◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' യുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 14 നു യാത്ര ആരംഭിക്കാനിരിക്കേയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പ്രതികൂല സാഹചര്യമുള്ളതിനാല്‍ അനുമതി തരാനാവില്ലെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലപാട്.
◾ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. 2010 മുതല്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ 2017 ഒക്ടോബര്‍ മുതല്‍ ഷംഷാബാദ് രൂപതാ മെത്രാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച ഒഴിവിലാണ് മെത്രാന്മാരുടെ സിനഡ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടിലിനെ സഭാ മേധാവിയായി തെരഞ്ഞെടുത്തത്.
◾ഈ മാസം 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കള്‍ നിരസിച്ചു. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിരുന്നത്.
◾തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗരേഖ തയാറാക്കുമെന്ന് സുപ്രീം കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
◾ഫെബ്രുവരി 15 നു വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും. നികുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പു സമരത്തിന് ആഹ്വാനം ചെയ്തത്. ഈ മാസം 29 നു കാസര്‍കോട്ടുനിന്ന് വ്യാപാര സംരക്ഷണ യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്.
◾കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്ത പത്മശ്രീ ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
◾നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. മാര്‍ച്ച് 27 വരെയാണു നിയമസഭാ സമ്മേളനം.
◾കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെലങ്കാനയില്‍ അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കൊച്ചിയില്‍ രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കേരളത്തിലെ കേസിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കേസുകളുണ്ട്. ദീപക് റാവുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
◾പൊന്നാനിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലപ്പുറത്തെ ഡിസിസി പ്രസിഡന്റ് അടക്കം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്ന പരിപാടിയില്‍ വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ വഴിമധ്യേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
◾അക്രമത്തിന് ആഹ്വാനം ചെയ്തതിന് ആദ്യം കേസെടുക്കേണ്ടത് വധശ്രമത്തെ രക്ഷാപ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച് പ്രോല്‍സാഹിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സര്‍ക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരില്‍ 13 വര്‍ഷം സുഖിച്ചു താമസിച്ചത് സിപിഎമ്മിന്റെയും പോലീസിന്റേയും ഒത്താശയോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ മതഭീകരര്‍ തഴച്ചു വളരുകയാണ്. കേരളം ഭീകരവാദികള്‍ സുരക്ഷിതമായ സ്ഥലമാക്കിയിരിക്കുകയാണ്. എന്‍ഐഎ ഇടപെട്ടതുകൊണ്ടാണ് പ്രതിയെ പിടികൂടാനായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾കുസാറ്റില്‍ നവംബര്‍ 25 ന് ടെക് ഫെസ്റ്റ് സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സമാശ്വാസ സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
◾ശതാഭിഷിക്തനാകുന്ന ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജന്മനക്ഷത്രദിനമായ നാളെ ശബരിമല ക്ഷേത്രത്തില്‍ വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലര്‍ച്ചെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ശനിദോഷ നിവാരണത്തിനായി നീരാഞ്ജനവും നടത്തും.
◾താല്‍ക്കാലിക അധ്യാപന നിയമനത്തിന് 20,000 രൂപ കൈക്കൂലി വാങ്ങിയ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ എ കെ മോഹനെ വിജിലന്‍സ് പിടികൂടി. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിലെ പ്രഫസറാണ് മൈസൂര്‍ സ്വദേശിയായ ഇയാള്‍.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ഈശ്വര നിന്ദയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
◾ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
◾സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ പശ്ചിമ ബംഗാള്‍ സ്വദേശി അശോകിന്. ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞ ഇയാള്‍ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ടിക്കറ്റ് ബാങ്കിലെത്തിക്കാന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ക്കു സുരക്ഷ നല്‍കി. ടിക്കറ്റ് ബാങ്കിനു കൈമാറിയ ശേഷം ഇയാള്‍ നാട്ടിലേക്കു പോയി. മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലി ചെയ്യുന്നയാളാണ് അശോക്.
◾ടിഎന്‍ പ്രതാപന്‍ എംപിയുടെ പിആര്‍ഒ എന്‍.എസ് അബ്ദുല്‍ ഹമീദിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അനൂപ് വിആര്‍ മുഖേനെയാണ് അബ്ദുല്‍ ഹമീദ് വക്കീല്‍ നോട്ടീസ് അയച്ചത്.
