കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫോറൻസിക് പരിശോധനയുൾപ്പടെയുള്ള തെളിവെടുപ്പിനാണ് പ്രതികളെ എത്തിച്ചത്. ഫോറൻസിക് വിദഗ്ധർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.സംഭവത്തിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് അടക്കമുള്ളവർ സ്ഥലത്തുണ്ട്.പാരിപ്പള്ളിയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒയൂരിലെ സ്ഥലത്തേക്കും പ്രതികളെ പോലീസ് കൊണ്ടുപോകുമെന്നാണ് വിവരം. ഇവരെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതും വൈകാതെ തന്നെ പോലീസ് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.