◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ തട്ടിപ്പു കേസില്‍ സിപിഎം 25 അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. മാപ്പു സാക്ഷിയാക്കുന്ന ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മന്ത്രി രാജീവിനെതിരേ മൊഴി നല്‍കിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് ഇടപെട്ടത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വന്‍തോതില്‍ സ്വത്തു വാങ്ങിക്കൂട്ടി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഇഡി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. വൈകുന്നേരം ആറരയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് എത്തും. രാത്രി ഏഴിനു കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ റോഡ് ഷോ. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ 7.40 നു ഗുരൂവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. സുരേഷ് ഗോപിയുടെ മകളുടേതുള്‍പെടെ നാലു വിവാഹങ്ങളില്‍ പങ്കെടുക്കും. 10.15 നു ഹെലികോപറ്ററില്‍ തൃപ്രയാര്‍ ക്ഷേത്രദര്‍ശനം. പന്ത്രണ്ടിനു കൊച്ചിയിലെത്തി ഷിപ് യാര്‍ഡിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 1.30 നു മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ ഏഴായിരം ശക്തികേന്ദ്ര പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 2.35 ന് ഡല്‍ഹിക്കു മടങ്ങും. കൊച്ചിയിലും തൃശൂരിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഒന്നിച്ചു സമരം നടത്തണമെന്ന് നിര്‍ദേശിച്ചത്. മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കേന്ദ്രനയം മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിലെ വീഴ്ചയും സാമ്പത്തിക പ്രതിസന്ധിക്കു കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഫെബ്രുവരി മൂന്നിന് തൃശൂരില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തുടക്കം കുറിക്കും. തേക്കിന്‍കാട് മൈതാനയില്‍ ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു നടക്കുന്ന സമ്മേളനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള ഭാരവാഹികളും പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
◾ഡിഎ കുടിശിക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 24 നു പണിമുടക്കും. സഹകരണ വകുപ്പു ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരും.
◾മകരജ്യോതി ദര്‍ശിച്ച് പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍. തിരുവാഭരണ ഘോഷയാത്രയെ വരവേറ്റ് ദീപാരാധനയ്ക്കുശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തഞ്ഞൂറോളം പോലീസുകാരെ വിന്യസിപ്പിച്ചിരുന്നു.
◾പാട്ട കൊട്ടി ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആള്‍ദൈവങ്ങള്‍ ആദരിക്കപ്പെടുകയാണ്. മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്നു പ്രചരിപ്പിക്കുന്നു. കേരളത്തില്‍ വിദ്വേഷ രാഷ്ടീയം ഓടാത്തതിനു കാരണം ശാസ്ത്രീയ അടിത്തറയാണ്. പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലെ പ്രദര്‍ശനങ്ങള്‍ 20 ാം തീയതി മുതലാണ് ആരംഭിക്കുക.
◾സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ കഴിഞ്ഞവര്‍ഷം 201 കോടി രൂപ നഷ്ടമായെന്ന് പൊലീസ്. തിരികെ പിടിച്ചത് 20 ശതമാനം തുക മാത്രമാണ്. ആകെ 23,753 പരാതികളാണ് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 5,107 ബാങ്ക് അക്കൗണ്ടുകളും 3,289 മൊബൈല്‍ നമ്പറുകളും ബ്ലോക്ക് ചെയ്തു. പൊലീസ് പറഞ്ഞു.
◾കെ-ഫോണിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രശസ്തിക്കുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നീതിക്കു വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടെ 1500 കോടി മുടക്കിയ പദ്ധതികൊണ്ട് അഞ്ചു ശതമാനം ആളുകള്‍ക്കു പോലും ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിന് ജലലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വേണം. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക പരിഗണിക്കപ്പെടണം. സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പഠനം നടത്തണം. മന്ത്രി പറഞ്ഞു.
◾അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റേതാണെന്ന വ്യാജേന പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഡിജിപിക്കു പരാതി നല്‍കി. നമോ എഗെയ്ന്‍ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിലൂടെയാണ് മതസ്പര്‍ധയുണ്ടാക്കുന്ന വ്യാജപ്രചാരണമെന്നു പരാതിയില്‍ പറയുന്നു.
◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി പി രാജീവ്. തെരെഞ്ഞെടുപ്പ് വരികയല്ലേ ഇനിയും പലതും വരും. കെ ഫോണില്‍ കെല്‍ട്രോണിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
◾എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ -കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പട്ടികകൊണ്ട് അടിയേറ്റു പരിക്കേറ്റ മൂന്ന് കെഎസ്യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
◾തൃശൂര്‍ വെങ്കിടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തിലെ പ്രതാപന്റെ പേര് പ്രതാപന്‍ തന്നെ ഇടപെട്ട് മായ്പിച്ചു. ചിഹ്നം മാത്രം എഴുതാനാണ് പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും പ്രതാപന്‍ അറിയിച്ചു.
◾പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയില്‍ ഇരുമ്പു കോണി ഉപയോഗിച്ചു കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് ദമ്പതികളില്‍ ഭാര്യ മരിച്ചു. സുധാമണി എന്ന അമ്പത്തഞ്ചുകാരിയാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ക്ഷേത്രം ട്രസ്റ്റ്. പ്രതിഷ്ഠക്കു മുന്നോടിയായുള്ള ചടങ്ങുകള്‍ ഇന്ന് ആരംഭിക്കും. 22 ന് ഉച്ചയ്ക്ക് 12.20 നാണ് വിഗ്രഹ പ്രതിഷ്ഠ. 200 കിലോയോളമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ തൂക്കം. പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് നേതൃത്വം നല്‍കും.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുമ്പേ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ സരയൂ നദിയില്‍ സ്നാനം ചെയ്ത് രാമക്ഷേത്രം സന്ദര്‍ശിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് സംഘം അയോധ്യയിലെത്തിയത്. ദീപേന്ദര്‍ ഹൂഡ എംപി, പിസിസി അധ്യക്ഷന്‍ അജയ് റായ്, ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ തുടങ്ങിയവരാണ് അയോധ്യയില്‍ എത്തിയത്.
◾ശിവസേന ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബിഎസ്പിക്കു പ്രയോജനം ഉണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടതിനാലാണ് സഖ്യം വേണ്ടെന്നു തീരുമാനിച്ചതെന്ന് മായാവതി പറഞ്ഞു.
◾ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിഡുഗു രുദ്രരാജു രാജിവച്ചു. ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന വൈ.എസ്. ശര്‍മിളയെ അധ്യക്ഷയായി നിയമിച്ചേക്കും.
◾മഹാരാഷ്ട്രയില്‍ എടിഎം കൊള്ളയടിക്കാന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചതുമൂലം അകത്തുണ്ടായിരുന്ന 21 ലക്ഷം രൂപ കത്തിപ്പോയി. താനെയിലെ ഡോംബിവാലി ടൗണ്‍ഷിപ്പിലെ വിഷ്ണു നഗറിലുള്ള ദേശസാല്‍കൃത ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം. പ്രതികളെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
◾കാമുകിക്കു ജോലി കിട്ടാന്‍ പെണ്‍വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. പഞ്ചാബിലെ ഫരീദ്കോട്ടിലെ ഫസില്‍കയില്‍ നിന്നുള്ള അംഗ്രേസ് സിംഗാണ് പിടിയിലായത്. കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നടത്തിയ പരീക്ഷയിലാണു കാമുകി പരംജിത് കൗറിനുവേണ്ടി ആള്‍മാറാട്ടം നടത്തി പിടിയിലായത്.
◾അമേരിക്കന്‍ ചരക്കു കപ്പലിലേക്കു ഹൂതികളുടെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിനു മുകളില്‍ പതിച്ചു. കപ്പലില്‍ തീ പടര്‍ന്നെങ്കിലും ആളപായമില്ല. ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയിരുന്നു.
◾അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന് നാലു ലക്ഷം ഡോളര്‍ നല്‍കണമെന്ന് ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീംകോടതി ഉത്തരവിട്ടു. ടൈംസിനെതിരേ ട്രംപ് നല്‍കിയ കേസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
◾റഷ്യന്‍ ചാരവിമാനം യുക്രെയിന്‍ വെടിവച്ചിട്ടു. 2,800 കോടി രൂപയോളം വിലവരുന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്.
◾അതിര്‍ത്തിയിലുള്ള പ്യോങ്യാങ് റേഡിയോ സ്റ്റേഷന്‍ ഉത്തര കൊറിയ അടച്ചുപൂട്ടി. ദക്ഷിണ കൊറിയ ഈ റേഡിയോ സ്റ്റേഷനിലൂടെ രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നുവെന്ന് സംശയിച്ചാണ് അടച്ചുപൂട്ടിയത്.
◾2023 ലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനയുടേയും ഇന്റര്‍ മയാമിയുടെയും സൂപ്പര്‍താരമായ താരമായ ലയണല്‍ മെസിക്ക്. എട്ടാമത്തെ തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.
