വർക്കല : വടശ്ശേരിക്കോണം ജംഗ്ഷന് സമീപത്തെ പേൾ കൺവെൻഷൻ സെന്റർ ബാങ്ക് സീൽ ചെയ്തതോടെ ഹാൾ ബുക്ക് ചെയ്തിരുന്ന വിവാഹ പാർട്ടികൾ ദുരിതത്തിലും നെട്ടോട്ടത്തിലുമായി. ഇതിനകം മൂന്ന് വിവാഹങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നടത്തി. വ്യാഴാഴ്ച ഈ ഹാളിൽ നടക്കേണ്ടിയിരുന്ന മുകുന്ദുവിന്റെയും കാവ്യയുടെയും വിവാഹം അടുത്ത ജംഗ്ഷനിലെ പാലച്ചിറ മേവ കൺവെൻഷൻ സെന്ററിലേക്ക് മാറ്റിയാണ് നടത്തിയത്. ഇനി 10-)0 തീയതി നടക്കേണ്ടുന്ന വിവാഹത്തിന്റെ പാർട്ടിക്കാർ അടുത്തെങ്ങും ഹാളുകൾ കിട്ടാതെ അന്വേഷണം നടത്തി പരക്കം പായുകയാണ്.
ബാങ്ക് ലോണിന്റെ കുടിശ്ശികയെ തുടർന്ന് നവംബർ 20 നാണ് ഇന്ത്യൻ ബാങ്ക് കൊല്ലം പോളയത്തോട് ശാഖ സർഫാസി നിയമം അനുസരിച്ചു കോടതി ഉത്തരവ് പ്രകാരം സെന്റർ ജപ്തി ചെയ്തു സീലും ബോർഡുകളും വച്ചു പ്രത്യേക സുരക്ഷാ ജീവനക്കാരെയും നിയമിച്ചത്.19-)0 തീയതി വിവാഹം ബുക്ക് ചെയ്തിരുന്നത് കൊണ്ടാണ് ഉടമയുടെ അഭ്യർത്ഥന പ്രകാരം നടപടികൾ ബാങ്ക് 20-)0 തീയതി വരെ നീട്ടി കൊടുത്തത്.പിന്നീടുള്ള ബുക്കിങ്ങിനെക്കുറിച്ച് ബാങ്കിനും അറിവില്ലായിരുന്നു.നവംബർ 19-)0 തീയതി വിവാഹം നടത്തിയ അതേ കുടുംബത്തിലെ മറ്റൊരു വിവാഹ ചടങ്ങിനായാണ് ഡിസംബർ ഏഴാം തീയതിലേക്കു കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തിരുന്നത്. ഈ വിവാഹമാണ് പാലച്ചിറ മേവയിലേക്ക് മാറ്റി നടത്തിയത്. ഇനി ഞായറാഴ്ച നടയറ സ്വദേശിനിയായ വധുവിന്റെയും ചാവർകോട് സ്വദേശിയും ഗൾഫുകാരനുമായ വരന്റെയും വിവാഹമാണ് നടക്കേണ്ടത്. വിവാഹ പാർട്ടിക്കാർ ഉടമയുമായി സംസാരിച്ചപ്പോൾ അതിനകം എല്ലാം ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒന്നും ശരിയാകാത്തത് കൊണ്ട് ബാങ്ക് ശാഖാ മാനേജർ, റീജിയണൽ മാനേജർ തുടങ്ങിയവരുമായി ബന്ധപ്പെട്ടപ്പോൾ കോടതി ഉത്തരവിൻ പ്രകാരമുള്ള നടപടികൾ ആയത് കൊണ്ട് അവർക്ക് ഇനി ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് പറഞ്ഞു അവർ കൈ ഒഴിയുകയുയായിരുന്നു. ഞായറാഴ്ച്ച ധാരാളം വിവാഹങ്ങൾ ഉള്ള ദിവസം ആയത് കൊണ്ട് സമീപത്തൊന്നും മറ്റൊരു ഹാൾ കിട്ടാതെ നെട്ടോട്ടം ഓടുകയാണ് വധുവിന്റെയും വരന്റെയും ആൾക്കാർ. ഇനിയുള്ള ബുക്കിങ്ങുകളുടെയും അവസ്ഥ ഇത് തന്നെയാണ്. കോടികളുടെ കുടിശ്ശിഖ തുക അടച്ചു ബാങ്ക് -- കോടതി നടപടികൾ ഒഴിവാക്കിയാൽ മാത്രമേ സെന്റർ തുറന്ന് പ്രവർത്തിക്കുവാൻ കഴിയൂ. ഇതിനിടെ കൺവെൻഷൻ സെന്റർ ലേലം ചെയ്തു വിൽക്കുവാനുള്ള നടപടികളും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
ദീർഘകാലം പ്രവാസിയായിരുന്ന വടശ്ശേരിക്കോണം സ്വദേശി ബഷീറാണ് പ്രവാസ ജീവിതം കഴിഞ്ഞ് വന്നയുടനെ നാട്ടിൽ പേൾ കൺവെൻഷൻ സെന്റർ നിർമിച്ചത്. ഉത്ഘാടനം കഴിഞ്ഞയുടനെ കോവിഡ് വന്നപ്പോൾ ബുക്കിങ് ഇല്ലാതെയും സാമ്പത്തിക പ്രശ്നങ്ങളിലുമായി. തുടർന്ന് ബഷീർ കൊല്ലത്തെ അഭിഭാഷകനായ സുഭാഷിന് സെന്റർ വിൽക്കുകയായിരുന്നു. സുഭാഷ് ഇതിനായി എടുത്ത ബാങ്ക് ലോണാണ് ഇപ്പോൾ സർഫാസി നടപടികൾക്കു വിധേയമായി ജപ്തി നടപടികൾ നേരിടുന്നത്.