◾കടമെടുപ്പു പരിധി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുകയാണെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നു കേരളം സുപ്രിംകോടതിയില്‍ പറഞ്ഞു. ഈ മാസം 25 ന് കേസ് സുപ്രീംകോടതി പരിഗണിക്കും.
◾കെ-ഫോണ്‍ പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം. പദ്ധതി നടപ്പാക്കുന്നതു യോഗ്യത ഇല്ലാത്തവരാണെന്നും നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
◾സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നാരംഭിക്കും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കരാറുകാര്‍ പണിമുടക്കുന്നത്.
◾തീപ്പന്തങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയായ ക്ളിഫ് ഹൗസിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ രാത്രി മാര്‍ച്ച് പൊലീസ് തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണു വിടി ബല്‍റാം, അബിന്‍ വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാത്രി മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ വടികള്‍ എറിഞ്ഞു. സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്ളക്സുകള്‍ നശിപ്പിച്ചു. വടികളും മറ്റും കൂട്ടിയിട്ട് റോഡില്‍ തീയിടുകയുംചെയ്തു. ക്ലിഫ് ഹൗസ് പരിസരത്ത് പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.
◾മലയാളം സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കകം വീണ്ടും നടത്തണമെന്നു ഹൈക്കോടതി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചതു ഹൈക്കോടതി റദ്ദാക്കി. ഒരാഴ്ചക്കകം സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കണം. നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് എംഎസ്എഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അന്‍സീറ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
◾മകരപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.
◾കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ആവശ്യപ്പെട്ടതനുസരിച്ചു നല്‍കിയ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. കോടതി എന്‍ഫോഴ്സ്മെന്റിനോടു വിശദീകരണം തേടി.
◾എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പുതുമയില്ലെന്നും ഇഎംഎസിനെ അനുസ്മരിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ പുസ്തകത്തിലെ വരികളാണ് ഇതെന്നും സിപിഎം. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ കക്ഷിചേരേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
◾എംടി പറഞ്ഞത് ഗൗരവമായ കാര്യമാണെന്നും വീരാരാധനയില്‍ പെട്ടുപോയ മണ്ടന്‍ സമൂഹമാണ് നമ്മുടേതെന്നും എഴുത്തുകാരന്‍ സക്കറിയ. വീരാരാധനയിലൂടെയും വ്യക്തിപൂജയിലൂടെയുമാണ് ഹിറ്റ്‌ലര്‍മാര്‍ ഉണ്ടായത്. എന്നാല്‍ എംടി പറഞ്ഞതിനെ വ്യാഖാനിക്കാനില്ലെന്നും സക്കറിയ പറഞ്ഞു.
◾എം ടി വാസുദേവന്‍ നായര്‍ പിണറായിയുടെ ഭരണത്തെക്കുറിച്ചുകൂടി ഉദ്ദേശിച്ചിരിക്കാമെന്നു സാഹിത്യകാരന്‍ എം കെ സാനു. പൊതുവില്‍ രാജ്യത്തു കാണുന്ന സ്വേച്ഛാധിപത്യ പ്രവണകളെക്കുറിച്ചും എം ടി ഉദ്ദേശിച്ചിരിക്കാമെന്നും എം കെ സാനു കൂട്ടിച്ചേര്‍ത്തു.
◾പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ടു കാര്യമില്ലെന്നും എംടി പറഞ്ഞതുകൊണ്ട് ഫലം ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. വ്യക്തിപൂജയ്ക്ക് എതിരായ വിമര്‍ശനത്തില്‍ എംടിയെ അഭിനന്ദിക്കാന്‍ തോന്നുന്നുവെന്നും എം ടി യുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇപി ജയരാജനും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
◾രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മത്തില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്കു പോകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്കു ക്ഷണമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പുരോഹിതരല്ല പ്രധാനമന്ത്രിയാണ് ചടങ്ങു നടത്തുന്നത്. അതിനര്‍ത്ഥം പ്രതിഷ്ഠാ ചടങ്ങിന് രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ്. വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്, രാഷ്ട്രീയം കളിക്കാനല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
◾സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾ദൂരദര്‍ശനിലെ കൃഷിദര്‍ശന്‍ തത്സമയ പരിപാടിക്കിടെ കാര്‍ഷിക സര്‍വ്വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞുവീണു മരിച്ചു. കേരള ഫീഡ്‌സിന്റേയും കേരള ലൈവ് സ്റ്റോക്ക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റേയും എംഡിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
◾ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പു കേസില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. പെന്‍ഷന്‍കാരുടെയടക്കം പണമാണ് തട്ടിയെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
◾മകരവിളക്ക് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ശബരിമല സന്ദര്‍ശിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവലോകന യോഗങ്ങളിലും സംബന്ധിക്കും.
