സായ് സുദര്‍ശന് അരങ്ങേറ്റം, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് നിര്‍ണായക ടോസ്, സഞ്ജു പ്ലേയിംഗ് ഇലവനില്‍

വാണ്ടറേഴ്സ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി സായ് സുദര്‍ശന്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നു. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്.റുതുരാജും സായ് സുദര്‍ശനും ഓപ്പണര്‍മാരാകുമ്പോള്‍ ശ്രേയസ് അയ്യരാണ് മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. നാലാമനായി തിലക് വര്‍മും അഞ്ചാമനായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും എത്തുമ്പോള്‍ മലയാളി താരം സഞ്ജു സാംസണാണ് ഫിനിഷര്‍ റോളില്‍ ഇറങ്ങുന്നത്. റിങ്കു സിംഗിന് ഏകദിന അരങ്ങേറ്റത്തിന് അവസരമുണ്ടാകുമെന്ന് കരുതിയെങ്കിലും ആദ്യ മത്സരത്തില്‍ സഞ്ജുവിനെ ഫിനിഷറാക്കാനാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്.ബൗളിംഗ് ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേല്‍ ഇറങ്ങുമ്പോള്‍ കുല്‍ദീപ് യാദവാണ് സ്പെഷലിസ്റ്റ് സ്പിന്നര്‍. മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് പേസര്‍മാരായി ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നാന്ദ്രെ ബര്‍ഗര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നു. രണ്ട് സ്പിന്നര്‍മാരുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.


ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും 270-298 റണ്‍സാണ് വാണ്ടറേഴ്സിലെ ശരാശരി സ്കോര്‍. സ്ട്രെയിറ്റ് ബൗണ്ടറികള്‍ 77 മീറ്റര്‍ ദൂരമുള്ള വാണ്ടറേഴ്സില്‍ വശങ്ങളിലെ ബൗണ്ടറികള്‍ക്ക് 59-69 മീറ്റര്‍ ദൂരം മാത്രമാണുള്ളത്.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ദസൻ, ഏയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ,ടബ്രൈസ് ഷംസി.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.