*പ്രഭാത വാർത്തകൾ*2024 ജനുവരി 15 തിങ്കൾ

◾മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15 നു മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ധാരണയായെന്നു മാലി സര്‍ക്കാര്‍ അവകാശപ്പെട്ടു. മാലിയില്‍ രണ്ടു മാസം മുമ്പു നടന്ന തെരഞ്ഞെടുപ്പിനു പിറകേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ മാലി പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനത്തിനു പിറകേയാണ് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. മാലിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് മൂന്നു വര്‍ഷംമുമ്പാണ് ഇന്ത്യന്‍ സൈന്യത്തെ മാലിയില്‍ നിയോഗിച്ചത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ സന്ദര്‍ശനത്തിനുശേഷം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് സുരക്ഷാ പരിശോധന നടത്തി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. നാളെ വൈകുന്നേരം ആറിനു കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം മോദി റോഡ് ഷോ നടത്തും. ബുധനാഴ്ച രാവിലെ എട്ടേകാലിനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തും. ഒമ്പതു മണിയോടെ ഗുരുവായൂരില്‍നിന്ന് തൃപ്രയാറിലേക്കു പോകും. പത്തിനു കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ കപ്പല്‍ റിപ്പയര്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. 11 ന് മറൈന്‍ ഡ്രൈവില്‍ ഏഴായിരം ബിജെപി ശക്തികേന്ദ്ര വോളണ്ടിയര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിച്ചശേഷം ഡല്‍ഹിക്കു മടങ്ങും.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിലെ ഥൗബലില്‍ ആവേശോജ്വലമായ തുടക്കം. നീതിക്കായുള്ള പോരാട്ടം സാവകാശം വിജയത്തിലെത്തുമെന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്ത എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മണിപ്പൂരിനെ സമാശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരമേകിയ ശേഷമാണ് യാത്ര ആരംഭിച്ചത്.

◾മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു തവണ എംഎല്‍എയും കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു. കെപിസിസി പ്രസിഡന്റായി 14 വര്‍ഷം പ്രവര്‍ത്തിച്ചു.

◾സിംഹാസനത്തില്‍നിന്ന് ഒഴിഞ്ഞുപോകൂവെന്നു വിളിച്ചു പറയുന്ന ജനം പിറകേയുണ്ടെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. സിംഹാസത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചിയറിഞ്ഞവരാണ്. തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓര്‍ക്കണം. ഓര്‍ത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടത്. എല്ലാ ഭരണാധികാരികള്‍ക്കും തന്റെ വിമര്‍ശനം ബാധകമാണ്. കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് മുകുന്ദന്‍ ഇങ്ങനെ പറഞ്ഞത്.

◾മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് എടുക്കുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട നീക്കമാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം വേണമെന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ല. പക്ഷെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

◾മകരവിളക്ക് ആഘോഷം ഇന്ന്. തിരക്ക് നിയന്ത്രിക്കുന്നതിനു വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷന്‍ നടത്തിയ 50,000 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്.

◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രതി തടവു ചാടി. മയക്കുമരുന്നു കേസില്‍ പത്തു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണു തടവു ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

◾തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറു ജില്ലകളില്‍ ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി. കെഎസ്ഇബി ഓഫീസുകള്‍ക്കും അവധിയാണ്.

◾പിണറായി വിജയന്റെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് എത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുഖാവരണം അഴിഞ്ഞു വീണു. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരും. ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യന്‍ എന്ന് വിളിച്ച എം വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

◾മാസപ്പടി കേസ് എല്‍ഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. വീണാ വിജയനു മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ആര്‍ഭാടങ്ങളും ആഘോഷങ്ങളും വെട്ടിക്കുറച്ച് പാവങ്ങളെ സഹായിക്കുകയെന്നതാണ് കത്തോലിക്ക സഭയുടെ ദൗത്യമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ അതിരൂപത തൃശൂര്‍ ബസിലിക്കയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടുമൊപ്പം ചേര്‍ന്നു നില്‍ക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

◾രാജ്യസ്നേഹത്തിന്റെ അളവുകോല്‍ ജാതിയല്ലെന്ന് ലോകായുക്തയും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റീസ് സിറിയക് ജോസഫ്. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം നല്‍കുന്ന ഭരണഘടനയാണു നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥ കേന്ദ്രത്തില്‍ ഹാര്‍മണി ഫെസ്റ്റിവല്‍ ദശവല്‍സരാഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഹാര്‍മണി പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു സമ്മാനിച്ചു.

