◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ ഇന്നു തുടക്കം. കൊങ്ജാം യുദ്ധ സ്മാരകം സന്ദര്‍ശിച്ച ശേഷമാകും രാഹുല്‍ ഗാന്ധി യാത്ര ആരംഭിക്കുക. ആദര്‍ശങ്ങള്‍ തമ്മിലുള്ള പോരാട്ട യാത്രയാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനുള്ള യാത്രയല്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. കേരളത്തോടുള്ള കേന്ദ്ര അവഗണന ചര്‍ച്ച ചെയ്യാനാണു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയേയും യോഗത്തിനു വിളിച്ചത്. ഓണ്‍ലൈനായിട്ടാകും യോഗം.
◾ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും യു കെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധീന കാഷ്മീരില്‍ സന്ദര്‍ശനം നടത്തി. വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറോടു പ്രതിഷേധം അറിയിച്ചു.
◾ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും തുഷാര്‍ വെള്ളാപ്പള്ളി.
◾മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്സാലോജിക്കിനുമെതിരായ അന്വേഷണ നീക്കത്തെ അവഗണിക്കാന്‍ സി പി എം. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്.
◾കേന്ദ്ര അന്വേഷണത്തില്‍ പുതുമയില്ലെന്നും ആരോപണങ്ങളെല്ലാം നേരത്തെ പ്രചരിച്ചവയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. ലോക് സഭ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പ്രചാരണമാക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
◾വീണ വിജയനെതിരായ കേസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബി ജെ പി - സി പി എം അഡ്ജസ്റ്റ്‌മെന്റാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ അവസ്ഥ എന്തായെന്ന് ചോദിച്ച വേണുഗോപാല്‍ വീണക്കെതിരായ കേസിനും അതേഗതിയാണെന്ന് പറഞ്ഞു.
◾എക്‌സാലോജിക്കിലെ കേന്ദ്ര അന്വേഷണത്തിന്റെ ഫലത്തില്‍ വിശ്വാസമില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന 17 ന് മറ്റു വിവാഹങ്ങള്‍ വിലക്കിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹം. അന്നു ഗുരുവായൂരില്‍ വിവാഹം നടത്താന്‍ തീരുമാനിച്ച 48 വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. സുരക്ഷയുടെ ഭാഗമായി രാവിലെ ആറിനു മുമ്പു വിവാഹം നടത്തണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ്.
◾നവകേരള സദസ് വന്‍വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ജില്ലകളില്‍ നിന്നുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ സിപിഎം വിലയിരുത്തി. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
◾ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്തുനിന്നു മാറണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നേതൃത്വം യുവാക്കള്‍ പിടിച്ചെടുക്കണമെന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തരൂരിന്റെ പ്രതികരണം. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണു നോട്ടീസ് അയച്ചത്.
◾കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരേ കേസ്. അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവര്‍ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള 15 നേതാക്കള്‍ക്കും 200 പ്രവര്‍ത്തകര്‍ക്കും എതിരേയാണു കേസ്.
◾ശബരിമലയില്‍ നാളെ മകരവിളക്ക്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരം പോലീസുകാരെകൂടി നിയോഗിക്കും. വെര്‍ച്വല്‍ ബുക്കിംഗ് നേടിയവരെ മാത്രമേ ദര്‍ശനത്തിനായി പ്രവേശിപ്പിക്കൂ.
◾ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടയം വിജയപുരം രൂപത സഹായ മെത്രാനായി വികാരി ജനറല്‍ ഫാ. ജസ്റ്റിന്‍ അലക്സാണ്ടര്‍ മഠത്തില്‍ പറമ്പിലിനെ മാര്‍പാപ്പ നിയമിച്ചു.
◾സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന സത്താര്‍ പന്തല്ലൂരിന്റെ പ്രസ്താവനക്കെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്നും തീവ്രവാദികള്‍ക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്നും മൊയ്തീന്‍ ഫൈസി പുത്തനഴി പറഞ്ഞു.
◾പത്തനംതിട്ട കൂടല്‍ ബെവ്‌കോ മദ്യശാലയിലെ ജീവനക്കാരന്‍ 81.6 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി ക്ലര്‍ക്ക് അരവിന്ദ് പണം ഓണ്‍ലൈന്‍ റമ്മി കളിച്ചു ചെലവാക്കിയെന്ന് പൊലീസ്. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം രൂപ മാത്രമാണ്.
◾പയ്യന്നൂരില്‍ കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയില്‍ പതിഞ്ഞതില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കി. കാറിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ ചിത്രം രാത്രിയായതിനാല്‍ സ്ത്രീയായി തോന്നിയതെന്നാണ് മറുപടി. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയടയ്ക്കാന്‍ വന്ന നോട്ടീസിലായിരുന്നു ദുരൂഹ ചിത്രം.
