തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി. തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുടെ രണ്ടു സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ പാലക്കാട് സമാനമായ രീതിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെട്ടപ്പോള്‍ പുനസ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്. രാജുവിന്റെ സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ സുരേഷിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയുമാണ് തിരുനല്‍വേലിയിലേക്ക് അയച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ്നാടിന് 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ജലവിഭവ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കുപ്പിവെള്ളമായ ഹില്ലി അക്വയുടെ കുപ്പിവെള്ളമാണ് തമിഴ്നാടിന് നല്‍കുക. കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനായി തമിഴ്നാടിന് സഹായം നല്‍കുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് ‘ട്വാഡ് (തമിഴ്നാട് വാട്ടര്‍ സപ്ലൈ ആന്‍ഡ് ഡ്രെയിനേജ് ബോര്‍ഡ്) ബോര്‍ഡ്’ അധികൃതരും കേരള വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് നേരിട്ടത്. ഈ മേഖലയിലെ കുടിവെള്ള വിതരണം അടക്കം തകരാറിലാവുകയും ചെയ്തു.