കൊല്ലത്ത് ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ മകൾക്കും ഭാര്യക്കും പങ്കെന്ന് നിലവിൽ കസ്റ്റഡിയിലായ പത്മകുമാറിന്റെ മൊഴി. മൂന്ന് പേരും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് പത്മകുമാർ മൊഴി നൽകി.ഒരു വർഷം നീണ്ട പദ്ധതിയായിരുന്നു. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. തുക നൽകിയാൽ കുട്ടിയെ നൽകാമെന്ന് പേപ്പറിൽ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരൻ്റ കൈയ്യിൽ ഈ പേപ്പർ നൽകാൻ കഴിഞ്ഞില്ല. കടുത്ത സാമ്പത്തിക പ്രശ്നം അലട്ടിയിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. നഴ്സിംങ് ജോലിക്ക് പണം നൽകിയെന്ന മൊഴി പത്മകുമാർ പിന്നേയും മാറ്റി. എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയിൽ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതൽ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയം. പത്മകുമാറിന് വൻ സാമ്പത്തിക ബാധ്യതയെന്ന് സൂചന.