◾സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്. അധ്യാപകര്‍ ബിരുദധാരികളെങ്കിലും ആയിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം. ന്യായമായ ഫീസേ വാങ്ങാവൂ. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയാല്‍ ബാക്കി തുക തിരികെ നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 25000 മുതല്‍ ഒരു ലക്ഷം വരെ രൂപ പിഴ ഈടാക്കണം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണം.
◾രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ഓഹരി വിപണികളും അവധിയായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ ബാങ്കുകളും പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഉച്ചയ്ക്കു രണ്ടര വരെ അവധിയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ത്രിപുര, മധ്യപ്രദേശ്, ആസാം, ഒഡീഷ, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്.
◾കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും സമരം പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വിനീത വിധേയനായത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ വികാരം പറയേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിനു നന്ദി പറയുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തെ സമരത്തിനു കൂട്ടുവിളിച്ചതെന്നും ചെന്നിത്തല പരിഹസിച്ചു.
◾കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന പ്രതിപക്ഷം ജനങ്ങളോടൊപ്പം നില്‍ക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസ് വിവാദമായിരിക്കേ ഇലക്ട്രിക് ബസുകളുടെ പ്രവര്‍ത്തനച്ചെലവും ലാഭവും സംബന്ധിച്ച റിപ്പോര്‍ട്ടുതേടി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി എംഡിയോടാണു റിപ്പോര്‍ട്ടു തേടിയത്. ഗണേഷ്‌കുമാര്‍ ഇലക്ട്രിക് ബസിനെ വിമര്‍ശിച്ചതു ശരിയല്ലെന്നും ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്തിയത് കൂട്ടായ തീരുമാനമാണെന്നും വികെ പ്രശാന്ത് എംഎല്‍എ പ്രതികരിച്ചിരുന്നു.
◾ഇലക്ട്രിക് ബസ് വിഷയത്തില്‍ മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയുണ്ടല്ലോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടറി നിലപാടു പരസ്യമാക്കിയതോടെ മന്ത്രി ഗണേഷ്‌കുമാറിനു പിന്‍വാങ്ങേണ്ട അവസ്ഥയായി.
◾തിരുവനന്തപുരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കണമെന്നതാണ് ഇടതുപക്ഷ നയമെന്നും പുതുതായി 20 ഇലക്ട്രിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡെക്കറും വാങ്ങാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോകുമെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തലസ്ഥാനത്തു ഹിറ്റായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടു തിരസ്‌കരിച്ചാണ് തിരുവനന്തപുരം മേയര്‍ ഫേസ് ബുക്കില്‍ ഇക്കാര്യം കുറിച്ചത്.
◾ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് ഇന്നു രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് മാത്യു കുഴല്‍നാടന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
◾നിക്ഷേപത്തുക തിരിച്ചു കിട്ടാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി സിപിഎം നേതാക്കള്‍ തട്ടിപ്പു നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകന്‍ ഹൈക്കോടതിക്കും സര്‍ക്കാരിക്കും അപേക്ഷ നല്‍കി. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിനായി അപേക്ഷ നല്‍കിയത്. 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. കുടുംബത്തിന്റെ സമ്പാദ്യമായ 70 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാത്തതിനാല്‍ ജീവിക്കാനാകുന്നില്ലെന്നും ഈ മാസം 30 ന് ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
◾കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നല്‍കി. സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍, രണ്ടു പെണ്‍മക്കള്‍ അടക്കം ആറു പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. മൂന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ ഭാസുരാംഗന്‍ ബിനാമി അക്കൗണ്ടുകളിലൂടെ 51 കോടി രൂപയുടെ വായ്പ തട്ടിയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
◾ഐടി മേഖലയില്‍ പ്രഗത്ഭയായ ഒരു പെണ്‍കുട്ടിയെ ജീവിക്കാന്‍ സമ്മതിക്കില്ലേയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വീണ വിജയന്റെ കമ്പനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ വെറും പൊള്ളയാണ്. ഒരു സ്ത്രീത്വത്തെയാണ് വേട്ടയാടുന്നത്. ജയരാജന്‍ പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടപാടുകള്‍ക്കു താന്‍ ഇടനിലക്കാരനെന്ന വി.ഡി സതീശന്റെ വിമര്‍ശനത്തിനു ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍. സതീശന്‍ - പിണറായി അന്തര്‍ധാര കോണ്‍ഗ്രസുകാര്‍ക്കും അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
◾മന്ത്രിയായാല്‍ യജമാനനായെന്നു കരുതരുതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാര്‍. മന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്ഇബിയുടെ മീറ്റര്‍ ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്നു ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വ്യാജമാണെന്നു പറഞ്ഞ് പോലീസ് കേസെടുത്തു. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ പോലീസ് മുന്നറിയിപ്പു നല്‍കി.
