*പ്രഭാത വാർത്തകൾ*2024 ജനുവരി 12 വെള്ളി

◾അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠയെച്ചൊല്ലി രാഷ്ട്രീയ പോര്. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമേ, ശങ്കരാചാര്യര്‍മാരും പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും ശക്തമായ പ്രചാരണവുമായി ബിജെപി മുന്നോട്ട്. പ്രതിഷ്ഠാ കര്‍മം പൂജാരിമാരാണു നിര്‍വഹിക്കേണ്ടതെന്നും പണി പൂര്‍ത്തിയാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്ഠ നടത്തുന്നതു രാഷ്ട്രീയ മുതലെടുപ്പിനാണെന്നും ആരോപിച്ചാണ് ശങ്കരാചാര്യര്‍മാര്‍ വിട്ടുനില്‍ക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. പ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്‌കരിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളോടുള്ള എതിര്‍പ്പുമൂലമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ കുറ്റപ്പെടുത്തി.

◾മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ അനുമതി നിഷേധിച്ചതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനം ഥൗബലിലേക്കു മാറ്റി. ഞായറാഴ്ചയാണ് യാത്ര തുടങ്ങുന്നത്. ഇംഫാലില്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ആസാമില്‍ രണ്ടിടത്തു ബിജെപി സര്‍ക്കാര്‍ യാത്രക്കെതിരേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു രാത്രി എട്ടിനു മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് സമര ജ്വാല എന്ന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

◾കൈവെട്ടു കേസ് ഒന്നാം പ്രതി സവാദിന് ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ എന്‍ഐഎ തെരയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു ഒളിവു ജീവിതം. 2016 ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ടു കേസ് പ്രതിയാണന്ന് അറിഞ്ഞിരുന്നില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. ഉളളാള്‍ ദര്‍ഗയില്‍ പരിചയപ്പെട്ട ഷാജഹാനെന്ന യുവാവിന് മകളെ വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നെന്ന് കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ ഭാര്യാപിതാവ് പറഞ്ഞു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള ഇനാം കഴിഞ്ഞ മാര്‍ച്ചില്‍ 10 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. കൈവെട്ട് കേസിലെ 13 പ്രതികളെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെവിടുകയും ചെയ്തിരുന്നു.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനംമൂലം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17 ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ മറ്റു വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തണമെന്നു പൊലീസ് വിവാഹ പാര്‍ട്ടികള്‍ക്കു നിര്‍ദേശം നല്‍കി. രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ എത്തുന്ന മോദി 8.15 ന് ക്ഷേത്രദര്‍ശനം നടത്തും. 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും.

◾സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള മെത്രാന്മാര്‍ പങ്കെടുത്തു. 1989 ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാര്‍ റാഫേല്‍ തട്ടില്‍ 2010 ലാണ് തൃശൂര്‍ സഹായ മെത്രാനായത്. 2017 മുതല്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയായിരുന്നു.

◾മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചക്രവാളത്തില്‍ അസ്തമിച്ചു പോകുന്ന സൂര്യനല്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടില്‍. വിവാദങ്ങളുണ്ടായെങ്കിലും അദ്ദേഹം തെറ്റുചെയ്തെന്ന് കരുതുന്നില്ല. ഏറെ യാതനകളിലൂടെ കടന്നു പോയ പിതാവാണ് അദ്ദേഹമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

◾മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിണറായിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎല്‍എ പി. ഉബൈദുള്ളയാണ്.

◾തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിലുറപ്പു ദിനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചെങ്കിലും കേരളത്തില്‍ ഒന്നര കോടി തൊഴില്‍ദിനങ്ങള്‍കൂടി അനുവദിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. കേരളത്തിന്റെ സമ്മര്‍ദംമൂലമാണ് കേന്ദ്രം ഇത് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഒമ്പതര കോടിയായിരുന്ന തൊഴില്‍ദിനങ്ങള്‍ ആറു കോടിയായാണ് കേന്ദ്രം വെട്ടിക്കുറച്ചത്. തൊഴില്‍ദിനങ്ങള്‍ പത്തര കോടിയാക്കി ഉയര്‍ത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

◾വിവാഹത്തിനു പെണ്‍മക്കള്‍ക്കു നല്‍കുന്ന പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീധന പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്നും സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

◾രാമന്‍ ബി.ജെ.പിക്കൊപ്പമല്ലെന്നും 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയോധ്യയിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്. അയോധ്യയില്‍ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പു പരിപാടിയാണ്. സതീശന്‍ പറഞ്ഞു.

