ഏറെക്കൊതിച്ച മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ വേർപാട്; നോവായി മഞ്ചേരിയിലെ വീട്

മപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽ മജീദ് യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ. ശനിയാഴ്ചയാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. നിക്കാ​ഹിന് പന്തലുയർന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയതോടെ മഞ്ചേരിയിലെ വീട് നോവായി മാറി.5 മക്കളിൽ ഏറ്റവും ഇളയവൾ കൂടിയായ റിൻഷയുടെ നിക്കാഹ് ആണ് ഇന്ന് ഇരുമ്പുഴി സ്വദേശിയുമായി നടക്കാനിരിക്കുകയായിരുന്നത്. ഇന്ന് ഇരുമ്പുഴിയിലെ പള്ളിയിൽ വച്ചായിരുന്നു നിക്കാഹ് തീരുമാനിച്ചിരുന്നത്. മഞ്ചേരി എംഎൽഎ യു.എ.ലത്തീഫിന്റെ സഹോദരിയുടെ മകൻ കൂടിയാണ് മജീദ്. ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മജീദിന്റെ കബറടക്കം ശനിയാഴ്ച രാവിലെ 10-ന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും.അപകടത്തിൽ ഓട്ടോ ഡ്രൈവർ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പിൽ അബ്ദുൽമജീദ് (58), മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന(35), സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി (33), തസ്നിയുടെ മക്കളായ റിൻഷ ഫാത്തിമ (12), റൈഹ ഫാത്തിമ (നാല്) എന്നിവരാണ മരിച്ചത്.

മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെക്കും. അതേസമയം മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികൃതരുമായുള്ള ചർച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.