◾നവകേരളസദസ് നടന്ന ഗ്രൗണ്ടില്‍ ട്വന്റി 20 പാര്‍ട്ടിയുടെ സമ്മേളനത്തിന് അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ നാളെ വൈകുന്നേരം അഞ്ചരയക്കാണു സമ്മേളനം. പുറമ്പോക്കു ഭൂമിയില്‍ സമ്മേളനം അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ നവകേരള സദസ് ഈ സ്ഥലത്തു നടത്തിയിരുന്നു. സമ്മേളനത്തിനു സംരക്ഷണം നല്‍കണമെന്ന് കോടതി പോലീസിനു നിര്‍ദേശം നല്‍കി.
◾തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
◾പട്ടയം ആവശ്യപ്പെട്ട് തൊടുപുഴ താലൂക്ക് ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്ന അമ്മിണിക്ക് പട്ടയം നല്‍കാന്‍ ഈ മാസം 25 ന് പ്രത്യേക ഹിയറിംഗ് നടത്തുമെന്ന് തഹസില്‍ദാര്‍. വയോധികയുടെ നഷ്ടപെട്ട സ്ഥലവും പ്രദേശത്തെ റവന്യു തരിശും കണ്ടെത്താന്‍ അയല്‍വാസികളുടെ ഭൂമി അളക്കും. പത്തു സെന്റിന് പട്ടയം കിട്ടിയാലെ സമരം അവസാനിപ്പിക്കുവെന്നാണ് അമ്മിണിയുടെ നിലപാട്.
◾എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡോ.വിഎസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലേക്കു സ്ഥലംമാറ്റിയത്.
◾മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേര്‍ക്കു പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തനിക്കെതിരേയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു സമീപത്തെ മരത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം വെള്ളരട പൊലീസ് സ്റ്റേഷനു സമീപം കുന്നത്തുകാല്‍ സ്വദേശി ഷാജിയാണ് മരത്തിന് മുകളില്‍ കയറിയത്.
◾വധശ്രമ കേസില്‍ കീഴടങ്ങാന്‍ എത്തിയ പ്രതി വര്‍ക്കല അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു. വര്‍ക്കല ഇടവ മാങ്ങാട്ട് വിള വീട്ടില്‍ അനില്‍ (26) ആണ് കുഴഞ്ഞു വീണത്. അങ്കണവാടിയില്‍ നിന്നും കുട്ടികളെ കൂട്ടി വീട്ടിലേയ്ക്ക് വരികയായിരുന്ന ബന്ധുവായ ഇടവ പാറയില്‍ മലവിള വീട്ടില്‍ വിഷ്ണുവിനെ (27) വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കീഴടങ്ങാന്‍ എത്തിയത്. ആത്മഹത്യക്കു വിഷക്കായ കഴിച്ചാണ് അനില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
◾അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്. അഞ്ചു വയസുള്ള ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള രാംലല്ല വിഗ്രഹത്തിന്റെ കൈയില്‍ സ്വര്‍ണനിര്‍മിതമായ അമ്പും വില്ലുമുണ്ട്. കൃഷ്ണശിലയിലാണു വിഗ്രഹം കൊത്തിയൊരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം പുതിയ വിഗ്രഹത്തിനു താഴെ ഉല്‍സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും.
