ക്രിസ്മസ് അവധി: നാട്ടിലെത്താന്‍ ട്രെയിനില്‍ ടിക്കറ്റില്ല; ബസില്‍ കൊള്ള നിരക്ക്

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പാടുപെടും. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ പോവുന്ന യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കണ്‍ഫേം ടിക്കറ്റെല്ലാം തീര്‍ന്നിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കാവും.രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരില്‍ എത്തുംവിധമാണ് ട്രെയിന്‍ സര്‍വീസ്. ഡിസംബര്‍ 30 വരെ ടിക്കറ്റില്ല. കൂടുതല്‍ നിരക്ക് നല്‍കേണ്ട തത്കാല്‍, പ്രിമിയം തത്കാല്‍ ടിക്കറ്റുകളുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റില്ല.