മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: ഇനി ചീഫ് ജസ്റ്റിസിന് റോളില്ല, ബിൽ ലോക്സഭ പാസാക്കി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച ബില്‍ ലോക്‌സഭ പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്‍. പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി എന്നിവരാണ് സമിതി അംഗങ്ങള്‍ എന്നതാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരാണ് നേരത്തെ ഈ സമിതിയിലുണ്ടായിരുന്നത്. ഇതിൽ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കിയാണ് പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന മന്ത്രിയെ ഉൾപ്പെടുത്തുന്നതായി വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബിൽ ഇന്നലെ രാജ്യസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിലാണ് ബിൽ ലോക്സഭയിൽ പാസായിരിക്കുന്നത്.നേരത്തെ പ്രതിപക്ഷം ഈ ബില്ലിനെതിരെ രം​ഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ചീഫ് ജസ്റ്റിസിനെ മാറ്റുന്നതോടെ പൂർണ്ണമായും രാഷ്ട്രീയ വൽക്കരിക്കപ്പെടുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോക്സഭ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. അതേസമയം പ്രതിഷേധിച്ച മൂന്ന് എംപിമാരെക്കൂടി ഇന്ന് പാ‍ർലമെന്റ് സസ്പെൻഡ് ചെയ്തു. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 146 ആയി.