്ചാറ് ചെറുപ്പക്കാര്‍ പട്ടികയുമായി ഓടിവന്നതു മാത്രമാണുണ്ടായത്. പിണറായി പരിഹസിച്ചു.
◾എരുമേലിയില്‍നിന്നു കാണാതായ ജസ്നയെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ അവസാനിപ്പിച്ചു. നിര്‍ണായകമായ മണിക്കൂറുകള്‍ പൊലീസ് നഷ്ടപ്പെടുത്തിയെന്ന് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും സിബിഐ പറയുന്നു. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്നും പിതാവ് ജെയിംസ്. അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പിതാവ്.
◾തൃശൂര്‍ തേക്കാന്‍കാട് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം. 51 അടി ഉയരമുള്ള ചിത്രം ലോകത്തെ എറ്റവും വലിയ മണല്‍ചിത്രമെന്ന നിലയില്‍ ലോക റിക്കാര്‍ഡാകും. നരേന്ദ്ര മോദിയുടെ ജന്മനാടായ വഡോദര അടക്കം രാജ്യത്തെ 51 സ്ഥലങ്ങളില്‍നിന്നുള്ള മണ്ണ് ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയുടെ നേതൃത്വത്തിലാണു മണല്‍ ചിത്രം ഒരുക്കിയത്.
◾ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് ക്രൂരതയാണെന്നും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്നും ഹൈക്കോടതി. വിവാഹമോചനം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവിനെതിരേ എറണാകുളം സ്വദേശിനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
◾തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങള്‍ക്കു കീഴിലുള്ള ദേശീയപാത അടിപ്പാതകള്‍ നിര്‍മിക്കാനുള്ള 544 കോടി രൂപയുടെ പദ്ധതി ജനുവരി അഞ്ചിന് കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ നടക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്യുക. തൃശ്ശൂര്‍ മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍, കുഴല്‍മന്ദം അടിപ്പാതകളും, ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയുമാണു നിര്‍മിക്കുക.
◾കുന്നത്തുനാട് യൂത്ത് കോണ്‍ഗ്രസ് ഓഫീസ് അക്രമിസംഘം അടിച്ചു തകര്‍ത്തു. പതിനഞ്ചോളം പേരടങ്ങുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നു.
◾കുന്നത്തുനാട്ടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.
◾കുന്നത്തുനാട് നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ ട്രാന്‍സ്ജന്റേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയില്‍ പരിപാടി കഴിഞ്ഞ് ബസില്‍ മടങ്ങുമ്പോഴാണ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്.
◾ബിജെപിയില്‍ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരേ പ്രതിഷേധുമായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍. റാന്നിയിലെ അരമനയ്ക്കു മുന്നില്‍ പ്രതിഷേധവുമായി വൈദികര്‍ ഉള്‍പ്പെടെ എത്തി. ഇതോടെ ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി.
◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്കു പരിക്കേറ്റു. മോഷണക്കേസ് പ്രതി നൗഫലിനാണു പരിക്ക്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പ തടവുകാരന്‍ അശ്വിന്‍ ആക്രമിച്ചെന്നാണ് പരാതി.
◾താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. തൃശൂര്‍ മാള കുറ്റിപുഴക്കാരന്‍ വീട്ടില്‍ സിജില്‍( 29) ആണ് പിടിയിലായത്.
◾മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. മേലാറ്റൂര്‍ സ്വദേശി കരിമ്പനകുന്നത്ത് വേലായുധന്‍(62) ആണ് പരുക്കേറ്റത്.
◾ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനമായ 'കവച്' എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തിനു പിറകേ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
◾ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ കണ്‍വീനറായി പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ അധ്യക്ഷനായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സഖ്യത്തിന്റെ യോഗം ഇന്ന് ഓണ്‍ലൈനായി ചേരുന്നുണ്ട്.
◾അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമം നടത്തിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.