◾അയോധ്യയില്‍ പ്രതിഷ്ഠ ആചാര വിധി പ്രകാരമാണു വേണ്ടതെന്ന് പുരി ശങ്കരാചാര്യര്‍. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ഇന്ത്യാ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ തെരഞ്ഞെടുത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പങ്കെടുത്തില്ല. അഴിമതി സഖ്യത്തിലെ ഓരോ പാര്‍ട്ടിയും തമ്മില്‍ പരസ്പരം ഐക്യമില്ലെന്നും ഓരോ പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണമെന്നാണ് വാശിയെന്നും ബിജെപി ദേശീയ ജന സെക്രട്ടറി തരുണ്‍ ചുഗ് പരിഹസിച്ചു.
◾ഉദയനിധി സ്റ്റാലിന്‍ ഈ മാസം ഉപമുഖ്യമന്ത്രിയാകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് എതിരാളികള്‍ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയിലേക്ക് തിരിഞ്ഞതെന്നും സ്റ്റാലിന്‍ പറഞ്ഞു.
◾സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാര്‍ട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് വൃന്ദ കാരാട്ട്. തന്റെ അനുഭവക്കുറിപ്പുകളുടെ ഗ്രന്ഥമായ 'ആന്‍ എജ്യുക്കേഷന്‍ ഫോര്‍ റീത്ത' യിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു വൃന്ദാ കാരാട്ട് പറഞ്ഞു.
◾എഐഎഡിഎംകെ നേതാവായ ട്രാന്‍സ്‌ജെന്‍ഡര്‍ അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍, യൂട്യൂബര്‍ ജോ മൈക്കല്‍ പ്രവീണിനോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. വ്യക്തിഹത്യ ചെയ്യുന്ന വീഡിയോകള്‍ ജോ അപ്ലോഡ് ചെയ്തതോടെ പരിപാടികളില്‍നിന്നു തന്നെ ഒഴിവാക്കിയെന്നും, ഇതുമൂലം കടുത്ത മാനസിക സംഘര്‍ഷമുണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
◾ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ഇഡി നോട്ടീസ്. ഖനന അഴിമതി കേസില്‍ എട്ടാം തവണയും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നല്‍കിയത്. ഈമാസം 16 നും 20 നും ഇടയില്‍ ഹാജരാകാനാണ് നിര്‍ദേശം.
◾ജമ്മു കശ്മീരില്‍ ആക്രമണം തുടരുന്ന പാക്ക് ഭീകരരെ തുരത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ സര്‍വശക്തി'. കശ്മീരിലെ പിര്‍ പാഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ അമര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സൈന്യം പുതിയ ദൗത്യത്തിന് തുടക്കമിട്ടിട്ടുള്ളത്. ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിന്നാര്‍ സൈന്യ വിഭാഗവും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാകും.
◾ചെറിയ രാഷ്ട്രമാണെങ്കിലും തങ്ങളെ ഭീഷണിപ്പെടുത്താന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു. അഞ്ചു ദിവസം നീണ്ട ചൈന സന്ദര്‍ശനത്തിന് ശേഷമാണ് മെയ്‌സുവിന്റെ പ്രതികരണം.
◾അമേരിക്കന്‍ അനുകൂലിയായ വില്യം ലായി തായ്‌വാന്‍ പ്രസിഡന്റാകും. തായ്‌വാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചൈനാ വിരുദ്ധ ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാര്‍ട്ടി വിജയിച്ചു. അതേസമയം, തായ്‌വാനെ സ്വതന്ത്ര രാജ്യമാക്കാന്‍ അനുവദിക്കില്ലെന്ന് ചൈന ആവര്‍ത്തിച്ചു.
◾എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ഓസ്ട്രേലിയയുടെ ജയം. ആദ്യ പകുതിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ തളക്കാന്‍ ഇന്ത്യക്കായിരുന്നു.