◾സൗഹൃദം ഭാവിച്ചു ബിജെപി അടക്കമുള്ള സംഘപരിവാര്‍ ശത്രുതാ നീക്കങ്ങളാണു നടത്തുന്നതെന്ന് കെസിബിസി. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. വിരുന്നു നല്‍കി ക്രൈസ്തവരെ വശത്താക്കാന്‍ ശ്രമിക്കുന്നതു സഭകള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബഷപ്പിനെതിരേ സംഘപരിവാര്‍ മാധ്യമങ്ങള്‍ വിദ്വേഷജനകമായ നുണ പ്രചാരണം നടത്തിയിരിക്കേ, കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ ജേക്കബ് പാലക്കപ്പള്ളി എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം.

◾നെല്‍ കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍. റബ്ബറിന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വില നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി. മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

◾മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ സ്വര്‍ണ വ്യാപാരി വളമംഗലം സ്വദേശി മുഹമ്മദ് അനീസ് കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം. ബിസിനസ് പാര്‍ട്ണര്‍മാര്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും, സ്വര്‍ണവും സ്വത്തുക്കളും തട്ടിയെടുത്തെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ഇതോടെയാണു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

◾പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തി മോഷണം നടത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി മുത്തുകുമാറാണ് (26) പിടിയിലായത്. തമിഴ്നാട് വിരുതനഗര്‍ ശ്രീവിള്ളിപുത്തൂരില്‍ ചുടുകാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

◾കൊല്ലം തൊടിയൂരില്‍ ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്.

◾തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ തല പുറത്തിട്ടു സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്.

◾ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്.

◾അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ രണ്ടാഴ്ചയായിട്ടും ബന്ധുക്കള്‍ എത്തിയില്ല. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുളള മൃതദേഹം ഏറ്റെടുത്ത് അന്തിമകര്‍മങ്ങള്‍ നടത്താന്‍ ചലചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നെങ്കിലും മൃതദേഹം വിട്ടുനല്‍കിയില്ല. ജോര്‍ജിന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും.

◾കോഴിക്കോട് കളിപൊയ്കക്ക് സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 45 വയസു തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

◾രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തനിക്കു താത്പര്യമില്ലെന്നും ജോഡോ യാത്രയുടെ തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞു മാറി. എല്ലാ കക്ഷികളും അംഗീകരിച്ചെങ്കില്‍ മാത്രമേ പദവി ഏറ്റെടുക്കൂവെന്നാണ് നിതീഷ്‌കുമാറിന്റെ നിലപാട്.

◾പണി പൂര്‍ത്തിയാകാത്ത അയോധ്യാ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തരുതെന്ന് ജ്യോതിര്‍മഠ് ശങ്കരാചാര്യര്‍. ആചാര വിധികള്‍ ലംഘിച്ചു ചടങ്ങുകള്‍ നടത്തരുത്. അപൂര്‍ണമായ ക്ഷേത്രത്തില്‍ നടത്തുന്ന പ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്നും ജ്യോതിര്‍മഠ് ശങ്കരാചാര്യര്‍ അവിമുക് തേശ്വരാനന്ദ സരസ്വതി വ്യക്തമാക്കി.

◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് സമ്മാനമായി 'രാംരാജ്' നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ക്ഷേത്രത്തിന്റെ തറക്കല്ലിടലിനു കുഴിച്ചെടുത്ത മണ്ണാണ് 'രാംരാജ്'. പ്രതിഷ്ഠാ ചടങ്ങിലേക്ക് 11,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. 55 വിദേശരാജ്യങ്ങളില്‍നിന്ന് നൂറോളം വിദേശ പ്രതിനിധികളും പങ്കെടുക്കും.