◾സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെ ഭാരവാഹിത്വങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
◾തുണിയില്‍ മുക്കുന്ന റോഡമിന്‍ ബി എന്ന നിറപ്പൊടി ഉപയോഗിച്ചുണ്ടാക്കിയ കടുംനിറമുള്ള മിഠായി തിരൂരില്‍ പിടികൂടി. ബി പി അങ്ങാടി നേര്‍ച്ച ആഘോഷ സ്ഥലത്ത് വില്‍പ്പനയ്ക്കുവച്ച മിഠായി വിറ്റവര്‍ക്കെതിരേ ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ഇതേസമയം, വായിലിട്ടാല്‍ പുക വരുന്ന ബിസ്‌കറ്റ് വില്‍പനയും പിടികൂടി. വെളുത്ത പുകയുണ്ടാക്കാന്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നതായാണു കണ്ടെത്തിയത്.
◾ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്. ഫെബ്രുവരി 17 മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. മഹോത്സവത്തിനുള്ള തയാറെടുപ്പുകള്‍ക്കായി മന്ത്രി വി.ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
◾എംഎ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്കാണു ശസ്ത്രക്രിയ. അപേക്ഷിക്കേണ്ട ഇ മെയില്‍ വിലാസം: hope@vpshealth.com
◾തൃശൂര്‍ നഗരത്തില്‍ പൊലീസിനെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നെടുപുഴ എസ്.ഐ സന്തോഷ്, വനിത പൊലീസുകാരായ കെ.സ്മിത, ജാന്‍സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടല്‍ ജീവനക്കാരനായ ജലാലുദ്ദീനാണ് അറസ്റ്റിലായത്.
◾തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരനും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഫാസ്റ്റാഗില്ലാതെ കാര്‍ കടന്നുപോകാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനു കാരണം. തൃശൂര്‍ ചുവന്നമണ്ണ് സ്വദേശി ഷിജുവിനും ടോള്‍ പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റു.
◾സിപിഎം കളര്‍കോട് ലോക്കല്‍ കമ്മറ്റി അംഗം ഗിരീഷ് കുമാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ബിഎംഎസ് പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്ക് പതിനൊന്നര വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശികളായ ഷാജി എന്ന ഷാമോന്‍, ഉണ്ണി എന്ന അഖില്‍, ഉണ്ണി, കരടി അജയന്‍, ശരത് ബാബു, അരുണ്‍, മഹേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
◾മുംബൈയില്‍ കപ്പല്‍ ജോലിക്കു പോയ പാറശാല സ്വദേശിയായ യുവാവ് കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു. പാറശാല വന്യക്കോട് കോട്ടവിള വീട്ടില്‍ രാജന്റെ മകന്‍ രാഹുല്‍ (21) ആണ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ചത്.
◾പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും 22 വര്‍ഷം കഠിന തടവും പിഴയും. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശനെ (40) യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
◾അയോധ്യയിലെ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാര്‍. ക്ഷേത്ര നിര്‍മാണം പൂര്‍ത്തയാക്കുന്നതിന് മുന്‍പു പ്രതിഷ്ഠാ ചടങ്ങു നടത്തുന്നതു ശരിയല്ലെന്ന് ജ്യോതിര്‍ മഠം ശങ്കാരാചാര്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കി.
◾പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റായതിനാല്‍ ആദായനികുതി അടക്കമുള്ള ഇനങ്ങളില്‍ വലിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.
◾മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ പിളര്‍ന്ന ശിവസേനയാണ് ഔദ്യോഗിക വിഭാഗമെന്നും എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്നും സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനാണ് അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്റെ രേഖകളില്‍ 2018 ല്‍ ഭേദഗതി ചെയ്ത പാര്‍ട്ടി ഭരണഘടന ഇല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
◾പശ്ചിമ ബംഗാളില്‍ തീവ്രവാദികളുടെ പാര്‍ട്ടിയായ സിപിഎമ്മുമായി സഖ്യമില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സഖ്യമാകാമെന്ന വാഗ്ദാനം സിപിഎം തള്ളിയതിനു പിറകേയാണ് സിപിഎമ്മിനെ തള്ളി പ്രസംഗിച്ചത്. ഇതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമെന്ന നിലയില്‍ പാര്‍ട്ടി ജില്ലാ നേതാക്കളുമായി മമത കൂടിക്കാഴ്ച ആരംഭിച്ചു.