◾തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക കെട്ടിവയ്ക്കണമെന്നും പ്രതികള്‍ക്കു ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
◾ദമ്പതികള്‍ തമ്മിലുള്ള വഴക്കു പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കിടെ മര്‍ദനമേറ്റ തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഇടക്കുളങ്ങര മണ്ണേല്‍ വീട്ടില്‍ സലീം മണ്ണേല്‍ മരിച്ചു. അറുപതു വയസായിരുന്നു. കൊലക്കുറ്റത്തിനു പോലീസ് കേസെടുത്തു. പാലോലിക്കുളങ്ങര ജമാ അത്തിലെ യുവാവും യുവതിയും തമ്മിലുള്ള വിവാഹ പ്രശ്നം ഒത്തുതീര്‍ക്കുന്നതിനിടെയാണ് ജമാ അത്ത് പ്രസിഡന്റായ സലീമിനു മര്‍ദനമേറ്റത്.
◾യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്നു തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ കൊല്ലപ്പെട്ട കേസില്‍ ഒമ്പതു പ്രതികളെയും കോടതി വെറുതെ വിട്ടു. 2013 ഓഗസ്റ്റ് 16 നാണ് ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊന്നത്.
◾കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന്റെ ആധാരം പണവുമായി എത്തിയിട്ടും തിരികെ നല്‍കാതെ എസ്എസി എസ്ടി കോര്‍പറേഷന്‍. കര്‍ഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്‌തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
◾കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ്. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
◾വര്‍ക്കലയില്‍ വിദേശി മരിച്ച നിലയില്‍. കാപ്പില്‍ ബീച്ചിനു സമീപത്തുള്ള കായല്‍ തീരത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
◾കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളിയായ വിഷ്ണു(30)മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ഷണ്‍മുഖന്റെ മകനാണ് മരിച്ച വിഷ്ണു.
◾ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി പി സെയ്തലവി തള്ളി. ഒല്ലൂര്‍ കമ്പനിപ്പടി പെരുവങ്കുളങ്ങര കല്ലൂക്കാരന്‍ വീട്ടില്‍ ജിമ്മി ജോര്‍ജി (32) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്നു മാത്രമാണു വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിഷ്ഠാ ചടങ്ങിനുശേഷം ഏതു ദിവസവും ആര്‍ക്കും രാമക്ഷേത്രം സന്ദര്‍ശിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
◾രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 'അടല്‍ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റര്‍ നീളത്തിലുള്ള ആറുവരി പാലമാണിത്. ഒന്നര മണിക്കൂറോളം വേണ്ടിവന്നിരുന്ന യാത്ര 20 മിനിറ്റുകൊണ്ടു സാധ്യമാക്കുന്ന പാലം സമുദ്രനിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
◾ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തമാക്കുമെന്ന് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾നീതിക്കായി പോരാടുമെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്. യാത്രയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി പൗരസമൂഹത്തോട് ആരായുകയുംചെയ്തു.
◾പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ ജനകൂട്ടം ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ജനുവരി അഞ്ചിനാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്.
◾രാമക്ഷേത്രം പുതുക്കിപ്പണിയാന്‍ ശ്രീരാമന്‍ തെരഞ്ഞെടുത്ത 'ഭക്തന്‍' ആണ് നരേന്ദ്രമോദിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന വിധി നേരത്തെ കുറിക്കപ്പട്ടതാണെന്നും താന്‍ അതിന്റെ സാരഥി മാത്രമായിരുന്നുവെന്നും 'രാഷ്ട്രധര്‍മ' എന്ന മാസികയിലെ ലേഖനത്തില്‍ അദ്വാനി പറഞ്ഞു.
