◾നാളെ തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. റോഡ് ഷോ നടത്തുന്ന റോഡുകള്‍ക്ക് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തേക്കിന്‍കാട് മൈതാനിയിലാണു മോദി പ്രസംഗിക്കുക. മൈതാനി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. രാവിലെ മുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലും കോളജ് റോഡിലും ഗതാഗതം നിരോധിക്കും. യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ തൃശൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല. അവധിക്കു പകരം ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ഏഴു യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പുലര്‍ച്ചെ രണ്ടു മണിയോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി വൈകിയും പ്രതിഷേധ സമരം നടത്തിയിരുന്നു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാത്രിതന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിച്ചശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
◾കണ്ണൂരില്‍ എസ്എഫ്ഐ നേതാക്കള്‍ തന്റെ കോലമല്ലേ കത്തിച്ചുള്ളു; പക്ഷേ, കണ്ണൂരില്‍ പലരെയും കൊന്നിട്ടില്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ കോലം കത്തിച്ചതില്‍ അത്ഭുതമില്ല. അവരുടെ സംസ്‌കാരമാണ് കാണിച്ചത്. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയാണ്. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിറകേ സുനാമി മുന്നറിയിപ്പുണ്ട്. തീരപ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ഒന്നരമണിക്കൂറിനിടെ 21 തുടര്‍ ഭൂചലനങ്ങളുണ്ടായി. വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തീരപ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം ചെയ്തു.
◾മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കേണ്ടെന്ന് സംഘപരിവാര്‍ തീരുമാനിച്ചിരിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാ നേതാക്കളെ ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ചെറുവിരലനക്കാത്തവരാണ് സൗഹൃദം നടിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
◾എറണാകുളത്തു നവകേരള സദസിനും മുഖ്യമന്ത്രിക്കും നേരെ കരിങ്കൊടി പ്രതിഷേധം. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് ഉച്ചയ്ക്കുശഷം നടക്കും.
◾യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനായ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ മേയര്‍ ടി.ഒ മോഹനന്‍ രാജിവച്ചു. ഇനി മേയര്‍ പദവി മുസ്ലിം ലീഗിനാണ്. ലീഗിലെ ആരെയാണു മേയറാക്കുന്നതെന്ന് തീരുമാനമായിട്ടില്ല.
◾മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം തുടരുമെന്നു എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍. കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായവര്‍ക്കു മുഖ്യമന്ത്രി പോയ ശേഷം സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ടതോടെയാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
◾കോണ്‍ഗ്രസ് ബിജെപിയുടെ ഹിന്ദുത്വത്തെ കടം വാങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അയോധ്യയിലേക്കു ക്ഷണം സ്വീകരിക്കണോ എന്നു തീരുമാനിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. നേരത്തെ തന്നെ പോകാനുള്ള തിടുക്കത്തിലാണ് കോണ്‍ഗ്രസിലെ കുറേ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. വി.എം. സുധീരന്‍ പോലും കോണ്‍ഗ്രസിനെതിരെ സംസാരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
◾കെ റെയില്‍ അപ്രായോഗികമായ പദ്ധതിയാണെന്നും കേന്ദ്രം അനുവദിച്ചാലും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉച്ചഭക്ഷണം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സതീശന്‍ പരിഹസിച്ചു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത സാമ്പത്തിക ബാധ്യതയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾പുതുവത്സര പുലരിയില്‍ നാലുഭക്തര്‍ ചേര്‍ന്ന് വഴിപാടായി അയ്യപ്പന് 18,018 നെയ്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണു ശരണ്‍ഭട്ട്, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. 20,000 നെയ്തേങ്ങയാണ് ഭക്തര്‍ എത്തിച്ചത്.
◾എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കും.
◾കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പരസ്യ പ്രസ്താവന നടത്തരുതായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്ന പരാമര്‍ശം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സതീശന്‍ പറഞ്ഞു.
◾പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും സിപിഎം നേതാവ് പി. ജയരാജന്‍. നാലു വോട്ടിനേക്കാള്‍ നിലപാടാണ് പ്രധാനം. മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പോ എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍.