◾2036ലെ ഒളിംപിക്സ് ഗുജറാത്തിലേക്കു കൊണ്ടുവരാന്‍ ആറു പുതിയ സ്പോര്‍ട്സ് കോംപ്ളക്സുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പാക്കുന്നു. ഇതിനായി 6000 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക.
◾നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളളയോട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
◾രാമക്ഷേത്രത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ മണി എത്തി. ഉത്തര്‍പ്രദേശിലെ ഈറ്റയില്‍ നിര്‍മിച്ച 2400 കിലോ തൂക്കമുള്ള ഭീമന്‍ മണിയാണ് എത്തിച്ചത്. മണിക്ക് 25 ലക്ഷം രൂപയാണു വില. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ അഷ്ടധാതുക്കള്‍ ഉപയോഗിച്ചാണ് ഈ മണി നിര്‍മിച്ചത്.
◾നാലുവയസുകാരനായ മകനെ താന്‍ കൊന്നിട്ടില്ലെന്നും ഉറക്കമുണര്‍ന്നപ്പോള്‍ മരിച്ചതായി കണ്ട് താന്‍ മാനസികമായി തകര്‍ന്നെന്നും സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്തിന്റെ മൊഴി. മനപ്രയാസംമൂലം കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചെന്നും അവര്‍ പറഞ്ഞെന്ന് ഗോവന്‍ പൊലീസ്.
◾ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റനും സ്‌ട്രൈക്കറുമായ ഫെഡോര്‍ സെര്‍നിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ അഡ്രിയാന്‍ ലൂണയ്ക്ക് പകരക്കാരനായാണ് സെര്‍നിച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
◾നേപ്പാള്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍. മുന്‍ താരവുമായ സന്ദീപ് ലാമിച്ചനയ്ക്ക് പീഢനക്കേസില്‍ എട്ടുവര്‍ഷം ജയില്‍ ശിക്ഷ. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
◾രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിംഗ് സംസ്ഥാനമെന്ന പദവി സ്വന്തമാക്കി കേരളം. സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന പുതിയ മാനദണ്ഡമായ എച്ച്.യു.ഐ.ഡി നടപ്പാക്കിയിട്ട് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ ഇതിനോടകം 6,000 ജ്വല്ലറികളാണ് ലൈസന്‍സ് നേടിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോടും ഇടുക്കിയിലും ഹോള്‍മാര്‍ക്കിംഗ് സെന്റര്‍ തുറന്നിരുന്നു. ഹോള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ നിന്നും പ്രതിദിനം 4 ലക്ഷത്തോളം ആഭരണങ്ങളിലാണ് എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നത്. രാജ്യത്ത് 300 കോടി ആഭരണങ്ങളില്‍ ഇതിനോടകം തന്നെ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 3,000 കോടി ടണ്ണോളമാണ് ഇവയുടെ അളവ്. 2021 ജൂലൈയിലാണ് കേന്ദ്രസര്‍ക്കാരും, ബിഐഎസും സ്വര്‍ണാഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി മുദ്ര നിര്‍ബന്ധമാക്കിയത്. നിലവില്‍, 10,000-ത്തിലധികം ജ്വല്ലറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. ജ്വല്ലറികളില്‍ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുക എന്നതാണ് എച്ച്.യു.ഐ.ഡി പതിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എച്ച്.യു.ഐ.ഡി പരിശോധിക്കുന്നതിലൂടെ ആഭരണം നിര്‍മ്മിച്ചത് എവിടെയാണ്, ഹോള്‍മാര്‍ക്ക് ചെയ്തത് എവിടെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
◾ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്ന മണിരത്നം - കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫി'ന്റെ പുതിയ അപ്‌ഡേറ്റ് മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. മലയാളത്തില്‍ നിന്ന് പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ സ്ഥിതീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്നു ഒഫീഷ്യല്‍ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണല്‍ അവാര്‍ഡും, സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോര്‍ജും തഗ് ലൈഫിലെ ഒരു പ്രധാന റോളില്‍ എത്തുന്നു. മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, ജയം രവി, ഗൗതം കാര്‍ത്തിക് ,തൃഷ തുടങ്ങി വമ്പന്‍ താരനിര തഗ് ലൈഫിന്റെ മാറ്റ് കൂട്ടുന്നു. തഗ് ലൈഫില്‍ കമല്‍ ഹാസനും മണിരത്‌നവും ഇസൈപുയല്‍ എ.ആര്‍.റഹ്‌മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു.