◾ബിഹാറിലെ ജാതി സര്‍വേയ്ക്ക് ഇടക്കാല സ്റ്റേയില്ലെന്നു സുപ്രീം കോടതി. ജാതി സര്‍വേയുമായി മുന്നോട്ട് പോകുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കി. എന്നാല്‍ സര്‍വേയിലെ സമ്പൂര്‍ണ ഫലം പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ഹര്‍ജി ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.
◾കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ട്രക്ക് ഉമകളുടെ സംഘടനകള്‍ നടത്തിയ സമരം പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമം ഉടന്‍ നടപ്പാക്കില്ലെന്നു ഉറപ്പ് കിട്ടിയെന്ന് ട്രക്ക് ഉടമകള്‍ പറഞ്ഞു.
◾ഹൈദരാബാദില്‍ പതിനേഴുകാരിയെ അഞ്ചു ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പത്തുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 22ന് ആണ് കേസിന് ആസ്പദമായ സംഭവം. ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ 17 കാരിയെ ഹോട്ടല്‍മുറിയിലും ആര്‍.കെ. ബീച്ചിന് സമീപത്തും കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
◾ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ യാത്രാവിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നു. അപകടത്തില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലെ അഞ്ചു പേര്‍ മരിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവുമായാണ് എയര്‍ ബസ് എ 350 വിമാനം റണ്‍വേയില്‍ കൂട്ടിയിടിച്ചത്.
◾ഇസ്രയേലിലെ നിര്‍മ്മാണ പദ്ധതികളിലേക്കു ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നു. പലസ്തീന്‍ തൊഴിലാളികളെ ഒഴിവാക്കിയാണ് ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നത്. നേരത്തെ കൃഷിക്കായി ഇന്ത്യയില്‍നിന്ന് നിരവധി പേരെ റിക്രൂട്ടു ചെയ്തിരുന്നു. 10,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന.
◾ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയം ഏറ്റു വാങ്ങിയ ഇന്ത്യക്ക് ഈ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്.
◾ഓസ്‌ട്രേലിയക്കെതിരായ വനിതകളുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 32.4 ഓവറില്‍ 148 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയ തൂത്തുവാരി.
◾ഡിസംബറില്‍ ഇന്ത്യയില്‍ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യം അഞ്ച് ശതമാനം വര്‍ദ്ധിച്ച് 18.23 ലക്ഷം കോടി രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഇക്കാലയളവില്‍ മൊത്തം ഇടപാടുകള്‍ ഏഴ് ശതമാനം ഉയര്‍ന്ന് 1002 കോടിയായി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറില്‍ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേയ്സ് ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനെട്ട് ലക്ഷം കോടി രൂപയിലെത്തി. ഗൂഗിള്‍ പേ, പേയ്ടി. എം, ഫോണ്‍ പേ എന്നിവയുടെ വരവോടെ വന്‍കിട നഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ ചെറുക്കച്ചവടക്കാര്‍ വരെ യു.പി.ഐ വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. നിലവില്‍ മുപ്പത് കോടിയിലധികം ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിക്കുന്നത്. യു. പി. ഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അന്‍പത് കോടിക്ക് മുകളിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനവും ഒരുങ്ങുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താല്‍ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളില്‍ അന്‍പത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധര്‍ പറയുന്നു.
◾നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രമാണ് 'ഏഴ് കടല്‍ ഏഴ് മലൈ'. 'ഏഴ് കടല്‍ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. ഏഴ് കടല്‍ ഏഴ് മലൈയുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എന്‍ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടല്‍ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.
