ചെന്നൈ: ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി മാറിയിരിക്കുകയാണ് പ്രഗ്‌നാനന്ദയും വൈശാലിയും. കഴിഞ്ഞ ദിവസമാണ് 22കാരിയായ വൈശാലി രമേശ്ബാബു ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ചരിത്രം കുറിച്ചത്. സ്പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്സില്‍ 2,500 ഫിഡെ റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയതോടെയാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്ക് അര്‍ഹയായത്.2018ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്. 22-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്ററായി വൈശാലിയും അഭിമാനമായിരിക്കുകയാണ്. ഇപ്പോഴിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്നതില്‍ സഹോദരന്‍ പ്രഗ്നാനന്ദ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വൈശാലി.വീട്ടില്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരമുണ്ടായിരുന്നുവെന്നാണ് വൈശാലി പറഞ്ഞത്. 'നേരത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയ പ്രഗ്നാനന്ദ വളരെയധികം ശ്രദ്ധ നേടിയിരുന്നു. വീട്ടിലും അവനെയായിരുന്നു പൂര്‍ണമായും ശ്രദ്ധിച്ചിരുന്നത്. ഇത് എന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് വേണം പറയാന്‍. ആ വികാരങ്ങളെ ഞാന്‍ നന്നായി കൈകാര്യം ചെയ്തിരുന്നില്ല', വൈശാലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വികാരങ്ങളെ നിയന്ത്രിച്ച്, അവന്‍ അസാധാരണ കഴിവുള്ളവനാണെന്ന് അംഗീകരിക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. ഇപ്പോള്‍ അവന്റെ നേട്ടങ്ങളില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. കഠിനാധ്വാനമാണ് അവനെ ഇവിടെയെത്തിച്ചത്', വൈശാലി കൂട്ടിച്ചേര്‍ത്തു.