◾മലയാളി സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് 'ആടുജീവിതം'. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന യുഎസ്പി. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റര്‍ പങ്കുവച്ചത്. നജീബിന്റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മണലാര്യത്തില്‍ ജീവിതം തളയ്ക്കപ്പെട്ടുപോയ കഥാപാത്രത്തിന്റെ ദൈന്യതയുടെ ആവിഷ്‌കാരമാണ് ബ്ലെസിലും പൃഥ്വിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
◾ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്വിച്ച് മോട്ടോകോര്‍പ്പ് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിഎസ്ആര്‍ 762 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. 1.90 ലക്ഷം രൂപയാണ് ഈ ഇ-മോട്ടോര്‍ സൈക്കിളിന്റെ എക്‌സ് ഷോറൂം വില. ഈ ഇലക്ട്രിക് ഇരുചക്രവാഹനത്തിനായി കമ്പനി 100 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിലൂടെ, ഗുണനിലവാരത്തിലും പ്രകടനത്തിലും ഏറ്റവും ഉയര്‍ന്ന നിലവാരത്തോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും മെയ്ക്ക് ഇന്‍ ഇന്ത്യയാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍. സ്വിച്ച് സിഎസ്ആര്‍ 762 ല്‍ 13.4ബിഎച്പി കരുത്തും 165എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 3 കിലോവാട്ട് മോട്ടോറുമായി ജോടിയാക്കിയ 3.6കിലോവാട്ട് അവര്‍ ലിഥിയം-അയണ്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഈ സജ്ജീകരണത്തിന് ഈ ഇലക്ട്രിക് ബൈക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയും. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ റേഞ്ച്. മൂന്ന് സ്റ്റാന്‍ഡേര്‍ഡ് റൈഡിംഗ് മോഡുകള്‍ ഉണ്ട്.
◾നിര്‍വചനങ്ങള്‍ക്കതീതമാണു പ്രണയം. കാലങ്ങളോളം മനസ്സില്‍ സൂക്ഷിച്ച ഒരപൂര്‍വ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്‌കാരമാണ് പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍ കുമരാസുരന്‍. തമിഴകത്തിന്റെ ഉള്‍നാടന്‍ ഗ്രാമജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് സാധാരണയായി അദ്ദേഹത്തിന്റെ നോവലുകള്‍. എന്നാല്‍ അവയില്‍നിന്നൊക്കെ വ്യത്യസ്തമായി പുതിയ തലമുറയുടെ വീക്ഷണകോണിലൂടെ പറയുന്ന കഥയാണ് കുമരാസുരന്‍. രണ്ടു തലമുറകളുടെ സമാന്തരമായ ചിന്താസഞ്ചാരമാണിതില്‍. കൊറോണക്കാലവും ലോക്ഡൗണും പശ്ചാത്തലമാകുന്ന ഈ കൃതി തികച്ചും പുതുമയാര്‍ന്നൊരു വായനാനുഭവമായിരിക്കും വായനക്കാര്‍ക്ക് സമ്മാനിക്കുക. 'കുമാരാസുരന്‍'. പെരുമാള്‍ മുരുകന്‍. ഡിസി ബുക്സ്. വില 399 രൂപ.
