ശലഭഊഞ്ഞാലും യൂറോപ്യൻ വീടും; തലസ്ഥാനം ഇനി ഉത്സവത്തിമിർപ്പിൽ

പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന് തുടക്കമായി. ജനുവരി രണ്ടു വരെയാണ് നഗരത്തിൽ വസന്തോത്സവം നടക്കുന്നത്. പുഷ്പമേളക്ക് പുറമെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്‌സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 75000ത്തോളം ചെടികളാണ് വസന്തോത്സവത്തിന്റെ ഭാഗമാകാൻ എത്തിച്ചിരിക്കുന്നത്. റോസ്, ആന്തൂറിയം, ഒർക്കിഡ്, ക്രൈസാന്ത്യം, ജമന്തി തുടങ്ങി പുഷ്പങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. റോസാപ്പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ കരടികളും പക്ഷികളും കാഴ്ചക്കാരിൽ കൗതുകം ഉണർത്തും. 
പൂർണമായും ക്യുറേറ്റ് ചെയ്ത ഒരു ഫ്‌ളവർഷോയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 20 ഗാർഡനർമാരെയാണ് ചെടികൾ പരിപാലിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ യൂറോപ്യൻ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ദീപാലംകൃതമാക്കിയ യൂറോപ്യൻ വീടും ഗാർഡനും കാഴ്ചക്കാരിൽ കൗതുകമുണർത്തും.
 പെറ്റ്‌സ് പാർക്കിൽ വിവിധയിനം മുയലുകൾ, പക്ഷികൾ, പൂച്ച, ആട്ടിൻകുട്ടികൾ തുടങ്ങിയവയെ പരിചയപ്പെടുന്നതിനും അവയുടെ കൂടുകളിൽ കയറി ഓമനിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. നിശാഗന്ധിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. 
30 പടുകൂറ്റൻ ക്രിസ്മസ് ബെല്ലുകളും വിവിധ തരം ഇൻട്രാക്ടീവ് ലൈറ്റ് ഇൻസ്റ്റലേഷനും ദീപാലങ്കാരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശലഭോദ്യാനവും ശലഭ ഊഞ്ഞാലും തിരുവനന്തപുരത്തിന് പുതിയ അനുഭവമായി മാറും. കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നിൽ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെ പാസ് ലഭിക്കും.