◾സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയതിന് പോലീസ് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതി 22 വരെ റിമാന്‍ഡു ചെയ്തു. സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി രാഹുല്‍ പോലീസുകാരെ പട്ടികകൊണ്ട് അടിച്ചെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റി. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചു. പലയിടത്തും പോലീസുമായി ഏറ്റുമുട്ടി.
◾സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തന്നെയാണ് ആദ്യം അറസ്റ്റു ചെയ്യേണ്ടതെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസിനെ ഉപയോഗിച്ചു പിണറായി സര്‍ക്കാര്‍ ഭരണകൂട ഭീകരത നടപ്പാക്കുകയാണ്. ഷോ കാണിച്ച് അറസ്റ്റു ചെയ്ത് പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും സതീശന്‍.
◾സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ എന്‍എച്ച്എം പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ തരേണ്ട 371.50 കോടി രൂപ തന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്‍എച്ച്എം പദ്ധതികള്‍ക്കു കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടി രൂപയാണ്. സംസ്ഥാനം നല്‍കുന്നത് 550.68 കോടിയും. കേന്ദ്ര വിഹിതംകൂടി സംസ്ഥാനം ചെലവാക്കിയാണു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
◾ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി നടക്കും. ഇതിനു മുന്നൊരുക്കമായി 12 ന് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ നടത്തും. 23 ന് തിരുവനന്തപുരത്ത് സമാപിക്കും. 22 ന് കെ-വാക്ക് എന്ന മെഗാ വാക്കത്തോണ്‍ നടത്തുമെന്നും സ്പോര്‍ട്സ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
◾തിരുവനന്തപുരത്ത് ഈ മാസം 15 മുതല്‍ ഫെബ്രുവരി 15 വരെ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയോടനുബന്ധിച്ച് ഒരു മാസം ചൂര്‍ണ ചന്ദ്രനേയും ചൊവ്വയേയും അടുത്തു കാണാം. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറമിന്റെ മ്യൂസിയം ഓഫ് ദ മൂണ്‍, ദ മാര്‍സ് എന്നീ ഇന്‍സ്റ്റലേഷനുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ എന്ന ഉപഗ്രഹ ക്യാമറ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 120 ഡിപിഐ റെസല്യൂഷനില്‍ പ്രിന്റ് ചെയ്താണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂണ്‍ തയാറാക്കിയത്.
◾ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് പൊലീസ് എസ്ഐ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ 12 ന് ഹാജരാകണമെന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അഭിഭാഷകന്‍ അക്വിബ് സുഹൈല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ ഹൈക്കോടതി ഡിജിപിയുടെ വിശദീകരണം തേടിയിട്ടുണ്ട്. പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്നും ആക്രമിച്ചെന്നും ആരോപിച്ച് അഭിഭാഷകനെതിരേ പോലീസും കേസെടുത്തിട്ടുണ്ട്.
◾അപകടമുണ്ടായ ബസ് ഓടിച്ച ഡ്രൈവറെ കണ്ടെത്താനാകാത്തതിനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്ഐയും അഭിഭാഷകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. കഴിഞ്ഞ മാസം എട്ടിന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചത് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ ബസ് ഇടിച്ചാണെന്നാണു പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തു. ബസ് വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോടു ഡ്രൈവറെ ഹാജരാക്കിയാലേ ബസ് വിട്ടുതരൂവെന്ന് എസ്ഐ പറഞ്ഞതാണു തര്‍ക്കത്തിനു കാരണം. വഴക്കിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
◾വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാനും വണ്ടിപെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ബിഷപ്പുമാരുടെ സിനഡ് രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുത്തു. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. ഇന്നു പ്രഖ്യാപനമുണ്ടാകും. പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാടിന്റെ പേരാണു മുന്‍നിരയിലുണ്ടായിരുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
◾കുതിരാനില്‍ പാലക്കാടുനിന്നു തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കം നാലു മാസത്തേക്ക് അടച്ചു. തുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ നടത്താനാണ് അടച്ചത്. ഇതോടെ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ മാത്രമാകും ഇനി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിടുക.
