*പ്രഭാത വാർത്തകൾ*2024 ജനുവരി 23 ചൊവ്വ

◾സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. ആറു ഗഡു ഡിഎ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. സെക്രട്ടേറിയറ്റിലേയും സഹകരണ വകുപ്പിലേയും ജീവനക്കാര്‍ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

◾പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ നാളെ നടത്തുന്ന പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം അവധി അനുവദിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്കുള്ളതാണ്. പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളിലുള്ളത്. ഈ പണം നഷ്ടമാകുന്നത്. സംഘങ്ങളില്‍ അവര്‍ക്കു വിശ്വാസം നഷ്ടപ്പെടുത്തും. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതു ചോദ്യം ചെയ്ത് പ്രതിയായ അലി സാബ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

◾കേന്ദ്രസര്‍ക്കാരിനെതിരേ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു കേരള സര്‍ക്കാരിന്റെ ക്ഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്ത് വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി സ്റ്റാലിനു കൈമാറി. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയത്തെ എതിര്‍ക്കേണ്ടതാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

◾കേന്ദ്ര സര്‍ക്കാര്‍ ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതും ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതും ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യപങ്കാളിയായത് ശരിയായ നടപടിയല്ല. എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പാക്കാന്‍ ഭരണഘടനയനുസരിച്ചു സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് ബാധ്യത ഉണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയന്‍ പറഞ്ഞു.

◾അയോധ്യയില്‍ പ്രതിഷ്ഠിച്ചതു ബിജെപിയുടെ രാമനാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ഗാന്ധിജി വെടിയേറ്റു കൊല്ലപ്പെട്ട ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്. സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നരേന്ദ്ര മോദി- മോഹന്‍ ഭഗവത്- യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.

◾രാമക്ഷേത്ര നിര്‍മാണം വൈകിയതിനു രാമനോടു മാപ്പു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെ സ്ത്രീകളോടു മാപ്പു പറയുമോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹമെന്നും ബിനോയ് വിശ്വം എക്സില്‍ കുറിച്ചു.

◾വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വായിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അനുമതി. സര്‍ക്കാറിനോട് വിശദീകരണം ചോദിക്കാതെയാണ് രാജ്ഭവന്‍ പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. സാമ്പത്തികപ്രതിസന്ധിക്കു കാരണം കേന്ദ്രനയമെന്ന് കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ ഉണ്ടെന്നാണ് സൂചന.

◾സംസ്ഥാനത്തിന്റെ കായിക വിഭവശേഷി മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. വൈകുന്നേരം ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാലു ദിവസം നീളുന്ന ഉച്ചകോടിയില്‍ 105 കോണ്‍ഫറന്‍സുകള്‍ നടക്കും. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

◾ഹൗസ് ബോട്ടുകള്‍ക്കു രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◾ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സമര്‍പ്പിച്ചു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭമുണ്ടായെന്നാണ് കണക്ക്. ഇതേസമയം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ലഭിച്ചതില്‍ മന്ത്രി ക്ഷുഭിതനാകുകയും ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. വാര്‍ഷിക കണക്ക് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു.

◾നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമയബന്ധിതമായി പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

◾ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട 'രാം കെ നാം' എന്ന ഡോക്യുമെന്ററി പള്ളിക്കത്തോട് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്. ഇന്നലെ ഡോക്യുമെന്ററി പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പോലീസ് ഇടപെട്ടതോടെ ഡോക്യുമെന്ററി പിന്നീട് കോളേജ് കോമ്പൗണ്ടിനകത്ത് പ്രദര്‍ശിപ്പിച്ചു. പ്രശസ്ത ചലച്ചിത്രകാരന്‍ ആനന്ദ് പട്വര്‍ധന്‍ 1992ല്‍ തയ്യാറാക്കിയതാണ് ഈ ഡോക്യുമെന്ററി.

◾ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 7,278 പേര്‍ക്ക് ഒബ്‌സര്‍ബേഷനോ കിടത്തി ചികിത്സയോ വേണ്ടിവന്നു. നെഞ്ചുവേദനയായി വന്ന 231 പേര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള 13,161 പേര്‍ക്കും ചികില്‍സ നല്‍കി. പാമ്പു കടിയേറ്റ 18 പേര്‍ക്കും ചികിത്സ നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.