◾തിരുവനന്തപുരം തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്കു ശുപാര്‍ശ. കടയ്ക്കല്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നവാസിനെതിരെയാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. ഭര്‍തൃവീട്ടുകാരുടെ ബന്ധുവാണ് ഈ പോലീസുകാരന്‍. ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെത്തുടര്‍ന്നാണ് ഷഹന ആത്ഹത്യ ചെയ്തതെന്നാണു കേസ്.
◾സംസ്ഥാനത്ത് ക്രിസ്മസ്, പുതുവത്സര സീസണില്‍ വിറ്റത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതല്‍ 31 വരെയുള്ള മദ്യ വില്‍പനയുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധിക വില്‍പനയാണ് ഇത്തവണയുണ്ടായത്. ഡിസംബര്‍ 31 നു മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയുടെ അധിക വില്‍പന. കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്ക്കോ മദ്യശാലയിലാണ്. 1.02 കോടി രൂപ. എറണാകുളം രവിപുരത്ത് 77.06 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷം രൂപയുടെ മദ്യവും വിറ്റു.
◾ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ 303 കിലോ ഗ്രാം സ്വര്‍ണം. 270 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍നിന്ന് 32 കിലോ സ്വര്‍ണം പൊലീസും പിടികൂടി.
◾ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണി. മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നാലു പേര്‍ക്കെതിരേ കേസെടുത്തു. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
◾ആറ്റിങ്ങലില്‍ പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെകൂടി അറസ്റ്റ് ചെയ്തു. അവനവഞ്ചേരി കൈപ്പറ്റി മുക്ക് കിഴക്കേവിള വീട്ടില്‍ കണ്ണന്‍ (26), വിഷ്ണു നിവാസില്‍ ശ്യാം മോഹന്‍ (28), പന്തലില്‍ വീട്ടില്‍ രാഹുല്‍ (32) എന്നിവരാണു പിടിയിലായത്.
◾കോഴിക്കോട് ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ തീപിടിത്തം. മീന്‍പിടിത്ത ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന നിരവധി ഓല ഷെഡുകള്‍ കത്തി നശിച്ചു.
◾പുതുവല്‍സരത്തലേന്ന് പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ എത്തിയ യുവാവ് ലോഡ്ജില്‍ മരിച്ചനിലയില്‍. വൈക്കം കുലശേഖരമംഗലം സ്വദേശി മുപ്പത്തേഴുകാരനായ എസ് സനീഷാണ് മരിച്ചത്. രാത്രി തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും പുലര്‍ച്ചെ ശുചിമുറിയില്‍ തൂങ്ങി മരിച്ചെന്നുമാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ യുവതി പോലീസിനു മൊഴി നല്‍കിയത്.
◾തിരുവനന്തപുരം പാലോട് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനിയിലെ രാധാകൃഷ്ണനാണ് പിടിയിലായത്.
◾രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വിന്ദര്‍സിംഗ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദര്‍സിംഗ് സുഖു പറഞ്ഞു.
◾മണിപ്പൂരില്‍ ഏറ്റുമുട്ടലിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഥൗബലിലാണു നാല് പേര്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റു.
◾ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. കാനഡയില്‍ കഴിയുന്ന ഗോള്‍ഡി ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
◾പാലവും ട്രെയിന്‍ എന്‍ജിനും മൊബൈല്‍ ടവറുമെല്ലാം മോഷ്ടിച്ച കവര്‍ച്ചക്കാര്‍ പിന്നീടു റോഡ് മോഷ്ടിച്ചതിനു പുറമേ, ഇപ്പോള്‍ ഒരു തടാകംതന്നെ മോഷ്ടിച്ചിരിക്കുന്നു. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം. നാട്ടുകാര്‍ മീന്‍ പിടിക്കാനും മറ്റും ഉപയോഗിച്ചിരുന്ന തടാകമാണ് ഒറ്റ രാത്രികൊണ്ടു കാണാതായത്. മണ്ണിട്ടു നികത്ത് അതിനു മുകളില്‍ ഒരു കുടിലും കെട്ടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
◾നോബല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിനെ ആറു മാസം തടവു ശിക്ഷയ്ക്കു വിധിച്ച് ബംഗ്ലാദേശ് കോടതി. തൊഴിലാളികള്‍ക്കു ക്ഷേമഫണ്ട് നടപ്പാക്കാതെ തൊഴില്‍ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ശിക്ഷ. ഗ്രാമീണ്‍ ടെലികോമിലെ മൂന്നു സഹപ്രവര്‍ത്തകരേയും ശിക്ഷിച്ചിട്ടുണ്ട്.