◾ഉണരുമ്പോള്‍ തന്നെ ഫോണില്‍ നോക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ഉറക്കമുണര്‍ന്ന് ഫോണിലേക്ക് നോക്കുമ്പോള്‍ തന്നെ വിവിധ തരത്തിലുള്ള അറിയിപ്പുകള്‍ കാണാം. അതില്‍ പല തരത്തിലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കാം. ഉറക്കമുണര്‍ന്നയുടനെ പല തരത്തിലുള്ള വിവരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ വളരെയധികം ബാധിക്കും. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും വിശ്രമമില്ലാത്ത രാത്രികളിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ നിങ്ങളുടെ ഫോണ്‍ പരിശോധിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. ദിവസം സ്വാഭാവികമായി ആരംഭിക്കാന്‍ അനുവദിക്കുന്നതിനുപകരം നിങ്ങളുടെ തലച്ചോറിനെ വാര്‍ത്തകള്‍ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. തെളിച്ചമുള്ള സ്‌ക്രീനില്‍ ദീര്‍ഘനേരം നോക്കുന്നത്, പ്രത്യേകിച്ച് രാവിലെ അത് കണ്ണുകള്‍ക്ക് കൂടുതല്‍ സ്ട്രെസ്സ് നല്‍കുന്നു. ഇത് തലവേദനയ്ക്കും കണ്ണുകളില്‍ വരള്‍ച്ചയ്ക്കും കാരണമാകും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഫോണ്‍ തുടര്‍ച്ചയായി എടുക്കുന്ന ശീലം ഒരുതരം അഡിക്ഷന്‍ പോലെയാണ്. അറിയിപ്പുകള്‍ പരിശോധിക്കാനോ ഓണ്‍ലൈനില്‍ സജീവമാകാനോ നിങ്ങളുടെ ഡോപാമൈന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ശീലത്തില്‍ നിന്ന് മുക്തമാകുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറുകയും അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അധ്യാപകന്‍ അന്ന് കുട്ടികളോട് ഒരു തവളയുടെ കഥ പറഞ്ഞു. കുളിക്കാനായി പുറത്ത് കൂട്ടിയ അടുപ്പിലെ പാത്രത്തില്‍ ഒരു തവള വീണു. വെള്ളത്തിലായതുകൊണ്ട് അത് അവിടെ തന്നെ സുഖമായി കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഉടമ അടുപ്പിന് തീ കൊടുത്തു. ചെറിയ ചൂട് വരുന്നുണ്ടായിരുന്നെങ്കിലും തവള രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. തീയുടെ ചൂട് കൂടിയപ്പോള്‍ ഒരു ചാട്ടത്തിന് പാത്രത്തിന്റെ വക്കിലെത്തിയെങ്കിലും പാത്രത്തിന്റെ ചൂട് കാരണം കൈകാലുകള്‍ പൊള്ളി തവള പാത്രത്തിലെ വെള്ളത്തിലേക്ക് തന്നെ വീണു.. അവിടെ കിടന്ന് ചാവുകയും ചെയ്തു. അധ്യാപകന്‍ തുടര്‍ന്നു: ഇവിടെ തവളയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം എന്തായിരുന്നു? തീ കത്തിച്ചതോ, വെള്ളം ചൂടായതോ ഒന്നുമല്ല, തവള തനിക്ക് രക്ഷപ്പെടാന്‍ കിട്ടിയ അവസരം യഥാസമയം വിനിയോഗിക്കാത്തതാണ്. ചെറുതായി വെളളം ചൂടാവുന്നതായ തോന്നല്‍ വന്നപ്പോള്‍ തന്നെ തവള ചാടാന്‍ ശ്രമിക്കേണ്ടതായിരുന്നു. കുട്ടികള്‍ അതെയെന്ന് തലയാട്ടി. നമ്മളറിയാതെ നമുക്കുചുറ്റും പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സാമൂഹികമായി, സാമ്പത്തികമായി, ശാരീരികമായി നമുക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ നമ്മെ നെഗറ്റീവായി ബാധിച്ചു തുടങ്ങിയെന്ന തോന്നല്‍ വരുമ്പോള്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. കൃത്യമായ സമയത്ത് തീരുമാനങ്ങള്‍ എടുക്കുക. ജീവിതത്തില്‍ ഒരു യു ടേണ്‍ എടുക്കണമെങ്കില്‍ അത് യഥാസമയം പ്രാവര്‍ത്തികമാക്കുക - ശുഭദിനം.