കണ്ണൊന്ന് തെറ്റി, തൃശൂരിൽ മൂന്നു വയസുകാരൻ നടന്നുചെന്നത് മരണത്തിലേക്ക്, തേങ്ങലായി ആദവിന്റെ വിയോഗം

തൃശൂര്‍: മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചതിന്റെ ഞെട്ടലിലാണ് തൃശൂരിലെ മാന്ദാമംഗലം. അപ്രതീക്ഷിത അപകടത്തിൽ ഒരു നാടാകെ തേങ്ങുകയാണ്. തൃശൂരിലെ മാന്ദാമംഗലത്താണ് ദാരുണ സംഭവം. മയില്‍ക്കുറ്റിമുക്ക് സ്വദേശി പള്ളത്ത്കുഴിയില്‍ വീട്ടില്‍ അനീഷിന്റെയും അശ്വതിയുടെയും മകന്‍ ആദവ് (3) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ അനീഷും, ഭാര്യ അശ്വതിയും വെട്ടുകാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.സമീപത്തു തന്നെയുള്ള അനീഷിന്റെ സഹോദരന്റ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിച്ചാണ് മാതാപിതാക്കള്‍ പോയത്. അനീഷിന്റെ അമ്മയും സഹോദരഭാര്യയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ പുറത്തെത്തിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരന്‍ അദ്വൈത്.