◾ഇസ്രയേല്‍ യുദ്ധം തെക്കന്‍ ഗാസയിലേക്കു മാറ്റുന്നു. വടക്കന്‍ ഗാസയിലെ ജനവാസകേന്ദ്രങ്ങളില്‍പോലും ആക്രമണം നടത്തിയ ഇസ്രയേല്‍ സൈന്യത്തെ തിരിച്ചുവിളിച്ച് തെക്കന്‍ മേഖലയില്‍ വിന്യസിപ്പിക്കും. ഗാസയിലെ പോരാട്ടം ദീര്‍ഘകാലത്തേക്കുള്ളതാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.
◾അര്‍ജന്റീനക്ക് 2022-ലെ ഫുട്ബോള്‍ ലോകകപ്പടക്കം നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിക്ക് ആജീവനാന്ത ആദരമൊരുക്കാനൊരുങ്ങി അര്‍ജന്റീന. മെസ്സി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപിയ വ്യക്തമാക്കിയത്. 2002ല്‍ മറഡോണയോടുള്ള ആദര സൂചകമായി പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നുമുതല്‍ 23 വരെയുള്ള നമ്പറുകള്‍ നിര്‍ബന്ധമായും താരങ്ങള്‍ക്ക് നല്‍കണമെന്ന ഫിഫ നിയമം കാരണം നടന്നില്ല. മെസി വിരമിക്കുമ്പോള്‍ ഫിഫ നിയമം അര്‍ജന്റീന ഏങ്ങനെ മറികടക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
◾ചരക്ക് സേവന നികുതിയായി കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാള്‍ 12 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. നവംബറില്‍ കേരളത്തിലെ ജി.എസ്.ടി പിരിവ് 2,515 കോടി രൂപയായിരുന്നു. 2022 നവംബറിലെ 2,094 കോടി രൂപയേക്കാള്‍ 20 ശതമാനം അധികമായിരുന്നുവിത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി 2,000 കോടി രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ നിന്നുള്ള നികുതി പിരിവ്. ദേശീയ തലത്തിലെ ജി.എസ്.ടി പിരിവ് ഡിസംബറില്‍ 1.64 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ കുറഞ്ഞ നിലയാണിത്. എന്നാല്‍ 2022 ഡിസംബറിലെ 1,.49 ലക്ഷം കോടി രൂപയേക്കാള്‍ 10.3 ശതമാനം കൂടുതലാണിത്. നവംബറിലിത് 1.67 ലക്ഷം കോടിയും ഒക്ടോബറില്‍ 1.72 ലക്ഷം കോടി രൂപയുമായിരുന്നു. തുടര്‍ച്ചയായ ഏഴാം മാസമാണ് ജി.എസ്.ടി കളക്ഷന്‍ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്. 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മൊത്തം ജി.എസ്.ടി പിരിവ് മുന്‍ വര്‍ഷത്തെ സമാന കാലയളവിലെ 13.4 ലക്ഷം കോടി രൂപയേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ 14.97 ലക്ഷം കോടി രൂപയായി. ശരാശരി പ്രതിമാസ ജി.എസ്.ടി പിരിവ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ 9 മാസക്കാലയളവില്‍ 1.66 ലക്ഷം കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ സമാന കാലയളവിലിത് 1.49 ലക്ഷം കോടി രൂപയായിരുന്നു. എറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി ഡിസംബറിലും മഹാരാഷ്ട്ര തുടരുകയാണ്. 14 ശതമാനം വളര്‍ച്ചയോടെ 26,514 കോടി രൂപയാണ് മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്. കര്‍ണാടക (11,759 കോടി രൂപ), തമിഴ്‌നാട് (9,888 കോടി രൂപ), ഗുജറാത്ത് (9,874 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍. വെറും നാല് കോടി രൂപയുമായി ലക്ഷദ്വീപാണ് പിന്നില്‍. 28 കോടി രൂപ പിരിവുമായി ആന്‍ഡമാന്‍ നിക്കോബര്‍ ഐലന്‍ഡും 58 കോടി രൂപയുമായി ലഡാക്കും തൊട്ടടുത്തുണ്ട്.