◾അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. പിന്നീട് കുടുംബ സമേതം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അഖിലേഷ് കത്തില്‍ എഴുതിയിട്ടുണ്ട്.

◾മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ഷിന്‍ഡെ പക്ഷ ശിവസേനയില്‍ ചേര്‍ന്നു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണു രാജി. 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നു ദേവ്റ അറിയിച്ചു.

◾ഇന്ത്യയുടെ ബസുമതി റൈസിന് ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ 'ടേസ്റ്റ് അറ്റ്ലസ്' ലോകത്തെ ഏറ്റവും മികച്ച അരിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.

◾ഇന്‍ഡോറിലെ അനധികൃത ചില്‍ഡ്രന്‍സ് ഹോം മധ്യപ്രദേശ് സര്‍ക്കാര്‍ പൂട്ടിച്ചു. 25 പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന വിജയ് നഗറിലെ വാത്സല്യപുരം ബാലാശ്രമമാണ് സീല്‍ ചെയ്തത്.

◾മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട സ്വവര്‍ഗ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിക്കും.

◾വിമാനം വൈകിയതിനെത്തുടര്‍ന്ന് തന്നെയും മറ്റു സഹയാത്രികരെയും എയ്‌റോബ്രിഡ്ജിനുള്ളില്‍ പൂട്ടിയിട്ടെന്ന് നടി രാധിക ആപ്‌തെ. എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴിയാണ് നടി പങ്കുവച്ചത്. ഏതു വിമാനത്താവളത്തിലാണെന്നോ ഏത് ഏയര്‍ലെയിന്‍ ആണെന്നോ വെളിപ്പെടുത്തിയില്ല.

◾അതിശൈത്യം നേരിടാന്‍ വീട്ടില്‍ കല്‍ക്കരി കത്തിച്ച് താപനില മെച്ചപ്പെടുത്തുന്നതിനിടെ മുറിയില്‍ വിഷപുക നിറഞ്ഞ് ശ്വാസംമുട്ടി കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹിയിലെ ആലിപൂരിലാണ് രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചത്.

◾ദേഹാസ്വാസ്ഥ്യംമൂലം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. വത്തിക്കാനില്‍ വിദേശ വൈദികരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ തൊണ്ടവേദനമൂലം പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂര്‍ത്തിയാക്കാനാകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം നിര്‍ത്തിയത്.

◾ഇന്ധനച്ചോര്‍ച്ചമൂലം അമേരിക്കയിലെ സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഭൂമിയിലേക്കു പതിക്കുംമുമ്പേ ഏറെക്കുറേ കത്തിത്തീരും. ഇക്കഴിഞ്ഞ എട്ടാം തീയതി യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വള്‍ക്കന്‍ റോക്കറ്റിലൂടെയാണ് പേടകം വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് പേടകം വേര്‍പെടുത്തിയതിനു പിറകേ പേടകത്തില്‍ പൊട്ടിത്തെറി ഉണ്ടായതാണു പ്രശ്നത്തിനു കാരണം.

◾ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തും മകളുടെ അച്ഛനുമായ ക്ലാര്‍ക്ക് ഗഫോര്‍ഡിനെയാണ് വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റിവച്ചതായിരുന്നു.

◾അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ആധികാരിക വിജയം, ഒപ്പം പരമ്പര നേട്ടവും. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഗുല്‍ബാദിന്‍ നയ്ബിന്റെ 57 റണ്‍സിന്റെ മികവില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34 പന്തില്‍ 68 റണ്‍സെടുത്ത യശസ്വി ജയ്സാവാളിന്റേയും 32 പന്തില്‍ 63 റണ്‍സെടുത്ത ശിവം ദുബെയുടേയും ബാറ്റിംഗ് താണ്ഡവത്തിന്റെ മികവില്‍ 15.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.