◾റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും പ്രീമിയം ഉപഭോക്താക്കള്‍ക്കുള്ള അണ്‍ലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകള്‍ പിന്‍വലിക്കാനും 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങള്‍ക്ക് കുറഞ്ഞത് 5-10 ശതമാനം അധികം നിരക്ക് ഈടാക്കാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ഇരു കമ്പനികളും മൊത്തം മൊബൈല്‍ താരിഫുകള്‍ 20 ശതമാനം ഉയര്‍ത്തിയേക്കും. എയര്‍ടെല്ലിന്റെ 5ജി സേവനങ്ങള്‍ക്ക് മാത്രമായി കൂടുതല്‍ നിരക്ക് ഉടനെ ഈടാക്കിയില്ലെങ്കിലും വരുമാനം മെച്ചപ്പെടുത്തുന്നതിനായി മൊത്തത്തിലുള്ള മൊബൈല്‍ താരിഫുകള്‍ ഉയര്‍ത്താന്‍ എയര്‍ടെല്‍ മടിക്കില്ലെന്ന് 2023 നവംബറില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞിരുന്നു. നിലവിലുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഏകദേശം ഒരു വര്‍ഷമായ ജിയോയും എയര്‍ടെല്ലും 4ജി നിരക്കില്‍ 5ജി സേവനങ്ങളും പരിധിയില്ലാത്ത ഡേറ്റ ഓഫറുകളും നല്‍കിവരികയാണ്. ജിയോയ്ക്കും എയര്‍ടെലിനും ഇതിനകം ഏകദേശം 12.5 കോടി 5ജി വരിക്കാരുണ്ട്. രാജ്യത്തെ മൊത്തം 5ജി ഉപയോക്തൃ അടിത്തറ ഈ വര്‍ഷം അവസാനത്തോടെ 20 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
◾ആര് പറയുന്നതായിരിക്കും സത്യം, ആരുടെ വാക്കുകളാകും അസത്യം! തെളിവുകളിലൂടെ അത് കണ്ടെത്താന്‍ നിഗൂഢമായ വഴിത്തിരിവുകളിലൂടെ അന്വേഷിച്ചിറങ്ങുകയാണ് എസ്.ഐ ആനന്ദ് നാരായണന്‍. കരിയറിലെ മൂന്നാമത്തെ പോലീസ് വേഷത്തില്‍ ടൊവിനോ തോമസ് എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയല്‍ പോലീസുകാരന്റെ വേഷപകര്‍ച്ചയാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക് ഉള്ളത്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കൊരു മുതല്‍ക്കൂട്ടാകും എന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും.സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.
◾ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'പൊറിഞ്ചു മറിയം ജോസ്' തെലുങ്ക് റീമേക്ക് 'നാ സാമി രംഗ' സിനിമയുടെ ട്രെയിലര്‍ എത്തി. നാഗാര്‍ജുനയാണ് നായക വേഷത്തിലെത്തുന്നത്. അല്ലരി നരേഷ്, രാജ് തരുണ്‍, ആഷിക രംഗനാഥ്, ഷബീര്‍ കല്ലറയ്ക്കല്‍, രുക്ഷാര്‍ ധില്ലന്‍, മിര്‍ണ മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ് ബിന്നിയാണ് സംവിധാനം. എം.എം. കീരവാണി സംഗീതം നിര്‍വഹിക്കുന്നു. ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി 2019ല്‍ റിലീസ് െചയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. തെലുങ്കിലെത്തുമ്പോള്‍ കഥയില്‍ അടിമുടി മാറ്റങ്ങളുമായാണ് റിലീസിനെത്തുക. ജോജുവിന്റെ റോളില്‍ നാഗാര്‍ജുനയും ചെമ്പന്‍ ചെയ്ത കഥാപാത്രമായി അല്ലരി നരേഷുമെത്തുന്നു. നൈല ഉഷ അവതരിപ്പിച്ച മറിയത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് ആഷിക രംഗനാഥ് ആണ്.
◾എംജി കോമെറ്റ് സ്വന്തമാക്കി ജനപ്രിയ ടെലിവിഷന്‍ താരമായ രോഹിത് റോയ്. ഇവിയുടെ ചിത്രം രോഹിത് റോയ് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു. കാന്‍ഡി വൈറ്റ് നിറത്തിലുള്ള ഇലക്ട്രിക് കാറിന്റെ പ്ലഷ് വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. എംജി കോമറ്റിന്റെ ടോപ്പ്-സ്പെക്ക് പ്ലഷ് വേരിയന്റിനെ കുറിച്ച് പറയുമ്പോള്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞ വേരിയന്റാണിത്. ഷെയറിംഗ് ഫംഗ്ഷനോട് കൂടിയ ഇന്റലിജന്റ് കീ, സ്മാര്‍ സ്റ്റാര്‍ട്ട് ടെക്, എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളും, ടില്‍റ്റ് അഡ്ജസ്റ്റബില്‍ സ്റ്റിയറിംഗ് വീല്‍, ഡ്രൈവര്‍ വിന്‍ഡോയ്ക്കുള്ള ഓട്ടോ-അപ്പ് ഫംഗ്ഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, കീലെസ്സ് ലോക്ക്/അണ്‍ലോക്ക് എന്നിവയാണ് ഈ വേരിയന്റില്‍ വരുന്ന പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. കോമെറ്റ് ഇവി ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 42 ബിഎച്പി പവറും 110 എന്‍എം ടോര്‍ക്കും നല്‍കുന്ന റിയര്‍ ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇവിയുടെ ശക്തി. 3.3 സണ ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഏഴ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ്, കാന്‍ഡി വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക്, ആപ്പിള്‍ ഗ്രീന്‍ വിത്ത് സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകുന്ന കോമെറ്റിന് നിലവില്‍ 7.98 ലക്ഷം മുതല്‍ 10.63 ലക്ഷം രൂപ വരെയാണ് വില.