◾മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ മിന്നും പ്രകടനം കാഴ്ചവച്ച് കേന്ദ്ര പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 94 ശതമാനം വളര്‍ച്ചയാണ് എല്‍ഐസി നേടിയിരിക്കുന്നത്. ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം ബിസിനസില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് പിന്നില്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, എല്‍ഐസിയുടെ മൊത്തം പ്രീമിയം മുന്‍ വര്‍ഷം ഡിസംബറിലെ 11,859 കോടി രൂപയില്‍ നിന്നും, 22,981 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതേ കാലയളവിലെ ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം മുന്‍ വര്‍ഷം ഡിസംബറിലെ 5,966 കോടി രൂപയില്‍ നിന്ന് 17,601 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഡിസംബറിലെ പ്രീമിയത്തില്‍ എല്‍ഐസിയുടെ ഗ്രൂപ്പ് ബിസിനസ് വളര്‍ച്ച 43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2022 ഡിസംബറില്‍ ഇത് 26,838 കോടി രൂപയായിരുന്നു. എന്നാല്‍, 2023 ഡിസംബറില്‍ 38,583 കോടി രൂപയായാണ് ഉയര്‍ന്നത്. എല്‍ഐസിയുടെ ഉയര്‍ന്ന പ്രീമിയം വരുമാനം ഡിസംബറിലെ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ചേര്‍ന്ന് മൊത്തം 2.50 ലക്ഷം കോടി രൂപയുടെ പ്രീമിയം രേഖപ്പെടുത്തിയിട്ടുണ്ട്.
◾ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റര്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ 'പഠാന്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ബാലാകോട്ടിലെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണവും ട്രെയിലറില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ട്രെയ്‌ലറില്‍ ഹൈലൈറ്റ് മിഗ് വിമാനങ്ങളും യുദ്ധരംഗങ്ങളുമാണ്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഷംഷേര്‍ പഠാനിയ എന്ന കഥാപാത്രത്തെയാണ് ഫൈറ്ററില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോണ്‍ എത്തുന്നത്. ദീപികയ്ക്കും ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. നടന്‍ അനില്‍ കപൂറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
◾പൊങ്കല്‍ ദിനത്തില്‍ തമിഴകത്തെ ചൂടുപിടിപ്പിച്ച് വിജയ് ചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'. വെങ്കട് പ്രബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ്യുടെ ഡബിള്‍ ലുക്ക് ആണ് എത്തിയത് എങ്കില്‍ ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പോസ്റ്റര്‍. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതാണ് പശ്ചാത്തലം. നാല്‍വര്‍ സംഘം കയ്യില്‍ തോക്കേന്തി നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. ദ ഗോട്ട് ഒരു ആര്‍മി ചിത്രമാകാം എന്നതാണ് ഈ പോസ്റ്ററില്‍ നിന്നുള്ള സൂചന. ടൈം ട്രാവല്‍ ചിത്രമായാണ് ഗോട്ട് വരുന്നത്. ഇരട്ട വേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
◾ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മ്മാതാവ് മക്ലാരന്‍ 750എസ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 5.91 കോടി എക്സ്-ഷോറൂം വിലയിലാണ് ഈ സൂപ്പര്‍കാര്‍ എത്തുന്നത്. മക്ലാരന്റെ ഏറ്റവും ശക്തവും ഭാരം കുറഞ്ഞതുമായ ഓഫര്‍ എന്നാണ് കാറിനെക്കുറിച്ച് കമ്പനി അവകാശപ്പെടുന്നത്. 2023-ന്റെ തുടക്കത്തിലാണ് 750എസ് അതിന്റെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സൂപ്പര്‍കാറിന്റെ പരിമിതമായ യൂണിറ്റുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് അനുവദിച്ചിരിക്കുന്നത്. മക്ലാരന്‍ 750എസില്‍ ശക്തമായ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് 740 ബിഎച്ച്പിയും 800 എന്‍എം ടോര്‍ക്കും നല്‍കുന്നു. മണിക്കൂറില്‍ 331 കിലോമീറ്റര്‍ വേഗതയില്‍, 750എസ് മക്ലാരന്‍ നിരയിലെ ഏറ്റവും ശക്തമായ പ്രൊഡക്ഷന്‍ കാര്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നു.
