ചെന്നൈയില്‍‌ വെള്ളമിറങ്ങി; പക്ഷെ എയറിലായി സൂപ്പര്‍ താരങ്ങള്‍; ഗവണ്‍മെന്‍റിനെ പേടിയോ എന്ന് സോഷ്യല്‍ മീഡിയ.!

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്ന് ചെന്നൈ നഗരം മുക്തമായി വരുന്നതേയുള്ളൂ. ഇക്കുറി അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം സാമന്യ ജനജീവിതത്തെ തീര്‍ത്തും ബാധിച്ചു. 2015 ചെന്നൈ പ്രളയത്തിന് സമാനമായ അവസ്ഥയാണ് ഡിസംബര്‍ 3,4,5 തീയതികളില്‍ ചെന്നൈ സാക്ഷ്യം വഹിച്ചത്.വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെട്ട തമിഴകത്ത് എന്നാല്‍ ഇത് വലിയ രാഷ്ട്രീയ വിവാദമായി ഉടലെടുക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണമാണ് ഈ വിഷയത്തില്‍ ഉണ്ടാകുന്നത്. 2015 ല്‍ അന്നത്തെ ഭരണകക്ഷിയായ എഡിഎംകെയെ ശക്തമായി വിമര്‍ശിച്ച ഡിഎംകെ. പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ ചെന്നൈയില്‍ മഴവെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ 4000 കോടിയുടെ ജോലികള്‍ നടത്തിയെന്നാണ് അവകാശപ്പെട്ടത്. ഈ നാലായിരം കോടി എവിടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാറിനെതിരെ ഉയരുന്ന പ്രധാന ചോദ്യം.തമിഴ്നാട് സര്‍ക്കാറിലെ യുവജന സ്പോര്‍‌ട്സ് കാര്യ മന്ത്രി ഉദയനിധി അടക്കം ഇതിനെ പ്രതിരോധിച്ച് രംഗത്ത് എത്തുന്നുണ്ട്. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയ കോളിവുഡിലെ പ്രമുഖ താരങ്ങളെയും വെറുതെ വിടുന്നില്ല എന്നതാണ് നേര്. പ്രധാനമായും 2015ലെ ചെന്നൈ പ്രളയത്തില്‍ കോളിവുഡ് വലിയതോതില്‍ ദുരിതാശ്വസ പ്രവര്‍ത്തനത്തിനും മറ്റും ഇറങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ പലരും നേരിട്ട് ഇറങ്ങാത്തത് വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ വിജയ് ഫാന്‍സ് ഒരിടത്ത് വിജയിയുടെ ചിത്രവും പിടിച്ച് ഭക്ഷണം വിതരണം ചെയ്തത് ഏറെ ട്രോളുകള്‍ ക്ഷണിച്ചുവരുത്തി.പല താരങ്ങളുടെ സോഷ്യല്‍ മീഡിയ ആഹ്വാനങ്ങളാണ് നടത്തിയത് എന്നാണ് വിമര്‍ശനം. അതേ സമയം 2015ലെ പ്രളയ സമയത്ത് സര്‍ക്കാറിനെ വിമര്‍ശിച്ച പല താരങ്ങളും ഇപ്പോള്‍ മൌനത്തിലാണ് എന്നാണ് ചില വിമര്‍ശനം ഉയരുന്നത്. കമല്‍ഹാസന്‍, സൂര്യ കാര്‍‌ത്തി സഹോദരന്മാരാണ് വിമര്‍ശനം നേരിടുന്നത്. 

"ഈ താരങ്ങള്‍ക്ക് എല്ലാം തീയറ്റര്‍ ലഭിക്കണമെങ്കില്‍‌ ഭരണകക്ഷിയും ഉദയനിധിയും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ റെഡ് ജൈന്‍റും വേണം അതിനാലാണ് അവര്‍ സര്‍ക്കാറിനെതിരെ മിണ്ടാത്തത്. എന്നാല്‍ വിശാല്‍ ശബ്ദിച്ചു കാരണം അയാള്‍ക്ക് സിനിമയില്ല" - തമിഴകത്തെ രാഷ്ട്രീയ വിമര്‍‌ശകനും മാധ്യമ പ്രവര്‍ത്തകനുമായ സൌക്ക് ശങ്കര്‍ പറയുന്നു.നേരത്തെ ചെന്നൈ വെള്ളപ്പൊക്കം സംബന്ധിച്ച് ഒരു കാര്യവും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാതെ തന്‍റെ പുതിയ ചിത്രത്തിന്‍റെ പാട്ട് ഷെയര്‍ ചെയ്ത എആര്‍‌ റഹ്മാനും വലിയ വിമര്‍ശനം നേരിട്ടിരുന്നു. അതേ സമയം നടന്‍ സൂര്യ ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതേ സമയം രജനി അടക്കം ഇതില്‍ പ്രതികരിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.