◾തിരുവാഭരണ ഘോഷയാത്രയ്ക്കിടെ ബഹളമുണ്ടാക്കിയ എഎസ്ഐയെ സസ്പെന്റ് ചെയ്തു. പത്തനംതിട്ട എആര്‍ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ ഓടി രക്ഷപെട്ടിരുന്നു.

◾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്നിപര്‍വ്വതമായ അര്‍ജന്റീന - ചിലി അതിര്‍ത്തിയിലെ ഓഗോസ് ദെല്‍ സലോദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍. 22,600 അടി ഉയരമുള്ള അഗ്നിപര്‍വ്വതം പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ ഷെയ്ഖ് ഹസന്‍ ഖാനാണ് കീഴടക്കിയത്. എം എ അലി അഹമ്മദ് ഖാന്റെയും ജെ ഷാഹിദയുടെയും മകനാണ് ഈ മുപ്പത്താറുകാരന്‍.

◾കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ധാരണയനുസരിച്ച് രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കോണ്‍ഗ്രസിന്റെ ടി.ഒ. മോഹനന്‍ രാജിവച്ചതിനാലാണു തെരഞ്ഞെടുപ്പു നടത്തിയത്.

◾കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിക്ഷേപമായി സ്വീകരിച്ച തുക തട്ടിയെടുത്ത പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട്ടെ ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ. ഷാഗിലിനെയാണ് അറസ്റ്റു ചെയ്തത്.  

◾ഇടുക്കി ബി എല്‍ റാമില്‍ കാട്ടാനയായ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന സൗന്ദര്‍രാജനാണ് (60) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കൊച്ചു മകന്‍ ഓടി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

◾രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരേ അന്വേഷണം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

◾വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന 'പ്രധാനമന്ത്രി സൂര്യോദയ യോജന' പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി വീടുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ വൈദ്യുതിയില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മോദി പറഞ്ഞു.

◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ബദലായി കൊല്‍ക്കത്തയിലെ കാളീഘട്ടില്‍ മതസൗഹാര്‍ദ റാലി നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കാളീഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം ആരംഭിച്ച റാലി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചാണു മുന്നേറിയത്. അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നാടകമാണെന്ന് മമത വിമര്‍ശിച്ചു.

◾ഇന്ത്യ മുന്നണിയെ സിപിഎം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 34 വര്‍ഷമായി ബംഗാളില്‍ താന്‍ സിപിഎമ്മിനെതിരെയാണ് പോരാടിയതെന്നും അങ്ങനെ പോരാടിയവരുമായി യോജിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ സര്‍വ്വ മത സൗഹാര്‍ദ്ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

◾രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് മുകേഷ് അംബാനിയും കുടുംബവും. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കെത്തിയ അംബാനി കുടുംബം ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയും പുറത്തുവിട്ടു. രാജ്യത്തിന്റെ പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് മുകേഷ് അംബാനി പറഞ്ഞു.

◾ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെയാണ് ഭൂകമ്പമുണ്ടായത്.

◾ചൈനീസ് 'ഗവേഷണ' കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലിദ്വീപിലേക്കു പോകുമെന്ന് റിപ്പോര്‍ട്ട്. സിയാംഗ് യാംഗ് ഹോംഗ് എന്ന കപ്പലാണ് മാലിയിലേക്കു പോകുന്നത്. ഇന്ത്യ ആശങ്ക അറിയിച്ചതുമൂലം ഇത്തരം ചൈനീസ് കപ്പലുകളെ ശ്രീലങ്ക വിലക്കിയിരുന്നു.