◾കുമാരനാശാന്റെ കാവ്യങ്ങളില്‍ ഏറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുള്ള സീതാകാവ്യത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ, ഈ പഠനകൃതിയില്‍ അനുബന്ധമായി ചിന്താവിഷ്ടയായ സീത എന്ന കാവ്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിന്താവിഷ്ടയായ സീതയെ ആസ്പദമാക്കിയുള്ള വ്യത്യസ്തവും ഗഹനവുമായ പഠനത്തിന്റെ മാതൃഭൂമി പതിപ്പ്. 'ശരി,പാവയോയിവള്‍'. സജയ് കെ.വി. മാതൃഭൂമി ബുക്സ്. വില 170 രൂപ.
◾കോവിഡിന്റെ പുതു വകഭേദമായ ജെഎന്‍.1 മൂലം കഴിഞ്ഞ ഡിസംബറില്‍ ലോകത്താകെ 10,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നാം കഴിക്കുന്ന ഭക്ഷണത്തിന് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താനാകുമെന്നു പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും നട്‌സും അധികമുള്ളതും പാലുത്പന്നങ്ങളും മാംസവും കുറവുള്ളതുമായ ഭക്ഷണക്രമം അണുബാധയെ ചെറുക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സസ്യാധിഷ്ഠിത ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോസ്റ്റെറോളുകളും പോളിഫിനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ഇത് പ്രതിരോധ കോശങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് കോവിഡ് സാധ്യത കുറയ്ക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ആഴ്ചയില്‍ മൂന്ന് തവണയിലധികം മാംസാഹാരം കഴിക്കുന്നരുടെ കോവിഡ് സാധ്യത സസ്യാഹാരികളെ അപേക്ഷിച്ച് ഗണ്യമായി ഉയരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 702 പേരിലാണ് ഗവേഷണം നടത്തിയത്. മിശ്രഭുക്കുകള്‍ക്ക് കോവിഡ് സാധ്യത 52 ശതമാനമായിരുന്നപ്പോള്‍ സസ്യാഹാരികള്‍ക്ക് ഇത് 40 ശതമാനമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മിതമായത് മുതല്‍ തീവ്രമായത് വരെയുള്ള ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത മിശ്രഭുക്കുകള്‍ക്ക് 18 ശതമാനവും സസ്യാഹാരികള്‍ക്ക് 11 ശതമാനവുമാണെന്നും കണ്ടെത്തി. അമിതവണ്ണം, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കൂടുതലായി കണ്ടെത്തിയതും മിശ്രഭുക്കുകളിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതും ഇവരുടെ കോവിഡ് സാധ്യതയും ലക്ഷണങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഉദ്യോഗാര്‍ത്ഥി ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്നിലേക്ക് വന്നയുടനെ ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ ചോദിച്ചു: നിങ്ങള്‍ ഈ റൂമിന് മുന്നില്‍ ഇട്ടിരിക്കുന്ന ചവിട്ടിയില്‍ ഷൂ തുടച്ചിട്ടാണോ അകത്തേക്ക് കയറിയത്? ഉദ്യോഗാര്‍ത്ഥിക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. അയാള്‍ പറഞ്ഞു: അതെ, ഞാന്‍ വളരെ വൃത്തിയുള്ള കൂട്ടത്തിലാണ്. ശാരീരികവൃത്തി എനിക്ക് വളരെ പ്രധാനമാണ്. ഇത് കേട്ടയുടനെ ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ക്ക് പോകാം. എനിക്കിടവിടെ സത്യസന്ധരായ ആളുകളെയാണ് വേണ്ടത്. ഈ റൂമിന് മുന്നില്‍ ചവിട്ടി ഇട്ടിട്ടില്ല. അയാള്‍ തലകുനിച്ച് തിരിഞ്ഞുനടന്നു. സത്യസന്ധത എന്നത് വെറുമൊരു വാക്കല്ല.. ഈ ലോകത്ത് അവനവനോടുള്ള സത്യസന്ധതയാണ് ഏറ്റവും വലിയ സമ്പാദ്യം. ആര് കണ്ടാലും ഇല്ലെങ്കിലും അവനവനോട് നീതി പുലര്‍ത്തുക എന്നത് മാനസികബലം ഏറെ വേണ്ട ഒന്നാണ്. നിരവധിയാളുകള്‍കള്‍ക്ക് മുന്നില്‍ സത്യസന്ധരായി അഭിനയിക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ ആരുമില്ലാത്തപ്പോഴും ആ സത്യസന്ധത നിലനിര്‍ത്തുമ്പോഴാണ് നാം നമ്മോട് നീതി പുലര്‍ത്തുന്നത്. - ശുഭദിനം.