◾സംസ്ഥാനത്തു നിന്ന് ഈ വര്‍ഷം ഹജ്ജിനായി 21,758 അപേക്ഷകള്‍ ലഭിച്ചെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഈ മാസം 15 വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുനിന്നും 19,524 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11, 252 പേര്‍ക്ക് ഹജ്ജിനുളള അവസരം ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ തൊടുപുഴയില്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെതിരെ ബിജെപി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. ഭരണഘടന പദവിയിലുള്ള ആള്‍ക്കെതിരേ അപകീര്‍ത്തിപരമായ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
◾ഡോ. വന്ദനദാസ് കൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന്റെ ഭാഗമായ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ കെട്ടിടമായ നയാഗ്ര ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ആധുനിക ഓഫീസ് സമുച്ചയം. ലോകോത്തര ഐറ്റി കമ്പനികള്‍ ഇവിടെ എത്തുമെന്നാണു പ്രതീക്ഷ.
◾സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര രോഗമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുഷുമ്നാ നാഡിയില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട്. കഴുത്തും നടുവും രോഗബാധിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യ ഹര്‍ജിക്കു സഹായകമായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.
◾മുല്ലപ്പെരിയാല്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കു കേരളത്തിനു നിര്‍ദേശം നല്‍കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
◾കൊല്ലം ചക്കുവള്ളിയില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പ്രകാശ് ജനാര്‍ദനക്കുറുപ്പിന്റെ വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളില്‍ ആറെണ്ണമാണ് പൊട്ടിത്തെറിച്ചത്. പന്തളം തുമ്പമണ്ണിലെ ഏജന്‍സിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാര്‍ഹിക സിലിണ്ടറില്‍നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് വാതകം പകര്‍ത്തുന്ന തട്ടിപ്പിനിടെയാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്.
◾എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്തത്.
◾വാഴക്കുളത്ത് മോഷണത്തിനിടെ ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതി മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) കുറ്റക്കാരനെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. 2018 ജൂലൈ 30 ന് ആണ് നിമിഷ തമ്പിയെ പ്രതി കഴുത്തറത്തു കൊന്നത്.
◾കോഴിക്കോട് മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് വള്ളത്തില്‍നിന്നു കടലിലേക്കു തെറിച്ചുവീണ് കാണാതായ മല്‍സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കടലൂരിലെ പീടികവളപ്പില്‍ റസാഖിന്റെ (50) മൃതദേഹമാണ് ലഭിച്ചത്. തെരച്ചിലിനു കോസ്റ്റ് ഗാര്‍ഡിന്റെ സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു.
◾റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവതി പിടിയിലായി. മലപ്പുറം ജില്ലയില്‍ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബില(28) ആണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തിയെന്നാണ് കേസ്.
◾ഒറ്റപ്പാലം ചോറോട്ടൂരില്‍ റെയില്‍വെ ട്രാക്കില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ച ഇരുവരും പുരുഷന്മാരായ അതിഥി തൊഴിലാളികളാണ്.
◾നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. കരിപ്പൂരില്‍ ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ടു കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. നെടുമ്പാശേരിയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. രണ്ടു യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണവും ഒരു വിദേശിയില്‍നിന്ന് 472 ഗ്രാം സ്വര്‍ണവും പിടിച്ചു.
◾ലക്ഷദ്വീപില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിറകേ വമ്പന്‍ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പുതിയ വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ വിനോദസഞ്ചാരത്തിനു കടുത്ത നിയന്ത്രണമാണ് ഇതുവരെ ഉണ്ടായിരുന്നത്.
◾തമിഴ്‌നാട്ടില്‍ മൂന്ന് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുറത്തിറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ ആര്‍എന്‍ രവി പിന്‍വലിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് വിജ്ഞാപനം പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സേര്‍ച്ച് കമ്മിറ്റിയെ തള്ളിയാണ് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.
