ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ജിയോ, ഷമിം, ഗ്യാനേഷ്, വിൽഫിൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ നിധിൻ ഒളിവിലാണ്. ജില്ലയിൽ നിധിന് വേണ്ടി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്. ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകർക്കുന്നതിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
അക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇതോടെ സിപിഐഎം നേതാക്കളും വിഷയത്തിൽ ഇടപെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഐഎം നേതാക്കൾ മോചിപ്പിക്കുകയായിരുന്നു. ഇതോടെ നിധിൻ രക്ഷപ്പെടുകയായിരുന്നു. നിധിൻ എവിടെയാണെന്ന കാര്യത്തിൽ പൊലീസിന് വിവരമില്ല. നിധിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.