◾രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും ആഘോഷിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
◾ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ വീണ്ടും ഭീകരരുടെ വെടിവയ്പ്. സൈനികര്‍ക്കു പരിക്കുകളില്ല. തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു.
◾ജനുവരി 25 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറെലാണ് ടീമിലെ പുതുമുഖം.
◾ഏഷ്യന്‍കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ജയം ഖത്തറിനൊപ്പം. ലെബനനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരായ ഖത്തര്‍ തോല്‍പിച്ചത്. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം ഇന്ന് ഓസ്ട്രേലിയക്കെതിരെയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുക.
◾സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക്. 2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം കുറച്ചിരിക്കുന്നത്. 95 ശതമാനത്തോളം കുറവ്. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാക്ക് റോക്കിന്റെ കൈവശമുള്ള ബൈജൂസിന്റെ ഒരു ഓഹരിക്ക് 209.6 ഡോളര്‍ (17,300 രൂപ) മൂല്യമാണ് കണക്കാക്കുന്നതെന്ന് അറിയിച്ചിരുന്നു. 2022ല്‍ 4,460 ഡോളര്‍ (37,000 രൂപ) വരെ കണക്കാക്കിയിരുന്ന സ്ഥാനത്താണിത്. ബ്ലാക്ക് റോക്കിന് ബൈജൂസില്‍ ഒരു ശതമാനത്തോളം ഓഹരിയാണുള്ളത്. മൂല്യം കുറച്ചതിനെ കുറിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല. ബ്ലാക്ക്‌റോക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ 2022 മുതല്‍ പല തവണ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിട്ടുണ്ട്. ബൈജൂസില്‍ ഒമ്പത് ശതമാനത്തോളം ഓഹരിയുള്ള പ്രോസസ് കഴിഞ്ഞ വര്‍ഷം മൂല്യം മൂന്ന് ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു പിന്നാലെ വീണ്ടും വീണ്ടും മൂല്യം കുറയ്ക്കല്‍ നടപടികളുമായി നിക്ഷേപകര്‍ നീങ്ങുന്നത് പ്രതിസന്ധിയില്‍ നിന്ന് കരകയാറാന്‍ ശ്രമിക്കുന്ന ബൈജൂസിന് തിരിച്ചടിയാണ്. പുതിയ ഫണ്ടിംഗ് തേടുന്നതിന് ഇത് വിലങ്ങുതടിയാകും. മാത്രമല്ല പല തവണയായി ബൈജൂസ് ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള നീക്കത്തെയും ഇത് ബാധിക്കും. 2,200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു.
◾മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മലൈക്കോട്ടൈ വാലിബ'ന്റെ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ സുചിത്രയും മോഹന്‍ലാലും ആണ് ഗാനരംഗത്ത് ഉള്ളത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പിഎസ് റഫീക്ക് ആണ്. പ്രീതി പിള്ള ആണ് ഈ മനോഹര പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികള്‍ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നുള്ള ഒരേയൊരു ചിത്രമാണ് വാലിബന്‍. 20 ചിത്രങ്ങളുടെ ലിസ്റ്റില്‍ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.
◾കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം 'രജനി'യുടെ സ്ട്രീമിംഗ് ആരംഭിച്ചു. വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണിത്. ഡിസംബര്‍ ആദ്യമായിരുന്നു തിയറ്റര്‍ റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിന്‍ കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്‍, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ആര്‍ വിഷ്ണു നിര്‍വ്വഹിക്കുന്നു.