◾മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റര്‍. പേടിച്ചരണ്ട് എന്തോ നോക്കി നില്‍ക്കുന്ന അര്‍ജുനെ പോസ്റ്ററില്‍ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആന്‍ഡ് വൈറ്റ് കോംമ്പോയാണ് ഈ പോസ്റ്ററിലും ഉള്ളത്. അര്‍ജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകള്‍. ആസിഫ് അലി ചെയ്യാനിരുന്ന വേഷമാണ് ഇത്. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ നേരത്തെ ഭ്രമയുഗം ഷൂട്ടിംഗ് ആരംഭിച്ചതിനാല്‍ താരത്തിന് ഇത് ഒഴിവാക്കേണ്ടി വരികയായിരുന്നു. ഇക്കാര്യം മുന്‍പ് ആസിഫ് തന്ന തുറന്നു പറഞ്ഞതുമാണ്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളില്‍ ഒന്നായിരിക്കും ഭ്രമയുഗം എന്നും മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ആസിഫ് അന്ന് പറഞ്ഞിരുന്നു. അര്‍ജുന്റേത് ഏറെ ശ്രദ്ധേയമായ വേഷം ആയിരിക്കും. അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് കരുതിയ വേഷമായിരുന്നു അതെന്നും അര്‍ജുനിലേക്ക് തന്നെ ആ വേഷം പോയതില്‍ സന്തോഷമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തിരുന്നു. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഭ്രമയുഗത്തില്‍ ഉള്ളത്. നായകന്‍ എന്നൊന്നില്ല. ചെറിയൊരു വില്ലനിസം ഉള്ള വേഷമാണ് മമ്മൂട്ടിയുടേതെന്നായിരുന്നു മുന്‍പ് അര്‍ജുന്‍ അശോകന്‍ പറഞ്ഞത്.
◾2023 നവംബറില്‍ ആണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചത്. ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് ട്രിം ലെവലുകളിലായാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. ഈ പ്രാരംഭ വിലകള്‍ 2023 ഡിസംബര്‍ 31 വരെ സാധുത ഉണ്ടായിരുന്നുള്ളൂ. ഇനി ഈ വില ബാധകമല്ല. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില 16,000 രൂപ വരെയാണ് കമ്പനി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ ഹിമാലയന്‍ 450 കാസ ബ്രൗണ്‍ പെയിന്റ് സ്‌കീമിന് ഇപ്പോള്‍ 16,000 രൂപ വിലയുണ്ട്. 2.69 ലക്ഷം രൂപയില്‍ നിന്ന് 2.85 ലക്ഷം രൂപയാണ് ഇപ്പോള്‍ വില. കമ്പനി സ്ലേറ്റ് ബ്ലൂ, സാള്‍ട്ട് വേരിയന്റുകളുടെ വില 15,000 രൂപ ഉയര്‍ത്തി. ഇപ്പോള്‍ 2.89 ലക്ഷം രൂപയാണ്. ഹിമാലയന്‍ 450-ന്റെ കാമറ്റ് വൈറ്റും ഹാന്‍ലെ ബ്ലാക്ക് കളര്‍ ഓപ്ഷനുകളും ഇപ്പോള്‍ 14,000 രൂപയാണ് വില. കാമറ്റ് വൈറ്റിന് ഇപ്പോള്‍ 2.93 ലക്ഷം രൂപയും റേഞ്ച് ടോപ്പിംഗ് ഹാന്‍ലെ ബ്ലാക്ക് 2.98 ലക്ഷം രൂപയുമാണ് വില. ഷെര്‍പ 450 എന്ന് വിളിക്കപ്പെടുന്ന പുതിയ 451.65 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് കരുത്തേകുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 40ബിഎച്പി കരുത്തും 5,500ആര്‍പിഎമ്മില്‍ 40എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾അനായാസമായി പാചകംമുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ചെയ്തുനോക്കാവുന്ന ലളിതമായ പാചകവിധികള്‍. സ്വാദിഷ്ടമായ നിരവധി ഭക്ഷണപദാര്‍ത്ഥങ്ങളുടെ രസകരമായ റെസിപ്പികള്‍. ഇതു സാധാരണ പാചകഗ്രന്ഥമല്ല; രസകരമായ ആക്റ്റിവിറ്റികള്‍, ശാസ്ത്രസത്യങ്ങള്‍ ഒക്കെ ഇതള്‍വിരിയുന്ന ഹൃദ്യമായ ആഖ്യാനം. 'ബിരിയാണി മുതല്‍ തൈരുസാദം വരെ'. സുമ ശിവദാസ്. എന്‍ബിഎസ്. വില 152 രൂപ.