◾കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമായെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കൈവെട്ടുകേസില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദ് അറസ്റ്റിലായതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ പ്രസാദിന്റെ വീടിന്റെ ജപ്തി നടപടികള്‍ മരവിപ്പിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനോട് മന്ത്രി കെ രാധാകൃഷ്ണന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രസാദിന്റെ ഭാര്യ ഓമന രണ്ടു വര്‍ഷം മുന്‍പ് എടുത്ത 60,000 രൂപയുടെ വായ്പ കുടുശികയായതോടെയാണ് ജപ്തി നോട്ടീസുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ജപ്തി ഭീഷണി ഒഴിവാക്കാന്‍ സഹായ വാഗ്ദാനവുമായി മുംബൈ മലയാളി രംഗത്തെത്തിയിരുന്നു.

◾പത്തനംതിട്ട കടമ്മനിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസിലെ എസ്എഫ്ഐ നേതാവും ഒന്നാം പ്രതിയുമായ ജയ്സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ പതിനഞ്ചാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

◾ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023 ലെ 'ഓടക്കുഴല്‍ അവാര്‍ഡ്' പ്രസിദ്ധ കവി പി.എന്‍. ഗോപീകൃഷ്ണന്റെ 'കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരത്തിന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 
ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അദ്ധ്യക്ഷയായ പ്രൊഫ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.

◾തമിഴ്നാട്ടില്‍നിന്നു ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും തമിഴ്നാട് കത്തയച്ചു. അതേസമയം, ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ മികച്ചതാണെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പ്രതികരിച്ചു.

◾പാലക്കാട് വടകരപ്പതിയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം. ചുള്ളിമട സ്വദേശി ചാര്‍ളിയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വീട് നിര്‍മിക്കാന്‍ സ്ഥലത്തിനായി ചാര്‍ളി അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

◾വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കിടക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി സൗകര്യം ഒരുക്കാന്‍ ധാരണയായതായി ടൂറിസം, മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡ്രൈവര്‍മാരും റിസോര്‍ട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് കെ.ടി.ഡി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

◾പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 1,85,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ജില്ലയിലെ പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

◾പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈമാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

◾രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ന് പുതിയ അയോധ്യ വിമാനത്താവളത്തില്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷ്ഠ നടത്തുന്ന 22 ന് അഞ്ചു ലക്ഷത്തോളം ഭക്തര്‍ അയോധ്യയിലെത്തിയേക്കും. ഇതേസമയം, അയോധ്യയില്‍ ഹോട്ടല്‍ മുറികള്‍ കിട്ടാനില്ല. ഹോട്ടല്‍ മുറികളുടെ നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ചു.

◾രാഹുല്‍ഗാന്ധി നയിക്കുന്നതു 'ഭാരത് തോഡോ അന്യായ യാത്ര'യാണെന്ന് ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ. രാജ്യതാല്‍പര്യത്തിനെതിരായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാജ്യം ഭരിക്കാന്‍ അവര്‍ യോഗ്യരല്ലെന്നും നദ്ദ പറഞ്ഞു.

◾മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരക്കെതിരെയും നെറ്റ്ഫ്ലിക്സിനെതിരെയും കേസ്. അന്ന പൂരണി എന്ന സിനിമയില്‍ ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നെന്ന ഡയലോഗ് മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചു മധ്യപ്രദേശില്‍ ലഭിച്ച പരാതിയിലാണു കേസ്.

◾ജമ്മുകാഷ്മീല്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്കു പാക്കിസ്ഥാന്റെ സഹായം ഉണ്ടായിട്ടുണ്ടെന്ന് കരസേന മേധാവി. പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. ചൈനീസ് അതിര്‍ത്തിയിലെ പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണെന്നും മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്ഥിതി ആശങ്ക ജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾കോടതിയുടെ സമയം പാഴാക്കിയതിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി. ആയുധ നിയമവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാതെ കോടതിയില്‍ ഹാജരായ പ്രോസിക്യൂട്ടര്‍ക്കെതിരേയാണ് പിഴശിക്ഷ. കേസുമായി ബന്ധപ്പെട്ട് പത്തു മിനിറ്റു സംസാരിച്ചശേഷം പഠിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പത്തു മിനിറ്റു പാഴാക്കിയതിനാണു പിഴ ശിക്ഷ വിധിച്ചത്.

