◾ഓരോ ബൂത്തും നേടിയാല്‍ സംസ്ഥാനം നേടാമെന്ന് ബിജെപി 'ശക്തികേന്ദ്ര പ്രമുഖരു'ടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി മറൈന്‍ ഡ്രൈവിലെ സമ്മേളനത്തില്‍ 'പ്രിയപ്പെട്ട പ്രവര്‍ത്തകരേ, നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡി'യെന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ച അദ്ദേഹം, മോദി ഗ്യാരന്റി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയതു സേവനത്തിനാണെന്നു തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജിക് ഹാജരാക്കിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. തടവു ശിക്ഷയും പിഴയും കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾'പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ' ന്ന് കേസുകളില്‍ ജാമ്യം നേടി ജയില്‍ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇനിയും ജയില്‍ നിറയ്ക്കും. തന്റെ അമ്മ ഉള്‍പ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാത്രി ഒമ്പതോടെ പൂജപ്പുര ജയിലില്‍നിന്നു പുറത്തുവന്ന രാഹുലിനെ സ്വീകരിക്കാന്‍ നൂറുകണക്കിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് തുടങ്ങിയവരും എത്തിയിരുന്നു.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കും. ജനകീയ പ്രകടനപത്രികയാണു തയാറാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
◾വനം വകുപ്പിന്റെ ഗോഡൗണുകളിലെ സ്‌ട്രോംഗ് റുമുകളില്‍ സുക്ഷിച്ചിരിക്കുന്ന നൂറു കിലോയോളം ആനക്കൊമ്പുകള്‍ തീയിട്ട് നശിപ്പിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകള്‍ കൈമാറ്റം ചെയ്യുന്നതു കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ആനക്കൊമ്പുകള്‍ കത്തിച്ചു കളയാമെന്ന വനം വകുപ്പിന്റെ ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകാരിച്ചത്.
◾കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതമാണ് തുടങ്ങുക.
◾സംസ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ അഞ്ചു ലക്ഷം പേര്‍ക്കു ജോലി കിട്ടി. എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നു രാജീവ് പറഞ്ഞു.
◾കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്‌റ്റ്വെയര്‍ ഒരുക്കി അഡ്മിനിസ്ട്രേഷന്‍ കമ്പ്യൂട്ടറൈസ് ചെയ്യും. യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
◾സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി. ജ്യോതി ബസു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ആളാണ് മോദിയെ സ്വീകരിച്ചത്. സിപിഎമ്മും ബിജെപിയും തമ്മില്‍ തെരഞ്ഞടുപ്പ് അന്തര്‍ധാരയുണ്ട്. കേരളത്തില്‍ നിന്നൊരു ബിജെപി എംപിയെ ഡല്‍ഹിക്ക് അയക്കാന്‍ കൂട്ടുനില്‍ക്കുകയാണ് പിണറായിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
◾സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് മുപ്പതു മിനിറ്റിനകം കൈമാറിയെന്ന് തദ്ദേശവികസന വകുപ്പ് മന്ത്രി എംബി രാജേഷ്. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിരുന്നു. മുപ്പത് മിനുട്ടില്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. കെ സ്മാര്‍ട്ടിലൂടെ സേവനങ്ങള്‍ എത്ര വേഗത്തിലാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
◾എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ പാവനമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ കുറിപ്പ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ മോദിക്ക് ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമ്മാനിച്ചിരുന്നു.
◾കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫും. ബിജെപി നേതാക്കളാണ് ജോസഫിനെ യോഗത്തിലേക്കു ക്ഷണിച്ചത്. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.