◾ഒരു സ്ത്രീയുടെ ജീവിതം അവളുടെമാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണ് ഈ ഇരുപതു സ്ത്രീ ജീവിതങ്ങളും. ഏഴു നിറങ്ങള്‍ ചേര്‍ന്നു വര്‍ണ്ണരാജി നിര്‍മ്മിക്കുന്നതുപോലെ ഈ ഇരുപതു ജീവിതചിത്രങ്ങള്‍ ചേര്‍ന്നു നമ്മുടെ ദേശീയതയുടെ നാനാത്വത്തെ വിന്യസിക്കുകയാണ്. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായ പലതരം കല്ലറകളെ അതിലംഘിക്കുന്ന ദിഗംബരാത്മാക്കള്‍, കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും കെട്ടുപാടുകള്‍ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ ഏകലോകം ചമയ്ക്കുന്ന കാഴ്ചയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 'അവളവള്‍ ശരണം'. ലെഫ്.കേണല്‍ ഡോ. സോണിയ ചെറിയാന്‍. ഡിസി ബുക്സ്. വില 198 രൂപ.
◾വാഷിങ് മെഷീനില്‍ ഒറ്റത്തവണ തുണി അലക്കുമ്പോള്‍ മാത്രം ദശലക്ഷ കണക്കിന് മൈക്രോ ഫൈബറുകള്‍(മൈക്രോ പ്ലാസ്റ്റിക്ക്) പുറന്തള്ളുന്നതായി പഠനം. ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം മൈക്രാ ഫൈബറുകളുടെ പുറന്തള്ളല്‍ തുണിത്തരം, യാന്ത്രിക പ്രവര്‍ത്തനം, ഡിറ്റര്‍ജന്റുകള്‍, താപനില, എങ്ങനെ തുണി അലക്കുന്നു, അവയുടെ ദൈര്‍ഘ്യം എന്നിവ അടിസ്ഥാനമാക്കിയാണെന്നും പഠനം പറയുന്നു. അമേരിക്കയിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ ജൂഡിത്ത് വെയ്സാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലെയും അഴിമുഖങ്ങളിലെയും തീരദേശ പരിസ്ഥിതി, ജലമലിനീകരണം എന്നിവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തുണികള്‍ വളരെ കുറച്ച് മാത്രം അലക്കുകയെന്നതാണ് പഠനത്തിലെ പ്രധാന നിര്‍ദേശം. തുണികള്‍ പല സമയം അലക്കുന്നത് ഒഴിവാക്കി ഫുള്‍ ലോഡില്‍ അലക്കാന്‍ ശ്രമിക്കുക. ഇത് പുറന്തള്ളുന്ന മൈക്രോ ഫൈബറുകളുടെ എണ്ണം കുറയ്ക്കുന്നു. അലക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിക്കുക. സാധാരണയായി തുണികളില്‍ നിന്ന് പുറന്തള്ളുന്ന മൈക്രാ ഫൈറുകള്‍ വെള്ളത്തിലൂടെ മണ്ണിലേക്ക് എത്തുന്നു. എന്നാല്‍ തുണികഴുകുന്ന വെള്ളം മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് വിടുകയാണെങ്കില്‍ മൈക്രോ ഫൈബറുകളെ ഇല്ലതാക്കാം. നൂതന ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് വെള്ളത്തില്‍ നിന്ന് 99% മൈക്രോ ഫൈബറുകളെ നീക്കം ചെയ്യാന്‍ കഴിയും. എന്നാല്‍ ഒരു വാഷ് ലോഡിന് ദശലക്ഷക്കണക്കിന് മൈക്രോ ഫൈബുറകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍, പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന ശുദ്ധീകരിച്ച വെള്ളത്തില്‍ വലിയൊരു ശതമാനം മൈക്രോ ഫൈബുറകള്‍ അടങ്ങിയിരിക്കുന്നുവെന്നും പഠനം പറയുന്നു. പരിസ്ഥിതിയിലെത്തുന്ന മൈക്രോ ഫൈബറുകള്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും അപകടകരമാണ്. സിഗരറ്റ് കുറ്റികള്‍, മത്സ്യബന്ധന വലകള്‍, കയറുകള്‍ എന്നിവയുള്‍പ്പെടെവയില്‍ നിന്ന് മൈക്രോ ഫൈബറുകള്‍ പുറന്തള്ളുന്നു. എന്നാല്‍ ഇവയുടെ ഏറ്റവും വലിയ ഉറവിടം സിന്തറ്റിക് തുണിത്തരങ്ങളാണ്.