◾തെലുങ്കാനയില്‍ കാട്ടില്‍ പശുവിനെ കൊന്നു തിന്ന കടുവകള്‍ ചത്ത് വീഴുന്നു. മൂന്നു കടുവകളാണു ചത്തത്. അവയ്ക്കൊപ്പം ചത്ത പശുവിന്റെ മാംസം കഴിച്ച അമ്മ കടുവയേയും മൂന്ന് കുട്ടികളേയും കണ്ടെത്താന്‍ 80 അംഗ വനപാലകസംഘമാണ് തെലങ്കാനയിലെ കാഗസ്നഗര്‍ കാട് അരിച്ച് പെറുക്കുന്നത്. പശുമാംസത്തില്‍ വിഷാംശമുണ്ടെന്നാണു വനംവകുപ്പുകാര്‍ പറയുന്നത്.

◾ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന വാഹനം അനന്താനാഗില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. മെഹബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും നേരിയ പരിക്കുണ്ട്.

◾ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ്. 4000 കോടി രൂപ മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുകയെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിനിടെയാണ് പ്രഖ്യാപനം.

◾അടുത്ത മാസം 13 ന് അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് വന്‍ രജിസ്ട്രേഷനെന്ന് സംഘാടകര്‍. അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് 'അഹ്ലന്‍ മോദി' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപതിനായിരത്തിലേറെ പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

◾അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15 ബോളുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 60 റണ്‍സെടുക്കുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്ത ഇന്ത്യയുടെ ശിവം ദുബെ ആണ് കളിയിലെ താരം

◾ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകള്‍ക്ക് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അനുവദിച്ചു. ഇതോടെ, ക്രിപ്റ്റോ ഇടിഎഫ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ചട്ടങ്ങളില്‍ യുഎസ് എസ്ഇഡി ഉടന്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്. ക്രിപ്റ്റോ ഇടിഫുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള അഭ്യൂഹങ്ങളും, വ്യാജവാര്‍ത്തകളും പ്രചരിച്ച സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. ബിറ്റ്കോയില്‍ ആദ്യ അപേക്ഷ നല്‍കി 10 വര്‍ഷമായപ്പോഴാണ് തീരുമാനം. ഇത് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇടിഎഫ് ലഭിച്ചതോടെ ബിറ്റ്കോയിനിന്റെ മൂല്യം 1,00,000 ഡോളറിലേക്ക് എത്താന്‍ സാധ്യതയുണ്ട്. കൂടാതെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 55 ബില്യണ്‍ ഡോളറിനടുത്തേക്ക് ഇടിഎഫ് നിക്ഷേപം എത്തുന്നതാണ്. പ്രധാനമായും യുവാക്കളാണ് ക്രിപ്റ്റോ മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. വിപണിയില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ ബിറ്റ്കോയിന്‍ വിലയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. 46,935.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഏഥര്‍ 15 ശതമാനം കുതിച്ച്, 2600 ഡോളറില്‍ എത്തി.

◾'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'ഭ്രമയുഗ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അടിമുടി ഭയം ജനിപ്പിക്കുന്ന ടീസര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഇതേ വരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഭാവത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിര്‍മാണം സംരംഭമാണ് ഭ്രമയുഗം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

◾ബ്രോ ഡാഡിക്ക് ശേഷം നടി മീന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് മീന എത്തുന്നത്. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിക്കുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനായും മനോജ് കെ ജയന്‍ അഭിഭാഷകനായും എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍ പി അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധര്‍, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനിയിക്കുന്നുണ്ട്. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു.