◾ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ചുവടുപിടിച്ച് ചെങ്കടലിലെ ചരക്കുകപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ ആക്രമണം അഴിച്ചുവിട്ടത് ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതിക്കും തിരിച്ചടിയാകുന്നു. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ചരക്കുകപ്പലുകളുടെ യാത്ര പ്രധാനമായും നടക്കുന്നത് ചെങ്കടല്‍ വഴിയാണ്. ചെങ്കടല്‍ യാത്ര ഒഴിവാക്കി, പകരം ദക്ഷിണാഫ്രിക്കയെ ചുറ്റിക്കടന്നുപോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ കപ്പലുകള്‍ക്കുള്ളത്. ഇത് ചരക്കുകൂലി 50-75 ശതമാനം കൂടാനിടയാക്കിയതാണ് ഇന്ത്യന്‍ കാപ്പിക്കും തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ കാപ്പിയുടെ മുഖ്യ വിപണിയാണ് യൂറോപ്പ്; പ്രത്യേകിച്ച് ഇറ്റലി. നല്ല രുചിയും നിലവാരവുമാണ് ഇന്ത്യന്‍ കാപ്പി യൂറോപ്യന്മാര്‍ക്ക് സ്വീകാര്യമാക്കുന്നത്; ഇന്ത്യയുടെ പ്രീമിയം റോബസ്റ്റ കോഫിക്ക് ഇറ്റലിയിലും മറ്റും മികച്ച ഡിമാന്‍ഡുണ്ട്. എന്നാല്‍, ചരക്കുകൂലി വര്‍ധിച്ചതിന് ആനുപാതികമായി ഇന്ത്യന്‍ കാപ്പിക്കും വില വര്‍ദ്ധിക്കുന്നത് തിരിച്ചടിയാവുകയാണ്. ചരക്കുനീക്കത്തിന്റെ ഇന്‍ഷ്വറന്‍സ് ചെലവേറിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ആഫ്രിക്കന്‍ കാപ്പിയുടെ യൂറോപ്പിലേക്കുള്ള കടന്നുകയറ്റം. ഉഗാണ്ടന്‍ പ്രീമിയം റോബസ്റ്റ കാപ്പിയില്‍ നിന്നാണ് ഇന്ത്യന്‍ കാപ്പി ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. നിലവാരം കുറവാണെങ്കിലും കുറഞ്ഞവില ആയുധമാക്കിയാണ് ഉഗാണ്ടയുടെ വിപണിപിടിത്തം. ഇന്ത്യയില്‍ കര്‍ണാടകയിലും കേരളത്തിലുമാണ് ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം, തൊഴിലാളി ക്ഷാമം തുടങ്ങിയ പ്രതിസന്ധികള്‍ മൂലം കേരളത്തിലും കര്‍ണാടകയിലും ഉത്പാദനം കുറഞ്ഞിട്ടുണ്ട്. കോഫീ ബോര്‍ഡില്‍ നിന്നുള്ള കണക്കുപ്രകാരം ജനുവരിയിലെ ആദ്യ രണ്ടാഴ്ചക്കാലത്തെ കയറ്റുമതി 8.5 ശതമാനം ഇടിഞ്ഞിട്ടുമുണ്ട്.

◾അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശങ്കര്‍ ശര്‍മ സംഗീതം നല്‍കിയ ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്തും ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷ്, ഭദ്ര രജിന്‍, ബി മുരളീകൃഷ്ണ. ഇവാന്‍ ടി ലീ എന്നിവരും ചേര്‍ന്നാണ്. ഗാനത്തിലെ റാപ്പ് വരികള്‍ രാഹുല്‍ മേനോന്റെ ആണ്. മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫ്‌ഫെക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്സ് , ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദര്‍ശിപ്പിച്ചിരുന്നു. 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്.

◾അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തില്‍, 'ശ്രീറാം, ജയ് ഹനുമാന്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അണ്‍ടോള്‍ഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം സുരേഷ് ആര്‍ട്സ് ആണ് നിര്‍മ്മിക്കുന്നത്. രാമായണം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അവധൂതാണ് സംവിധായകന്‍. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകന്‍ ഉദ്ദേശിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആര്‍ട്സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ്. സുരേഷ് ആര്‍ട്സിന്റെ ബാനറില്‍ കെ എ സുരേഷ് നിര്‍മ്മിക്കുന്ന 'ശ്രീറാം, ജയ് ഹനുമാന്‍' കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തുന്ന ഒരു പാന്‍-ഇന്ത്യന്‍ സിനിമയാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