◾കൂടുതല്‍ ഭാരതീയര്‍ രാജ്യത്തിന്റെ ഇ-റീറ്റെയ്ല്‍ കുതിപ്പില്‍ പങ്കാളികളാകുകയാണ്. മെട്രോയ്ക്ക് പുറമെ ചെറു പട്ടണങ്ങളിലെ ഉപഭോക്താക്കള്‍, പ്രത്യേകിച്ച് യുവാക്കളാണ് രാജ്യത്തുടനീളം വില്‍പ്പനയ്ക്ക് ഊര്‍ജം പകരുന്നത്. 2023ല്‍ ഇ-റീറ്റെയ്ല്‍ വിപണി 57-60 ശതകോടി ഡോളറില്‍ എത്തുമെന്ന് ബെയ്ന്‍ ആന്‍ഡ് കമ്പനിയും ഫ്‌ളിപ്പ്കാര്‍ട്ടും തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 17-20 ശതമാനം അധികമാണിത്. 2028 ഓടെ ഇന്ത്യയുടെ ഇ-റീറ്റെയ്ല്‍ വിപണി 160 ശതകോടി ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ റീറ്റെയ്ല്‍ വിപണിയുടെ 5-6 ശതമാനം മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മുഖേന നടന്നുവരുന്നത് എന്നതുകൊണ്ടു തന്നെ വലിയ വളര്‍ച്ചാ സാധ്യതകളാണ് ഈ രംഗത്തുള്ളത്. ചൈന, യു.എസ് തുടങ്ങിയ മറ്റ് വികസിത വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ തുച്ഛമാണ്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്ന പത്തില്‍ ഏഴു പേരും ടിയര്‍ ടു, ടിയര്‍ വണ്‍ നഗരങ്ങളിലുള്ളവരാണെന്നും മൂന്നിലൊന്നു പേരും 1997ലോ അതിനു ശേഷമോ ജനിച്ച ജനറേഷന്‍ ഇസഡ് തലമുറയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യ, അതിവേഗത്തില്‍ വളരുന്ന മധ്യവര്‍ഗം, സാങ്കേതിക പരിജ്ഞാനമുള്ള വിദ്യാസമ്പന്നരായ യുവാക്കള്‍ എന്നിവര്‍ ഏതാനും വര്‍ഷം മുമ്പ് ചൈനയില്‍ സംഭവിച്ചതു പോലുള്ള റീറ്റെയ്ല്‍ കുതിപ്പിന് ഇന്ത്യയില്‍ നേതൃത്വം നല്‍കും.

◾റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'ഗന്ധര്‍വ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാജല്‍ സുദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നു. സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിമ കല്ലിങ്കല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പര്‍മര്‍ ആണ്. റിമ കല്ലിങ്കലിന്റെ ജന്മദിനമായ ജനുവരി 18നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നത്. ടൈറ്റിലില്‍ സൂചിപ്പിച്ച പോലെ ഓറയ് ഗന്ധര്‍വനും പെണ്‍കുട്ടിയും കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' എന്ന ചിത്രമാണ് റിമ കലിങ്കലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

◾മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരത്തിന് റിലീസ് ദിവസം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹനുമാന്‍, ക്യാപ്റ്റന്‍ മില്ലര്‍, അയലന്‍, മെറി ക്രിസ്മസ് എന്നി ചിത്രങ്ങളുമായി ക്ലാഷ് വച്ച് ജനുവരി 12 നാണ് ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം റിലീസ് ദിനത്തില്‍ 94 കോടി രൂപ നേടി എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യ ദിനം 42 കോടിക്ക് അടുത്താണ് ഗുണ്ടൂര്‍ കാരം നേടിയത്. എന്നാല്‍ ചിത്രം ആദ്യ ശനിയാഴ്ചയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നാണ് പുതിയ വാര്‍ത്ത. മഹേഷ് ബാബു ചിത്രത്തിന്റെ കളക്ഷനില്‍ 70ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് വിവരം. ചിത്രം ഇറങ്ങി ആദ്യ ശനിയാഴ്ച ഗുണ്ടൂര്‍ കാരത്തിന് ഓള്‍ ഇന്ത്യ കളക്ഷനായി നേടാനായത് 13 കോടിയാണ്. അതായത് 70 ശതമാനത്തോളം കളക്ഷനില്‍ ഇടിവ്. അതേ സമയം തന്നെ ഗുണ്ടൂര്‍ കാരത്തിനൊപ്പം ഇറങ്ങിയ ഹനുമാന്‍ എന്ന ചിത്രം 11 കോടി നേടി കയറിവരുന്നുണ്ട്.