◾രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് 121 ആചാര്യന്മാര്‍. ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിനാണ് മേല്‍നോട്ട ചുമതല. കാശിയില്‍ നിന്നുള്ള ലക്ഷ്മീകാന്ത് ദീക്ഷിതാണ് മുഖ്യആചാര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനാകും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 150 ലധികം പാരമ്പര്യങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍, 50 ലധികം ആദിവാസി, ഗോത്ര വിഭാഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
◾രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച ഓഹരി വിപണികള്‍ക്കു റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും അവധിയായിരിക്കും. പകരം ശനിയാഴ്ച പ്രവര്‍ത്തിക്കും. മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്‍മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22 ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും അവധി പ്രഖ്യാപിച്ചു.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പഴയ വിഗ്രഹം മാറ്റിയത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. മൂന്നു ശങ്കരാചാര്യന്‍മാര്‍ നിര്‍ദ്ദേശിച്ച കൗസല്യയുടെ മടിയിലിരിക്കുന്ന രാമന്റെ രൂപത്തിലുള്ള വിഗ്രഹം സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
◾ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നീക്കത്തിനെതിരേ എഐസിസി അധ്യക്ഷന്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എതിര്‍പ്പ് അറിയിച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉന്നതതല സമിതിക്കു കത്തു നല്‍കി. ഭരണഘടനയേയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കുന്ന നീക്കത്തില്‍നിന്നു പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുള്ള ഉന്നതതല സമതിയെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ജപ്പാന്റെ ചാന്ദ്ര ദൗത്യമായ സ്ലിം എന്ന മൂണ്‍ സ്നൈപ്പര്‍ ചന്ദ്രനിലിറങ്ങി. പേടകത്തില്‍നിന്ന് സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയില്ലെന്നാണു റിപ്പോര്‍ട്ട്.
◾ഈ വര്‍ഷം നടക്കുന്ന പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ ജപ്പാനോട് തോറ്റതോടെയാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് മോഹങ്ങള്‍ തകര്‍ന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി. 2020 ലെ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ വനിതാ ടീം നാലാം സ്ഥാനം സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു. 2012-ലാണ് ഇന്ത്യ അവസാനമായി ഒളിമ്പിക്സിന് യോഗ്യത നേടാതിരുന്നത്.
◾മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ അറ്റാദായം 2023-24 ഡിസംബര്‍ പാദത്തില്‍ 12 ശതമാനം വര്‍ധിച്ച് 5,208 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,638 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2022-23 ഡിസംബര്‍ പാദത്തിലെ 24,750 കോടി രൂപയില്‍ നിന്ന് 2.5 ശതമാനം വര്‍ധിച്ച് 2023-24 ഡിസംബര്‍ പാദത്തില്‍ 25,368 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ പ്രവര്‍ത്തന വരുമാനത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 16,839 കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 18,518 കോടി രൂപയായി. ലൈസന്‍സിംഗും സ്പെക്ട്രം ചെലവും മുന്‍ വര്‍ഷത്തെ 2,120 കോടിയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 2,330 കോടി രൂപയായും മുന്‍ പാദത്തിലെ 2,290 കോടി രൂപയില്‍ നിന്ന് 1.7 ശതമാനവും വര്‍ധിച്ചു.ഡിസംബര്‍ അവസാനത്തോടെ വായ്പാ-ഓഹരി അനുപാതം 0.19 മടങ്ങായിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 0.17 മടങ്ങായിരുന്നു.
◾റോബട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയുമായി ബോളിവുഡ് ചിത്രം 'തേരി ബാതോം മേ ഏസാ ഉല്‍സാ ജിയ'. ഷാഹിദ് കപൂറും കൃതി സനോണുമാണ് നായികമാര്‍. റോബട് ആണെന്നറിയാതെ അതിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അബദ്ധങ്ങളാണ് ഈ കോമഡി എന്റര്‍ടെയ്നര്‍ പറയുന്നത്. അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം. നിര്‍മാണം ദിനേശ് വിജന്‍. കഥ തിരക്കഥ അമിത്തും ആരാധനയും ചേര്‍ന്നാണ്. ധര്‍മേന്ദ്ര, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സംഗീതം തനിഷ്‌ക് ബാഗ്ചി, സച്ചിന്‍ജിഗര്‍, മിത്രാസ്. ഛായാഗ്രഹണം ലക്ഷമണ്‍ ഉത്തേക്കര്‍. വലന്റൈന്‍സ് ഡേ സ്പെഷലായി ഫെബ്രുവരി ഒന്‍പതിന് ചിത്രം തിയറ്ററുകളിലെത്തും.