◾പൂന്തുറയില്‍ തീരശോഷണം തടയാന്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ട നിര്‍മാണം തുടങ്ങുന്നു. പൂന്തുറ പള്ളി മുതല്‍ ചെറിയമുട്ടം വരെ 700 മീറ്റര്‍ നീളത്തിലാണു ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. നേരത്തെ പൂന്തുറയില്‍ 100 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് സ്ഥാപിച്ചിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ 15 മീറ്റര്‍ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളില്‍ മണല്‍ നിറച്ച് സ്ഥാപിച്ചാണ് നിര്‍മാണം. 20 കോടി രൂപ ചെലവില്‍ അഞ്ചു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
◾വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പുറത്തു വന്നത് നിര്‍ണായക വിവരങ്ങളാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
◾സിഎസ്ബി ബാങ്ക് നാലാഞ്ചിറ ശാഖയില്‍നിന്ന് 215 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷിടിച്ച കേസില്‍ അറസ്റ്റിലായ ബാങ്ക് മാനേജര്‍ ചേര്‍ത്തല സ്വദേശി എച്ച് രമേശ് (31) പണം തുലച്ചത് ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയാണെന്ന് പോലീസ്. സ്വര്‍ണം ഈടുവയ്ക്കാതെ വ്യാജ അക്കൗണ്ടുകളിലൂടെ 51 ലക്ഷം രൂപ വായ്പയെടുത്താണ് ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചിരുന്നത്.
◾ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ജനുവരി 26-ന് നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചവരും പ്രതിരോധ - വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീര്‍ഗാഥ മത്സര വിജയികളും അടക്കമുള്ളവര്‍ക്കാണു ക്ഷണം. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി പതിനയ്യായിരം പേരെയാണു ക്ഷണിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരും പ്രത്യേക ക്ഷണിതാക്കളാണ്.
◾വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മലപ്പുറം ഡി.എഫ്.ഓ ടി അശ്വിന്‍ കുമാറിനെ താക്കീതു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മരിച്ച വനപാലകനായ സുനില്‍കുമാറിന്റെ മൃതദേഹം ഡി.എഫ്.ഓ ഓഫീസിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നല്‍കാത്തതിനാണു താക്കീതു ചെയ്തത്.
◾ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണന്റെ നാല്‍പതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി കൗശല്‍ ഷായെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി. മറ്റൊരു കേസില്‍ ജയിലില്‍ ആയിരുന്ന പ്രതിയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം ഡല്‍ഹിയിലെ ജയിലിലേക്ക് അടുത്തയാഴ്ച പോകും.
◾പട്ടയം ആവശ്യപ്പെട്ടു നവകേരള സദസില്‍ നല്‍കിയ പരാതിക്കും പരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നില്‍ അനിശ്ചിത കുത്തിയിരിപ്പ് സമരവുമായി 75 വയസുകാരി. അയല്‍വാസികളായ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ തന്റെ സ്ഥലം കൈയേറിയെന്ന് ആരോപിച്ചാണ് കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണി സമരം ആരംഭിച്ചത്.
◾കോഴിക്കോട് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. 2018 സെപ്റ്റംബര്‍ രണ്ടിനു നടന്ന സംഭവത്തില്‍ തെളിവുകളില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
◾ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കീഴടങ്ങാന്‍ നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികള്‍ രണ്ടാഴ്ചയ്ക്കകം ജയിലിലേക്കു തിരികെ പോകണമെന്ന് ജനുവരി എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
◾രാമാനന്ദ് സാഗറിന്റെ പ്രശസ്തമായ ടിവി സീരിയല്‍ 'രാമായണ'ത്തില്‍ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിച്ച അരുണ്‍ ഗോവില്‍, ദീപിക ചിഖ്ലിയ, സുനില്‍ ലാഹ്രി എന്നിവര്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി. 'ഹമാരേ റാം ആയേംഗേ' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം അയോധ്യയില്‍ ചിത്രീകരിക്കാന്‍ എത്തിയ ഇവര്‍ക്കു വന്‍ സ്വീകരണമാണു ലഭിച്ചത്.
◾തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കും. ജോഡോ ന്യായ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മതസൗഹാര്‍ദ റാലി നയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
◾ബംഗാളിലെ സന്ദേശ് ഖാലി ഗ്രാമത്തില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പോലീസും സിബിഐയും ഉള്‍പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ കല്‍ക്കത്ത ഹൈക്കോടതി നിയമിച്ചു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
◾ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എക്സ്പ്രസ് ഹൈവേയില്‍ അജ്ഞാത മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. പൊലീസ് റോഡില്‍നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും ഒരു വിവരവും ലഭിച്ചിട്ടില്ല.