◾ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന വിജയ് നായകനാകുന്ന ദളപതി 68ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. യൂണിഫോമില്‍ നില്‍ക്കുന്ന രണ്ട് വിജയ്യുടെയും ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. മുകളില്‍ ഒരു യുദ്ധവിമാനത്തിനൊപ്പം പിന്നില്‍ ഒരു പാരച്യൂട്ട് കിടക്കുന്നതും കാണാം. 'വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാന്‍ കഴിയും, എന്നാല്‍ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാന്‍ കഴിയില്ല' എന്ന ടാഗ്ലൈനും പോസ്റ്ററിനുണ്ട്. വെങ്കട്ട് പ്രഭുവാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സംവിധാനം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മൈക്ക് മോഹന്‍, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, യോഗി ബാബു തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ് ഇതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം ആദ്യം, സെപ്റ്റംബറില്‍, സിനിമയ്ക്കായി തന്റെ ശരീരത്തിന്റെ 3ഡി സ്‌കാന്‍ എടുക്കാന്‍ താരം ലോസ് ഏഞ്ചല്‍സിലേക്ക് പോയി. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനി ആണ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
◾പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം സലാര്‍ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. കെജിഎഫ് എന്ന വമ്പന്‍ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് എത്തിയപ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്ക്കുകയാണ് സലാറിന്റെ വിജയം. പ്രഭാസിന്റെ സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 625 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ബംഗ്ലൂരു സിറ്റിയിലെ ഒരു റെക്കോര്‍ഡില്‍ ചിത്രം രണ്ടാം സ്ഥാനത്താണെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ വമ്പ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുതിയ റെക്കോര്‍ഡുകള്‍. മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകന്‍ പ്രഭാസ് ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
◾2023 ഡിസംബറില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്ക് 2023-ല്‍ രാജ്യത്ത് അവതരിപ്പിച്ച പുതിയ നിഞ്ച ഇസെഡ്എക്സ്-6ആര്‍ അവതരിപ്പിച്ചുകൊണ്ട് കവാസാക്കി ഇന്ത്യ 2024-ന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ടു . ഈ റേസിംഗ് സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ 11.09 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) രാജ്യത്ത് അവതരിപ്പിച്ചു. ജാപ്പനീസ് ഇരുചക്രവാഹന ഭീമന്റെ വില്‍പ്പനയിലുള്ള മറ്റ് നിഞ്ച സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളുകള്‍ക്ക് സമാനമായ ഒരു പരിഷ്‌കരിച്ച ഡിസൈന്‍ ഇതിന് ലഭിക്കുന്നു. കാവസാക്കിയുടെ സിഗ്നേച്ചര്‍ സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇതിലുണ്ട്, അത് ബൈക്കിന് മികച്ച രൂപം നല്‍കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാന്‍ഡേര്‍ഡായി സമ്പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി സ്‌ക്രീന്‍ പോലുള്ള സവിശേഷതകളും ഇതിലുണ്ട്. എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, കവാസാക്കിയുടെ ഈ മസ്‌കുലര്‍ ലുക്കിംഗ് സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് 636 സിസി ഇന്‍ലൈന്‍-4 എഞ്ചിനില്‍ നിന്ന് പവര്‍ ലഭിക്കുന്നു. എന്നിരുന്നാലും, ഈ എഞ്ചിന്‍ ഇപ്പോള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങളുമായി വരുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ക്വിക്ക്-ഷിഫ്റ്ററാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്, ഇത് പരമാവധി 128 ബിഎച്പി കരുത്തും 69എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് എത്തുന്നത്.
◾ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവല്‍. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയില്‍ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടില്‍ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാന്‍ വിധിക്കപ്പെട്ടവര്‍. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങള്‍ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവല്‍. 'ഋതുഭേദങ്ങളുടെ പാരിതോഷികം'. പി പത്മരാജന്‍. ഡിസി ബുക്സ്. വില 180 രൂപ.