◾മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യര്‍ ഇന്‍ അറേബ്യ' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. 'തിരുവനന്തപുരമേ' എന്നു തുടങ്ങുന്ന പാട്ടിന് റഫീഖ് അഹമ്മദ് ആണ് വരികള്‍ കുറിച്ചത്. ആനന്ദ് മധുസൂദനന്‍ ഈണമൊരുക്കിയ പാട്ട് മിഥുന്‍ ജയരാജ്, കാര്‍ത്തിക നമ്പ്യാര്‍, ഭീമ എന്നിവര്‍ ചേര്‍ന്നാലപിച്ചു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ 'അയ്യര് കണ്ട ദുബായ്' എന്ന പാട്ടും ആസ്വാദകഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. മനു മഞ്ജിത് ആണ് പാട്ടിനു വരികള്‍ കുറിച്ചത്. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് 'അയ്യര്‍ ഇന്‍ അറേബ്യ'. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ ആയാണ് 'അയ്യര്‍ ഇന്‍ അറേബ്യ' ഒരുങ്ങുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
◾സെല്‍റ്റോസിന്റെ ഡീസല്‍ മാനുവല്‍ മോഡല്‍ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സെല്‍റ്റോസിന്റെ പുതിയ മോഡല്‍ പുറത്തിറക്കിയത്. അന്ന് ഡീസലിന്റെ ഐഎംടി മോഡലും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് മോഡലും മാത്രമായിരുന്നു പുറത്തിറക്കിയത്. അഞ്ച് മോഡലുകളില്‍ വിപണിയിലെത്തിയ പുതിയ സെല്‍റ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്റര്‍ ഡീസല്‍ മോഡലിന് 116 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് മാനുവലിനെ കൂടാതെ ഐഎംടി, ആറു സ്പീഡ് ഡീസല്‍ ഓട്ടമാറ്റിക് ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ മോഡലുകളിലും സെല്‍റ്റോസ് വിപണിയിലുണ്ട്.
◾ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തില്‍, ലാളിത്യത്തിലൂടെയും സ്‌നേഹസ്പര്‍ശങ്ങളിലൂടെയും അഭൂതപൂര്‍വ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളെ ഉന്നതിയിലേക്ക് നയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര. ഒട്ടും കാര്‍ക്കശ്യമില്ലാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി യുവതലമുറയ്ക്കും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നവര്‍ക്കും വെളിച്ചം പകരുന്നവയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രുഖ വ്യക്തികളുടെ ഈ ലേഖനങ്ങള്‍. 'ഉമ്മന്‍ ചാണ്ടി - ഒരു നിഷ്‌കാമ കര്‍മ്മയോഗി'. എഡിറ്റര്‍ - അഡ്വ. പിഎസ്. ശ്രീകുമാര്‍. ഗ്രീന്‍ ബുക്സ്. വില 237 രൂപ.