◾മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചതുമൂലം പാതിവഴിയില്‍ വിമാനം തിരികെ പറന്നു. കടിച്ച അമ്പത്തഞ്ചുകാരനായ അമേരിക്കന്‍ പൗരന്‍ പിടിയിലായി. ടോക്കിയോയില്‍ നിന്ന് അമേരിക്കയിലേക്കു പറക്കുകയായിരുന്ന ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നാണു യാത്രക്കാരന്‍ പൊലീസിനു നല്‍കിയ മറുപടി.
◾ടൈ ആയതിനെ തുടര്‍ന്ന് രണ്ടു തവണ സൂപ്പര്‍ ഓവറുകള്‍ കളിച്ച അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും അത്യന്തം ആവേശകരമായ ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 22 ന് 4 എന്ന നിലയില്‍ നിന്ന് 69 പന്തില്‍ 121 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും 39 പന്തില്‍ 69 റണ്‍സ് നേടിയ റിങ്കു സിംഗിന്റേയും മികവില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റേയും ഇബ്രാഹിം സര്‍ദാന്റേയും ഗുല്‍ബാദിന്‍ നെയ്ബിന്റേയും അര്‍ദ്ധസെഞ്ച്വറികളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മത്സരം ടൈ ആയതിനെ തുടര്‍ന്ന് എറിഞ്ഞ ആദ്യത്തെ സൂപ്പര്‍ ഓവറും 16 റണ്‍സെടുത്ത് ടൈ ആയതോടെ രണ്ടാമത്തെ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങി. രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം കളിച്ച ഇന്ത്യ 11 റണ്‍സ് നേടി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.
◾പൂനെ ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര നടപ്പുവര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 33.61 ശതമാനം കുതിപ്പോടെ 1,036 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 775 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 4,770 കോടി രൂപയില്‍ നിന്ന് 5,851 കോടി രൂപയായും വര്‍ധിച്ചു. പ്രവര്‍ത്തന ലാഭം 1,580 കോടി രൂപയില്‍ നിന്ന് 27.32 ശതമാനം ഉയര്‍ന്ന് 2,012 കോടി രൂപയായി. കഴിഞ്ഞപാദത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റ പലിശ വരുമാനം 24.6 ശതമാനം മെച്ചപ്പെട്ട് 2,465 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 1,980 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള ബാങ്കിന്റെ പലിശവരുമാനവും നിക്ഷേപങ്ങളിന്മേലുള്ള പലിശച്ചെലവും തമ്മിലെ അന്തരമാണ് അറ്റ പലിശ വരുമാനം. മൊത്തം നിഷ്‌ക്രിയ ആസ്തി 2.19 ശതമാനത്തില്‍ നിന്ന് 2.04 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.23 ശതമാനത്തില്‍ നിന്ന് 0.22 ശതമാനത്തിലേക്കും താഴ്ന്നതും മികച്ച ലാഭം കുറിക്കാന്‍ ബാങ്കിന് സഹായകമായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 582 കോടി രൂപയില്‍ നിന്ന് 943 കോടി രൂപയായി കഴിഞ്ഞപാദത്തില്‍ വര്‍ധിച്ചിട്ടും മികച്ച ലാഭം നേടാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
◾പൃഥ്വിരാജിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. പൃഥ്വിരാജിന്റെ വിസ്മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. കണ്ണീര്‍ വറ്റിയ ഒരു ദുരിതാനുഭവങ്ങളാണ് ചിത്രത്തിന്റെ ലുക്കില്‍ പ്രകടമാകുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മൊത്തത്തില്‍ ആ നോട്ടത്തിലുണ്ട് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. കഠിനമായ പരിശ്രമമാണ് പൃഥ്വിരാജ് ബ്ലസിയുടെ ചിത്രത്തിനായി നടത്തിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരെ മെലിഞ്ഞ ലുക്കിലും താരത്തെ ചിത്രത്തില്‍ കാണാനാകും. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' സിനിമ ബ്ലസ്സി ഒരുക്കുന്നത്. റിലീസ് ഏപ്രില്‍ 10ന് ആയിരിക്കും. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും.