◾ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളം. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാന്‍ മാതളം മികച്ചതാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ എലാജിറ്റാനിന്‍സ് അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. മാതളനാരങ്ങയിലെ ഉയര്‍ന്ന അളവിലുള്ള മഗ്നീഷ്യം നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. കാരണം മഗ്നീഷ്യം പേശികളുടെ വിശ്രമത്തിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രശ്നങ്ങളുള്ളവര്‍ ഡയറ്റില്‍ മാതളം ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. മാതളനാരങ്ങ ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ആരോഗ്യകരമായ ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസിലെ ഉയര്‍ന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും യുവത്വത്തിന്റെ തിളക്കം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. മാതളനാരങ്ങ ജ്യൂസ് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
എഴുത്തുകാരന്‍ ആ യോഗവര്യനോട് പറഞ്ഞു: എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. അങ്ങേക്കതിന് ഉത്തരം കണ്ടെത്താന്‍ സാധിക്കുമോ? യോഗവര്യന്‍ കുറച്ച് കടലാസ്സും പേനയും കൊടുത്തിട്ടു പറഞ്ഞു: നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ആദ്യം ഇതില്‍ എഴുതൂ.. എന്നിട്ട് നമുക്ക് സംശയങ്ങള്‍ തീര്‍ക്കാം. അയാള്‍ എഴുതിതുടങ്ങി. എത്രയെഴുതിയിട്ടും അറിയാത്ത കാര്യങ്ങള്‍ തീരുന്നില്ല. അവസാനം അയാള്‍ യോഗവര്യനോട് പറഞ്ഞു: ഇനിയുമുണ്ട് എനിക്കെഴുതാന്‍. പക്ഷേ, സ്ഥലം തികയില്ല. ഇത്രയധികം കാര്യങ്ങളില്‍ അറിവില്ലാതിരുന്നിട്ടും എങ്ങനെയാണ് ഇത്രയധികം പുസ്തകങ്ങള്‍ എഴുതിയത്? എഴുത്തുകാരന്‍ പറഞ്ഞു: അതെല്ലാം എനിക്കറിയാവുന്ന വളരെകുറച്ച് കാര്യങ്ങള്‍ മാത്രമായിരുന്നു. അറിവിന്റെ കാര്യത്തില്‍ ഞാന്‍ വെറും പൂജ്യമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. യോഗവര്യന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഇനി താങ്കള്‍ക്കുളള സംശയങ്ങള്‍ ചോദിക്കുവാനുളള യോഗ്യതയായി.. ചോദിക്കൂ.. അയാള്‍ തന്റെ സംശയങ്ങളിലേക്ക് കടന്നു.. പരീക്ഷയിലെ ചോദ്യങ്ങള്‍ നമുക്ക് എന്തെല്ലാം അറിയും എന്നളക്കാനാണ്. എന്നാല്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ നമുക്ക് എന്തൊക്കെ അറിയില്ല എന്ന് തെളിയിക്കാനാണ്. എന്തെല്ലാം തനിക്കറിയാം എന്നതിന്റെയും എന്തൊക്കെ തനിക്ക് അറിയില്ല എന്നതിന്റെയും മിശ്രിതമാണ് സ്വയാവബോധം. എന്തെല്ലാം അറിയില്ല എന്നതിരിച്ചറിവാണ് എന്തൊക്കെ അറിയണം എന്ന വിജ്ഞാനപ്രക്രിയയിലേക്കുള്ള ആദ്യ കാല്‍വെയ്പ്. ഒഴിഞ്ഞയിടങ്ങളേ നമുക്ക് നിറയ്ക്കാനാകൂ.. അറിഞ്ഞതിനപ്പുറവും വസ്തുതകളുണ്ടെന്ന തിരിച്ചറിവാണ് ജ്ഞാനത്തിലേക്കുളള വഴി.. ആ വഴി നമുക്കും സഞ്ചരിക്കാനാകട്ടെ - ശുഭദിനം.