◾മുതിര്‍ന്ന കരസേന ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ബ്രിഗേഡിയര്‍ എജെഎസ് ഭെല്‍ അന്തരിച്ചു. 1962, 1965, 1971 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കായി യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ചൈനയുമായുളള 1962 ലെ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനിടെ യുദ്ധത്തടവുകാരനായി പിടിയിലായി ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.
◾രാഹുല്‍ ഗാന്ധി മോദിക്കു തുല്യനാവില്ലെന്ന പരാമര്‍ശം നടത്തിയതിന് കാര്‍ത്തി ചിദംബരത്തിന് കാരണംകാണിക്കല്‍ നോട്ടീസ്. തമിഴ്നാട് പിസിസി അച്ചടക്കസമിതിയാണു നോട്ടീസ് നല്‍കിയത്.
◾142 കാറുകള്‍ ഇറക്കുമതി ചെയ്തതിന് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയെക്കൊണ്ട് 328 കോടി രൂപ പിഴയടപ്പിച്ചു. പലിശയും 15 ശതമാനം ഡിഫറന്‍ഷ്യല്‍ ഡ്യൂട്ടിയും ഉള്‍പ്പെടെയാണ് ഇത്രയും ഭീമമായ തുക കെട്ടിവെച്ചത്. പ്രമുഖ ലേല കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങിയ 138 വിന്റേജ് കാറുകളുടെയും നാല് ആര്‍ ആന്‍ഡ് ഡി വാഹനങ്ങളുടെയും ഇറക്കുമതിക്കാണ് ഇത്രയും തുക അടപ്പിച്ചത്.
◾പാക്കിസ്ഥാനില്‍ മുന്‍ പാക് പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫിനും ഇമ്രാന്‍ ഖാനും ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ആജീവനാന്തമല്ലെന്നും അഞ്ചു വര്‍ഷത്തേക്കാണെന്നും പാക്കിസ്ഥാന്‍ സുപ്രീം കോടതി. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് ഖാസി ഫയെസ് ഇസ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഇങ്ങനെ വിധിച്ചത്.
◾കുവൈറ്റില്‍ പുതുവര്‍ഷത്തിലെ ആദ്യ അഞ്ച് ദിവസം നടത്തിയ സുരക്ഷാ പരിശോധനകളില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം 31,42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതില്‍ 17,701 സ്ത്രീകളും ഉള്‍പ്പെടുന്നു.
◾ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര കൈവിട്ട് ഇന്ത്യന്‍ വനിതകള്‍. മൂന്നാമത്തെ കളിയില്‍ 7 വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യക്ക് 2-1 ന് പരമ്പര നഷ്ടമായത്. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയന്‍ വനിതകള്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിയിരിക്കേ മറികടക്കുകയായിരുന്നു.
◾ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരുടെ പട്ടികയില്‍ ഒന്നാമനായി യു.എസ്. ഒപെക് + കൂട്ടായ്മയിലുള്ള രാജ്യങ്ങളായ സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം കാനഡയും പട്ടികയിലുണ്ട്. എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും നിലവില്‍ യു.എസാണ് മുന്നില്‍. പ്രതിദിനം 13 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. യു.എസ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം സെപ്റ്റംബറിലാണ് പ്രതിദിനം 13.236 ദശലക്ഷം ബാരല്‍ എന്ന പുതിയ പ്രതിമാസ റെക്കോഡിലെത്തിയത്. സൗദി അറേബ്യ ഈ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ്. 2023ന്റെ ആദ്യ പകുതിയില്‍ സൗദി ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉല്‍പ്പാദനം ശരാശരി 10.2 ദശലക്ഷം ബാരലായിരുന്നു. എന്നാല്‍ ജൂലൈ മുതല്‍ രാജ്യം പ്രതിദിനം 1 ദശലക്ഷം ബാരലിന്റെ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഇതോടെ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രതിദിന ഉല്‍പ്പാദനം ശരാശരി 9 ദശലക്ഷം ബാരലായി കുറഞ്ഞു. റഷ്യ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിലക്കിഴിവില്‍ എണ്ണ വിറ്റഴിച്ചതും രാജ്യത്തിന് ഏറെ നേട്ടമായി. റഷ്യയാണ് 2023ലെ ലോകത്തെ അഞ്ച് വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്ന്. കാനഡ എനര്‍ജി റെഗുലേറ്ററില്‍ നിന്നുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ എണ്ണയുടെ പ്രതിദിന ഉല്‍പ്പാദനം 4.86 ദശലക്ഷം ബാരലെന്ന റെക്കോഡിലെത്തി. ഒപെക്കിന്റെ രണ്ടാമത്തെ വലിയ ഉല്‍പ്പാദകരായ ഇറാഖ് ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഇവിടെ പ്രതിദിന ഉല്‍പ്പാദനം ഏകദേശം 4.3 ദശലക്ഷം ബാരലാണ്.