◾മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ഒരിടവേളക്കുശേഷം നിര്‍മ്മാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി, ഇന്‍സ്പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചയ്ക്കാര് മണി കെട്ടും, ബല്‍റാം ഢട താരാദാസ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ലിബര്‍ട്ടി ബഷീറിന്റെ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്. നിര്‍മ്മാണം കൂടാതെ വിതരണ രംഗത്തും സജീവമായിരുന്ന കമ്പനിയാണ് ഇത്. കാഴ്ച, ബഡാ ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തത് ഇവരായിരുന്നു. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ബല്‍റാം ഢട താരാദാസ് ആണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ടത്. 'പഞ്ചായത്ത് ജെട്ടി' എന്ന ചിത്രത്തിലൂടെയാണ് ഈ ബാനര്‍ നിര്‍മ്മാണ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോള്‍ പഞ്ചായത്ത് ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തുവരികയും ചെയ്യുന്ന മണികണ്ഠന്‍ പട്ടാമ്പി- സലിം ഹസന്‍ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ഒരു ചിത്രം നിര്‍മ്മിക്കണമെന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നതെന്ന് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ചിത്രത്തിന്റെ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
◾ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍ 7-സീറ്റര്‍ എസ്യുവിയെ വെളിപ്പെടുത്തി. ഈ പുതിയ ആഗോള മോഡലിന്റെ ഉത്പാദനം കമ്പനിയുടെ ജര്‍മ്മനി, ചൈന, മെക്സിക്കോ എന്നിവിടങ്ങളിലെ സൗകര്യങ്ങളില്‍ കേന്ദ്രീകൃതമായിരിക്കും. ആഗോള വിപുലീകരണത്തിന്റെ ഭാഗമായി, ടെയ്‌റോണ്‍ 2025-ല്‍ സികെഡി (കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍) കിറ്റായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസിന്റെ പിന്‍ഗാമിയായി ഇത് സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയന്‍ എന്നിവയുമായി നേരിട്ട് മത്സരിക്കും. പ്രാരംഭ വിപണി ലോഞ്ച് ചൈനയില്‍ നടക്കും. 1.5ലി പെട്രോള്‍ എഞ്ചിന്‍, ഒരു ഇലക്ട്രിക് മോട്ടോര്‍, 19.7കിലോവാട്ട്അവര്‍ ബാറ്ററി പാക്ക്, 6-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ്, 2ഡബ്ളിയുഡി സജ്ജീകരണം എന്നിവ ഉള്‍ക്കൊള്ളുന്ന രണ്ട് പെട്രോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ എസ്യുവി വാഗ്ദാനം ചെയ്യും. ടെയ്‌റോണിന്റെ മൊത്തത്തിലുള്ള പ്രീമിയം ഫീലും ആകര്‍ഷണീയതയും ഉയര്‍ത്തുന്ന, കണ്‍ട്രോള്‍ പാനല്‍, പുതിയ എയര്‍ വെന്റുകള്‍, ഇല്യൂമിനേറ്റഡ് ട്രിം ഘടകങ്ങള്‍ എന്നിവയുള്ള പുതുതായി രൂപകല്‍പന ചെയ്ത ഡാഷ്‌ബോര്‍ഡ് ഉള്‍പ്പെടുന്നതാണ് ശ്രദ്ധേയമായ ഇന്റീരിയര്‍ ഫീച്ചറുകള്‍.
◾ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത്? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില്‍ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്ത് ഈ നോവല്‍ പൂര്‍ണമാകുന്നു. 'ഏറ്റവും പ്രിയപ്പെട്ട എന്നോട്'. നിമ്ന വിജയ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. അഞ്ചാം പതിപ്പ്. വില 288 രൂപ.