◾വാഹനലോകം ഏറെ കാത്തിരുന്ന 2024 കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് 7.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 20,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ എസ്യുവി ബുക്ക് ചെയ്യാം. ഡിസൈന്‍ മെച്ചപ്പെടുത്തലുകളും കൂടുതല്‍ പ്രീമിയം, ഫീച്ചര്‍ ലോഡഡ് ഇന്റീരിയറും നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്. പുതിയ സോനെറ്റ് 3 ട്രിം ലെവലുകളില്‍ ലഭ്യമാണ്. എച്ടി ലൈന്‍, ജിടി ലൈന്‍, എക്സ്ലൈന്‍ എന്നിവ. കൂടാതെ ആകെ 19 വേരിയന്റുകളിലും പുത്തന്‍ കാര്‍ എത്തുന്നു. 9.79 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഡീസല്‍ മാനുവല്‍ വേരിയന്റുകളുമായാണ് എസ്യുവി വരുന്നത്. 7.99 ലക്ഷം മുതല്‍ 14.69 ലക്ഷം രൂപ വരെയാണ് പെട്രോള്‍ ശ്രേണിയുടെ വില. ഡീസല്‍ ശ്രേണി 9.79 ലക്ഷം രൂപയില്‍ തുടങ്ങി ടോപ്പ് എന്‍ഡ് വേരിയന്റിന് 15.69 ലക്ഷം രൂപ വരെ ഉയരുന്നു.

◾ബാല സാഹിത്യ രംഗത്ത് ശ്രദ്ധേയനായബ് എഴുത്തുകാരനാണ്‍ സിപ്പി പള്ളിപ്പുറം ബാല മനസ്സുകളുടെ ഉള്ളറകള്‍ തുറന്ന് അവിടെ ആഹ്ലാദവും വികാസവും നിറയ്ക്കാന്‍ ഉതകുന്ന ജന്തുകഥകളാണ് ഇതിലടങ്ങിയിരിക്കുന്നത്. 'ജന്തുസ്ഥാന്‍ കഥകള്‍'. സിപ്പി പള്ളിപ്പുറം. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 81 രൂപ.