◾കാണാന്‍ കുഞ്ഞനെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വലിപ്പമുള്ള ഒന്നാണ് നെല്ലിക്ക. ധാരാളം ധാതുക്കളും ഇരുമ്പും വിറ്റാമിനുകളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ എന്നീ ഗുണങ്ങളും നെല്ലിക്കയ്ക്കുണ്ട്. കൂടാതെ നെല്ലിക്കയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നെല്ലിക്ക പച്ചയ്ക്കും ആവിയില്‍ വേവിച്ചും ആച്ചാറായും സൂക്ഷിക്കാം. ദിവസവും നെല്ലിക്ക ഡയറ്റിന്റെ ഭാഗമാക്കുന്നത് ചര്‍മ്മത്തിനും മുടിക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. നെല്ലിക്ക ആവിയില്‍ വേവിച്ചു കഴിക്കുന്നത് അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സഹായിക്കും. കൂടാതെ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകള്‍ക്കെതിരേ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നതിലും ഇത് പങ്കുവഹിക്കും. ആവിയില്‍ വേവിച്ച നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് കുറയ്ക്കുകയും വയറുവേദന നീക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിര്‍ത്താന്‍ സഹായിക്കും. ആവിയില്‍ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയുടെയും ചര്‍മത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും ചര്‍മത്തിനും ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. ആരോഗ്യകരമായ രക്തചംക്രമണത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്കയിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കുന്നതിനും വിവിധ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കൊട്ടാരം ബാര്‍ബര്‍ക്ക് ബീര്‍ബലിനോട് നല്ല അസൂയയായിരുന്നു. ബീര്‍ബലിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം. അതിനായി ഊഴവും കാത്ത് അയാളിരുന്നു. ഒരിക്കല്‍ രാജാവിന്റെ മുടി വെട്ടുന്നതിനിടെ ബാര്‍ബര്‍ ചോദിച്ചു: അങ്ങ് താങ്കളുടെ പൂര്‍വ്വികരുടെ ക്ഷേമത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? രാജാവ് അയാളെ നോക്കി. തന്റെ ചോദ്യത്തിന് പ്രതികരിക്കുന്നുണ്ടെന്ന് മനസ്സിലായ സ്‌ന്തോഷത്തില്‍ അയാള്‍ തുടര്‍ന്നു. ആളുകളെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന മാന്ത്രികനെ എനിക്കറിയാം. അയാള്‍ വിചാരിച്ചാല്‍ അങ്ങയുടെ ഒരു പ്രതിനിധിയെ അവിടേക്കെത്തിച്ച് താങ്കളുടെ പൂര്‍വ്വികരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാം. രാജാവിന് സന്തോഷമായി. അദ്ദേഹം ഈ ചുമതല ബീര്‍ബലിനെ ഏല്‍പ്പിച്ചു. ഒരാഴ്ച കഴിഞ്ഞാണ് സ്വര്‍ഗ്ഗത്തിലേക്കുളള യാത്ര ആരംഭിക്കുന്നത്. അതിനായി ഒരു വലിയ കുഴി തയ്യാറാകുന്നുണ്ട്. അതില്‍ ഇറക്കി നിര്‍ത്തി തീകത്തിക്കുക എന്നതാണ് പ്ലാന്‍. ബീര്‍ബല്‍ തന്റെ വിശ്വസ്തരുടെ സഹായത്തോടെ ഈ കുഴിയില്‍ നിന്നും തന്റെ വീട്ടിലേക്ക് ഒരു തുരങ്കം നിര്‍മ്മിച്ചു. ചടങ്ങുനടന്ന ദിവസം നിമിഷങ്ങള്‍ക്കകം വീട്ടിലെത്തി. മാസങ്ങള്‍ക്ക് ശേഷം താടിയും മുടിയും നീട്ടിവളര്‍ത്തി രാജകൊട്ടാരത്തിലെത്തി. എന്നിട്ട് പറഞ്ഞു: ഇതുപോലെ താങ്കളുടെ മുതുമുത്തച്ഛന്മാരുടെ വരെ താടിയും മുടിയും നീണ്ടു. അവര്‍ക്കു മിടുക്കാനായ ബാര്‍ബറെ വേണം. രാജാവ് ഉത്തരവ് കൊടുത്തു: അടുത്ത ദിവസം തന്നെ ബാര്‍ബര്‍ യമപുരി പൂകി.. ശ്രേഷ്ഠമായതിനെ ഇല്ലാതാക്കാനുളള ശ്രമം ഉപേക്ഷിച്ചാല്‍ തന്നെ സമൂഹത്തില്‍ സ്വാഭാവിക നന്മകള്‍ ഉടലെടുക്കും. ആളുകളുടെ ചിന്തകള്‍ മാറും, പെരുമാറ്റ രീതി മാറും. അപരന്റെ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലുകള്‍ അവസാനിക്കും. അവിടെ നവീനആശയങ്ങളും പദ്ധതികളും രൂപപ്പെടും.. വികസനമുണ്ടാകും.. നാട് പുരോഗതിയിലേക്ക് യാത്ര ചെയ്യും.. മികവിനെ അംഗീകരിക്കാം.. മികവിനെ പ്രോത്സാഹിപ്പിക്കാം.. - ശുഭദിനം.