◾ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകള്‍ പടര്‍ത്തുന്നതാണ് ഡെങ്കിപനി. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയ്ക്കുന്നു. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. അവ അറിയാം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. ശരീരത്തിലെ ഒപ്റ്റിമല്‍ തലത്തില്‍ കോശങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാന്‍ ഈ പോഷകം ആവശ്യമാണ്. മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി 12 സഹായിക്കും. അതിന്റെ കുറവ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ബി 12 സാധാരണയായി മുട്ട, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഉത്പാദനത്തെ ഇരുമ്പ് പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകള്‍, മാതളനാരങ്ങ, പയര്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. വിറ്റാമിന്‍ സി സമ്പന്നമായ ഭക്ഷണം പ്ലേറ്റ്‌ലെറ്റിന്റെ പ്രവര്‍ത്തനത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഇരുമ്പ് ആഗിരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കുന്നു. മാമ്പഴം, ബ്രോക്കോളി, പൈനാപ്പിള്‍, തക്കാളി, കുരുമുളക്, കോളിഫ്‌ളവര്‍, നെല്ലിക്ക എന്നിവ കഴിക്കുന്നത് നല്ലതാണ്. വീറ്റ് ഗ്രാസ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് യൂണിവേഴ്സല്‍ ഫാര്‍മസി ആന്‍ഡ് ലൈഫ് സയന്‍സ' സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ അച്ഛനോട് ചോദിച്ചു: തിന്മ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നല്ലേ അച്ഛന്‍ പറഞ്ഞത്. പക്ഷേ, അവരെല്ലാവരും ജീവിതം ആഘോഷമാക്കുന്നത് കണ്ടില്ലേ.. അപ്പോള്‍ അഛ്ഛന്‍ പറഞ്ഞു: പശുവിന് തീറ്റകൊടുത്താല്‍ അപ്പോള്‍ തന്നെ പാല്‍ ലഭിക്കുമോ ? നമ്മള്‍ വിതക്കുന്ന വിത്ത് അപ്പോള്‍ തന്നെ വിളവാകുമോ? ഇല്ലെന്ന് മകന്‍ തലയാട്ടി. അച്ഛന്‍ തുടര്‍ന്നു: അതുപോലെ കുറ്റം ചെയ്യുന്നവര്‍ അപ്പോള്‍ തന്നെ ശിക്ഷിക്കപ്പെടുമെന്ന് നിര്‍ബന്ധമില്ല. കാലം തീരുമാനിക്കുന്ന സമയത്തേ, നന്മകള്‍ക്കായാലും തിന്മകള്‍ക്കായാലും പ്രതിഫലം ലഭിക്കൂ.. കര്‍മ്മഫലങ്ങള്‍ക്ക് നാം കാത്തിരുന്നേ മതിയാകൂ.. അത് നല്ലത് ചെയ്താലും ചീത്ത ചെയ്താലും. നാം വിതറുന്നത് സുകൃതങ്ങളും സത്കര്‍മ്മങ്ങളുമാണെങ്കില്‍ വളരുന്നതും വ്യാപിക്കുന്നതും നന്മയായിരിക്കും.. മറിച്ച് നാം നടുന്നത് കൊള്ളരുതാത്തതും വിനാശകരവുമാണെങ്കില്‍ അത് കായ്ക്കുന്നതും പരക്കുന്നതും നികൃഷ്ടമായതായിരിക്കും.. എന്തായാലും അനുയോജ്യമായ സമയത്ത് പ്രവൃത്തികള്‍ക്കെല്ലാം പ്രതിപ്രവര്‍ത്തനം സംഭവിക്കും. തിരിച്ചുകിട്ടുമെന്ന് കരുതി ചെയ്യുന്ന നന്മയും ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി ചെയ്യുന്ന തിന്മയും ഒരു പോലെ അശുദ്ധമാണ്. ദൃശ്യമായ കര്‍മ്മം മാത്രമല്ല, അദൃശ്യമായ ലക്ഷ്യവും ഇവിടെ പ്രസക്തമാണ്. നാം തൊടുത്തുവിടുന്നതെല്ലാം അതേ വീര്യത്തില്‍ തിരിച്ചുവരുമെന്ന സാമാന്യബോധം ഉണ്ടെങ്കില്‍ നശീകരണശേഷിയുള്ള കര്‍മ്മങ്ങള്‍ക്ക് ആരും മുതിരുകയേയില്ല. അവനവനും അന്യനും ഉപകരിക്കുന്ന കര്‍മ്മങ്ങള്‍ തുടരുക... അതിന്റെ നന്മ തനിയേ നമ്മിലേക്ക് എത്തിക്കൊള്ളം - ശുഭദിനം.