◾എക്‌സ്യുവി 400 പ്രൊ ഇന്ത്യയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. 21,000 രൂപ നല്‍കി ബുക്കു ചെയ്യാനാകും. 15.49 ലക്ഷം രൂപ മുതല്‍ വില വരുന്ന ഈ വാഹനം ഫെബ്രുവരി ഒന്നു മുതല്‍ ഉടമകളുടെ കൈവശമെത്തും. മൂന്നു മോഡലുകളില്‍ രണ്ടു ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റര്‍ റേഞ്ചിലുമാണ് മഹീന്ദ്രയുടെ എക്‌സ് യു വി 400 പ്രൊ എത്തുന്നത്. 34.5കിലോവാട്ട്അവര്‍ ബാറ്ററി പാക്കുമായാണ് ബേസ് മോഡലായ എക്‌സ് യു വി 400 ഇസി പ്രൊ എത്തുന്നത്. 3.3കിലോവാട്ട് എസി ചാര്‍ജറും ഈ മോഡലിനുണ്ട്. ബെയിസ് മോഡലിന് രണ്ട് എയര്‍ബാഗുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഇഎല്‍ പ്രൊയുടെ രണ്ടു മോഡലുകളില്‍ കൂടുതല്‍ വേഗമുള്ള 7.2കിലോവാട്ട് എസി ചാര്‍ജറും 375 കിലോമീറ്റര്‍ റേഞ്ചുള്ള 34.5കിലോവാട്ട്അവര്‍ ബാറ്ററി പാക്കും നല്‍കിയിരിക്കുന്നു. ക. സിംഗിള്‍ മോട്ടോര്‍ സെറ്റ് അപ്പിലാണ് എക്‌സ് യു വി 400 പ്രൊയുടെ എല്ലാ മോഡലുകളും എത്തുന്നത്. ക്ലാസിലെ തന്നെ ഉയര്‍ന്ന 147.5ബിഎച്പി കരുത്തും 310എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന വാഹനമാണിത്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് 8.3 സെക്കന്‍ഡില്‍ കുതിച്ചെത്തും.
◾മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂര്‍വ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനില്‍ക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോര്‍ഡിനുടമയാകുകയും ചെയ്ത മറ്റൊരു നടിയും സിനിമാചരിത്രത്തിലില്ല. ചലച്ചിത്രതാരം, സംവിധായിക, ചിത്രകാരി, എഴുത്തുകാരി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്. 'ഷീല പറഞ്ഞ ജീവിതം'. എം.എസ് ദിലീപ്. ഡിസി ബുക്സ്. വില 315 രൂപ.
◾സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കേരളത്തില്‍ കൂടുതല്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതായി പഠനം. 'എന്‍വിയോണ്‍മെന്റല്‍ മോണിട്ടറിംഗ്' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനമാണ് ഇത് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ യുവി കിരണങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിന് വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ട്, ഇതിലേക്ക് അടിയന്തര ശ്രദ്ധ എത്തേണ്ടതുണ്ട് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 18 വര്‍ഷത്തില്‍ കേരളത്തില്‍ യുവി കിരണങ്ങളുടെ തോതിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ പഠനം വിശകലനം ചെയ്യുന്നുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ചും, ഓരോ സ്ഥലത്തെയും പ്രകൃതത്തിന് അനുസരിച്ചുമെല്ലാം നേരിട്ട് പതിക്കുന്ന യുവി കിരണങ്ങളുടെ അളവില്‍ വ്യത്യാസം വരാം. പലപ്പോഴും റേഡിയേഷന്റെ അത്ര ശക്തമായ കിരണങ്ങളാണ് ഇവിടെ വന്നുപതിക്കുന്നതത്രേ. 