തിരുവനന്തപുരത്തെ കനകക്കുന്നില്‍ ചാന്ദ്ര വിസ്മയം തീര്‍ത്ത് മ്യൂസിയം ഓഫ് ദ മൂണ്‍. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഭീമന്‍ ചാന്ദ്ര മാതൃക പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം കാണാന്‍ കനകകുന്നിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍.
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് മുന്നോടിയായാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’ സംഘടിപ്പിച്ചത്. ഇന്ഗ്ലീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃക കാണാന്‍ കനകകുന്നിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചന്ദ്രന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക് ജെറം ഭീമന്‍ ചാന്ദ്രമാതൃക തയ്യാറാക്കിയത്.മന്ത്രി കെഎന്‍ ബാലഗോപാലാണ് ദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രായഭേദമില്ലാതെ ചന്ദ്രനെ നേരിട്ടതിന്റെ ആവേശത്തില്‍ ആയിരുന്നു കനകക്കുന്ന്.
ഓരോ സെന്റീമീറ്ററിലും അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമെന്ന അനുപാതമാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. 7 മീറ്ററോളം വ്യാസമുള്ള പ്രകാശിക്കുന്ന ചന്ദ്രഗോളം പുലരും വരെ കാഴ്ച വിസ്മയം തീര്‍ത്തു. ഒരു മാസം നീളുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലും ഭീമന്‍ ചന്ദ്രന്‍ പ്രകാശിച്ച് നില്‍ക്കും.