◾ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ കാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്റെ വര്‍ദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങള്‍. വന്‍കുടല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിലെ ഏഴാമത്തെ അര്‍ബുദമാണ് വന്‍കുടല്‍ കാന്‍സറെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. വന്‍കുടലിലോ മലാശയത്തിലോ ഉള്ള ട്യൂമര്‍ എന്ന അസാധാരണ വളര്‍ച്ച കാന്‍സറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തത് രോഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു. വന്‍കുടല്‍ കാന്‍സറിന്റെ നാല് ലക്ഷണങ്ങള്‍ രോഗം നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന് സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വയറുവേദന, മലാശയ രക്തസ്രാവം, വയറിളക്കം, ഇരുമ്പിന്റെ കുറവ് വിളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു എന്‍ജിനീയറായിരുന്നു. വലിയൊരു പാലം പണിയുക എന്നത് അയാളുടെ സ്വപ്നവുമായിരുന്നു. അങ്ങനെയിരിക്കെ ന്യൂയോര്‍ക്കിലെ ഈസ്റ്റ നദിക്ക് കുറുകെ ഒരു പാലം പണിയുക എന്ന ജോലി അയാളെ തേടിയെത്തി. അയാള്‍ തന്റെ സഹഎന്‍ജിനീയര്‍മാരോട് പാലത്തെക്കുറിച്ചുള്ള തന്റെ ഐഡിയ പറഞ്ഞു. അദ്ദേഹത്തിന്റെ മകനും ഒരു എന്‍ജിനീയറായിരുന്നു. ഇത് കേട്ട എന്‍ജിനീയര്‍മാരെല്ലാം ഈ ആശയം നിരസിച്ചു. ഇത് നടക്കാത്തകാര്യമാണ്. ഇതിന് വേണ്ടി സമയം കളയേണ്ടതില്ല. അവര്‍ ഉപദേശിച്ചു. പക്ഷേ, അയാള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവസാനം അയാളുടെ മകന്‍ അദ്ദേഹത്തോടൊപ്പം നിന്നു. പണി നടക്കുന്നതിനിടെ പാലത്തിനുടുത്തുള്ള ഒരു കമ്പിയില്‍ അയാളുടെ കാല്‍ വിരലുകള്‍ മുറിയുകയും രണ്ട് വിരലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ശരീരമാസകലം അണുബാധയുണ്ടായി അയാള്‍ മരിക്കുകയും ചെയ്തു. അയാളുടെ ജോലി മകന്‍ ഏറ്റെടുത്തു. പക്ഷേ, വിശ്രമമില്ലാത്ത ജോലി മകന് സമ്മാനിച്ചത് സ്‌ട്രോക്ക് ആയിരുന്നു. ശരീരത്തില്‍ ആകെ ഒരു വിരല്‍ മാത്രമാണ് അനക്കാന്‍ ആകുമായിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട പാലത്തിന്റെ ജോലി പാതി വഴിയില്‍ മുടങ്ങി. മാത്രമല്ല, ആ പാലം പൊളിച്ചുനീക്കുന്നു എന്ന വാര്‍ത്തയും മകനെ തേടിയെത്തി. തളര്‍ന്ന ശരീരത്തിനുളളിലെ മനസ്സ് തളരാതെ അയാള്‍ നോക്കി. ആകെ അനങ്ങിയിരുന്ന വിരലുകൊണ്ട് തന്റെ ഭാര്യയോട് അയാള്‍ സംവദിച്ചു. അവര്‍ക്കിടയില്‍ ഒരു ഭാഷ തന്നെ രൂപപ്പെട്ടു. ഭര്‍ത്താവ് പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഭാര്യ എന്‍ജിനിയേഴ്‌സിനേയും ജോലിക്കാരേയും അറിയിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നീണ്ട 11 വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ട് 5989 അടി ഉയരമുളള ബ്രൂക്കിലിന്‍ബ്രിഡ്ജ് കിഴക്കന്‍ നദിയുടെ മുകളില്‍ തലയെടുപ്പോടെ ഉയര്‍ന്നു. ഒരിക്കലും സാധ്യമാകില്ല എന്ന പാലമാണ് അവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തലകുനിച്ചത്. പ്രശ്‌നങ്ങളുടെ ശക്തിയേക്കാള്‍ മനസ്സിന്റെ ശക്തിയില്ലായ്മയാണ് പലപ്പോഴും തടസ്സങ്ങളുടെ മുന്നില്‍ തലകുനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നമുക്ക് സ്വപ്നം കാണാന്‍ കഴിയുമെങ്കില്‍ അത് നടപ്പിലാക്കാനും സാധിക്കും എന്ന നിശ്ചയദാഢ്യം നമ്മെ വിജയത്തിലെത്തിക്കുക തന്നെ ചെയ്യും - ശുഭദിനം.