◾ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് സെഡാന്‍ ഐ 7 ഗാരിജിലെത്തിച്ച് ദളപതി വിജയ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7എക്സ് ഡ്രൈവ് എം സ്പോര്‍ട് എന്ന മോഡലാണ് ഇത്. ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വര്‍ധിക്കും. സെവന്‍ സീരിസിന് സമാനമായ ഇലക്ട്രിക് എസ്യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. അത്യാംഡബര സൗകര്യങ്ങള്‍ നിറഞ്ഞ ഇന്റീരിയറില്‍ 14.9 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമുണ്ട്. മസാജ് സൗകര്യമുള്ള സീറ്റുകളാണ്. പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8കെ ഫോള്‍ഡബിള്‍ ഡിസ്പ്ലെയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 ക്ലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്. പത്തു മുതല്‍ 80 ശതമാനം വരെ 34 മിനിറ്റില്‍ ചാര്‍ജാകും എന്നത് ഐ 7ന്റെ മറ്റൊരു പ്രത്യേകതയാണ്.

◾നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ 'യാത്രാപഥ'ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ 'ഓര്‍മത്തേരി'ല്‍ സഹയാത്രചെയ്യുന്നു. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് 'ദേശസ്മൃതി' എന്ന അവസാനഭാഗത്തില്‍. 'ഒ വി വിജയനും മുട്ടത്തു വര്‍ക്കിയും'. പായിപ്ര രാധാകൃഷ്ണന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 160 രൂപ.

◾വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുസംബി അഥവാ മധുരനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന മധുരനാരങ്ങ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമമാണ്. മുസംബിയില്‍ വിറ്റാമിന്‍ സി മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും വളരെ കൂടുതലാണ്. അതിനാല്‍ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന മുസംബി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ, മലബന്ധത്തെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും അസിഡിറ്റിയെ ഒഴിവാക്കാനും ഇത് സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കുട്ടികളെല്ലാവരും ചേര്‍ന്ന് കടല്‍തീരത്ത് ഓരോ വീടുകളുണ്ടാക്കാന്‍ ആരംഭിച്ചു. വീടുകള്‍ ഏകദേശം പൂര്‍ത്തിയാകാറായപ്പോഴാണ് ഒരു കുട്ടിയുടെ കൈ തട്ടി മറ്റൊരു കുട്ടിയുടെ വീട് തകര്‍ന്നത്. വീട് തകര്‍ന്ന കുട്ടിയും മററുള്ളവരും ചേര്‍ന്ന് വീട് തകര്‍ത്തകുട്ടിയെ ഉപദ്രവിക്കാനാരംഭിച്ചു. ഈ സമയത്താണ് വലിയൊരു തിരമാല വന്ന് എല്ലാ വീടുകളും തകര്‍ത്തുകളഞ്ഞത്. അതോടെ കളിയും പിണക്കവും മറന്ന് എല്ലാവരും തിരികെ നടന്നു. ഒരാള്‍ക്ക് വന്ന ദുരന്തം അതേ അളവിലോ അതില്‍ കൂടുതലോ ആയി മറ്റുളളവര്‍ക്കും സംഭവിച്ചാല്‍ എല്ലാവരുടേയും ദുഃഖം അതോടെ ലഘൂകരിക്കപ്പെടുന്നത് കാണാം. മനുഷ്യന്‍ പലപ്പോഴും അങ്ങിനെയാണ്, പങ്കുവെയ്ക്കാന്‍ ആളുണ്ടായല്ലോ എന്ന ചിന്തയേക്കാള്‍ തനിക്ക് വന്ന ആപത്ത് മറ്റുളളവര്‍ക്കും വന്നല്ലോ എന്ന ചിന്തയാണ് പലര്‍ക്കും ആശ്വാസം നല്‍കുന്നത്. ഒരു കാര്യം നമുക്കെന്നുമോര്‍ക്കാം, എല്ലാ ജീവിതങ്ങളും മണ്‍വീടുകള്‍ പോലെയാണ്. ഒന്നിനും ഗാരന്റിയില്ല. അവ ചിലപ്പോള്‍ ഒഴുകിപ്പോയേക്കാം, ചിലപ്പോള്‍ വിണ്ടുകീറി ഇല്ലാതായേക്കാം. അതുകൊണ്ട് അന്യന് വരുന്ന ആപത്തുകളില്‍ അവരെ ചേര്‍ത്തുപിടിക്കാം.. അവരോടൊപ്പം മനസ്സ് പങ്കിടാം.. കാരണം നമ്മുടേയും മണ്‍വീടുതന്നെയാണ് - ശുഭദിനം.