◾ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഇടത്തരം എസ്യുവിയായ ഹോണ്ട എലിവേറ്റ് ആദ്യത്തെ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു. വാഹനത്തിന്റെ വില 58,000 രൂപ വരെ വര്‍ധിപ്പിച്ചു. എസ്യുവിയുടെ മോഡല്‍ ലൈനപ്പിന് 11.58 ലക്ഷം മുതല്‍ 16.20 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എക്‌സ് ഷോറൂം വില. വില ക്രമീകരണത്തിന് ശേഷം വി, വിഎക്സ്, ഇസെഡ്എക്സ് സിവിടി വേരിയന്റുകള്‍ ഇപ്പോള്‍ യഥാക്രമം 13.41 ലക്ഷം, 14.80 ലക്ഷം, 16.20 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. വി, വിഎക്സ്, ഇസെഡ്എക്സ് മാനുവല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 12.31 ലക്ഷം, 13.70 ലക്ഷം, 15.10 ലക്ഷം എന്നിങ്ങനെയാണ് വില. എന്‍ട്രി ലെവല്‍ എസ്വി വേരിയന്റിന് 58,000 രൂപയുടെ പരമാവധി വിലവര്‍ദ്ധനയുണ്ടായപ്പോള്‍ മറ്റെല്ലാ വകഭേദങ്ങള്‍ക്കും 20,000 രൂപയുടെ ഏകീകൃത വര്‍ദ്ധനവ് ലഭിച്ചു. ഹോണ്ട എലിവേറ്റിന് പുറമെ ഹോണ്ട സിറ്റി സെഡാനും 8,000 രൂപയുടെ വിലവര്‍ദ്ധനവ് രേഖപ്പെടുത്തി. സിറ്റിയുടെ മാനുവല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 11.71 ലക്ഷം മുതല്‍ 14.94 ലക്ഷം രൂപ വരെയാണ് വില. വിഎലഗേറ്റ് സിവിടി, വി സിവിടി, വിഎക്സ് സിവിടി, ഇസെഡ്എക്സ് സിവിടി വേരിയന്റുകള്‍ക്ക് യഥാക്രമം 13.90 ലക്ഷം, 13.84 ലക്ഷം, 14.96 ലക്ഷം, 16.19 ലക്ഷം എന്നിങ്ങനെയാണ് വില.

◾അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാലം, ദേശം, സംസ്‌കാരം, ജീവിതം എല്ലാം അമൃതുപോലെ കടഞ്ഞെടുത്ത്, ചാലിച്ച് എഴുതുന്ന ജീവിത ഗന്ധികളായ കഥകളാണ് ഇതിലുള്ളത്. തനിമയാര്‍ന്ന സംഭവങ്ങളും നേര്‍ക്കാഴ്ചകളും ഭാവനയും നിരീക്ഷണവും ആസ്വാദ്യതയും തോരണങ്ങള്‍ ചാര്‍ത്തി മനോഹരമാക്കിയിരിക്കുന്നു. ജീവിതം സുഖവും സമാധാനവും ശാന്തിയും പൂര്‍ണ്ണതയും നിറഞ്ഞ പറുദീസ അല്ലെന്നും സ്ഥായിയായ ഭാവം ദുഃഖം തന്നെയാണെന്നും അതിനെ മറികടക്കുന്നതിന് നാം നടത്തുന്ന ഭൂമിയിലെ യുദ്ധമാണ് മനുഷ്യന്റെ ഓരോ പ്രയത്‌നങ്ങളെന്നും നാം അറിയുന്നു. അപര്യാപ്തതയും അപൂര്‍ണ്ണതയും അസംതൃപ്തിയും അസഹിഷ്ണതയും നിറഞ്ഞ ജീവിതത്തില്‍ സത്യമായ സ്‌നേഹമാണ് മൃതസഞ്ജീവനിയായി മാറുന്നതെന്ന് സോമദാസ് ഊന്നിപ്പറയുന്നു. 'അരക്കള്ളനും മുക്കാല്‍ കള്ളനും'. സോമദാസ് കോട്ടയില്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.