◾ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം പ്രഭാസ് നായകനായെത്തുന്ന 'കല്‍ക്കി 2898 എഡി' ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണ് കല്‍ക്കി 2898 എഡി. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഈയൊരു മുതല്‍മുടക്കിനെ പിന്നലാക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റ് ഭാഷകളില്‍ നിന്നും നിലവില്‍ മറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെയില്ല. 700 കോടി ബജറ്റില്‍ ഒരുങ്ങിയ പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ മുതല്‍മുടക്ക് അവകാശപ്പെടുന്ന ചിത്രം. എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്ടോപ്പിയന്‍ ഗണത്തില്‍ പെടുന്ന കല്‍ക്കിയില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മലയാളത്തില്‍ നിന്ന് ദുല്‍ഖറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കല്‍ക്കിയുടെ തിരക്കഥയും നാഗ് അശ്വിന്‍ തന്നെയാണ് നിര്‍മിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏപ്രില്‍ 1 പുറത്തു വിടും.
◾ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് 'ക്യാപ്റ്റന്‍ മില്ലര്‍'. ക്യാപ്റ്റന്‍ മില്ലര്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍ മില്ലറിലെ പുതിയൊരു ലിറിക്കില്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 'കൊമ്പാരി വേട്ടപ്പുലി'യെന്ന മനോഹരമായ ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. വിവേക് എഴുതിയ വരികള്‍ ധനുഷ് ചിത്രത്തിനായി മനോഹരമായി പാടിയിരിക്കുന്നത് ധീയാണ്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നിര്‍ണായകമായ നായികയുടെ വേഷത്തില്‍ എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റന്‍ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ റിലീസ് പന്ത്രണ്ടിനാണ്.
◾ഇന്ത്യക്കാര്‍ക്കിടയില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായാണ് ഉയര്‍ന്നിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ, പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള വൈദ്യുത വാഹനങ്ങളാണ് നിരത്തിലിറക്കുന്നത്. രാജ്യത്തെ വൈദ്യുത വാഹന വില്‍പ്പനയില്‍ മുന്‍പന്തിയില്‍ ഉള്ളത് ടാറ്റ മോട്ടോഴ്സാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 48,000-ലധികം വൈദ്യുത വാഹനങ്ങളാണ് ടാറ്റ മോട്ടേഴ്സ് വിറ്റഴിച്ചത്. ഇത് വൈദ്യുത വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് വ്യക്തമാക്കുന്നു. ടാറ്റ ഇവിയുടെ സമീപകാല ഡാറ്റ, അനലിറ്റിക്സ്, ഉപഭോക്ത പ്രതികരണങ്ങള്‍ എന്നിവ വാഹന വിപണിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ടിയാഗോ ഇവി വാങ്ങുന്നവരില്‍ 22 ശതമാനം സ്ത്രീകളാണ്. ടെസ്ല അടക്കമുള്ള ആഗോള ഭീമന്മാരുടെ കടന്നുവരവ് ഉണ്ടാകുന്നതോടെ വരും വര്‍ഷങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
◾കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചല്‍പ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നര്‍ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവര്‍ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളില്‍ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാര്‍ക്ക് അനുഭവപ്പെടും എന്നത് തീര്‍ച്ചയാണ്. 'പഞ്ചകൈലാസങ്ങളിലൂടെ'. ചന്ദ്രഹാസ്. ഡിസി ബുക്സ്. വില 450 രൂപ.