79 ശതമാനത്തിലും അധികം യുവിഐ കേരളത്തില്‍ കണ്ടു. തൃശൂര്‍, പാലക്കാട്, എറണാകുളത്തിന്റെ ചില ഭാഗങ്ങള്‍, ഇടുക്കി, കൊല്ലത്തിന്റെ ചില ഭാഗങ്ങള്‍, തിരുവനന്തപുരം എന്നീ ജില്ലകളും പ്രദേശങ്ങളുമാണ് ഇക്കാര്യത്തില്‍ ഏറെ മോശം അവസ്ഥയിലുള്ളതത്രേ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ പ്രശ്നം. ഇത് ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുറഞ്ഞുവരുന്നു. യുവി കിരണങ്ങള്‍ ഏറെ ഏറ്റുകഴിഞ്ഞാല്‍ അത് ചര്‍മ്മം, കണ്ണുകള്‍ എന്നീ ഭാഗങ്ങളെയാണ് ബാധിക്കുക. അതുപോലെ നമ്മുടെ രോഗപ്രതിരോധശേഷിയും ദുര്‍ബലമാകും. പെട്ടെന്ന് പ്രായം തോന്നിക്കുന്ന രീതിയിലേക്ക് സ്‌കിന്‍ എത്തുക, സ്‌കിന്‍ രോഗങ്ങള്‍, കണ്ണിനാണെങ്കില്‍ തിമിരം പോലുള്ള രോഗങ്ങള്‍, കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു കൊടുംകുറ്റവാളിയായിരുന്നു. വളരെ മൃഗീയമായ കുറ്റകൃത്യങ്ങളാണ് അയാള്‍ ചെയ്തുകൊണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് ശ്രീബുദ്ധനെക്കുറിച്ച് അയാള്‍ കേള്‍ക്കുന്നത്. കേട്ടകഥകള്‍ അയാളെ ഒന്ന് മാറി ചിന്തിപ്പിച്ചു. ബുദ്ധശിഷ്യനാകാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹവുമായി അയാള്‍ ബുദ്ധാശ്രമത്തിലെത്തിയെങ്കിലും ബുദ്ധനെ കാണാനോ അകത്തു കയറാനോ ആരും അനുവദിച്ചില്ല. ദിവസങ്ങളോളം അയാള്‍ ഈ പ്രവൃത്തി തുടര്‍ന്നു. പക്ഷേ, ആരും അയാളെ വിശ്വസിച്ചില്ല. അവസാനം മനം നൊന്ത് പുറത്തെ ഭിത്തിയില്‍ തലയിടിച്ച് മരിക്കാന്‍ അയാള്‍ തീരുമാനിച്ചു. തലപൊട്ടി ചോരയൊഴുകി നില്‍ക്കുമ്പോഴാണ് ബുദ്ധന്‍ ഭിക്ഷാടനം കഴിഞ്ഞ് കടന്ന് വന്നത്. ബുദ്ധന്‍ അയാളോട് കാര്യമന്വേഷിച്ചു. തന്റെ പൂര്‍വ്വകഥകളെല്ലാം അയാള്‍ ബുദ്ധനോട് പറഞ്ഞു. കൂടാതെ ശിഷ്യനാകണമെന്ന തന്റെ ആഗ്രഹവും. ബുദ്ധന്‍ അയാളെ കൂട്ടി ആശ്രമത്തിലേക്ക് വന്നു. മുറിവ് വെച്ചുകെട്ടി. ആശ്രമത്തിലൊരിടം കൊടുത്തു. ഇത് കണ്ട് മററ് ശിഷ്യന്മാര്‍ ബുദ്ധനോട് തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അവര്‍ പറഞ്ഞു: അയാള്‍ വലിയൊരു കുറ്റവാളിയാണ്. ക്ഷമിക്കാനാകാത്ത ധാരാളം തെറ്റുകള്‍ ചെയ്തയാളാണ്. അങ്ങെന്തിനാണ് അയാളെ ഇവിടെ താമസിപ്പിക്കാന്‍ അനുവദിച്ചത്. ബുദ്ധന്‍ പറഞ്ഞു: നിങ്ങളെല്ലാം അയാളുടെ ഭൂതകാലത്തിലേക്കാണ് ശ്രദ്ധപതിപ്പിച്ചത്. അയാളുടെ വര്‍ത്തമാനകാലത്തിലെ ആഗ്രഹവും ഭാവികാലവും നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ബുദ്ധന്‍ തുടര്‍ന്നു. ഒരു മനുഷ്യന്‍ സ്വയം മാറാന്‍ ആഗ്രഹിച്ചാല്‍ അയാള്‍ക്ക് ഏത് നിമിഷം വേണമെങ്കിലും സാധ്യമാണ്. വര്‍ത്തമാനകാലത്തില്‍ ഒരു നല്ല മാറ്റത്തിനായി ഒരാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭൂതകാലം നോക്കി വിലയിരുത്താതെ,് ചേര്‍ത്ത് നിര്‍ത്താന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.