◾ആമാശയത്തിനകത്ത് പുണ്ണ് ബാധിക്കുന്ന അവസ്ഥയാണ് അള്‍സര്‍. ആമാശയത്തിനകത്തെ സുരക്ഷാ ആവരണത്തെ തന്നെ ഈ പുണ്ണ് നശിപ്പിക്കുന്നു. വയറുവേദനയ്ക്കും കടുത്ത ദഹനപ്രശ്നങ്ങള്‍ക്കുമെല്ലാം അള്‍സര്‍ കാരണമാകുന്നു. അള്‍സര്‍ ബാധിച്ചവരുടെ ജീവിതനിലവാരം പിന്നീട് താഴേക്ക് താഴേക്കായി വരുന്നത് നമുക്ക് കാണാം. ജോലി, വ്യക്തിബന്ധങ്ങള്‍ എന്നിങ്ങനെ വ്യക്തിയുടെ വിവിധ തലങ്ങളിലുള്ള ജീവിതത്തെയും ഈ രോഗം ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ തന്നെ വയറിന് അസ്വസ്ഥത, ടോയ്ലറ്റില്‍ പോകണമെന്ന തോന്നലുണ്ടാവുക, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങള്‍ നേരിടുന്നപക്ഷം ശ്രദ്ധിക്കുക. ഇത് അള്‍സറിന്റെ തുടക്കമാകാം. നെഞ്ചെരിച്ചില്‍, അമിതമായ ഗ്യാസ്, പുളിച്ചുതികട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങളും അള്‍സറിന്റെ തുടക്കത്തില്‍ കാണുന്നത് തന്നെയാണ്. വയറിനകത്തെ എരിച്ചിലാണ് അള്‍സര്‍ മനസിലാക്കുന്നതിനുള്ള പ്രധാന ലക്ഷണം. എരിച്ചില്‍ അല്ലെങ്കില്‍ വയറുവേദന അനുഭവപ്പെടാം. മിക്കപ്പോഴും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയിലായിരിക്കും. ദഹനമില്ലാതെ പ്രയാസപ്പെടുന്നതും പതിവായി മാറും. പ്രത്യേകിച്ച് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍. വേദനയും ദഹനമില്ലായ്മയും ആണ് അള്‍സറിന്റെ 'ക്ലാസിക്' ലക്ഷണങ്ങളായി പറയപ്പെടുന്നത്. ഈ വേദന തന്നെ പൊക്കിളിന് മുകളിലേക്കും നെഞ്ചിന് താഴെയുമായ ഭാഗത്തായിരിക്കും അനുഭവപ്പെടുക. ഇതും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴോ മരുന്ന് കഴിക്കുമ്പോ താല്‍ക്കാലിക ശമനമുണ്ടാവുമെങ്കിലും പിന്നെയും ഈ എരിച്ചില്‍ വരും. രാത്രിയില്‍ അസ്വസ്ഥതകള്‍ കൂടുന്നതും അള്‍സറില്‍ കാണാറുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കാന്‍ പോവുകയാണെന്ന് രാജാവിന് മനസ്സിലായി. കാലാവസ്ഥാ വ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്. വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു. പക്ഷേ, ഇനിയും ഇത്തരം അവസരങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി. അദ്ദേഹം രാജഗുരുവിനെ തേടിയെത്തി. ഗുരു ഒരു വഴി ഉപദേശിച്ചു. രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക. രാജാവ് ഗുരുവിന് തന്നെ രാജഭരണം ഏല്‍പ്പിച്ചു. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ കൃത്യമായി അദ്ദേഹം നിറവേറ്റി. അദ്ദേഹത്തിന്റെ പേടിമാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലി ചെയ്തുതീര്‍ത്തു. തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു: ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. അതാണ് താങ്കളുടെ ഈ മാറ്റത്തിന് കാരണം. നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം. ആസ്വദിച്ചും ആശങ്കപ്പെട്ടും. പൂര്‍ണ്ണസംതൃപ്തിയും പൂര്‍ണ്ണ അതൃപ്തിയും സമ്മാനിക്കുന്ന ഒരു കര്‍മ്മവീഥിയും ഉണ്ടാകില്ല. ഏത് മേഖല തിരഞ്ഞെടുത്താലും ആ വഴികളിലെല്ലാം അസ്വസ്ഥതയും ആനന്ദവും ഉണ്ടായിരിക്കും. സമരസപ്പെടാനും മറികടക്കാനുമുളള കഴിവാണ് ഓരോ ചുവടുകളെയും ചലാനാത്മകമാക്കുന്നത്. ജീവിതത്തില്‍ അര്‍ദ്ധവിരാമങ്ങള്‍ നല്ലതാണ്. വിശ്രമിക്കാനും വിചിന്തനം ചെയ്യാനും സ്വയം പ്രചോദിപ്പിക്കാനും അത്തരം ഇടവേളകള്‍ പ്രയോജനം ചെയ്യും.. പക്ഷേ, ജീവിതത്തില്‍ പൂര്‍ണ്ണവിരാമമിട്ടാല്‍ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടായെന്ന് വരില്ല. അതിജീവനാഭ്യാസങ്ങള്‍ സ്വയം പരിശീലിക്കാം.. ഒപ്പം ആസ്വദിക്കാന്‍ ശീലിക്കാം ഓരോ നിമിഷവും - ശുഭദിനം.