◾മദ്യപാനം അവസാനിപ്പിക്കുക എന്ന തീരുമാനം ഒരു സ്ഥിര മദ്യപാനി സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യമാക്കുക എന്നത് മനസില്‍ കാണുന്ന പോലെ അത്ര എളുപ്പമായിരിക്കില്ല. സ്ഥിരമായി മദ്യപിക്കുന്നത് നിര്‍ജ്ജലീകരണം, കുറഞ്ഞ ചിന്താശേഷി, ആശയക്കുഴപ്പം, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയ്ക്ക് കാരണമാകും. കൂടാതെ കരളിനെ ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ വ്യക്തി ജീവിതത്തിലെ സന്തോഷത്തെയും മദ്യം കവര്‍ന്നെടുക്കുന്നു. ഒരു മാസം മദ്യം കഴിക്കാതെയിരുന്നാല്‍ സ്ഥിര മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ തുടക്കത്തില്‍ ഉത്കണ്ഠ, ഉറക്കത്തകരാര്‍, നിര്‍ജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം. എന്നാല്‍ രണ്ടാഴ്ച കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം മാറുന്നതാണ്. തുടര്‍ന്ന് കരളിന്റെ ആരോഗ്യം മെച്ചപ്പെടും. കരളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറശ്ശേയായി മാറി തുടങ്ങാനും ഈ സമയം സഹായിക്കും. സ്ഥിരം മദ്യപാനികളുടെ വയറില്‍ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. ഇവിടെ നീര്‍ക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും. മദ്യപാനം നിര്‍ത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാന്‍ തുടങ്ങും. നെഞ്ചെരിച്ചില്‍, വയറില്‍ നിന്ന് ആസിഡ് വീണ്ടും കഴുത്തിലേക്ക് വരുന്ന ആസിഡ് റീഫ്‌ളക്‌സ് എന്നിവയ്ക്കും ശമനം ഉണ്ടായി തുടങ്ങും. മദ്യപാനം ഒഴിവാക്കുന്നതിലൂടെ നിര്‍ജലീകരണം കുറയുകയും തലവേദന പതിയെ ശമിക്കാന്‍ തുടങ്ങുകയും ചെയ്യും. രക്തസമ്മര്‍ദ്ദവും കുറയും. മൂഡും ശ്രദ്ധയും കൂടുതല്‍ മെച്ചപ്പെടും. കുറഞ്ഞത് 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും അര്‍ബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
നീണ്ടനാളത്തെ വെട്ടിപ്പിടിക്കലുകള്‍ക്ക് ശേഷം അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. പോകുമ്പോള്‍ വളരെ ജ്ഞാനിയായ ഒരു ഗുരുവിനെകൂടി കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ഗുരുവിനടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: താങ്കള്‍ വേഗം തയ്യാറാകൂ.. എന്റെ കൂടെ എന്റെ രാജ്യത്തേക്ക് ഞാന്‍ താങ്കളെ കൊണ്ടുപോകുന്നുണ്ട്. ഗുരു പറഞ്ഞു: ഞാന്‍ ഈ നാട് വിട്ട് എവിടേയും വരാന്‍ തയ്യാറല്ല. രാജാവിന് ദേഷ്യം വന്നു. ഞാന്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലേ.. എന്റെ കല്‍പനകളെ ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. വേഗം വന്നില്ലെങ്കില്‍ താങ്കളെ ഞാന്‍ കൊല്ലും. ചക്രവര്‍ത്തി വാളൂരി ഗുരുവിന്റെ കഴുത്തില്‍ വെച്ചു. ഗുരു പറഞ്ഞു: താങ്കള്‍ മഹാനായ അലക്‌സാണ്ടര്‍ എന്ന പദവിക്ക് ഒരിക്കലും അര്‍ഹനല്ല. നിങ്ങള്‍ വെറുമൊരു അടിമയാണ്. ആദ്യം താങ്കള്‍ താങ്കളുടെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കൂ.. എന്നിട്ട് ഈ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കൂ.. രാജാവിന്റെ തല കുനിഞ്ഞു. ലോകം മുഴുവന്‍ നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സ്വന്തം ആത്മാവിനെ നേടാന്‍. വലിയ വലിയ കൊടുമുടികള്‍ കീഴടക്കിയവരും വിജയകിരീടങ്ങള്‍ ചൂടിയവരും തട്ടിവീണിട്ടുളളത് സ്വന്തം ബലഹീനതകളിലായിരിക്കും. അവനവനെ നിയന്ത്രിക്കുന്നവര്‍ മാത്രമാണ് തങ്ങളുടെ ഔന്നത്യവും വൈശിഷ്ട്യവും നിലനിര്‍ത്തുന്നത്.. എത്ര വലിയ ഉന്നതിയിലെത്തിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം - ശുഭദിനം.