◾ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ കുടവയര്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നമ്മളില്‍ പലരും കുറച്ച് എയര്‍ പിടിച്ച് നില്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഈ പതിവ് ദീര്‍ഘകാല ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശ്വാസം പിടിച്ച് വയര്‍ ഉള്ളലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ബാധിക്കപ്പെടുന്നത് ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിക്കും. മാത്രമല്ല ഇത് ശീലമാക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയാനും കാരണമാകാമെന്ന് ഫിറ്റ്‌നസ് വിദഗ്ധര്‍ പറയുന്നു. കുടവയര്‍ കാണാതിരിക്കാന്‍ ഇത്തരത്തിലുള്ള കുറുക്കുവഴികള്‍ നോക്കാതെ ശരീയായ ഡയറ്റിലൂടെ അത് പരിഹരിക്കുകയാണ് വേണ്ടത്. ആരോഗ്യകരവുമായ ജീവിതശൈലി, വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. വയര്‍ അല്‍പമൊന്ന് ചാടിയാല്‍ സൗന്ദര്യം നഷ്ടമായി എന്നത് നെഗറ്റീവായ ശരീര സങ്കല്‍പത്തിന് വഴി വെക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ശരീരത്തെ അതിന്റെ സ്വാഭാവിക വടിവുകളോടെയും ആകൃതിയോടെയും അംഗീകരിക്കാന്‍ ശീലിക്കുന്നതാണ് ആരോഗ്യകരവും പോസിറ്റീവുമായ പ്രതിച്ഛായ സ്വയം ഉണ്ടാക്കിയെടുക്കാനുള്ള വഴി.
*ശുഭദിനം*
*കവിത കണ്ണന്‍*
അച്ഛാ ഈ പരുന്തിന് രണ്ടു ജന്മമുണ്ടെന്ന പറയുന്നതില്‍ സത്യമുണ്ടോ? എന്തിനാണ് പരുന്തിനെ പോലെയാകണം എന്ന് പറയുന്നത്? മകന്‍ സംശയവുമായി അച്ഛനടുത്തേക്ക് വന്നു. അച്ഛന്‍ പറഞ്ഞു: പരുന്തിന് രണ്ടു ജന്മമുണ്ടെന്നാണ് പറയുക. അതിന്റെ ഏഴാംവര്‍ഷത്തില്‍ അതിന്റെ പല്ലും നഖങ്ങളുമെല്ലാം കൊഴിഞ്ഞ് ഇരപിടിക്കാനാകാതെ മരണത്തിന് കീഴടങ്ങാം. അല്ലെങ്കില്‍ സ്വന്തം നഖങ്ങളേയും ചിറകുകളേയും എല്ലാം വേദനയോടെ കൊത്തിയെറിയുക. അങ്ങനെ ചെയ്തുകഴിഞ്ഞാന്‍ നീണ്ട വര്‍ഷത്തിന് ശേഷം പുതിയ തൂവലുകളും നഖങ്ങളും നേടിയെടുത്ത് പുതിയ ആകാശം വീണ്ടെടുക്കാം. കൂടുതല്‍ കരുത്തോടെ പുതിയ ഉയരങ്ങളെ കീഴടക്കാം. മകന്‍ പറഞ്ഞു: ഞാനും പരുന്തിനെപോലെയാകും.. ഇവിടെ നമുക്ക് ഓരോരുത്തര്‍ക്കും രണ്ടും സാധ്യതകളാണ് ഉളളത്. ഒന്ന്. തോറ്റുപോവുക, കീഴടങ്ങുക, വിധിയെ പഴിച്ച് മരിച്ച് ജീവിക്കുക, രണ്ട്. വലിയ ഉയരങ്ങള്‍ക്ക് വേണ്ടി വേദനയുടെ വഴിയെ തിരഞ്ഞെടുക്കുക. ആ വേദനകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ പുതിയൊരാള്‍ സൃഷ്ടിക്കപ്പെടും. ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അവയെ സ്വീകരിക്കുക, അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക.. ആഗ്രഹിച്ച ഉയരങ്ങളിലേക്ക് നടന്നടുക്കുക - ശുഭദിനം.